30 കിമി മൈലേജ്, വമ്പൻ ഡിക്കി സ്‍പേസ്, ഇപ്പോൾ ഇവിടെ നികുതി പകുതി! വാങ്ങുന്നവർക്ക് വൻ ലാഭം
മാരുതി നെക്‌സ ബലേനോ ഹാച്ച്ബാക്ക് സിഎസ്‍ഡി ഷോറൂമുകൾ വഴിയും ലഭ്യമാണ്. സിഎസ്‌ഡി ചാനലിലൂടെ ബലേനോ വാങ്ങുന്നതിലൂടെ എത്രത്തോളം ലാഭിക്കാമെന്ന് വിശദമായി അറിയാം
ഇന്ത്യൻ കാർ വിപണിയിൽ ഹാച്ച്ബാക്ക് കാറുകൾക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. ഉയർന്ന മൈലേജ്, താങ്ങാവുന്ന വില എന്നിവയ്‌ക്ക് പുറമെ, ഈ ഫാമിലി കാറുകളിൽ ആളുകൾ വലിയ ബൂട്ട് സ്‌പേസ് തേടുന്നു. ഈ വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ് മാരുതി സുസുക്കിയുടെ ബലേനോ. കഴിഞ്ഞ മാസം, അതായത് 2024 നവംബറിൽ, മാരുതിയുടെ ബലേനോയുടെ 16,293 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
മാരുതി സുസുക്കി തങ്ങളുടെ കാറുകൾ സിഎസ്‌ഡി കാൻ്റീനിൻ്റെ സഹായത്തോടെ രാജ്യത്തെ സൈനികർക്ക് വിൽക്കുന്നുണ്ട്. ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിൽ അതായത് സിഎസ്‌ഡിയിൽ സൈനികരിൽ നിന്ന് 28 ശതമാനത്തിന് പകരം 14 ശതമാനം ജിഎസ്‍ടി മാത്രമാണ് ഈടാക്കുന്നത്. ഇവിടെ നിന്ന് ഒരു കാർ വാങ്ങുന്നതിലൂടെ സൈനികർക്ക് വലിയൊരു തുക നികുതി ലാഭിക്കാം. ഇവിടെ ബലേനോയുടെ പ്രാരംഭ വില സിഗ്മ വേരിയൻ്റിന് 5.90 ലക്ഷം രൂപയാണെന്ന് വി3 കാർസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇതിൻ്റെ സിഎസ്‍ഡിക്ക് പുറത്തുള്ള എക്‌സ് ഷോറൂം വില 6.66 ലക്ഷം രൂപയാണ്. അതായത് ഈ അടിസ്ഥാന വേരിയൻ്റിൽ മാത്രം 76,000 രൂപ നികുതിയായി ലാഭിക്കും.
മാരുതി ബലേനോയുടെ സിഎസ്‍ഡിയും ഷോറൂം വിലയും തമ്മിലുള്ള നികുതി വ്യത്യാസം 76,000 മുതൽ 1.18 ലക്ഷം രൂപ വരെയാണ്. ഉദാഹരണത്തിന് ബലേനോയുടെ ആൽഫ വേരിയൻ്റിൻ്റെ സിഎസ്‍ഡി വില 8.20 ലക്ഷം രൂപയാണ്. 9.38 ലക്ഷം രൂപയാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില. അതായത് 1.18 ലക്ഷം രൂപ ഇതിൽ നികുതിയായി ലാഭിക്കാം. അതുപോലെ, ലിസ്റ്റിൽ ബലെനോയുടെ ആകെ ഏഴ് വേരിയൻ്റുകൾക്ക് വലിയ നികുതി ലാഭമുണ്ട്.
സിഎസ്‍ഡി എന്നാൽ
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ് സിഎസ്‍ഡി. രാജ്യത്തെ വിവിധ നഗരങ്ങളിലായി 34 സിഎസ്‌ഡി ഡിപ്പോകളുണ്ട്. ഇന്ത്യൻ സായുധ സേനയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യൻ ജനതയിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗത്തിന് ഭക്ഷണം, മെഡിക്കൽ ഇനങ്ങൾ, വീട്ടുസാധൻങ്ങൾ തുടങ്ങി വാഹനങ്ങൾ ഉൾപ്പെടെ താങ്ങാവുന്ന വിലയിൽ ഈ സ്റ്റോറുകൾ വഴി വിൽക്കുന്നു. സിഎസ്‌ഡിയിൽ നിന്ന് കാറുകൾ വാങ്ങാൻ അർഹതയുള്ള ഉപഭോക്താക്കളിൽ സായുധ സേനയിൽ സേവനമനുഷ്‍ഠിക്കുന്നവരും വിരമിച്ചവരും ഉൾപ്പെടുന്നു. സൈനിക ഉദ്യോഗസ്ഥരുടെ വിധവകൾ, മുൻ സൈനികർ, പ്രതിരോധ സിവിലിയൻമാർ തുടങ്ങിയവർക്കും ഈ ഷോറൂമുകൾ പ്രയോജനപ്പെടുത്താം.
ബലേനോയുടെ സവിശേഷതകൾ
1.2 ലിറ്റർ, നാല് സിലിണ്ടർ K12N പെട്രോൾ എഞ്ചിനാണ് ബലേനോയ്ക്കുള്ളത്. ഇത് 83 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കും. അതേ സമയം, മറ്റൊരു ഓപ്ഷൻ 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ്, ഇത് 90 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. ബലേനോ സിഎൻജിക്ക് 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനാണുള്ളത്. ഇത് 78 പിഎസ് കരുത്തും 99 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു.
ബലേനോയുടെ നീളം 3990 എംഎം, വീതി 1745 എംഎം, ഉയരം 1500 എംഎം, വീൽബേസ് 2520 എംഎം. പുതിയ ബലേനോയുടെ എസി വെൻ്റുകൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതിന് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉണ്ട്. ഈ പ്രീമിയം ഹാച്ച്ബാക്കിന് 360 ഡിഗ്രി ക്യാമറയുണ്ടാകും. 9 ഇഞ്ച് സ്‍മാർട്ട് പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമായിരിക്കും ഇതിനുള്ളത്. ഈ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. കാറിൽ കൂടുതൽ ലഗേജ് സൂക്ഷിക്കാൻ 318 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസ് നൽകിയിട്ടുണ്ട്.
ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ, ഇബിഡി ഉള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, റിവേഴ്‌സിംഗ് ക്യാമറ, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുമായാണ് മാരുതി ബലേനോ ഇപ്പോൾ എത്തുന്നത്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വകഭേദങ്ങളിലാണ് ബെലെനോ വിൽക്കുന്നത്.