ഓടുന്ന ബസിനു മുകളില്‍ നൃത്തം, വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചത്!
ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ നിന്ന് താഴേക്കു വീഴുന്ന വിദ്യാർഥികളുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍
ചെന്നൈ: ഓടിക്കൊണ്ടിരുന്ന ബസിനു മുകളിൽ നിന്ന് താഴേക്കു വീഴുന്ന വിദ്യാർഥികളുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ കോളേജുകള്‍ തുറക്കുന്ന ദിവസം ബസുകൾ പിടിച്ചെടുത്ത വിദ്യാര്‍ത്ഥികള്‍ 'ബസ് ഡേ' ആഘോഷം നടത്തുന്നതിനിടെയുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
തിരക്കുള്ള റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന്റെ ബസിനു മുകളില്‍ നിന്നും വിൻഡോ സീറ്റില്‍ തൂങ്ങിക്കിടന്നും മുദ്രാവാക്യങ്ങൾ വിളിച്ചും ചുവടുവയ്ക്കുന്ന വിദ്യാർഥികളാണ് വീഡിയോയിൽ. ഇതിനിടെ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുപ്പതോളം വിദ്യാർഥികൾ ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസിനു മുന്നിലായി സഞ്ചരിച്ചുകൊണ്ടിരുന്ന ബൈക്കിന്‍റെ മുകളിലേക്കും ചില വിദ്യാര്‍ത്ഥികള്‍ വീഴുന്നത് കാണാം. ബസ് ഉടന്‍ നിര്‍ത്തിയതു കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.
ചെന്നൈയിൽ കോളേജ് തുറക്കുന്ന ദിവസം ബസുകൾ പിടിച്ചെടുത്ത് വിദ്യാർഥികൾ നടത്തുന്ന അപകടകരമായ ആഘോഷമാണ് ബസ് ഡേ. പലപ്പോഴും ആയുധങ്ങളുമായി ബസിലേക്ക് ഇരച്ചുകയറുന്നവരെ ഭയന്ന് യാത്രികര്‍ ഇറങ്ങിപ്പോകുകയാണ് പതിവ്. 2011 മുതല്‍ സംസ്ഥാനത്ത് ബസ് ഡേ ആഘോഷം മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു. ഇത് ലംഘിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.
ചെന്നൈ പച്ചയ്യപ്പാസ് കോളേജിലെയും അംബേദ്കർ കോളേജിലെയും ബസ് ഡേ അഘോഷങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ 17 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്‍തെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Look what happened on Chennai Bus Day celebrations. 🙃🙃🙃 pic.twitter.com/Z6UHawD7DX
— Naveen N (@tweetstonaveen) June 18, 2019