അമ്പമ്പോ 130 കിമി മൈലേജുമായി ഒരു ബൈക്ക്, ഇന്ത്യയിലെ വ്യത്യസ്‍തനെന്നും കമ്പനി!
ബൈക്കിലെ ഇക്കോ മോഡിൽ ആണ് 130 കിമി റേഞ്ച് ലഭിക്കുക. സ്‌പോർട്‌സ് മോഡിൽ ഇതിന് 100 കിലോമീറ്റർ വരെ ഓടാനാകും.
ജയിപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബാറ്ററി ഇലക്ട്രിക്ക് പുതിയൊരു ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബാറ്ററി ഡ്യൂണ്‍ എന്ന പേരുള്ള ഇ-മോട്ടോർസൈക്കിളിന് ഒറ്റ ചാർജിൽ 130 കിലോമീറ്റർ വരെ ഓടാൻ കഴിയും എന്നാണ് റിപ്പോര്‍ട്ട്. ഇക്കോ, കംഫർട്ട്, സ്പോർട്‍സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത റൈഡിംഗ് മോഡുകളുമായാണ് ഡ്യൂണ്‍ ഇലക്ട്രിക് മോട്ടോർസൈക്കിൾ എത്തുന്നത്. ബൈക്കിലെ ഇക്കോ മോഡിൽ ആണ് 130 കിമി റേഞ്ച് ലഭിക്കുക. സ്‌പോർട്‌സ് മോഡിൽ ഇതിന് 100 കിലോമീറ്റർ വരെ ഓടാനാകും.
ബാറ്ററി ഇലക്ട്രിക് പുറത്തിറക്കാന്‍ പോകുന്ന ഡ്യൂണ്‍ E മോട്ടോര്‍സൈക്കിളിന്റെ വില ഏകദേശം ഒരുലക്ഷം രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെ ആയിരിക്കുമെന്ന് ഇവി സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ നിശ്ചല്‍ ചൗധരി വെളിപ്പെടുത്തി. ഈ ഇലക്ട്രിക് അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഉത്സവ സീസണിലോ ദീപാവലിക്കോ രാജ്യത്ത് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഒരു വ്യത്യസ്‍ത മോഡലായിരിക്കും എന്നാണ് നിശ്ചല്‍ ചൗധരിയുടെ അവകാശവാദം.
ഈ ബൈക്ക് ഇന്ത്യൻ റോഡിന്റെ അവസ്ഥ കണക്കിലെടുത്താണ് ഇവി രൂപകൽപ്പന ചെയ്‍തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. വിവിധ കണക്ടിവിറ്റി ഫംഗ്‌ഷനുകൾ, നാവിഗേഷൻ തുടങ്ങിയ സമ്പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പോലുള്ള നിരവധി സവിശേഷതകൾ ഇതിന് ലഭിക്കും. ഇലക്ട്രിക് മോട്ടോർസൈക്കിൾ ഒരു സമ്പൂർണ്ണ യൂണിറ്റായി വിൽക്കും. ഒപ്പം പോർട്ടബിൾ ബാറ്ററി പാക്കോടെയും വരും. സ്റ്റാർട്ടപ്പിന്റെ ആദ്യ മോട്ടോർസൈക്കിളായിരിക്കും ഡ്യൂൺ ഇവി.
നിലവിൽ, കമ്പനി മൂന്ന് ഇലക്ട്രിക് സ്‍കൂട്ടറുകൾ വിൽക്കുന്നുണ്ട്. രണ്ട് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളും ഒരു ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുമാണവ. വണ്‍, ലോ ഇവി എന്നിവയാണ് ബാറ്ററി ഇലക്ട്രിക്കിന്റെ ലോ സ്പീഡ് ഇ-സ്‌കൂട്ടറുകള്‍. സ്‌റ്റോറിയാണ് ബാറ്ററിയുടെ പോര്‍ട്‌ഫോളിയോയിലുള്ള ഏക ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബാറ്ററി സ്‌റ്റോറി ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചത്. 89,600 രൂപക്കാണ് (എക്സ്ഷോറൂം വില) ബാറ്ററി സ്‌റ്റോ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഫെയിം II സബ്‌സിഡിക്ക് സ്റ്റോറി ഇലക്ട്രിക് സ്‌കൂട്ടര്‍ യോഗ്യമാണെന്ന് കമ്പനി ലോഞ്ച് വേളയില്‍ വ്യക്തമാക്കിയിരുന്നു.