'ആപ്പിലാ'വാതിരിക്കണോ? ഒറ്റ ക്ലിക്ക് മതി; റോഡ് നിയമങ്ങള്‍ക്ക് ആപ്പുമായി വെഹിക്കിള്‍ ഇൻസ്പെക്ടര്‍!
റോഡ് നിയമങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. രാജ്യത്തെ സകല റോഡ് നിയമങ്ങള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനുമായി എറണാകുളം ആര്‍ടി ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി എം അബ്ബാസ്
റോഡിലെ ഗതാഗതക്കുരുക്കുകളെപ്പോലെ തന്നെ പലരെയും വലയ്ക്കുന്നതായിരിക്കും റോഡ് നിയമങ്ങളെക്കുറിച്ചുള്ള സംശയങ്ങളും. മികച്ച ഡ്രൈവര്‍മാരാണെങ്കില്‍ക്കൂടി റോഡ് നിയമങ്ങളും അവയുടെ സാങ്കേതികവശങ്ങളുമൊക്കെ അജ്ഞമായിരിക്കും പലര്‍ക്കും. അതുകൊണ്ട് തന്നെ അപകടങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യവും ഏറെയാണ്. ഈ പ്രശ്‍നത്തിന് കിടിലനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍.
രാജ്യത്തെ സകല റോഡ് നിയമങ്ങളും വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന ഒരു മൊബൈല്‍ ആപ്പാണ് അത്. എറണാകുളം ആര്‍ടി ഓഫീസിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ സി എം അബ്ബാസാണ് ഈ മൊബൈല്‍ ആപ്പിനു പിന്നില്‍. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഈ മൊബൈൽ ആപ്പിന്‍റെ പേര് Motor Vehicles Act and Rules എന്നാണ്. രാജ്യത്തെ പ്രധാനപ്പെട്ട മോട്ടോർ വാഹന നിയമങ്ങളും അതിന്‍റെ ചട്ടങ്ങളും ഈ ആപ്പിലൂടെ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.
മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള സുപ്രധാന സുപ്രീംകോടതി, ഹൈക്കോടതി വിധികൾ കോർത്തിണക്കിയാണ് ആപ്പിന്‍റെ പ്രവര്‍ത്തനം. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും കോടതികൾക്കും നിയമജ്ഞർക്കും വിദ്യാർഥികൾക്കും റോഡ് നിയമം പഠിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുമൊക്കെ എളുപ്പം മനസിലാകുന്ന വിധത്തില്‍ വളരെ ലളിതമായ രീതിയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് സി എം അബ്ബാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ആദ്യഘട്ടമായി ഏഴ് ബുക്കുകളാണ് ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്‍തിരിക്കുന്നത്. ഇതിൽ അഞ്ച് ബുക്കുകൾ രാജ്യത്തുടനീളം ഉപയോഗിക്കാവുന്നതും രണ്ടെണ്ണം കേരളത്തിനു മാത്രമായി ഉപയോഗിക്കുന്നതും ആണ്. ആപ്പിനായി മലയാളത്തില്‍ മറ്റൊരു ബുക്കിന്‍റെ കൂടി പണിപ്പുരയിലാണ് അബ്ബാസും സംഘവും. റോഡ് നിയമങ്ങളും ട്രാഫിക് സിഗ്നലുകളും ഡ്രൈവിംഗ് സംബന്ധമായ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രധാനപ്പെട്ട റോഡ് നികുതികളും റോഡ് നിയമലംഘനങ്ങളും പിഴകളും ഉൾപ്പെടുന്ന ഈ ബുക്ക് ജൂലൈ ഒന്നുമുതൽ ആപ്പില്‍ ലഭ്യമാകും.
ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ മോട്ടോർ വാഹന നിയമങ്ങളുടെ മറ്റു പല ആപ്ലിക്കേഷനുകളും ഉണ്ടെങ്കിലും അത് കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെടുന്നവയോ കോടതി വിധികൾ ഉൾപ്പെടുന്നവയോ അല്ലെന്ന് അബ്ബാസ് പറയുന്നു. മാത്രമല്ല, രാജ്യത്താകെയുള്ള സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിന് പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ ലഭ്യവും അല്ലായിരുന്നു. കൂടാതെ കേരള മോട്ടോർ വാഹന നിയമങ്ങളും അതിൻറെ ചട്ടങ്ങളും ബുക്ക് രൂപത്തിൽ മാത്രമേ ലഭ്യമല്ലായിരുന്നുള്ളൂ. സോഫ്റ്റ് കോപ്പി ലഭ്യമല്ലാത്തതിനാൽ ഒരു നിയമമോ ചട്ടമോ പെട്ടെന്നു തിരഞ്ഞു കണ്ടുപിടിക്കുക ദുഷ്‍കരമായിരുന്നു. മാത്രമല്ല നിലവില്‍ മാർക്കറ്റിൽ ലഭിക്കുന്ന മോട്ടോർ വാഹന ചട്ടങ്ങളുമായി ബന്ധപ്പെട്ട എല്ലാ പുസ്‍തകങ്ങളും ഒരു എഡിഷൻ മുതൽ അടുത്ത എഡിഷൻ ഇറങ്ങുന്നതിനു മൂന്നോ നാലോ വർഷം ഇടവേള വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ കാലയളവിൽ നിയമങ്ങളിലും ചട്ടങ്ങളിലും വരുന്ന മാറ്റങ്ങൾ മനസിലാക്കുന്നതും പ്രയാസകരമാണ്.
ഈ ഒരു സാഹചര്യമാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇടയാക്കിയതെന്നും അബ്ബാസ് പറയുന്നു. നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഉടനടി തന്നെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. 2020ഏപ്രിൽ ലോക്ക്ഡൗണ്‍ സമയത്ത് ആരംഭിച്ച ഉദ്യമമാണ് ഇപ്പോൾ മൊബൈൽ ആപ്ലിക്കേഷനായി വിരല്‍ത്തുമ്പിലേക്ക് എത്തുന്നത്. ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളുടെ മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്താനും നീക്കമുണ്ട്. കൂടാതെ ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ പീനൽ കോഡും ക്രിമിനൽ പ്രൊസീജർ കോഡും കേരള പോലീസ് നിയമങ്ങളും ചട്ടങ്ങളുമൊക്കെ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കോതമംഗലം സ്വദേശിയായ അബ്ബാസ് പറയുന്നു. അബ്ബാസിന്‍റെ സുഹൃത്തും അണ്‍കോളനി ടെക്നോളജിസ് ഉടമയുമായ രാജേഷായിരുന്നു ഈ മൊബൈല്‍ ആപ്ലിക്കേഷനു വേണ്ടി ആൻഡ്രോയിഡ് പ്ലാറ്റ്ഫോം തയ്യാറാക്കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona