പണമല്ല സേഫ്റ്റിയാണ് മുഖ്യമെന്ന് മാരുതി, വകഭേദങ്ങളില്ലാതെ ഇനി എല്ലാ കാറുകളിലും ഈ സുരക്ഷാ ഫീച്ചറുകൾ!
മാരുതി സുസുക്കി നിലവിലുള്ള എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റുകളായി രണ്ട് സുരക്ഷാ ഫീച്ചറുകൾ ഉടൻ അവതരിപ്പിക്കും.
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി നിലവിലുള്ള എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റുകളായി രണ്ട് സുരക്ഷാ ഫീച്ചറുകൾ ഉടൻ അവതരിപ്പിക്കും. എല്ലാ മാരുതി കാറുകൾക്കും എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) ലഭിക്കും. അപകടമുണ്ടായാൽ ഗുരുതരമായ പരിക്കുകൾ അമ്പത് ശതമാനത്തോളം കുറയ്ക്കാൻ സീറ്റ് ബെല്‍റ്റുകള്‍ക്ക് സാധിക്കും. സ്റ്റിയറിംഗില് കൂടുതല്‍ നിയന്ത്രണം ലഭക്കുന്നതിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോള്‍ സഹായിക്കും.
ഇതുകൂടാതെ, ബലേനോ മോഡൽ ലൈനപ്പിലെ എല്ലാ യാത്രക്കാർക്കും കമ്പനി അടുത്തിടെ മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകൾ അവതരിപ്പിച്ചിരുന്നു. ഇതോടെ ഈ സവിശേഷത ലഭിക്കുന്ന സെഗ്‌മെന്റിലെ ആദ്യത്തെ കാറായി ഹാച്ച്ബാക്ക് മാറി. ഇപ്പോൾ, മധ്യത്തിലെ യാത്രക്കാരന് ക്രമീകരിക്കാവുന്ന പിൻ ഹെഡ്‌റെസ്റ്റും ഇത് നൽകുന്നു.
ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാവ് അടുത്തിടെ ഫ്രോങ്ക്സ് മിനി എസ്‌യുവി 7.47 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കി. സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സീറ്റ, ആൽഫ എന്നീ അഞ്ച് വകഭേദങ്ങളിലും 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും ബലേനോ അടിസ്ഥാനമാക്കിയുള്ള കൂപ്പെ ക്രോസ്ഓവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ, വരാനിരിക്കുന്ന 5-ഡോർ മഹീന്ദ്ര ഥാറിന് എതിരായി മാരുതി ജിംനി 5-ഡോർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ് . ഈ മോഡല്‍ 2023 ജൂൺ ആദ്യവാരം ഷോറൂമുകളിൽ എത്തും.
വാഹനത്തിന്‍റെ ഹൃദയഭാഗത്ത് 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളോട് കൂടിയ 1.5L നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിൻ ഈ മോഡൽ വഹിക്കുന്നു. എഞ്ചിൻ 105 bhp കരുത്തും 134 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ജിംനിക്ക് പിന്നാലെ ഒരു പുതിയ പ്രീമിയം എംപിവിയും 2023 ജൂലൈയിൽ വിൽപ്പനയ്‌ക്കെത്തും. ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ മോഡൽ. എന്നാൽ ചില ശ്രദ്ധേയമായ സൗന്ദര്യവർദ്ധക മാറ്റങ്ങൾ ലഭിക്കും. ഇന്നോവ ഹൈക്രോസിന് സമാനമായി, പുതിയ മാരുതി പ്രീമിയം എംപിവി ശക്തമായ ഹൈബ്രിഡ് സജ്ജീകരണം ഉൾപ്പെടെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് വരുന്നത്. മാരുതി സുസുക്കി - ടൊയോട്ട സംയുക്ത സംരംഭത്തിന്‍റെ ഭാഗമായി മാരുതി സുസുക്കിയില്‍ നിന്ന് റീബാഡ്‍ജ് ചെയ്‍ത ആദ്യത്തെ ടൊയോട്ടയായിരിക്കും ഇത്.