ആമസോണ്‍ തീക്കാടുകള്‍ക്കു മുകളില്‍ വിമാന ഭീമന്മാരുടെ ജലവര്‍ഷം

എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്കുമേല്‍ മഴ പെയ്യിച്ച് പറക്കുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

747 Super tanker on Amazon fires

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അഗ്നിയുടെ താണ്ഡവമാണ് ആമസോണ്‍ മഴക്കാടുകളില്‍. ബ്രസീൽ, പാരാഗ്വെ അതിർത്തിയിൽ മാത്രം ഇതുവരെ 360 കിലോ മീറ്റർ വനം കത്തി നശിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആമസോണിനായി വിവിധ രാജ്യങ്ങളില്‍ ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയത്. ഇപ്പോഴിതാ ആമസോണിനെ അഗ്നിപ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളെത്തിയിരിക്കുന്നു. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സിന്‍റെ ആവശ്യമനുസരിച്ച് എത്തിയ ഈ എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്കുമേല്‍ മഴ പെയ്യിച്ച് പറക്കുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

വെള്ളിയാഴ്ച മുതലാണ് യുഎസിന്‍റെ സൂപ്പർ ടാങ്കറുകൾ ബൊളീവിയ -  ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയത്. 76,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ജലവര്‍ഷം തന്നെയാണ് നടത്തുന്നതെന്ന് വീഡിയോകള്‍ തെളിയിക്കുന്നു. 

അതേ സമയം അന്താരാഷ്ട്ര രാഷ്ട്രീയ വിഷയം കൂടിയായി മാറുകയാണ് ആമസോണിലെ തീ. ഫ്രാന്‍സ്, ബ്രിട്ടന്‍, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങളാണ് ആമസോണിനായി തെരുവിലിറങ്ങിയത്. അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് തീയണക്കാന്‍ ബ്രസീല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍‌ നിന്നടക്കം സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് ബ്രസീലിന്റെ നടപടി. എന്നാല്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ചു തന്നെ നില്‍ക്കുകയാണ് ബ്രസീല്‍.  പ്രശ്‍നത്തിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊ വ്യക്തമാക്കി. കർഷകർ നിയമവിരുദ്ധമായി തീയിട്ടത് കൊണ്ടാവാം കാട്ടുതീ ഉണ്ടായതെന്നും ബൊൽസൊനരൊ പറഞ്ഞു. 

അതിനിടെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച നിലപാടുകളെക്കുറിച്ച്‌ ബ്രസീൽ പ്രസിഡന്‍റ്  തന്നോട്‌ കള്ളം പറഞ്ഞതായി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. നമ്മുടെ വീട്‌ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‌ മാക്രോൺ ട്വീറ്റ്‌ ചെയ്‌തു. ആമസോൺ മഴക്കാടുകളിൽ പടരുന്ന കാട്ടുതീ അന്താരാഷ്‌ട്ര പ്രതിസന്ധിയാണെന്നും ഈയാഴ്‌ചത്തെ ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ചചെയ്യണമെന്നും ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു.  വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന്‌ ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.

ബോൾസനാരോയുടെ നയങ്ങളാണ്‌ ദുരന്തത്തിന്‌ കാരണമെന്ന്‌ പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തി. അതേസമയം, ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ചചെയ്യണമെന്ന ഫ്രഞ്ച്‌ പ്രസിഡന്റിന്റെ ആവശ്യം രാഷ്‌ട്രീയ നേട്ടത്തിനായുള്ള ഇടപെടലാണെന്ന്‌ ബോൾസനാരോ പറഞ്ഞു. പത്തുലക്ഷം ഗോത്രജനവിഭാഗം അധിവസിക്കുന്ന ആമസോണ്‍ മേഖല മൂന്ന്‌ ലക്ഷം ഇനം സസ്യമൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണ്‌.
 

Latest Videos
Follow Us:
Download App:
  • android
  • ios