മുഖത്തെ പൊള്ളലേറ്റ മുറിവുകളിൽ, ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് തൊലിയെടുത്ത് ആറു പ്ലാസ്റ്റിക് സർജറികൾ ചെയ്യേണ്ടി വന്നു അവൾക്ക്.
"ക്യാമ്പ് ഫയറിനു പോരുന്നോ?" ഒരു സുഹൃത്ത് ചോദിച്ചപ്പോൾ ഒന്നും ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു ഹാലി ടെന്നന്റ് എന്ന പ്രൈമറി സ്‌കൂൾ ടീച്ചർ. ആ തീരുമാനത്തിന് വലിയ വിലതന്നെ കൊടുക്കേണ്ടി വരും എന്ന് അവർക്ക് അപ്പോൾ അറിയില്ലായിരുന്നു. അന്ന് രാത്രി ആ ക്യാമ്പ് ഫയറിനു മുന്നിൽ ഒരു കസേരയിൽ ഇരുന്നുറങ്ങിയ ആ യുവതി, എങ്ങനെയോ മൂക്കും കുത്തി ആ തീക്കനലിലേക്ക് മറിഞ്ഞു വീണുപോയി.
കസേരയിൽ, ക്യാമ്പ് ഫയറിനടുത്ത് ഇരുന്നുറങ്ങിയത് മാത്രമേ ഹാലിക്ക് ഓർമയുള്ളൂ. കസേരയിൽ നിന്ന് കാറ്റാടിച്ചോ മറ്റോ മറിഞ്ഞുവീണതാകണം ആ കനലിനു മുകളിലേക്ക് എന്ന് അവർ കരുതുന്നു. പൊള്ളലേറ്റതോ വേദനിച്ചതോ നീറിയതോ ആയ ഓർമ്മകൾ ഒന്നുംതന്നെ അവൾക്ക് ആ രാത്രിയെക്കുറിച്ച് ഇല്ല.
undefined
ആ ക്യാമ്പ് ഫയറിന് ഹാലിയെ വിളിച്ചുകൊണ്ടു പോയി, അവൾക്കു മുന്നേ തന്നെ അവിടെകിടന്ന് ഉറക്കം പിടിച്ചിരുന്ന അവളുടെ സുഹൃത്ത്, എന്തോ ബഹളം കേട്ടുകൊണ്ടാണ് ഞെട്ടിയുണരുന്നത്. നോക്കുമ്പോൾ കാണുന്നതോ ക്യാമ്പ്ഫയറിന്റെ കനാലിൽ തല അമർത്തിക്കിടക്കുന്ന തന്റെ സ്നേഹിതയെയും. തീപിടിച്ചിട്ടും അവൾ അതറിയാതെ ഉറങ്ങുക തന്നെയായിരുന്നു. ആദ്യം ഒന്ന് ഞെട്ടി എങ്കിലും, പെട്ടെന്ന് തന്നെ സുഹൃത്ത് ഹാലിയെ കനലിൽ നിന്ന് വലിച്ചുമാറ്റി. അവളുടെ മുഖത്ത് ഐസ് വാട്ടർ ഒഴിച്ചു. അടിയന്തരമായി ഹാലിയെ ഒരു ഹെലികോപ്റ്ററിൽ കയറ്റി ആശുപത്രിയിലെത്തിച്ചു.
തനിക്ക് എന്താണ് പറ്റിയതെന്നോ മുഖം എത്രകണ്ട് വികൃതമായി എന്നോ ഒന്നും അവൾക്ക് അപ്പോൾ മനസ്സിലായിരുന്നില്ല. കൈപിടിച്ച് കൊണ്ട് അടുത്തിരുന്ന ഭർത്താവ് മാത്യുവിനോട് അവൾ ഒന്നുമാത്രം പറഞ്ഞു, "പറ്റിയത് എന്തായാലും എന്നെ സ്നേഹിക്കുന്നത് നിർത്തരുത് നീ..." ഹാലിയുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ മാത്യുവിന്റെ കണ്ണുകൾ നിറയുമായിരുന്നു എങ്കിലും, അയാൾ ആ ദുരിതകാലത്ത് അവൾക്ക് ശക്തി പകർന്നുകൊണ്ട് ആശുപത്രിവാസക്കാലമത്രയും കൂടെത്തന്നെ തുടർന്നു.
എട്ടു ദിവസമാണ് അവൾ കോമയിൽ കിടന്നത്. രണ്ടരമാസം ആശുപത്രിയിൽ ചെലവിടേണ്ടി വന്നു ഹാലിക്ക്. അതിനിടെ വന്ന കൊവിഡ് അവളുടെ ചികിത്സ വൈകിച്ചു. ആറാഴ്ചക്കാലം ബാൻഡേജിൽ കഴിയേണ്ടി വന്ന ശേഷമാണ് അവൾക്ക് സ്വന്തം മുഖം ഒന്ന് കണ്ണാടിയിൽ കാണാനായത്. പൊള്ളലേറ്റ പരിക്കുകൾ ഭേദമാവുന്നതിനിടെ ആശുപത്രിയിൽ വെച്ച് ഒരു അപരിചിതൻ ഹാലിയുടെ മുഖത്ത് നോക്കി, "നിങ്ങൾ ഒരു പ്രേതത്തെപ്പോലുണ്ട്" എന്ന് പറഞ്ഞ് നടന്നകന്നത് അവൾക്ക് ഏറെ മനോവേദന പകർന്ന ഒരു സംഭവമായിരുന്നു. മുഖത്തെ പൊള്ളലേറ്റ മുറിവുകളിൽ, ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് തൊലിയെടുത്ത് ആറു പ്ലാസ്റ്റിക് സർജറികൾ ചെയ്യേണ്ടി വന്നു അവൾക്ക്. മുഖത്തും, കഴുത്തിലും, കൺപോളകളിലും, വായിലും ഒക്കെ സ്കിൻ ഗ്രാഫ്റ്റിങ് ചെയ്യേണ്ടി വന്നു ഹാലിയെ ഇപ്പോൾ കാണുന്ന രൂപത്തിലാക്കാൻ.
എന്തായാലും, ഹാലിക്ക് ചുറ്റും അവളെ സ്നേഹിച്ചു കൊണ്ട് ഇന്ന് നിരവധി പേരുണ്ട്. അങ്ങനെയൊരു വലിയ അപകടത്തിൽ നിന്ന് രക്ഷപെടാൻ സാധിച്ചതുതന്നെ ഭാഗ്യമെന്നു കരുതുന്ന ഹാലി തന്റെ ഇനിയുള്ള ജീവിതത്തെ ഒരു പുനർജ്ജന്മം എന്ന് കണ്ട് പരമാവധി സന്തോഷം കണ്ടെത്താനാണ് ശ്രമിക്കുന്നത്.