സ്റ്റേഡിയങ്ങളിൽ സോഡ വിറ്റ് നടന്ന് അവസാനം ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമായി മാറി ഐഎം വിജയൻ. എന്നാൽ ഇതുപോലൊരു വനിതാ ഫുട്ബോൾ താരം കൂടി നമ്മുടെ കായികമേഖലയിൽ ഉണ്ടെന്ന് എത്ര പേർക്കറിയാം?
ഫുട്ബോളെന്ന് കേൾക്കുമ്പോൾ മലയാളി വിജയൻ എന്നും കൂടി ഓർത്തെടുക്കും. സ്റ്റേഡിയങ്ങളിൽ സോഡ വിറ്റ് നടന്ന് അവസാനം ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമായി മാറി ഐഎം വിജയൻ. എന്നാൽ ഇതുപോലൊരു വനിതാ ഫുട്ബോൾ താരം കൂടി നമ്മുടെ കായികമേഖലയിൽ ഉണ്ടെന്ന് എത്ര പേർക്കറിയാം? എന്നാൽ അങ്ങനെയൊരാളുണ്ട്, വനിതാ വിജയൻ എന്ന അപരനാമമുള്ള, സീനാ സി വി. വിജയനെപ്പോലെ സിസർകട്ടിന്റെ പെൺപെരുമ. ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിൽ, ഈ വനിതാ ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സീന സംസാരിക്കുന്നു, കടന്നു വന്ന കനൽവഴികളെക്കുറിച്ച്....
സീനയിപ്പോൾ ലെജൻഡ് അക്കാദമിയിലെ കുട്ടികളുടെ പ്രിയപ്പെട്ട സീനടീച്ചറാണ്. കണ്ണീരും കഷ്ടപ്പാടും നിറഞ്ഞ ഒരു ഭൂതകാലത്തിൽ നിന്നാണ് സീന സംസാരിച്ചു തുടങ്ങിയത്. എറണാകുളം നഗരത്തിലെ കളത്തിപ്പറമ്പിൽ എന്ന സ്ഥലത്തായിരുന്നു എന്റെ വീട്. അച്ഛനും അമ്മയും രണ്ട് ചേച്ചിമാരും ഒരു ചേട്ടനും അടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന് ഒരു നേരം പോലും വയറു നിറച്ച് ആഹാരം കഴിക്കാനുള്ള വകയുണ്ടായിരുന്നില്ല. അച്ഛനും അമ്മയ്ക്കും നിവൃത്തിയില്ലായിരുന്നു എന്നതാണ് സത്യം. ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി. പന്ത്രണ്ടാമത്തെ വയസ്സിൽ അമ്മയും കൂടി മരിച്ചതോടെ ഞാൻ പൂർണ്ണമായും അനാഥയായി. പിന്നീട് കണ്ണാടിക്കടവിലെ വല്യച്ഛന്റെ വീട്ടിലായി താമസം. അച്ഛനും അമ്മയും മരിച്ചതോടെ സഹോദരങ്ങൾ നാലും നാല് വഴിക്കായി. കണ്ണീരോർമ്മയിലൂടെ സീന ചിരിച്ചു.
undefined
ഫുട്ബോൾ കളിക്കാരിയാകണമെന്നോ ഇത്രയും വലിയ അംഗീകാരങ്ങൾ തന്നത്തേടിയെത്തുമെന്നോ അന്നൊന്നും സീന വിചാരിച്ചിട്ടേയില്ല. ചളിക്കവട്ടത്തെ ഒഴിഞ്ഞ പാടത്തും തെങ്ങിൻതോപ്പുകളിലും പറമ്പിലുമെല്ലാം ആൺകുട്ടികൾക്കൊപ്പം സീനയും ഫുട്ബോളിന് പുറകെ ഓടി. കൂടെയോടുന്നതൊരു പെൺകുട്ടിയാണെന്നൊന്നും ഓർക്കാതെ ആൺസുഹൃത്തുക്കൾ സീനയെയും തങ്ങളുടെ ടീമിൽ കൂട്ടി. പിന്നീട് കലൂർ ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഈ കളിയെ ഗൗരവത്തോടെ സീന സമീപിച്ചത്. അങ്ങനെ പന്ത്രണ്ടാമത്തെ വയസ്സിൽ, ബൂട്ടും ബനിയനുമണിഞ്ഞ് സെലക്ഷനിൽ പങ്കെടുക്കാൻ വന്ന കുട്ടികൾക്ക് ഇടയിൽ, ഇതൊന്നുമില്ലാതെ എന്നാൽ അവയെല്ലാം കൗതുകത്തോടെ സീന നോക്കി നിന്നു. കളിക്കാൻ അറിയാം എന്നതായിരുന്നു എന്റെ ബലം. അങ്ങനെ എറണാകുളം ജില്ലാ ടീമിൽ ഇടം നേടി. കൊച്ചിയിലെ മികച്ച പരിശീലകരിലൊരാളായ ചാക്കോ ആയിരുന്നു പരിശീലകൻ. പത്തായിരുന്നു സീനയുടെ ഇഷ്ടനമ്പർ.
ജില്ലാ ടീമിൽ നിന്ന് ഒന്നര വർഷത്തിനുള്ളിൽ തന്നെ സംസ്ഥാന ടീമിലെത്തി. അവിടെയും ലഭിച്ചത് മികച്ച പരിശീലനമായിരുന്നു എന്ന് സീന പറയുന്നു. പരിക്കുകൾ പറ്റിയിട്ടുണ്ടെങ്കിലും ജീവിതവുമായി തട്ടിച്ചു നോക്കുമ്പോൾ സീനയ്ക്കതൊരു പ്രശ്നമേയല്ല. സംസ്ഥാന ടീമിൽ നിന്ന് ഇന്ത്യൻ ടീമിലേക്കെത്താൻ അധികം താമസമുണ്ടായില്ല. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സീന ഇന്ത്യൻ ടീമിലെത്തുന്നത്. പിന്നെയങ്ങോട്ട് വനിതാ ഫുട്ബോളിൽ സീന എന്ന താരം നിറഞ്ഞുകളിച്ചു. ഒന്നും രണ്ടും തവണയല്ല, മുപ്പത്തഞ്ച് തവണയാണ് സീന ഇന്ത്യൻ ജെഴ്സിയണിഞ്ഞത്. ഈസ്റ്റ് ബംഗാളിന് വേണ്ടി 38 മത്സരങ്ങളിൽ പങ്കെടുത്തു.
ദേശീയതലത്തിൽ കളിച്ചിട്ടും സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ വന്നപ്പോൾ റെയിൽവേ സ്റ്റേഷനിലെ കോഫീബൂത്തിൽ ചായ എടുത്തുകൊടുക്കുന്ന ജോലിക്ക് പോയി. അവിടെ വച്ചാണ് നവാബ് രാജേന്ദ്രൻ കാണുന്നത്. അദ്ദേഹം വിശേഷം ചോദിച്ച് തിരികെപോയി പിറ്റേന്ന് മാധ്യമപ്രവർത്തകരുടെ ഒരു പട തന്നെ സീനയെ തേടിയെത്തി. ഈ പത്രവാർത്ത സീനയെ കൊണ്ടെത്തിച്ചത് സെയിൽസ് ടാക്സിലെ തപാൽ വിഭാഗം ജോലിയിലേക്കാണ്. അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാരാണ് പത്രവാർത്ത കണ്ട് സീനയ്ക്ക് ജോലി നൽകിയത്. 20 വർഷമായി കൊച്ചി തേവരയിലെ സെയിൽസ് ടാക്സ് ഓഫീസിൽ ഉദ്യോഗസ്ഥയാണ്.
ഇത് സീനയുടെ ഭൂതകാലം. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര എരുവേലിയിൽ തന്റെ ഏറ്റവും വലിയ സ്വപ്നം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് സീന. ലെജൻഡ് അക്കാദമി എന്ന് പേരിട്ടിരിക്കുന്ന ഫുട്ബോൾ അക്കാദമിയെക്കുറിച്ച് സീനയ്ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. ഇപ്പോൾ 15 പെൺകുട്ടികളും എഴുപത് ആൺകുട്ടികളുമാണ് പഠിക്കാനുള്ളത്. അണ്ടർ 14, അണ്ടർ 17, അണ്ടർ 20 തുടങ്ങിയ എല്ലാ കാറ്റഗറികളിലും പരിശീലനം നൽകുന്നുണ്ട്. ഒരു വർഷത്തിൽ 20 കുട്ടികളെങ്കിലും ഈ അക്കാദമിയിൽ നിന്ന് കായികരംഗത്തേയ്ക്ക് എത്തണമെന്നാണ് സീനയുടെ ആഗ്രഹം. അതിന് വേണ്ടിയുള്ള ഓട്ടത്തിലാണ് സീന എന്ന അധ്യാപിക.