ചുട്ടുപൊള്ളുന്ന വേനലില്‍ എന്തിനാണ് സ്ത്രീകളേ നിങ്ങളിങ്ങനെ അടച്ചുപൂട്ടി നടക്കുന്നത്?

By Web Team  |  First Published Mar 12, 2019, 2:16 PM IST

ശരീരത്തിലെ ഓരോ തരിയും പൊള്ളുമ്പോള്‍ സ്ത്രീകളാദ്യം നോക്കേണ്ടത് സ്വന്തം വസ്ത്രത്തിലേക്കാണ്. കൊടിയ ചൂടില്‍ നിങ്ങളെ വെന്തുരുക്കുന്നത് മിക്കവാറും നിങ്ങളുടെ വസ്ത്രങ്ങള്‍ തന്നെയാകും. അതിനാല്‍ ആദ്യം മാറ്റം വരുത്തേണ്ടത് അക്കാര്യങ്ങളില്‍ തന്നെയാകാം


ചുട്ടുപൊള്ളുന്ന വേനലാണ്. പുറത്തിറങ്ങിയാല്‍ എങ്ങനെയെങ്കിലും ഒന്ന് തിരിച്ച് വീട്ടിലെത്തിയാല്‍ മതിയെന്ന തോന്നലായിരിക്കും എല്ലാവര്‍ക്കും. ഫാനിന്റെ ചുവട്ടിലോ എസിയിലോ അല്‍പനേരം ചാരിയിരിക്കണം. അല്ലെങ്കില്‍ നന്നായിട്ടൊന്ന് കുളിക്കണം.... ഇങ്ങനെയൊക്കെയാകും ആഗ്രഹങ്ങള്‍. 

ഈ പ്രശ്‌നങ്ങളെല്ലാം പുരുഷനും സ്ത്രീക്കും ഒരുപോലെയായിരിക്കും ബാധിക്കുക. അതേസമയം, സ്ത്രീകളെ മാത്രം ബാധിക്കുന്ന ചില വിഷയങ്ങളുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാവുന്ന കാര്യങ്ങള്‍. പ്രധാനമായും വസ്ത്രധാരണത്തിന്റെ കാര്യത്തിലാണ് ഈ ശ്രദ്ധ വേണ്ടത്. അത് മേല്‍വസ്ത്രം മുതല്‍ അടിവസ്ത്രം വരെയുള്ളവയുടെ കാര്യത്തില്‍ ആവശ്യമാണ്. 

Latest Videos

undefined

ശരീരത്തിലെ ഓരോ തരിയും പൊള്ളുമ്പോള്‍ സ്ത്രീകളാദ്യം നോക്കേണ്ടത് സ്വന്തം വസ്ത്രത്തിലേക്കാണ്. കൊടിയ ചൂടില്‍ നിങ്ങളെ വെന്തുരുക്കുന്നത് മിക്കവാറും നിങ്ങളുടെ വസ്ത്രങ്ങള്‍ തന്നെയാകും. അതിനാല്‍ ആദ്യം മാറ്റം വരുത്തേണ്ടത് അക്കാര്യങ്ങളില്‍ തന്നെയാകാം. 

സാരിയാണ് ഒന്നാമത്തെ വില്ലന്‍, അത് ധരിച്ചുശീലിച്ചവര്‍ക്ക് ഒഴിവാക്കാന്‍ ആദ്യമെല്ലാം പ്രയാസം തോന്നിയേക്കും. എന്നാല്‍ ആ പ്രയാസങ്ങളെല്ലാം ആദ്യം കുറച്ച് ദിവസത്തേക്ക് മാത്രമേ കാണൂ. പിന്നെയത് സ്വാഭാവികമായും ശീലങ്ങളുടെ ഭാഗമാകും. ഇനി ഒരുരീതിയിലും സാരി ഒഴിവാക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്കാണെങ്കില്‍, നിര്‍ബന്ധമായും കോട്ടണില്‍ കട്ടി കുറഞ്ഞ സാരികളും കോട്ടണ്‍ ബ്ലൗസുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സാരിയുടുക്കുമ്പോഴും അല്‍പം ലൂസായി വേണം ഉടുക്കാന്‍. 

ഇനി സാരിക്ക് പകരം ചുരിദാര്‍ ആക്കിയാലും ചെറിയ ആശ്വാസം മാത്രമേ ലഭിക്കൂ. ശരീരത്തിന്റെ ആകൃതിക്കനുസരിച്ചാണ് സ്ത്രീകള്‍ അധികവും ചുരിദാറുകള്‍ തയ്പിക്കുന്നത്. പോരാത്തതിന് ഇതിന് മുകളില്‍ ഒരു ഷോളും വരും. ഇതെല്ലാം കൂടിയാകുമ്പോള്‍ ആകെ ചൂട് കൊണ്ട് ശ്വാസം മുട്ടുന്നതായി തോന്നും. 

ചൂട് കൂടുംതോറും ശരീരം വിയര്‍ക്കും. ആ വിയര്‍പ്പ് ബാഷ്പീകരിക്കപ്പെട്ട് പുറത്തേക്ക് പോകണം. ഇല്ലാത്ത പക്ഷം ശരീരം വീണ്ടും വിയര്‍ക്കും, വീണ്ടും ചൂടാകും. ഇത് പെട്ടെന്ന് തന്നെ തളര്‍ച്ച വരാനും, നിര്‍ജലീകരണം വരാനും ഇടയാക്കും. അതിനാല്‍ വളരെ 'ഫ്രീ' ആയിട്ടുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രമേ ഈ കാലാവസ്ഥയില്‍ ധരിക്കാന്‍ പാടുള്ളൂ. അതും ഇളം നിറങ്ങളിലുള്ളവ. കൈ മുഴുവന്‍ മൂടിക്കിടക്കുന്നവയാണ് ഏറ്റവും നല്ലത്. കടും നിറങ്ങളിലുള്ള വസ്ത്രങ്ങളാണെങ്കില്‍ ചൂടിനെ ഇത് ചൂടിനെ അധികവും പുറന്തള്ളില്ല. കറുപ്പ് നിറമാണെങ്കില്‍ പറയാനുമില്ല, ഈ കാലാവസ്ഥയ്ക്ക് അത്രയും യോജിക്കാത്ത നിറമാണ് കറുപ്പ്. 

കൂര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതാണ് ഈ കാലത്തിന് ഏറ്റവും അനുയോജ്യം, ഇതിനൊപ്പം ഇളം നിറങ്ങളിലുള്ള കോട്ടണ്‍ ലൂസ് പാന്റ്‌സുകളും ഉപയോഗിക്കാം. കഴിയുന്നതും ജീന്‍സോ, ഇറുകിയ പാന്റ്‌സുകളോ ഒഴിവാക്കാം. ഷോളും പരമാവധി ഉപയോഗിക്കാതിരിക്കാം. അയഞ്ഞ വസ്ത്രമായതിനാല്‍ തന്നെ ഷോളില്ലെങ്കിലും ആത്മവിശ്വാസക്കുറവ് തോന്നേണ്ടതില്ലല്ലോ! 

ഇനി അടിവസ്ത്രങ്ങളുടെ കാര്യത്തിലും അല്‍പം ശ്രദ്ധ ചെലുത്താന്‍ മറക്കരുത്. അടിവസ്ത്രങ്ങളും കോട്ടണ്‍ മെറ്റീരിയലില്‍ ഉള്ളവ തന്നെ നിര്‍ബന്ധമായും ധരിക്കണം. തടി കൂടുതലുള്ളവര്‍ക്ക് സ്‌പോര്‍ട്‌സ് ബ്രാ പോലുള്ളവ പരീക്ഷിക്കാവുന്നതാണ്. ശരീരസൗന്ദര്യം നമുക്ക് മഴക്കാലത്ത് സംരക്ഷിക്കാം. ഇത് അതിനുള്ള സമയമല്ലെന്ന് ഓര്‍ക്കുക. കോട്ടണ്‍ അല്ലാത്തതും, ഇറുകിയതുമായ അടിവസ്ത്രങ്ങള്‍ മണിക്കൂറുകളോളം ധരിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. ചുവന്ന തടിപ്പോ, ചൊറിച്ചിലോ, ഫംഗസ് ബാധയോ വരാനുള്ള സാധ്യതകളാണ് ഇതൊരുക്കുന്നത്. 

അതുപോലെ തന്നെ പ്രത്യേകം കരുതേണ്ട കാര്യമാണ് ബ്രായുടെ ഉപയോഗവും. നിങ്ങളുടെ സ്വകാര്യ ഇടങ്ങളിലെങ്കിലും ഈ ചൂടുകാലത്ത് ബ്രാ ഉപയോഗിക്കാതിരിക്കാം. കാരണം അത്രമാത്രം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വസ്ത്രമാണ് ബ്രാ. പുറത്തുപോയി വീട്ടില്‍ തിരിച്ചെത്തിയാല്‍ ഉടനെ ബ്രാ അഴിച്ചുമാറ്റുകയോ, അതിന്റെ ഹുക്കുകള്‍ വിടര്‍ത്തി സ്തനങ്ങളെ സ്വതന്ത്രമാക്കുകയോ ചെയ്യണം. മുഴുവന്‍ സമയവും കെട്ടിപ്പൂട്ടിവയ്ക്കുന്നത്, ഈ പൊരിഞ്ഞ ചൂടുകാലത്ത് ഒട്ടും നല്ലതല്ലെന്ന് മനസിലാക്കുക. രാത്രിയിലും വീട്ടിനകത്താണെങ്കിലും കനം കുറഞ്ഞ, ചെറിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാം. 

നമ്മള്‍ കരുതുന്നതിലും കൂടുതല്‍ ഗുണങ്ങള്‍ ആരോഗ്യത്തിന് നല്‍കാന്‍ ഈ ജാഗ്രതകള്‍ക്ക് കഴിയും. പുരുഷന്മാരെ അപേക്ഷിച്ച് പെട്ടെന്ന് നിര്‍ജലീകരണം വരാനുള്ള സാധ്യതയും, അതുവഴി തളര്‍ന്നുപോകാനുള്ള സാധ്യതകളുമെല്ലാം മിക്കവാറും സ്ത്രീകള്‍ക്കാണുള്ളത്. അതിനാല്‍ വസ്ത്രധാരണത്തിലെ സ്വന്തം പിഴവുകള്‍ നിങ്ങളോരോരുത്തരും ഉടന്‍ തന്നെ തിരിച്ചറിഞ്ഞ് തിരുത്തുക. ഈ കൊടിയ വേനലിനെ ആരോഗ്യപരമായി നേരിടാനുള്ള ആദ്യപടിയാണിതെന്ന് കൂടി മനസ്സിലാക്കുക.

click me!