'ഇതെന്റെ സുന്ദരനായ ഭര്‍ത്താവാണ്. നിങ്ങള്‍ക്ക് അദ്ദേഹം എത്ര സുന്ദരനാണെന്ന് കാണാന്‍ കഴിയുന്നില്ല അല്ലേ, അദ്ദേഹം എപ്പോഴും ഇങ്ങനെ മുഖം മറച്ച് വയ്ക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. കാരണം ആ സൗന്ദര്യം എനിക്ക് മാത്രം അവകാശപ്പെട്ടതാണ്...'
ബുര്‍ഖയിട്ട് മുഖം മറച്ചിരിക്കുന്ന ഭര്‍ത്താവിനൊപ്പം ആത്മവിശ്വാസം നിറഞ്ഞ മുഖവും ചിരിയുമായി തലയുയര്‍ത്തിപ്പിടിച്ച് ഭാര്യ. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് പാക്കിസ്ഥാനി ദമ്പതികളുടെ ഈ സെല്‍ഫി.
അസാധാരണമായ ഫോട്ടോ തന്നെയാണ് ആദ്യ ആകര്‍ഷണം. പുരുഷന്മാര്‍ ഒരിക്കലും മുഖം മറച്ച് പുറത്തിറങ്ങാറില്ലല്ലോ, പിന്നെയിത് എന്താണ് കഥയെന്നാണോ ചിന്തിക്കുന്നത്? പുരുഷന്‍ മുഖം മറച്ച് പുറത്തിറങ്ങാറില്ലെന്ന് പറഞ്ഞല്ലോ, അങ്ങനെ പുറത്തിറങ്ങുന്നത് സ്ത്രീകളാണ്. നിര്‍ബന്ധപൂര്‍വ്വം സത്രീയെ ഇങ്ങനെ നടത്തുന്ന പുരുഷന്മാരെയും, ആ നടപടിയെ അംഗീകരിക്കുന്ന സമൂഹത്തെയും പരിഹസിച്ചുകൊണ്ടാണ് ദമ്പതികളുടെ ഫോട്ടോ പോസ്റ്റ്.
undefined
ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പോട് കൂടിയാണ് ഇവര്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ ആകെ ഹിറ്റാവുകയായിരുന്നു. നിരവധി ആളുകളും ഗ്രൂപ്പുകളും പേജുകളുമെല്ലാം പോസ്റ്റ് കോപ്പി ചെയ്ത് സുഹൃത്തുക്കളുമായി പങ്കുവച്ചു. പുരുഷാധിപത്യ വ്യവസ്ഥിതിയെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്യുന്നതിന് പകരം ഹാസ്യത്തിലൂടെ അതിനെ നിരാകരിക്കുകയാണ് ഇവര്‍.
കുറിപ്പ് വായിക്കാം...
'ഇതെന്റെ സുന്ദരനായ ഭര്‍ത്താവാണ്. നിങ്ങള്‍ക്ക് അദ്ദേഹം എത്ര സുന്ദരനാണെന്ന് കാണാന്‍ കഴിയുന്നില്ല അല്ലേ, അദ്ദേഹം എപ്പോഴും ഇങ്ങനെ മുഖം മറച്ച് വയ്ക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. കാരണം ആ സൗന്ദര്യം എനിക്ക് മാത്രം അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍, സ്വപ്നങ്ങള്‍... അങ്ങനെ ജീവിതത്തില്‍ അദ്ദേഹത്തിന്റേതായി എന്തെല്ലാം ഉണ്ടോ അതെല്ലാം എന്റേതാണ്.
മറ്റൊരാളുടെ നോട്ടവും അദ്ദേഹത്തില്‍ വീഴാന്‍ ഞാനാഗ്രഹിക്കുന്നില്ല. പുറംലോകം വളരെ മോശമാണ്. ്തിനാല്‍ അദ്ദേഹത്തെ ഞാനെപ്പോഴും വീട്ടില്‍ തന്നെയാണ് ഇരുത്താറ്. എന്റെ കൂടെ പുറത്തുവന്നാലും കുഴപ്പമില്ല. ഞങ്ങള്‍ ഒരുമിച്ച് പതിവായി പോകുന്ന ഹോട്ടലാണിത്. ഇവിടെയാകുമ്പോള്‍ സ്റ്റിറോയിഡുകള്‍ കുത്തിവയ്ക്കാത്ത ചിക്കന്‍ കിട്ടും. സ്റ്റിറോയിഡുകള്‍ ഇന്‍ജെക്ട് ചെയ്ത ചിക്കന്‍ വന്ധ്യതയ്ക്ക് കാരണമാകും. അദ്ദേഹത്തിന്റെ പ്രത്യുല്‍പാദനശേഷിയെ തകരാറിലാക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹം ജീവിക്കുന്നത് തന്നെ എനിക്ക് എന്റെ കുഞ്ഞുങ്ങളെ തരാനും, എന്നെ ഒരമ്മയാക്കാനുമാണ്. അതുകൊണ്ട് ഞങ്ങളിവിടെയേ കഴിക്കാന്‍ വരാറുള്ളൂ.
പുറത്തുപോകുമ്പോള്‍ അദ്ദേഹം നന്നായി ശരീരം മറച്ച ശേഷമേ ഇറങ്ങാറുള്ളൂ. എനിക്കത് ഇഷ്ടമാണ്, കാരണം അദ്ദേഹം പീഡിപ്പിക്കപ്പെടാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഇങ്ങനെ നടന്നിട്ടും അദ്ദേഹം പീഡിപ്പിക്കപ്പെട്ടാല്‍ അത്, വിധിയാണെന്ന് കരുതും, പ്രതിക്ക് ശിക്ഷ കിട്ടുമെന്ന് ഞങ്ങള്‍ ആശ്വസിക്കും.
എനിക്കെന്ത് വസ്ത്രം ധരിച്ചും പുറത്തിറങ്ങാം. കാരണം ഞാനൊരു സ്ത്രീയാണ്. ഒരു സത്രീയായിരിക്കുന്നത് കൊണ്ടുതന്നെ മറ്റ് സ്ത്രീകള്‍ ഏതറ്റം വരെ പോകുമെന്ന് എനിക്ക് നന്നായിട്ടറിയാം. എനിക്കവരെ പേടിയില്ല. എന്നെ അവരൊന്നും ചെയ്യില്ലല്ലോ, അഥവാ ചെയ്താലും ഞാനത് പുറത്ത് പറയില്ല, കാരണം അങ്ങനെ ഞാന്‍ പരസ്യപ്പെടുത്തിയാല്‍ ലോകത്തിന് മുന്നില്‍ ഞാന്‍ ശക്തിയില്ലാത്തവളും, പ്രതികരിക്കാന്‍ കഴിവില്ലാത്തവളുമാകും. ഒരു സ്ത്രീ ഒരിക്കലും അശക്തയാകരുത്. നിങ്ങള്‍ക്കറിയാമോ? സ്ത്രീകള്‍ അത്രമാത്രം കരുത്തരാണ്...
ഞാന്‍ അദ്ദേഹത്തെ ജോലിക്ക് വിടുകയും വണ്ടിയോടിക്കാന്‍ അനുവദിക്കുകയും ഒക്കെ ചെയ്യാറുണ്ട്. കാരണം ഞാന്‍ തുല്യതയില്‍ വിശ്വസിക്കുന്നു. പക്ഷേ, അദ്ദേഹത്തെ എല്ലാവരുമായും ഇടപഴകാന്‍ ഞാന്‍ വിടാറില്ല. അക്കാര്യത്തില്‍ സ്ട്രിക്ടാണ്. അതെന്റെ ഉത്തരവാദിത്തമല്ലേ? അത്രയും ദൈവഭയമുള്ള ഒരു ഭര്‍ത്താവില്ലെങ്കില്‍ എനിക്കെങ്ങനെ സ്വര്‍ഗത്തിലേക്ക് കടക്കാനാകും? കന്യകരായ എഴുപത് പേരോടൊപ്പം എനിക്കെങ്ങനെ സ്വര്‍ഗത്തില്‍ കിടന്നുറങ്ങാനാകും?
ഫോട്ടോയെടുക്കുന്നതെല്ലാം ഞങ്ങള്‍ക്ക് ഹറാം തന്നെയാണ്. പക്ഷേ ആളുകളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫോട്ടോയെടുക്കുന്നത്...'