യോനി തീയിലിരുന്ന കണക്ക് പൊള്ളിക്കൊണ്ടിരുന്നു; അസുഖം കണ്ടെത്താനാകാതെ ഡോക്ടര്‍മാർ....

By Web Team  |  First Published Apr 10, 2019, 11:36 PM IST

ഇരുപതാം വയസിലാണ് ആദ്യമായി ഇത്തരമൊരു അനുഭവം ആഷ്‌ലിക്കുണ്ടാകുന്നത്. അന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ച് എന്തോ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഭേദമായി. പിന്നീട് 2018 ഫെബ്രുവരിയോടെയാണ് വീണ്ടും ഇതേ പ്രശ്‌നമുണ്ടാകുന്നത്. പങ്കാളിക്കൊപ്പമുള്ള ജീവിതം തുടങ്ങി, മാസങ്ങളായിട്ടേയുള്ളൂ...
 


പല കാരണങ്ങള്‍ കൊണ്ടും സ്ത്രീകള്‍ക്ക് യോനിയില്‍ 'ബേര്‍ണിംഗ് സെന്‍സേഷന്‍' അതായത്, പൊള്ളുന്നത് പോലെയുള്ള അനുഭവമുണ്ടാകാം. ഇത് ശരിയായ രീതിയില്‍ പരിശോധിച്ച്, എന്ത് കാരണം കൊണ്ട് സംഭവിക്കുന്നുവെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍, ഒരുപക്ഷേ തെറ്റായ ചികിത്സയും അശ്രദ്ധയുമെല്ലാം വലിയ പ്രശ്‌നങ്ങളിലേക്ക് വഴിവച്ചേക്കാം.

അത്തരമൊരു അനുഭവമാണ് ഫ്‌ളോറിഡ സ്വദേശിനിയായ ആഷ്‌ലി കോളിന്‍സ് എന്ന ഇരുപത്തിയേഴുകാരി പങ്കുവയ്ക്കുന്നത്. ഇരുപതാം വയസിലാണ് ആദ്യമായി ഇത്തരമൊരു അനുഭവം ആഷ്‌ലിക്കുണ്ടാകുന്നത്. അന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ച് എന്തോ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഭേദമായി. 

Latest Videos

undefined

പിന്നീട് 2018 ഫെബ്രുവരിയോടെയാണ് വീണ്ടും ഇതേ പ്രശ്‌നമുണ്ടാകുന്നത്. പങ്കാളിക്കൊപ്പമുള്ള ജീവിതം തുടങ്ങി, മാസങ്ങളായിട്ടേയുള്ളൂ. വിഷമം തോന്നിയ ഉടന്‍ തന്നെ അടുത്തുള്ള ഒരു ഡോക്ടറെ പോയിക്കണ്ടു. പേടിക്കാനുള്ള സാധാരണ അണുബാധയാണെന്ന് പറഞ്ഞ് മരുന്ന് നല്‍കി. 

അത് കഴിച്ചിട്ടും ഭേദമായില്ല. വീണ്ടും അതേ ഡോക്ടറെ തന്നെ പോയിക്കണ്ടു. അവര്‍ മറ്റൊരു മരുന്ന് കൂടി നിര്‍ദേശിച്ചു. മാറ്റമുണ്ടായില്ലെന്ന് മാത്രമല്ല. പ്രശ്‌നം ഓരോ ദിവസം കൂടുംതോറും രൂക്ഷമായി വന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴെല്ലാം അസഹ്യമായ വേദനയും അസ്വസ്ഥതയും വന്നുകൊണ്ടിരുന്നു. 

അങ്ങനെ മറ്റൊരു ഡോക്ടറെ കാണാന്‍ നിശ്ചയിച്ചു. അത് ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട തന്റെ ആശുപത്രി യാത്രകളുടെ തുടക്കമായിരുന്നുവെന്ന് ആഷ്‌ലി ഓര്‍മ്മിക്കുന്നു. എത്രയോ ഡോക്ടര്‍മാരെ കണ്ടു, ചിലര്‍ ബാക്ടീരിയല്‍ ബാധയാണെന്ന് പറഞ്ഞു. മറ്റുചിലര്‍ വേറെയെന്തോ അണുബാധയാണെന്ന് വിധിയെഴുതി. എത്രയോ മരുന്നുകള്‍ കഴിച്ചു. ഒന്നിനും ആഷ്‌ലിയെ രക്ഷപ്പെടുത്താനായില്ല. 

'ശരിക്ക് തീയിലിരിക്കുന്ന അുഭവമായിരുന്നു പലപ്പോഴും നേരിട്ടിരുന്നത്. പല രാത്രികളിലും ഒരുപോള കണ്ണടയ്ക്കാനാവില്ല. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് ഓഫീസിലും പോകാനാവില്ല. പതിയെപ്പതിയെ ഡോക്ടര്‍മാരിലുള്ള വിശ്വാസം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. എന്റെ കൂടെ ചികിത്സയ്ക്കായി നടന്നുനടന്ന് എന്റെ പാര്‍ട്ണര്‍ക്കും മടുത്തിരുന്നു. ഒടുവില്‍ അയാളോട് രക്ഷപ്പെട്ടോളാന്‍ ഞാന്‍ തന്നെയാണ് പറഞ്ഞത്. അയാള്‍ പോയി. എനിക്കത് വല്ലാത്തൊരു തകര്‍ച്ചയാണ് സമ്മാനിച്ചത്. രോഗവും പ്രണയനഷ്ടവുമെല്ലാം കൂടി ഞാന്‍ പൂര്‍ണ്ണമായി തളര്‍ന്നുപോയി'- ആഷ്‌ലി ഓര്‍മ്മിക്കുന്നു.

ഒരു വര്‍ഷത്തെ നരകജീവിതത്തിന് ശേഷം രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ ഒരു ഡോക്ടര്‍ക്ക് കഴിഞ്ഞു. 'പെല്‍വിക് ഫ്‌ളോര്‍ ഡിസ്ഫംഗ്ഷന്‍' എന്ന അവസ്ഥയായിരുന്നു ആഷ്‌ലിക്ക്. യോനീഭാഗങ്ങളിലുള്ള മസിലുകള്‍ക്ക് ആവശ്യത്തിന് ബലമില്ലാതിരിക്കുന്ന അവസ്ഥ, ഇത് മൂലം കടുത്ത വേദന, എരിച്ചില്‍, ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ അസഹ്യമായ വേദന... ഇങ്ങനെ തുടങ്ങുന്ന ഈ അവസ്ഥയുണ്ടാക്കുന്ന വിഷമങ്ങള്‍. 

പിന്നെ പതിയെ ചികിത്സ തുടങ്ങി. മരുന്നിനൊപ്പം ജീവിതചര്യകളിലും മതിയായ മാറ്റം വരുത്തി. ഇപ്പോള്‍ ഏതാണ്ട് 70 ശതമാനത്തോളം താന്‍ രോഗത്തില്‍ നിന്ന് മോചിക്കപ്പെട്ടെന്ന് ഇവര്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍, കൃത്യമായ ചികിത്സ ഉറപ്പുവരുത്തണമെന്നും തനിക്ക് സംഭവിച്ചത് പോലെ തെറ്റായ വിധിയെഴുതുന്ന ഡോക്ടര്‍മാരെ വിശ്വസിച്ച് മുന്നോട്ടുപോകരുതെന്നും ആഷ്‌ലി ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെയുള്ള ജാഗ്രത സ്ത്രീകളില്‍ ഉണ്ടാക്കാനാണ് തന്റെ അനുഭവം തുറന്ന് പങ്കുവയക്കുന്നതെന്നും ഇവര്‍ പറയുന്നു. 

click me!