മദ്യാസക്തി കോമ വരെ എത്തിച്ച യുവതിക്ക് രക്ഷകനായി അവതരിച്ചത് കൊവിഡ്

By Web Team  |  First Published Jan 21, 2021, 4:24 PM IST

മദ്യാസക്തിയിൽ നിന്നും അമിത വന്നതിൽ നിന്നും മോചനം നേടാൻ യുവതി കോവിഡിന്റെ സഹായം തേടിയത് ഇങ്ങനെ 
 



വിളിക്കാതെ തന്നെ നമ്മളെയൊക്കെ തേടിവന്ന അതിഥിയാണ് കൊവിഡ്. വന്നുകേറിയിട്ട് ഇന്നുവരെ അത് ഒഴിഞ്ഞു പോയിട്ടുമില്ല. നമ്മളിൽ പലരുടെയും ജീവിതങ്ങളിൽ ഈ മഹാമാരി കൊണ്ടുണ്ടായ പൊല്ലാപ്പുകളാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ, നാട്ടിൽ കൊവിഡ് വന്നതുകൊണ്ട് ജീവിതത്തിൽ ഏറെ ഗുണകരമായ മാറ്റങ്ങൾ ഉണ്ടായ ചുരുക്കം ചിലരുമുണ്ട് ഈ ലോകത്തിൽ. അങ്ങനെ സ്വന്തം ജീവിതത്തിലുണ്ടായ അവിശ്വസനീയമായ ചില നല്ല മാറ്റങ്ങളുടെ പേരിൽ കൊവിഡിന് നന്ദി പറയുന്നവരുടെ കൂട്ടത്തിൽ പെട്ട ഒരാളാണ് ഇംഗ്ലണ്ടുകാരിയായ ഒലിവിയ ഇബിറ്റ്‌സൺ. നാട്ടിൽ കൊറോണാ വൈറസ് ഭീതി പരത്തുന്നതിനുമുമ്പുള്ള ഒളിവിയ അല്ല, കൊവിഡിനെ അവസരമാക്കി പ്രയോജനപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ വന്ന ഒളിവിയ. രോഗം ബാധിക്കുന്നതിനു മുമ്പുള്ള, തന്റെ യൗവ്വനത്തിലെ ആഘോഷ കാലത്ത് ഒളിവിയ ഒന്നരാടൻ ദിവസം ക്ലബ്ബിൽ ചെന്ന് മൂക്കറ്റം മദ്യപിക്കുമായിരുന്നു. കഴിഞ്ഞ പത്തുമാസമായി ഒളിവിയ മദ്യം കൈ കൊണ്ട് തൊട്ടിട്ടില്ല. അതിനുള്ള ക്രെഡിറ്റ് അവൾ കൊടുക്കുന്നത് കൊവിഡ് കാരണം ഏർപ്പെടുത്തപ്പെട്ട ലോക്ക് ഡൗൺ വിലക്കുകൾക്കാണ്.

എന്താണ് ഒളിവിയയുടെ കഥ ?

Latest Videos

undefined

ഡെയ്‌ലി മെയിലിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം, തന്റെ പതിനഞ്ചാം വയസ്സിലാണ് ഒളിവിയ ആദ്യമായി മദ്യം കൈകൊണ്ട് തൊടുന്നത്. മദ്യത്തിന്റെ രുചി പിടിച്ചുപോയ ഒളിവിയ, പിന്നീടങ്ങോട്ട് വളരെ പെട്ടെന്നുതന്നെ നല്ലൊരു കുടിയത്തിയായി മാറുന്നു. പതിനെട്ടു തികഞ്ഞതിൽ പിന്നെ ഒരു ദിവസം പോലും മദ്യപിക്കാതിരിക്കാൻ സാധിക്കാത്ത ഒരു 'മദ്യാസക്ത' എന്ന തലത്തിലേക്ക് ഒളിവിയ അധഃപതിച്ചിരുന്നു. നൈറ്റ് ഔട്ടിനോ ഏതെങ്കിലും പാർട്ടികൾക്കോ ഒക്കെ പോകുമ്പോൾ വീട്ടിൽ നിന്നുതന്നെ ഒന്നും രണ്ടും ബോട്ടിൽ വൈൻ അകത്താക്കിയ ശേഷമായിരുന്നു ഒളിവിയ പുറപ്പെട്ടിരുന്നത്. മദ്യമുണ്ടാക്കുന്ന വയറ്റിലെ ആന്തൽ അടക്കാൻ ഒളിവിയ ജങ്ക് ഫുഡ് ധാരാളമായി അകത്താക്കാൻ തുടങ്ങി. ഇതുരണ്ടും കൂടി അവളുടെ തടി വല്ലാതെ കൂട്ടി. ശരീര ഭാരം ഇരട്ടിപ്പിച്ചു. ഇങ്ങനെയുള്ള ദുഃശീലങ്ങൾ അവളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റത്തെ വരെ ബാധിച്ചു തുടങ്ങി.  സ്നേഹിതർ ഒന്നൊന്നായി അവളോട് പിണങ്ങി അകന്നു. 

അതിനിടെ നടത്തിയ ഒരു പതിവ് പരിശോധനയ്ക്കിടെയാണ് തനിക്ക് 'ടൈപ്പ് വൺ' ഡയബറ്റിസ് ബാധിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരം ഒളിവിയ അറിയുന്നത്. പ്രമേഹം കൈവിട്ടുപോയപ്പോഴാണ്  2019 ലെ പുതുവത്സരദിനത്തിൽ, തലേന്നത്തെ ആഘോഷത്തിനിടെ ചെലുത്തിയ മദ്യം അമിതമായി, ഒളിവിയക്ക് ബോധക്ഷയം സംഭവിക്കുന്നതും, ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നതും ഒക്കെ. ആ ആശുപത്രിവാസത്തിനിടെ അവളെ ജീവരക്ഷാർത്ഥം കോമയിൽ വരെ ആക്കേണ്ടി വന്നു ഡോക്ടർമാർക്ക്. "ജീവിതത്തോട് വല്ലാത്ത മടുപ്പു തോന്നിയിരുന്നു. എന്നെ തന്നെ ഞാൻ വെറുത്തിരുന്നു. ആ മടുപ്പിൽ നിന്നൊക്കെ ഒളിച്ചോടാൻ വേണ്ടിയാണ് സ്ഥിരം മദ്യപിച്ചുകൊണ്ടിരുന്നത്. മരണത്തിന്റെ പടിവാതിൽക്കൽ വരെ ചെന്നുമടങ്ങിയിട്ടും ഞാൻ പിന്നെയും മദ്യപിച്ചുകൊണ്ടിരുന്നു. ഏത് നിമിഷം വേണമെങ്കിലും അമിത മദ്യപാനം എന്റെ ജീവനെടുക്കാൻ എന്ന അവസ്ഥയായിരുന്നു പിന്നെയും പത്തുപതിനാല് മാസം." ഒളിവിയ പറഞ്ഞു.

അങ്ങനെയിരിക്കെയാണ്, 2020 മാർച്ചിൽ ലോക്ക് ഡൗൺ വന്നു മദ്യം വാങ്ങാൻ കിട്ടില്ല, പബ്ബുകൾ ഒന്നും തന്നെ തുറക്കില്ല എന്ന അവസ്ഥ വന്നപ്പോൾ ഒളിവിയ, അതിന്റെ പേരിൽ സമനില കൈവിടുന്നതിനു പകരം, അതിനെ നന്നാവാനുള്ള ഒരു അവസരമായി കാണാനാണ് തീരുമാനിച്ചത്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തൊണ്ണൂറു കിലോഗ്രാം ആയിരുന്നു അവളുടെ ഭാഗം. ആദ്യം തന്നെ അവൾ ചെയ്തത് മദ്യം കുടിക്കാൻ തോന്നുമ്പോഴൊക്കെ ഓരോ ഗ്രീൻ ടീ ഉണ്ടാക്കി കുടിക്കുകയായിരുന്നു. അതിനു പുറമെ, ഇടയ്ക്കിടെ കഴിക്കുമായിരുന്ന ജങ്ക് ഫുഡ് ഒഴിവാക്കി, പകരം കൂടുതൽ ആരോഗ്യകരമായ ഭക്ഷണത്തിലേക്കും ഒളിവിയ ചുവടുമാറ്റി. 

മറ്റുള്ളവർക്കൊക്കെ ലോക്ക് ഡൗൺ അവരുടെ സ്വാതന്ത്ര്യത്തിനുള്ള വിലങ്ങുതടിയായപ്പോൾ, ആഘോഷം മുടക്കി ആയപ്പോൾ ഒളിവിയ അതിനെ കണ്ടത് കൈവിരൽത്തുമ്പിലൂടെ വഴുതിമാറിക്കൊണ്ടിരുന്ന ജീവിതം തിരിച്ചു പിടിക്കാനുള്ള തന്റെ അവസാനത്തെ അവസരമെന്ന നിലയ്ക്കാണ്. അങ്ങനെ മദ്യം ജീവിതത്തിൽ നിന്ന് പൂർണമായും ഒഴിവാക്കിയ ഒളിവിയ അതോടൊപ്പം നിത്യേന അരമണിക്കൂർ നേരം നടക്കാനും തുടങ്ങുന്നു. ആദ്യത്തെ ഒരു മാസം കാര്യമായ ഭാരക്കുറവൊന്നും കണ്ടില്ലെങ്കിലും, രണ്ടാമത്തെയും മൂന്നാമത്തെയും മാസങ്ങളിലും പിന്നീടങ്ങോട്ടും കണ്ടത് അവൾ പ്രതീക്ഷിച്ചതിലും വലിയ വെയ്റ്റ് ലോസ് ആണ്.

അങ്ങനെ പത്തുമാസം തുടർന്ന ശേഷം ഇപ്പോൾ ഒളിവിയയുടെ ശരീരഭാരം 65 കിലോഗ്രാം ആയി കുറഞ്ഞിട്ടുണ്ട്. ഈ പത്തുമാസത്തിനുള്ളിൽ അവൾ കുറച്ചത് 25 കിലോയിൽ അധികം ഭാരമാണ്. മദ്യപാനം കോമയിലും പ്രമേഹത്തിലും ഒക്കെ എത്തിച്ച ജീവിതത്തെ തിരിച്ചു പിടിക്കാൻ തനിക്ക് സാധിക്കുമെങ്കിൽ, കോവിഡ് ഇതുവരെ അരങ്ങൊഴിഞ്ഞിട്ടില്ലാത്ത ഈ സാഹചര്യത്തിന്റെ ആനുകൂല്യം മുതലെടുത്ത് തന്നെപ്പോലെ 'നന്നാ'വാനാണ് ഒളിവിയ നാട്ടിലെ, മറ്റുളള മദ്യാസക്തരായ യുവതീയുവാക്കളോടും ആഹ്വാനം ചെയ്തിരിക്കുന്നത്. 

click me!