ഭര്‍ത്താവ് മരിച്ച സ്ത്രീയെ നമ്മള്‍ എങ്ങനെയാണ് കാണുന്നത്?

By Web Team  |  First Published Apr 8, 2019, 3:27 PM IST

ഭര്‍ത്താവ് മരിച്ച് ഒരുമാസം കഴിഞ്ഞ സ്ത്രീ, അവരെന്നെ കാണാന്‍ വന്നു. അമര്‍ഷമായിരുന്നു അവരുടെ മുഖത്ത്. ആരോടൊക്കെയോ ഉള്ള പക! മക്കളെയും നോക്കി, ജീവിക്കാനാണ് എല്ലാവരും പറയുന്നത്...


പൊയ്മുഖം അഴിച്ചുവച്ച് സംസാരിക്കുന്ന ഈ ഭൂമിയിലെ ചുരുക്കം ചില സ്ത്രീകള്‍ എന്റേതാണ്... ഞാന്‍ എന്ന സൈക്കോളജിസ്റ്റ് അറിയുന്ന, അവരെ എനിക്ക് അതിഭയങ്കരമായ ഇഷ്ടമാണ്, സ്‌നേഹമാണ്...

സ്ത്രീ-പുരുഷ ബന്ധങ്ങളെ കുറിച്ച്, അതിലെ ധാരണകളെ കുറിച്ച്, അനുഭവങ്ങളെ കുറിച്ച് ഓരോ പെണ്ണിന്റെയും കാഴ്ചപ്പാട്... അതെഴുതി തീര്‍ക്കാന്‍ ഉള്ള മഷി എന്റെ കയ്യിലില്ല. എങ്കിലും, ചിലത് പറഞ്ഞേ തീരൂ...

Latest Videos

undefined

ഭര്‍ത്താവ് മരിച്ച് ഒരുമാസം കഴിഞ്ഞ സ്ത്രീ, അവരെന്നെ കാണാന്‍ വന്നു. അമര്‍ഷമായിരുന്നു അവരുടെ മുഖത്ത്. ആരോടൊക്കെയോ ഉള്ള പക! മക്കളെയും നോക്കി, ജീവിക്കാനാണ് എല്ലാവരും പറയുന്നത്. അതിനാണ് പിന്തുണയ്ക്കുന്നത്, സഹതപിക്കുന്നത്...

പിന്നെ, ജോലി ഉണ്ടല്ലോ എന്ന എല്ലാവരുടെയും വകയുള്ള ആശ്വസിപ്പിക്കല്‍ വേറെയും. അതിലാണോ എന്റെ ജീവിതം നിലകൊള്ളുന്നത്...?

തീര്‍ച്ചയായും അല്ല. പക്ഷേ, ഒരു ജോലി ഉള്ളതുകൊണ്ടാണ് ഇത്രയും തന്റേടത്തോടെ ഇത് ചിന്തിക്കാന്‍ നിങ്ങള്‍ക്കു പറ്റുന്നതെന്ന് ഞാന്‍ പറഞ്ഞു.

നിങ്ങളുടെ അമ്മയോട് പറയുക, പുനര്‍വിവാഹം കഴിക്കണം എന്ന്. എന്തുകൊണ്ട് പറഞ്ഞൂടാ?

അമ്മയോടോ?

അവര്‍ ചിരിച്ചു...

ഇന്ന് നിങ്ങളെ കാണാന്‍ ഇങ്ങോട്ടു വരുമ്പോള്‍, അമ്മ എന്നെ തിരിച്ചുവിളിച്ചു. ഞാന്‍ അടുത്തേയ്ക്ക് ചെന്നപ്പോള്‍ കഴുത്തിലെ ഷാള്‍ ഇറക്കി മാറത്ത് വിരിച്ച് ഇടീപ്പിച്ചു. ഇനി ഇതൊക്കെ നീ ശ്രദ്ധിക്കണമെന്ന് കുറ്റപ്പെടുത്തുന്ന മുഖത്തോടെ അമ്മ പറഞ്ഞു. 

എന്റെ ഉള്ളം കാളിപ്പോയി. ഭര്‍ത്താവിന്റെ ഇഷ്ടത്തിന് സ്ലീവ്‌ലെസ് ഉടുപ്പും ജീന്‍സും ഇട്ടിരുന്ന കാലത്ത് അമ്മ അതൊക്കെ ആസ്വദിച്ചിരുന്നു. ഇനി എന്തൊക്കെയാണ് എന്നില്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്ന പരിമിതികള്‍ എന്നോര്‍ത്ത് പേടിച്ചുപോയി.

ഞാന്‍ ഒരു വിവാഹം കഴിക്കും, ഈ ജോലി വേണ്ട... മറ്റെവിടെയെങ്കിലും പോയിട്ട് ജീവിക്കും. അല്ലേല്‍ എനിക്ക് ഈ സമൂഹത്തില്‍, അതിലുപരി എന്റെ കുടുംബത്തില്‍ ജീവിക്കാനാകില്ല ..!- അവര്‍ പറഞ്ഞു.

സത്യത്തില്‍ വിവാഹം എന്നത് പലപ്പോഴും സ്ത്രീയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വഴി ആണ്. കൂട്ടിലിട്ട സ്വര്‍ണ്ണത്തത്തയെ പോലെ ജീവിച്ച ഒരുവളെ കൂട്ടിന് കൂട്ടുന്ന പുരുഷന്‍ ഒരുപക്ഷേ വിശാലമായ ആകാശത്തേയ്ക്ക് തുറന്നുവിട്ടേക്കാം. 

ആ ദാമ്പത്യത്തില്‍ അവള്‍ക്ക് പല പ്രശ്‌നങ്ങളും ഉണ്ടായേക്കാം, എങ്കിലും അവള്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം അതിലേറെ വിലപ്പെട്ടതാകും. പെട്ടെന്ന് വിധവയുടെ കുപ്പായത്തില്‍ കേറേണ്ടി വരുമ്പോള്‍ എത്രയോ വര്‍ഷമായി ജീവിക്കുന്ന നിറമുള്ള ആ ചുറ്റുപാട് അവര്‍ക്ക് അപരിചിതമായിത്തീരുകയാണ്.

സമൂഹത്തിലെ കടപടസദാചാരവാദികളുടെ ഇരയായിത്തീരുന്ന ഒരായിരം പേരുടെ മുഖങ്ങളാണ് ആദ്യമവളെ അലട്ടുക...!

'എന്നിലെ ലൈംഗിക ആഗ്രഹങ്ങള്‍ അസ്തമിച്ചിട്ടില്ല... രണ്ട് പെണ്‍കുട്ടികളും വളര്‍ന്നു. അവരുടെ അച്ഛന്‍ ഇപ്പോള്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ്. ഞങ്ങളെ പാടേ ഉപേക്ഷിച്ചു... എനിക്കിനി പുനര്‍വിവാഹം വേണ്ട. പക്ഷേ ഒരു ആണ്‍കൂട്ട് കൂടിയേ തീരൂ...'- അടുത്ത കേസുമായെത്തിയ സ്ത്രീ പറയുന്നു.

'വിശപ്പും ദാഹവും പോലെ ഒന്നാണ് ലൈംഗികത. അതിലെ പട്ടിണി സഹിച്ച് ജീവിക്കാന്‍ സാധ്യമല്ല. ഞാന്‍ മരിച്ചു പോകും... എന്താണ് ചെയ്യേണ്ടത്?'

പൊള്ളുന്ന പ്രശ്‌നത്തിന്റെ മര്‍മ്മഭാഗത്തേക്കാണ് അവര്‍ വിരല്‍ ചൂണ്ടുന്നത്. സ്ത്രീയുടെ ലൈംഗികതയുടെ നേര്‍പ്രശ്‌നങ്ങള്‍. നമ്മുടെ സമൂഹം ഒരിക്കലും ഉള്‍ക്കണ്ണ് തുറന്ന് കാണാത്ത, ഹൃദയം കൊണ്ട് കേള്‍ക്കാന്‍ ശ്രമിക്കാത്ത കാര്യങ്ങള്‍.

ഒരു വിധവയുടെ അല്ലെങ്കില്‍ ഭര്‍ത്താവില്ലാത്ത സ്ത്രീയുടെ ജീവിതം... നോക്കുകുത്തിയെ പോലെ ജീവിക്കേണ്ടി വരുമ്പോള്‍ അവരനുഭവിക്കുന്ന ഭയവും, ദൈന്യതയും, 'ഒറ്റ' എന്നതിലെ നിശബ്ദതയും അനുഭവസ്ഥര്‍ക്കല്ലാതെ ഒരാള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല.

വഴക്കിടാനാണെങ്കിലും ഒരാള്‍, പരാതിയും പരിഭവവും പറഞ്ഞ് ഒടുവില്‍ കെട്ടിപ്പിടിച്ച് അവളുടെ പിണക്കങ്ങളെ അലിയിച്ചുകളയാന്‍ ഒരു പുരുഷന്‍, രതിയുടെ പാരമ്യത്തിലെ അനുഭൂതി, വിദൂരതയിലേക്ക് നോക്കി നെടുവീര്‍പ്പിടുന്ന അവരുടെ ചിന്തകള്‍... അതിലെ ഭീകരത അസഹ്യമായിരുന്നു. 

തൊടുപുഴയിലെ അമ്മയെ ന്യായീകരിക്കില്ല. അവര്‍ കുറ്റം ചെയ്തയാളാണ്. പക്ഷേ, അവരിലെ സ്ത്രീ എങ്ങനെ അവരിലെ അമ്മയെ നിഷ്‌കരുണം തള്ളിമാറ്റി, സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിക്കാന്‍ അയാള്‍ക്ക് കൂട്ടുനിന്നു എന്ന് ചിന്തിക്കണം...

ബിടെക് ബിരുദം കരസ്ഥമാക്കിയവള്‍ക്ക് സാമാന്യബുദ്ധിയെങ്കിലും ഉണ്ടാകണമല്ലോ. പക്ഷേ, പ്രായോഗിക ബുദ്ധിയുണ്ടെങ്കില്‍ അരുണിനെ പോലെ ഒരു ക്രിമിനലിലെ അവള്‍ക്ക് എളുപ്പത്തില്‍ മനസ്സിലായേനെ.

അരുണ്‍ ആനന്ദിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ 'ലോകത്തിലെ ഏറ്റവും മനോഹരമായ കുഞ്ഞുങ്ങള്‍' എന്നൊരു കുറിപ്പോടെ കുഞ്ഞുങ്ങളുടെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെ എത്രയോ പേരെ കാണുന്നു.

റാങ്കും ഗോള്‍ഡ് മെഡലും വാങ്ങി പഠിച്ചു, ഉന്നത ഉദ്യോഗത്തില്‍ കേറി, എന്നിട്ടും സഹപ്രവര്‍ത്തകരുമായി ചേരാന്‍ പറ്റാതെ മാനസിക പ്രശ്‌നങ്ങളില്‍ പെട്ട് ബുദ്ധിമുട്ടുന്നവര്‍...

എന്തുകൊണ്ടാണത്?

വൈകാരികമായ വളര്‍ച്ചയുടെ അഭാവം, വ്യക്തിവൈകല്യം... ഈ സ്ത്രീയുടെ കാര്യത്തിലും സംഭവിച്ചത് അതാകാം. അവരുടെ സ്വഭാവത്തിലെ കുറവുകള്‍, വ്യക്തിത്വത്തിലെ പ്രശ്‌നങ്ങള്‍ ആകാം അവര്‍ക്ക് അരുണിനെ മനസിലാകാതെ പോകാനുള്ള കാരണം.

എല്ലാവരെയും ധിക്കരിച്ച് ഇറങ്ങിപ്പോയ ഒരുവള്‍ക്ക് തോറ്റ് തിരിച്ചുവരാന്‍ കഴിഞ്ഞിരിക്കില്ല. തൊടുപുഴയിലെ സ്ത്രീയുടെ കേസില്‍ അവരെ ദൂരെയിരുന്ന് മനസിലാക്കുക എളുപ്പമല്ല. എങ്കിലും അവരിലെ perosnality diosrder ഇടയ്ക്ക് തെളിഞ്ഞ് വരുന്നില്ലേ?

അത് കേസില്‍ നിന്നും ഊരിവരാനുള്ള ഒരു കാരണമായി പറയുകയല്ല. ഇനി മദ്യമോ മയക്കുമരുന്നോ നല്‍കി അയാള്‍ അവരെ ഇത്തരത്തിലാക്കുകയായിരുന്നോ എന്നും അറിയില്ല. 

ആ അമ്മ മനസ് അത്രമാത്രം മരവിച്ച്, ദുഷിച്ചുപോകാന്‍ ഇടയായ കാരണങ്ങള്‍ എന്തൊക്കെയാകാം?

ഇനി, ഒരാളെക്കൂടി പരിചയപ്പെടുത്താം...

'അറിയാമായിരുന്നു, പുള്ളിയുടെ ക്രിമിനല്‍ സ്വഭാവം... ആള് തന്നെ എല്ലാം തുറന്നുസമ്മതിച്ചതാണ്. ഞാന്‍ വിചാരിച്ചാല്‍ എല്ലാം മാറ്റിയെടുക്കാന്‍ പറ്റും എന്ന് അങ്ങേര് പറഞ്ഞപ്പോ, ആ സ്വരത്തിലെ ദയനീയത കണ്ടപ്പോള്‍ എനിക്ക് തോന്നി, ശരിയാണല്ലോ... ആരെങ്കിലും വേണ്ടേ? പുള്ളിയെ ഒന്ന് മനസ്സിലാക്കാനും നേര്‍വഴിക്ക് കൊണ്ടുപോകാനും...പക്ഷേ ഇപ്പൊ...'

പേടിച്ച് വിറച്ചുകൊണ്ട് സംസാരിച്ച ആ സ്ത്രീ ഇപ്പോള്‍ എന്റെ മുന്നിലെ വേദനയാണ്. നാളെ ഒരു ദുരന്തം അവരുടെ ജീവിതത്തില്‍ പടരും മുമ്പ് എങ്ങനെയെങ്കിലും അവരെ രക്ഷിക്കണമെന്ന് മനസ് പറയുന്നുണ്ട്...

click me!