തന്റെ കൂട്ടുകാരിക്കൊപ്പം 'മുസീദ് ഓര്‍സേ' എന്ന പ്രശസ്തമായ മ്യൂസിയത്തില്‍ നടക്കുന്ന ഒരു പ്രദര്‍ശനം കാണാനെത്തിയതായിരുന്നു ജിയാന്‍ ഹ്യുവെറ്റ് എന്ന ഇരുപത്തിരണ്ടുകാരി. ഇവര്‍ ഇവിടത്തെ പതിവ് സന്ദര്‍ശകര്‍ കൂടിയാണ്. എന്നാല്‍ അന്ന് മ്യൂസിയം ജീവനക്കാരിലൊരാള്‍ ഹ്യുവെറ്റിനേയും കൂട്ടുകാരിയേയും പ്രവേശനകവാടത്തില്‍ വച്ച് തടഞ്ഞു
വസ്ത്രധാരണം വ്യക്തിയുടെ താല്‍പര്യവും തെരഞ്ഞെടുപ്പുമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പലപ്പോഴും നമ്മള്‍ സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍ കാണാറുണ്ട്. അപ്പോഴെല്ലാം, വിദേശരാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് വസ്ത്രം തെരഞ്ഞെടുക്കുന്നതിന് എത്രമാത്രം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട് എന്ന കാര്യവും പലരും ഓര്‍മ്മിപ്പിക്കാറുണ്ട്.
എന്നാല്‍ ഈ വാദങ്ങളിലൊന്നും അത്ര കഴമ്പില്ലെന്നും, പുറം രാജ്യങ്ങളിലും വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാകാറുണ്ടെന്നും തെളിയിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാരീസില്‍ നടന്ന ഒരു സോഷ്യല്‍ മീഡിയ സമരം.
undefined
കഴിഞ്ഞ ചൊവ്വാഴ്ച, തന്റെ കൂട്ടുകാരിക്കൊപ്പം 'മുസീദ് ഓര്‍സേ' എന്ന പ്രശസ്തമായ മ്യൂസിയത്തില്‍ നടക്കുന്ന ഒരു പ്രദര്‍ശനം കാണാനെത്തിയതായിരുന്നു ജിയാന്‍ ഹ്യുവെറ്റ് എന്ന ഇരുപത്തിരണ്ടുകാരി. ഇവര്‍ ഇവിടത്തെ പതിവ് സന്ദര്‍ശകര്‍ കൂടിയാണ്.
എന്നാല്‍ അന്ന് മ്യൂസിയം ജീവനക്കാരിലൊരാള്‍ ഹ്യുവെറ്റിനേയും കൂട്ടുകാരിയേയും പ്രവേശനകവാടത്തില്‍ വച്ച് തടഞ്ഞു. ഈ വേഷത്തില്‍ അകത്തുകയറാനാകില്ലെന്നാണ് അയാള്‍ ഹ്യുവെറ്റിനോട് പറഞ്ഞത്. തന്റെ വസ്ത്രമാണ് പ്രശ്‌നമായതെന്ന് മനസിലാക്കിയ ഹ്യുവെറ്റ് ഇതില്‍ പ്രകോപിതയാവുകയും മ്യൂസിയത്തിന്റെ ഉത്തരവാദിത്തപ്പെട്ടവരെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മ്യൂസിയം അധികൃതര്‍ കൂടി സ്ഥലത്തെത്തിയപ്പോഴേക്കും അവിടെ ആള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു. ഈ വസ്ത്രത്തില്‍ അകത്തുകയറാനാകില്ലെന്ന് തന്നെയായിരുന്നു മ്യൂസിയം അധികൃതകരുടേയും വാദം. വേണമെങ്കില്‍ വസ്ത്രത്തിന് മുകളില്‍ ജാക്കറ്റ് ധരിച്ച ശേഷം കയറാമെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് വാദപ്രതിവാദങ്ങള്‍ക്ക് ശേഷം മനസില്ലാമനസോടെ ജാക്കറ്റ് ധരിച്ച് ഹ്യുവെറ്റ് അകത്തുകയറി.
എന്നാല്‍ പുറത്ത് നടന്ന സംഭവത്തില്‍ അസ്വസ്ഥയായതോടെ ഹ്യുവെറ്റ് കൂട്ടുകാരിക്കൊപ്പം വീട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് ട്വിറ്ററിലൂടെ ഹ്യുവെറ്റ് തനിക്കുണ്ടായ മോശം അനുഭവം പങ്കുവയ്ക്കുകയായിരുന്നു. സ്ത്രീകളെ വെറും 'സാധനങ്ങള്‍' ആയാണ് സമൂഹം കാണുന്നതെന്നും തന്റെ പതിമൂന്നാം വയസ് മുതല്‍ പാരീസില്‍ താന്‍ ഇതേ മനോഭാവമാണ് കണ്ടുവരുന്നതെന്നും ഹ്യുവെറ്റ് ട്വിറ്ററില്‍ കുറിച്ചു.
അതിപ്രശസ്തമായ ഒരു മ്യൂസിയത്തിന്റെ ഭാരവാഹികളില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം താന്‍ പ്രതീക്ഷിച്ചില്ലെന്നും ആ സംഭവം തന്നെ അങ്ങേയറ്റം അപമാനിതയാക്കിയെന്നും ഹ്യുവെറ്റ് തന്റെ വിശദമായി കുറിപ്പില്‍ എഴുതി. ഹ്യുവെറ്റിന്റെ പ്രതിഷേധം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒടുവില്‍ മ്യൂസിയം അധികൃതര്‍ക്ക് സംഭവത്തില്‍ മാപ്പ് ചോദിക്കേണ്ടിയും വന്നു.
സ്ത്രീയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും, അതിന്മേലുണ്ടാകുന്ന പ്രതിഷേധങ്ങളുമെല്ലാം എല്ലായിടത്തും അവരവരുടെ സംസ്‌കാരത്തിന് അനുസരിച്ച് ഏറിയും കുറഞ്ഞും നടക്കുന്നുവെന്ന് തന്നെയാണ് ഇതില്‍ നിന്ന് നമുക്ക് മനസിലാകുന്നത്. എന്തായാലും ആരോഗ്യകരമായ അവസ്ഥയില്‍ പരസ്പരം അറിഞ്ഞും, ഉള്‍ക്കൊണ്ടും മുന്നോട്ടുപോകാനും, വ്യക്തിത്വങ്ങളെ അംഗീകരിക്കാനും പാകത വരുന്ന മാനസികാവസ്ഥയിലേക്ക് എല്ലാവരും എത്തുമ്പോള്‍ മാത്രമേ സാമൂഹികമായി നമ്മള്‍ പരിഷ്‌കരിക്കപ്പെട്ടു എന്നത് ഉറപ്പിക്കാനാകൂ.