ഡ്രൈവറാകാന്‍ ആഗ്രഹിച്ച് മോഹിച്ച് ഒടുവില്‍ ആ സ്വപ്നം നേടിയെടുത്ത ആളാണ് ഷീല.
തിരുവനന്തപുരം: സ്വന്തമായി വാഹനമോടിച്ച് പോകുന്ന സ്ത്രീകള്‍ ഇന്ന് ഒരു അത്ഭുതമേയല്ല. ഒരുകാലത്ത് പരുഷന്മാരുടേത് മാത്രമായിരുന്ന റോഡുകളെ ഇന്ന് സ്ത്രീകളും സ്വന്തമാക്കിയിട്ടുണ്ട്. നിരത്തിലിറങ്ങി ഒന്ന് കണ്ണോടിച്ചാല്‍ വാഹനങ്ങളുമായി ചീറിപായുന്ന നിരവധി മിടുക്കികളായ സ്ത്രീകളെ കാണാം. എന്നാല്‍ ബസിന്‍റെ വളയം പിടിച്ച് നിരത്തിലൂടെ ചീറിപ്പായുന്ന സ്ത്രീകളുടെ കാഴ്ച അത്ര സുലഭമല്ല.
തിരുവനന്തപുരത്തെ കിഴക്കേകോട്ട സിറ്റി ഡിപ്പോയില്‍ എത്തിയാല്‍ കെഎസ്ആര്‍ടിസിയുടെ ഏക വനിതാ ഡ്രൈവറായ വി പി ഷീലയെ കാണാം. പി എസ് സി നിയമനത്തിലൂടെ കേരളത്തില്‍ ആദ്യമായി നിയമിതയായ വനിതാ ഡ്രൈവറാണ് വി പി ഷീല. ആദ്യമായി ആനവണ്ടിയുടെ വളയം പിടിക്കുന്ന സ്ത്രീ എന്ന വിശേഷണം കൂടി ഗവണ്‍മെന്‍റ് ജോലി സ്വന്തമാക്കിയപ്പോള്‍ വി പി ഷീലയുടെ കൂടെ ചേര്‍ന്നു.
undefined
ഡ്രൈവറാകാന്‍ ആഗ്രഹിച്ച് മോഹിച്ച് ഒടുവില്‍ ആ സ്വപ്നം നേടിയെടുത്ത ആളാണ് ഷീല. എങ്കിലും ഏറ്റവും പ്രണയം കാക്കിയോടാണ്. 2013 ല്‍ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലൂടെയാണ് ഷീല ജോലിയില്‍ പ്രവേശിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ എത്തുന്നതിന് മുമ്പ് ഹെവി വാഹന പരിശീലകയായിരുന്നു ഷീല. പറവൂര്‍, പെരുമ്പാവൂര്‍, ചേര്‍ത്തല, തൃശൂര്‍, അങ്കമാലി, ഊരാറ്റുപേട്ട ഡിപ്പോകളിലും ഷീല ജോലി ചെയ്തിട്ടുണ്ട്.
ഇത്രയും കാലത്തെ ഡ്രൈവര്‍ ജീവിതത്തിനിടയില്‍ കൂടുതലും നല്ല അനുഭവങ്ങളാണ് ഉണ്ടായതെന്ന് ഷീല പറയുന്നു. ആദ്യകാലത്ത് ഡ്രൈവര്‍ സീറ്റില്‍ ഒരു സ്ത്രീയെ കണ്ടപ്പോള്‍ ചിലര്‍ക്കുണ്ടായിരുന്ന അമ്പരപ്പും കൗതുകവുമെല്ലാം ഒരു ചിരിയോടെ ഈ പെരുമ്പാവൂരുകാരി പറയും. വനിതാ ഡ്രൈവറെ കണ്ട് പേടിച്ച് വണ്ടിയില്‍ കയറാത്തവരും മിണ്ടാന്‍ വരുന്നവരും സെല്‍ഫിയെടുക്കാന്‍ വരുന്ന വിദേശികളെക്കുറിച്ചുമെല്ലാം പറയുമ്പോള്‍ ഷീലയ്ക്ക് സന്തോഷമാണ്.കിഴക്കേകോട്ട സിറ്റി ഡിപ്പോയില്‍ എത്തിയപ്പോളും ഡ്രൈവര്‍മാരുടെ കൂട്ടത്തിലെ ഏക പെണ്‍തരിയായിരുന്നു ഷീല. എന്നാല്‍ എല്ലാവരും സ്നേഹത്തോടെ തന്നെ സ്വീകരിച്ചു.