ഈ മാതൃദിനം അമ്മമാരായ നഴ്സുമാര്‍ക്ക് വേണ്ടിയാകട്ടെ !

By Web Team  |  First Published May 10, 2020, 9:24 AM IST

സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ, അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. 


ഇന്ന് ലോക മാതൃദിനം. മാതൃത്വത്തിന് എന്തിനാണ് ഒരു ദിനം എന്ന് ചോദിച്ചേക്കാം. എന്നാല്‍ വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ ആര് നോക്കുമെന്ന് തര്‍ക്കിച്ച് ഒടുവില്‍ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള ഇന്നത്തെ കാലത്ത് മാതൃദിനത്തിന് പ്രസക്തിയുണ്ട്. ലോകത്തെങ്ങുമുള്ള, സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ, അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. 

അമേരിക്കയിലാണ് മാതൃദിനത്തിന്റെ തുടക്കം. പുരാതന ഗ്രീസ് ജനതയാണ് ഈ ആഘോഷം തുടങ്ങിവെച്ചതെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് കൈമാറിയതാണെന്നും പറയപ്പെടുന്നു. അമ്മമാര്‍ കുടുംബത്തിനായി നൽകുന്ന ത്യാഗങ്ങളെ ഓർമ്മിക്കുക കൂടിയാണ് ഈ ദിനം. 

Latest Videos

undefined

ദുരിതകാലത്താണ് ഇത്തവണത്തെ മാതൃദിനം. കൊവിഡ് 19 പ്രതിരോധത്തില്‍ ലോകമെങ്ങും ഒറ്റകെട്ടായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം വില മതിക്കാത്തതാണ്. അവരിലും ഒരുപാട് അമ്മമാരുണ്ട്. പ്രത്യേകിച്ച് നഴ്സുമാര്‍, സ്വന്തം മക്കളെ വരെ കാണാതെ ത്യാഗപൂര്‍വം പ്രവര്‍ത്തിക്കുകയാണ് അവര്‍. ഈ മാതൃദിനം അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാം.

കൊവിഡ് രോഗികളെ ശുശ്രൂഷിക്കാനായി സ്വന്തം കുടുംബത്തെയും കുട്ടികളെയും വിട്ട് നില്‍ക്കുന്ന അനുഭവത്തെ കുറിച്ച് നിരവധി നഴ്സുമാര്‍ തുറന്നുപറയുന്നുണ്ട്.  കുഞ്ഞിനു പാലൂട്ടാൻ കഴിയാതെ വിഷമിക്കുന്ന സഹപ്രവർത്തകയെ കുറിച്ച് ഒരു നഴ്സ് എഴുതിയ കുറിപ്പ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജില്‍ വന്നിരുന്നു. കൊവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ പോകേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ തന്‍റെ  രണ്ടു മക്കളെയും സഹോദരിയുടെ അടുത്തേക്ക് അയച്ചുവെന്നും  അറിഞ്ഞുകൊണ്ട് തനിക്ക് അവരെ അപകടത്തിലാക്കാൻ തോന്നിയില്ല എന്നും കുറിപ്പില്‍ ആ നഴ്സ് പറയുന്നു. 

'ഭർത്താവിനോടു യാത്ര പറഞ്ഞ് ആശുപത്രിയിലേക്ക് ഇറങ്ങുമ്പോൾ ഞാനറിഞ്ഞില്ല, ദിവസങ്ങൾ കഴിഞ്ഞുമാത്രമേ ഇനി അദ്ദേഹത്തെ കാണൂവെന്ന്.  തന്റെ കുഞ്ഞിനെ പാലൂട്ടാൻ കഴിയാത്തത് പറഞ്ഞ്  ഒരു നഴ്സ് കഴിഞ്ഞ ദിവസം കരയുകയായിരുന്നു. കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഞങ്ങൾക്ക് കർമനിരതരായേ പറ്റൂ. എങ്കിലും ഞാൻ എന്റെ കുഞ്ഞുങ്ങളെ മുറുകെ കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു'- അവര്‍ പറഞ്ഞു. 

വീടുവിട്ടുനില്‍ക്കുന്ന നഴ്സുമാര്‍ക്ക് എത്രയും പെട്ടെന്ന് അവരുടെ കുട്ടികളുടെ അടുത്തേയ്ക്ക് എത്താന്‍ കഴിയട്ടെ എന്ന് ഈ മാതൃദിനത്തില്‍ നമ്മുക്ക് പ്രത്യാശിക്കാം.

Also Read: 'ഭക്ഷണം വലിച്ചെറിഞ്ഞിട്ട് അലറിയ രോഗി, കുഞ്ഞിനു പാലൂട്ടാൻ കഴിയാതെ സഹപ്രവര്‍ത്തക'; നഴ്സിന്‍റെ കുറിപ്പ്...

 

click me!