പത്താം വയസിലുണ്ടായ അപകടത്തിൽ നിന്ന് സൈക്കിളിനെ കൂട്ടു പിടിച്ച് അമൃത.
പ്രതിസന്ധികളോട് പോരാടി, ജീവിതവിജയം നേടി സമൂഹത്തിന് പ്രചോദനമാവുകയാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ അമൃത. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അമൃതയ്ക്കൊരു അപകടം ഉണ്ടാകുന്നത്.
പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടിലിനടിയില്‍ പോയ പുസ്തകം എടുക്കാന്‍ മണ്ണെണ്ണ വിളക്കുമായി കയറിയ അമൃതയുടെ വസ്ത്രത്തിലേക്ക് വിളക്ക് കമഴ്ന്ന് തീപിടിക്കുകയായിരുന്നു. മുപ്പത്തഞ്ച് ശതമാനം പൊള്ളലേറ്റ അമൃത പിന്നൊരു നീണ്ട കാലം ആശുപത്രിയിലായിരുന്നു.
undefined
ചെറുപ്പത്തിലുണ്ടായ ആ അപകടത്തെ കുറിച്ചും അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും അമൃത ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. അന്ന് ബസിലൊക്കെ യാത്ര ചെയ്യാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു എന്ന് അമൃത പറയുന്നു. കണ്ണിന്‍റെ ഒരു ഭാഗം ഒഴികെ മുഖം മറച്ചുകൊണ്ടായിരുന്നു അന്നത്തെ ജീവിതം.
എന്നാല്‍ തോറ്റുകൊടുക്കാന്‍ അമൃത തയ്യാറായിരുന്നില്ല. സൈക്കിളിനെ കൂട്ടു പിടിച്ച് ജീവിത്തിലേക്ക് അമൃത ചവിട്ടി കയറുകയായിരുന്നു. സൈക്കിളിങ് ഏറേ ഇഷ്ടമുള്ള അമൃത ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി മെഡലുകള്‍ വാരിക്കൂട്ടി. അമൃതയുടെ ഏറ്റവും വലിയ ആഗ്രഹം ഒളിംപിക്സില്‍ പങ്കെടുത്ത് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ഡ് മെഡല്‍ നേടണം എന്നതാണ്.
ഇതുപോലെ മറ്റൊരു ആഗ്രഹം കൂടിയുണ്ട് അമൃതയ്ക്ക്. കമ്മല്‍ ധരിക്കണം. പക്ഷേ പത്താം വയസ്സിലുണ്ടായ അപകടത്തില്‍ അമൃതയ്ക്ക് കാതുകള്‍ നഷ്ടപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് പണം ഇല്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ് എന്നും അമൃത പറയുന്നു.