പ്രസവം കഴിഞ്ഞയുടന്‍ വണ്ണം കുറയ്ക്കാന്‍ 'ഡയറ്റിംഗ്'?

By Web Team  |  First Published Feb 2, 2020, 9:47 PM IST

പ്രസവാനന്തരം വണ്ണം കൂടുമോ എന്ന ഭയം മിക്ക സ്ത്രീകളിലുമുണ്ടാകാറുണ്ട്. ഈ ഭയം മൂലം, പ്രസവം കഴിഞ്ഞയുടന്‍ തന്നെ കൃത്യമായ ഡയറ്റിലേക്കും വര്‍ക്കൗട്ടിലേക്കുമെല്ലാം തിരിയുന്നവരും ധാരളം. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പ്രസവത്തിന് ശേഷം ഉടന്‍ തന്നെ ഇത്തരത്തില്‍ ഡയറ്റിലേക്കും വര്‍ക്കൗട്ടിലേക്കുമെല്ലാം കടക്കുന്നത് നല്ലതാണോ?
 


മുന്‍കാലങ്ങളെ അപേക്ഷിച്ച് ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന സമയമാണിത്. അതുകൊണ്ട് തന്നെ പ്രസവാനന്തരം വണ്ണം കൂടുമോ എന്ന ഭയം മിക്ക സ്ത്രീകളിലുമുണ്ടാകാറുണ്ട്. ഈ ഭയം മൂലം, പ്രസവം കഴിഞ്ഞയുടന്‍ തന്നെ കൃത്യമായ ഡയറ്റിലേക്കും വര്‍ക്കൗട്ടിലേക്കുമെല്ലാം തിരിയുന്നവരും ധാരളം. 

എന്നാല്‍, യഥാര്‍ത്ഥത്തില്‍ പ്രസവത്തിന് ശേഷം ഉടന്‍ തന്നെ ഇത്തരത്തില്‍ ഡയറ്റിലേക്കും വര്‍ക്കൗട്ടിലേക്കുമെല്ലാം കടക്കുന്നത് നല്ലതാണോ? അതെക്കുറിച്ച് വ്യക്തമായ ധാരണകളും അറിവുകളും നേടേണ്ടതില്ലേ? 

Latest Videos

undefined

എന്തായാലും പ്രസവാനന്തരം ഒരു ഡയറ്റിംഗിന് തയ്യാറെടുക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. പ്രസവം എന്നത് ശരീരത്തെ സംബന്ധിച്ച് വലിയൊരു ഘട്ടമാണ്. ഇതിന് അറിഞ്ഞോ അറിയാതെയോ വലിയ ശ്രമങ്ങള്‍ ശരീരം നടത്തുന്നുണ്ട്. അതെല്ലാം പരിഹരിച്ചെടുക്കണമെങ്കില്‍ 'ബാലന്‍സ്ഡ് ഡയറ്റ്' അത്യാവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

മാത്രമല്ല, കുഞ്ഞിനെ മുലയൂട്ടുന്ന ഘട്ടം കൂടിയാണിത്. ഈ സമയങ്ങളില്‍ ഭക്ഷണത്തില്‍ നിയന്ത്രണം വയ്ക്കുന്നത്, അല്ലെങ്കില്‍ ചില ഭക്ഷണങ്ങളിലെങ്കിലും നിയന്ത്രണം വയ്ക്കുന്നത് അത്ര നല്ലതല്ല. ആവശ്യത്തിന് പോഷകങ്ങളടങ്ങിയ ഭക്ഷണം, വിശ്രമം, മാനസികമായ സന്തോഷം എന്നിവയെല്ലാം പ്രസവാനന്തരം ഒരു സ്ത്രീക്ക് നിര്‍ബന്ധമായും ലഭിച്ചിരിക്കേണ്ട കാര്യങ്ങളാണ്. 

ഇതോടൊപ്പം തന്നെ ചെറിയ വ്യായാമങ്ങളിലേര്‍പ്പെടാവുന്നതാണ്. എന്നാല്‍ സിസേറിയന്‍ കഴിഞ്ഞവരാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ തങ്ങളുടെ ഡോക്ടറുടെ നിര്‍ദേശം തേടിയേ പറ്റൂ. 

ഡയറ്റിന്റെ കാര്യത്തിലാണെങ്കില്‍ പ്രസവം കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍, പാല്‍- പാലുത്പന്നങ്ങള്‍, പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം, അയേണ്‍- ഫോളിക് ആസിഡ് എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണം- എന്നിങ്ങനെ ഡയറ്റിനെ നിയന്ത്രിക്കുന്നതിന് പകരം സശ്രദ്ധം ക്രമീകരിക്കാം. അതുപോലെ കഴിക്കരുതാത്ത ചലതുമുണ്ട്. ജങ്ക് ഫുഡ്, കഫേന്‍ അമിതമായി അടങ്ങിയവ എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. 

പ്രസവശേഷം ശരീരം അല്‍പം തടിച്ചിരുന്നാലും അതില്‍ അപകര്‍ഷത തോന്നേണ്ടതില്ല. ശരീരം ആരോഗ്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും പഴയപടി എത്തിക്കഴിഞ്ഞാല്‍ പതിയെ ഡയറ്റിംഗോ കടുത്ത വര്‍ക്കൗട്ടുകളോ ഒക്കെ ചെയ്യാവുന്നതാണ്. ഇതിലൂടെ തീര്‍ച്ചയായും വണ്ണം കുറയ്ക്കാനുമാകും. അതുകൊണ്ട് ഭയവും ആശങ്കയുമൊന്നുമില്ലാതെ പ്രസവശേഷമുള്ള മാസങ്ങള്‍ സന്തോഷമായി കഴിയുക.

click me!