Workout : കുഞ്ഞ് ഉണ്ടായത് കൊണ്ട് വര്‍ക്കൗട്ട് മുടക്കേണ്ട; മാതൃകയാക്കാം ഈ നടിയെ...

By Web Team  |  First Published Dec 6, 2021, 7:47 PM IST

കുട്ടികളെ ചെറുപ്പം മുതല്‍ തന്നെ അമ്മയുടെയോ അച്ഛന്റെയോ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുവിച്ച് വളര്‍ത്തുന്നതിന്റെയും അവരെയും എല്ലാ കാര്യങ്ങളിലും ഒരുമിച്ച് കൂട്ടുന്നതിന്റെയും പ്രയോജനങ്ങള്‍ ഇതിലൂടെ നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. പലപ്പോഴും കുട്ടികളെ ഒന്നും മനസിലാകാത്തവരായി കണക്കാക്കുകയും, അത്തരത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോഴാണ് അവരും വാശി പിടിക്കുകയും കരയുകയും ചെയ്യുന്നത്


ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ശ്രദ്ധിക്കുന്നൊരു ( Fitness Goal ) സമയമാണിത്. വലിയൊരു പരിധി വരെ കൊവിഡ് മഹാമാരിയും ( Covid 19 ) ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പറയാം. എന്നാല്‍ സ്ത്രീകളുടെ കാര്യം വരുമ്പോള്‍ വിവാഹിതരും അമ്മമാരുമായവര്‍ ഈ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍ വര്‍ക്കൗട്ടിന് ( Women Workout ) സമയവും സൗകര്യവും കണ്ടെത്താനാകാതെ ബുദ്ധിമുട്ടാറുണ്ട്. 

ഇത്തരക്കാര്‍ക്ക് പ്രചോദനമാകുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നമുക്കറിയാം ഇന്ന് ഒട്ടുമിക്ക സിനിമാതാരങ്ങളും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സന്ധി ചെയ്യാത്തവരാണ്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും ഫിറ്റ്‌നസിന് വേണ്ടി പരിശ്രമിക്കുന്നവരാണ് ബോളിവുഡില്‍ അധികപേരും. 

Latest Videos

undefined

ഇത്തരത്തിലൊരു താരം തന്നെയാണ് നടി സോഹ അലി ഖാനും. പഴയകാല നടി ഷര്‍മ്മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മണ്‍സൂര്‍ അലി ഖആന്‍ പട്ടൗഡിയുടെയും മകളായ സോഹ 2005 മുതല്‍ ബോളിവുഡില്‍ സജീവമാണ്. 'റങ്ക് ദെ ബസന്തി'യാണ് സോഹയുടെ ശ്രദ്ധേയമായൊരു ചിത്രം. നടന്‍ സെയ്ഫ് അലി ഖാന്റെ ഇളയ സഹോദരി എന്ന നിലയിലും ബോളിവുഡില്‍ സ്ഥാനം ലഭിച്ചയാളാണ് സോഹ. 

2015ല്‍ നടന്‍ കുനാല്‍ കെമ്മുവിനെയാണ് സോഹ വിവാഹം ചെയ്തത്. വൈകാതെ തന്നെ സോഹ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായി. ഇപ്പോള്‍ മകള്‍ ഇനായയ്ക്ക് നാല് വയസാണ്. മകള്‍ ജനിച്ച ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സോഹ. തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ സോഹ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം കാണാറുള്ളത് സോഹയുടെ വര്‍ക്കൗട്ട് വിശേഷങ്ങളാണ് എന്നതാണ് കൗതുകം. നാല്‍പത്തിമൂന്നുകാരിയായ സോഹ, സിനിമയില്‍ സജീവമല്ലെങ്കില്‍ കൂടി വര്‍ക്കൗട്ടിന് നല്‍കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണ്. 

ഇപ്പോഴിതാ നാലുവയസുകാരിയായ മകളെയും കൊണ്ട് വര്‍ക്കൗട്ട് സെഷന്‍ പൂര്‍ത്തിയാക്കുന്ന വീഡിയോ ആണ് സോഹ പങ്കുവച്ചിരിക്കുന്നത്. പുഷ് അപ്‌സ് ചെയ്യുമ്പോള്‍ ക്ലാപ് ചെയ്യാന്‍ മകളെയാണ് സോഹ അടുത്തിരുത്തിയിരിക്കുന്നത്. അതുപോലെ സ്‌ക്വാട്ട് ചെയ്യുമ്പോള്‍ മകളെ തോളില്‍ ഇരുത്തിയാണ് ചെയ്യുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soha (@sakpataudi)

വര്‍ക്കൗട്ടിന് പോകുമ്പോള്‍ കുഞ്ഞുങ്ങളെ എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാകുന്ന അമ്മമാര്‍ക്ക് ഒരുമാതൃകയാക്കാവുന്നതാണ് സോഹയുടെ വീഡിയോ. വര്‍ക്കൗട്ടിന്റെ പ്രാധാന്യം മാത്രമല്ല, പാരന്റിംഗ് അഥവാ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് എത്തരത്തില്‍ ശിക്ഷണം നല്‍കണമെന്നതിന്റെ മാതൃകയും സോഹ നല്‍കുന്നു. 

കുട്ടികളെ ചെറുപ്പം മുതല്‍ തന്നെ അമ്മയുടെയോ അച്ഛന്റെയോ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുവിച്ച് വളര്‍ത്തുന്നതിന്റെയും അവരെയും എല്ലാ കാര്യങ്ങളിലും ഒരുമിച്ച് കൂട്ടുന്നതിന്റെയും പ്രയോജനങ്ങള്‍ ഇതിലൂടെ നമുക്ക് മനസിലാക്കാവുന്നതേയുള്ളൂ. പലപ്പോഴും കുട്ടികളെ ഒന്നും മനസിലാകാത്തവരായി കണക്കാക്കുകയും, അത്തരത്തില്‍ കൈകാര്യം ചെയ്യുകയും ചെയ്യുമ്പോഴാണ് അവരും വാശി പിടിക്കുകയും കരയുകയും ചെയ്യുന്നത്. 

അതേസമയം അവരെ നമുക്കൊപ്പം ചേര്‍ത്തുനിര്‍ത്തി, നമ്മുടെ ജീവിത സാഹചര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയാണെങ്കില്‍ അവരും നമ്മെ അത്ഭുതപ്പെടുത്തും വിധം നമുക്കൊപ്പം പിന്തുണയായി നില്‍ക്കാം. ഏതായാലും സോഹയുടെ വീഡിയോക്ക് താഴെ നിരവധി പേരാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ കമന്റ് ചെയ്യുന്നത്. സോഹയുടെ പങ്കാളിയായ കുനാലും വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.

Also Read:- പ്രസവത്തിന് ശേഷവും പഴയപടി 'ഫിറ്റ്' ആകാം; കരീനയുടെ വീഡിയോ നോക്കൂ...

click me!