World Snake Day 2024 : രണ്ട് വയസുകാരിയെ രക്ഷിച്ച ആ ദിവസം മറക്കാനാവില്ല ; ഉഷ തിരൂരിന്റെ വിജയകഥ

By Resmi S  |  First Published Jul 16, 2024, 3:46 PM IST

മലപ്പുറം തിരൂർ ഉള്ളവരുടെ ശ്രദ്ധയ്ക്ക്, വീട്ടിൽ പാമ്പ് വന്ന് ഒളിച്ചിരിക്കുകയാണെങ്കിൽ ഒന്നും ആലോചിക്കേണ്ട.  9995354656 എന്ന നമ്പറിലേക്ക് ഉഷയെ ഒറ്റ ഫോൺ കോൾ ചെയ്താൽ മാത്രം മതി. 


ഇന്ന് ജൂലെെ 16. ലോക പാമ്പ് ദിനം. ഈ ലോക പാമ്പ് ദിനത്തിൽ പാമ്പ് പിടുത്തം ഏറെ ഇഷ്ടപ്പെടുന്ന ഒരാളെ പരിചയപ്പെട്ടാലോ?. മലപ്പുറം തീരൂർ സ്വദേശി ഉഷ തിരൂരാണ് ആ വ്യക്തി. വീട്ടിൽ പാമ്പ് കയറിയാൽ പിന്നെ ഒന്നും ആലോചിക്കേണ്ട. ഉഷ ചേച്ചിയെ ഒന്ന് വിളിച്ചാൽ മാത്രം മതി. പാമ്പിനെ പിടിക്കാൻ ഉഷ ചേച്ചി വീട്ടിലേക്ക് ഓടി എത്തും. 

പാമ്പ് പിടുത്തത്തോട് ഇത്രയും ഇഷ്ടം തോന്നാനുള്ള കാരണമെന്താണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിൽ നൽകിയ അഭിമുഖത്തിൽ ഉഷ തിരൂർ പറയുന്നു.   

Latest Videos

undefined

'കുട്ടിക്കാലം മുതൽക്കേ ഇഴജന്തുകളെ പേടിയില്ല'

പാടം, തോട് തുടങ്ങിയവയെല്ലാമുള്ള ​ഗ്രാമത്തിലാണ് ജനിച്ച് വളർന്നത്. കുട്ടിക്കാലത്ത് ഇഴജന്തുകളെ പിടിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. തോട്ടിലും പാടത്തും എപ്പോഴും കളിയായിരുന്നു. പാടത്തിന് അടുത്തായിരുന്നു എന്റെ വീട്. ഇഷ്ടത്തോടെ കൂടിയാണ് ഇഴജന്തുക്കളെ പിടിക്കാറുള്ളത്. കുട്ടിക്കാലത്ത് ഒരു ഓണ സമയത്ത് വീടിന് അടുത്ത് ഒരു പാമ്പിനെ കണ്ടു. അത് വെള്ളിക്കെട്ടൻ പാമ്പായിരുന്നു. അതിനെ കണ്ടപ്പാടെ അച്ഛൻ കൊല്ലുകയായിരുന്നു. അത് ശരിക്കും എന്നെ ഏറെ സങ്കടത്തിലാക്കി. അന്ന് മുതലാണ് പാമ്പിനെ രക്ഷിക്കണമെന്ന ചിന്ത മനസിൽ വന്നത്. പേടിയില്ലായ്മയും സ്നേഹവും തന്നെയാണ് ഈ ജോലിയിലേക്ക് വരാനുള്ള കാരണമായതെന്ന് ഉഷ തീരൂർ പറയുന്നു.

രണ്ട് വയസുകാരിയെ രക്ഷിച്ച ആ ദിവസം മറക്കാനാവില്ല

' ഒരു ദിവസം ആറും ഏഴും ഫോൺ കോളുകൾ വരാറുണ്ട്. പറ്റുന്ന കോളുകളെല്ലാം എടുക്കാറുണ്ടെന്നും എത്താൻ പറ്റുന്നയിടത്ത് പോകാറുണ്ട്. മലപ്പുറം തിരൂർ എവിടെയാണെങ്കിലും എത്തിപ്പെടാറുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വീടിന് സെെഡിൽ കൂടി നടന്ന് പോവുമ്പോൾ  ഒരു വീട്ടിൽ നിന്ന് കരച്ചിൽ കേട്ടു. ആ വീട്ടിലേക്ക് പോയി നോക്കിയപ്പോൾ രണ്ട് വയസുകാരിയുടെ നേരെ ഒരു മൂർഖൻ പത്തി വിടർത്തി നിൽക്കുന്ന കാഴ്ചയാണ് കാണാനായത്. ഒരു വടി ഉപയോ​ഗിച്ച് പാമ്പിനെ അവിടെന്ന് നിന്നും ഓടിച്ചു. ശേഷം കുഞ്ഞിനെ രക്ഷപ്പെടുത്തുകയാണ് ചെയ്തതു...-  ഉഷ പറഞ്ഞു. 

'ഏറ്റവും കൂടുതൽ പിടിച്ചിട്ടുള്ളത് മൂർഖനെ'

'ഇതുവരെ 1000ന് മുകളിൽ പാമ്പുകളെ പിടിച്ചിട്ടുണ്ട്. രാജവെമ്പാല പാമ്പിനെ പിടിക്കാൻ പറ്റിയിട്ടില്ല. മൂർഖൻ പാമ്പിനെയാണ് കൂടുതലായി പിടിച്ചിട്ടുള്ളത്. കയ്യിൽ നിന്ന് രക്ഷപ്പെട്ടത് വളരെ കുറച്ച് പാമ്പുകൾ മാത്രം. രാത്രി സമയങ്ങളിൽ പോകുമ്പോൾ പാമ്പിനെ പിടിക്കുന്നത് ഏറെ പ്രയാസമാണ്. അത് കൊണ്ട് തന്നെ ചിലത് അപ്രതീക്ഷിതമായി തെന്നിമാറി പോകാം. അടുത്തിടെയാണ് രാത്രി സമയം ഒരു വീട്ടിൽ പാമ്പിനെ പിടിക്കാൻ പോയത്. കട്ടിലിൽ പത്തിവിടർത്തി നിൽക്കുന്ന പാമ്പിനെയാണ് വീട്ടുക്കാർ കണ്ടത്. പക്ഷേ, വീട്ടുക്കാരുടെ ശ്രദ്ധക്കുറവ് കൊണ്ട് ആ പാമ്പ് അവിടെ നിന്ന് രക്ഷപ്പെട്ടു. രണ്ട് തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. ചേര, ചുവർപ്പാമ്പ് തുടങ്ങിയതിനെ പിടിക്കാൻ പാടാണ്...' -  ഉഷ പറയുന്നു

 

സുരേഷേട്ടനെ കാണാൻ ഭാ​ഗ്യം കിട്ടി

പാമ്പ് വേലായുധൻ ചാരിറ്റി അടുത്തിടെ നടത്തിയ പരിപാടിയിൽ ഒരു അവാർഡ് ലഭിച്ചിരുന്നു. അവിടെ വച്ചാണ് വാവ സുരേഷേട്ടനെ കാണുന്നത്.  സുരേഷേട്ടന്റെ ഓരോ വാക്കുകളും വിലപ്പെട്ടതാണ്. നല്ലൊരു മോട്ടിവേഷനാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചതെന്നും ഉഷ പറയുന്നു. 

ഡ്രെെവിം​ഗും പ്രിയപ്പെട്ട മേഖലയാണ്

ആദ്യമൊക്കെ ഈ ജോലിക്ക് എന്തിനാണ് പോകുന്നതെന്ന് പലരും ചോദിച്ചിരുന്നു. പക്ഷേ അവർ പറയുന്നത് ഞാൻ കേൾക്കാറില്ല. എന്നാൽ ഇപ്പോൾ അധികം പേരും ഏറെ പോസിറ്റീവായാണ് ഈ ജോലിയെ കാണുന്നത്. ചിലർ വന്ന് അഭിനന്ദിക്കാറുണ്ട്. TDRF (Taluk Disaster Response Force) താലൂക്ക് ദുരന്ത നിവാരണ സേനയുടെ അം​ഗം കൂടിയാണ് ഇപ്പോൾ.   വനംവകുപ്പ് വഴിയാണ് സ്നേക് റെസ്ക്യൂ ലെെസൻസ് ലഭിച്ചത്. 2021 ലാണ് ലെെസൻസ് ലഭിച്ചത്. 

'പാമ്പ് പിടുത്തം മാത്രമല്ല ഡ്രെെവിം​ഗും ഏറെ താൽപര്യമുള്ള മേഖലയാണ്. ഇപ്പോൾ കുറെ ആളുകളെ വീട്ടിൽ പോയി ‍ഡ്രെെവിം​ഗ് പഠിപ്പിച്ച് വരുന്നു...' -  ഉഷ പറയുന്നു.  

'യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് മൂന്ന് വർഷമായി'

ഉഷ തീരൂർ എന്ന പേരിലുള്ള യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇപ്പോൾ മൂന്ന് വർഷമായി. 88000 മുകളിൽ ‌സബ്‌സ്‌ക്രബേഴ്‌സ് ആയി കഴിഞ്ഞു. വീടുകളിൽ പോയി പാമ്പുകളെ പിടിക്കുന്ന വീഡിയോ ഈ ചാനലിൽ കാണാവുന്നതാണ്.

 

 

'അണലി ഏറെ അപകടകാരിയാണ്'

പാമ്പിന്റെ പത്തിയോട് സാമ്യമുള്ള ഹൂക്കാണ് പാമ്പിനെ പിടിക്കാൻ ഉപയോ​ഗിക്കുന്നത്. പാമ്പുകളിൽ അണലിയാണ് ഏറെ അപകടകാരി. 80 ശതമാനം മരണം സംഭവിക്കുന്നത് അണലി കടിച്ചാലാണെന്നും  ഉഷ പറയുന്നു.

വീട്ടിൽ മാലിന്യങ്ങൾ കുന്ന് കൂട്ടിയിടരുത്

' മഴക്കാലത്താണ് പാമ്പ് ശല്യം കൂടുതലെന്ന് പറയാം. വീട്ടിൽ മാലിന്യങ്ങൾ കുന്ന് കൂട്ടിയിടുന്നത് പാമ്പ് വരാനുള്ള സാധ്യത കൂട്ടുന്നു. അത് കൊണ്ട് പാമ്പ് വരാതിരിക്കാൻ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് പ്രധാനം. പാമ്പുകൾ വളരെ പാവങ്ങളാണ്. നമ്മൾ ഉപദ്രവിച്ചാൽ മാത്രം അത് തിരിച്ചും ഉപദ്രവിക്കൂ. വാലിൽ ചവിട്ടുകയോ അതിന് വേദനിക്കുകയോ ചെയ്താൽ മാത്രമേ ഉപദ്രവിക്കൂ...'-  ഉഷ പറയുന്നു.

 

പലരും അഭിനന്ദനവുമായി വിളിക്കാറുണ്ട്

'ആളുകൾ ഇപ്പോൾ അറിഞ്ഞ് തുടങ്ങിയിരിക്കുന്നു എന്നതിൽ വളരെ സന്തോഷം. അടുത്തിടെ കാസർ​ഗോഡിൽ നിന്ന് ഒരമ്മ സമ്മാനങ്ങളുമായി എന്നെ കാണാൻ വന്നിരുന്നു. അതൊക്കെ വളരെ സന്തോഷം നൽകിയ കാര്യങ്ങളാണ്.
സ്ത്രീകൾ എപ്പോൾ അവരുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകളെ പുറത്തെടുക്കുക. നല്ലൊരു ജോലി നേടി സമൂഹത്തിൽ സാമർത്ഥ്യത്തോടെ നിൽക്കുക എന്നുള്ളത് ഏറെ പ്രധാനമാണ്. 

പാമ്പിനെ കണ്ടാൽ വിളിക്കാൻ മറക്കുത് 

മലപ്പുറം തിരൂർ ഉള്ളവരുടെ ശ്രദ്ധയ്ക്ക്, വീട്ടിൽ പാമ്പ് വന്ന് ഒളിച്ചിരിക്കുകയാണെങ്കിൽ ഒന്നും ആലോചിക്കേണ്ട.  9995354656 എന്ന നമ്പറിലേക്ക് ഉഷ തീരൂരിനെ ഒറ്റ ഫോൺ കോൾ ചെയ്താൽ മാത്രം മതി. 

 

click me!