'നിങ്ങൾക്കു വരുന്ന ശാരീരിക മാറ്റങ്ങളെ നല്ല മനസ്സോടെ സ്വീകരിക്കുക. മനസ്സാണ് പ്രധാനം, ബാഹ്യസൗന്ദര്യമല്ല. മനസ്സിന് പ്രായം കൂടാതെ നോക്കുക'- ജ്യോത്സ്‌ന പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ വളരെ അധികം സജീവമാണ് മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്‌ന. വണ്ണത്തിന്‍റെ പേരില്‍ ഏറെക്കാലം താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ച് അടുത്തിടെ ജ്യോത്സ്‌ന പങ്കുവച്ച കുറിപ്പ് ഏറേ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ വരുന്ന മോശം കമന്റുകളോട് പ്രതികരിക്കുകയാണ് താരം. പ്രായം തോന്നുന്നതിനെക്കുറിച്ചുള്ള മോശം ചിന്തകള്‍ മാറ്റി നിർത്തണമെന്നും ബാഹ്യ പ്രകൃതമല്ല ഒരു വ്യക്തിയുടെ സ്വഭാവം നിർണയിക്കുന്നതെന്നും ജ്യോത്സ്‌ന കുറിച്ചു. 'നിങ്ങൾക്കു വരുന്ന ശാരീരിക മാറ്റങ്ങളെ നല്ല മനസ്സോടെ സ്വീകരിക്കുക. മനസ്സാണ് പ്രധാനം, ബാഹ്യസൗന്ദര്യമല്ല. മനസ്സിന് പ്രായം കൂടാതെ നോക്കുക'- ജ്യോത്സ്‌ന പറയുന്നു. അടുത്തിടെ തന്റെ പോസ്റ്റിനു താഴെ വന്ന കമന്റിനെ ചൂണ്ടിക്കാണിച്ചാണ് ജ്യോത്സ്നയുടെ കുറിപ്പ്.
undefined
പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം...
ഞാൻ പങ്കുവയ്ക്കുന്ന പോസ്റ്റുകളുടെ താഴെ വരുന്ന കമന്റുകൾ ഞാൻ വായിക്കാറുണ്ട്. അടുത്തിടെ പതിനാല് വയസുള്ള ഒരു ആൺകുട്ടിയുടെ കമന്റ് എന്റെ ശ്രദ്ധയിൽപ്പെട്ടു. മേക്കപ് ഇല്ലാതെയിരിക്കുമ്പോൾ എനിക്ക് നല്ല പ്രായം തോന്നുന്നുണ്ടെന്നും ഞാൻ എന്റെ മുപ്പതുകളിൽ ആണെന്നാണു തോന്നുന്നതെന്നും ആണ് ആ കുട്ടി എഴുതിയിരിക്കുന്നത്. (നിന്റെ ധാരണ തെറ്റാണ് കുട്ടി.. എനിക്ക് മുപ്പത്തിയഞ്ച് ആകുന്നു, ഞാനതിൽ അഭിമാനിക്കുകയും ചെയ്യുന്നു).
ഇത് എന്റെ മാത്രം അനുഭവമാണെന്നു തോന്നുന്നില്ല. ഈ പോസ്റ്റ് വായിക്കുന്ന ഓരോ സ്ത്രീയും എന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടാകും. ഒരു കുഞ്ഞുണ്ടാവുകയോ മുടി നരച്ചു തുടങ്ങുകയോ ചെയ്‌താൽ സ്ത്രീകളുടെ സ്വീകാര്യത നഷ്ടപ്പെട്ടു എന്നു പറയുന്നവരാണ് ഭൂരിഭാഗവും. കാലങ്ങളായുള്ള ഈ സ്ത്രീ വിരുദ്ധതയ്ക്കു നന്ദി.
എന്റെ പ്രിയപ്പെട്ട ആൺകുട്ടികളും പെൺകുട്ടികളും അറിയേണ്ട ഒരു കാര്യമുണ്ട്. വാർദ്ധക്യം ഒരു സ്വാഭാവിക പ്രക്രിയയാണ്. നമ്മള്‍ എല്ലാവരും ഈ അവസ്ഥയിലൂടെ കടന്നുപോകും. പ്രായം കൂടുന്നതനുസരിച്ച് വിവേകവും അനുഭവവും വർധിക്കുകയാണു വേണ്ടത്. നിങ്ങൾക്കു വരുന്ന ശാരീരിക മാറ്റങ്ങളെ നല്ല മനസ്സോടെ സ്വീകരിക്കുക. മനസ്സാണ് പ്രധാനം, ബാഹ്യസൗന്ദര്യമല്ല. മനസ്സിന് പ്രായം കൂടാതെ നോക്കുക. നല്ല ആരോഗ്യം, സന്തോഷം, മനസമാധാനം എന്നിവയായിരിക്കണം മുഖ്യം.
വയസ് കൂടുമ്പോള്‍ ചിലപ്പോള്‍ നിങ്ങൾക്കും ചർമ്മത്തിൽ ചുളിവും രൂപമാറ്റവുമൊക്കെ ഉണ്ടാകും. എന്നാൽ വർഷങ്ങളായി നിങ്ങൾ ആർജിക്കുന്ന വിവേകവും വിവരവും നിങ്ങളെ വിട്ടുപോകില്ല. അതിനു നിങ്ങളിൽ ഉള്ള സ്വാധീനം വളരെ വലുതാണ്. പ്രായം മനസ്സിനെ ബാധിക്കാതിരിക്കാൻ ശ്രമിക്കുക, അപ്പോൾ പുറമെ വരുന്ന മാറ്റങ്ങൾ നിങ്ങളെ ബാധിക്കാതിരിക്കും. പിന്നെ ഇതൊന്നും പ്രശ്നമല്ലാതാകും. സോ ചിൽ സാറാ ചിൽ.
Also Read: 'ഞാനും ബോഡി ഷെയ്മിങ്ങിന്‍റെ ഇരയായിരുന്നു'; വെളിപ്പെടുത്തി ജ്യോത്സ്ന
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona