'നിന്റെ കാമുകന്‍ കൂടുതല്‍ സുന്ദരിയായ ഒരുവള്‍ക്ക് വേണ്ടി നിന്നെ ഉപേക്ഷിക്കും...'

By Web Team  |  First Published Mar 11, 2020, 10:55 PM IST

''ഞാന്‍ പുറത്തെങ്ങും പോകില്ല. ആരോടും സംസാരിക്കില്ല. ശരിക്കും ചത്തതിന് സമാനമായൊരു ജീവിതമായിരുന്നു അത്. എനിക്ക് സ്വയം എന്നെ നഷ്ടപ്പെട്ടത് പോലെയും, എവിടെയും എനിക്ക് സ്ഥാനമില്ലാത്തത് പോലെയും തോന്നിത്തുടങ്ങി. പക്ഷേ 24 വയസ് തികഞ്ഞതോടെ എന്റെ ചിന്ത പെട്ടെന്ന് മാറിമറിഞ്ഞു....''


ശരീരപ്രകൃതിയുടെ പേരില്‍ മാനസികമായ പീഡനത്തിന് ഇരയാകുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. നിറത്തിന്റേയും വണ്ണത്തിന്റേയും പേരില്‍ പഴി കേള്‍ക്കുന്നവരാണ് ഇതില്‍ അധികം പേരും. പലപ്പോഴും പരിഹാസവാക്കുകളുടെ മൂര്‍ച്ചയില്‍ ജീവിതം തന്നെ മുറിഞ്ഞ് പോയേക്കാം. വലിയ സ്വപ്നങ്ങളോ പ്രതീക്ഷകളോ കാത്തുസൂക്ഷിക്കാനാകാതെ സ്വന്തം കഴിവുകള്‍ പോലും മനസിലാക്കാന്‍ സാഹചര്യം കിട്ടാതെ വെറുതെ ജീവിതം നഷ്ടപ്പെട്ടേക്കാം. 

ഇങ്ങനെയെല്ലാം തീര്‍ന്നുപോകേണ്ടതായിരുന്നു മുംബൈ സ്വദേശിയായ നേഹ പരുല്‍ക്കറിന്റേയും ജീവിതം. അത്രമാത്രം കുത്തുവാക്കുകളും പരിഹാസവും കേട്ടാണ് 24 വയസ് വരെ നേഹ ജീവിച്ചത്. ആ മുറിപ്പെടുത്തുന്ന അനുഭവങ്ങളെക്കുറിച്ചും പിന്നീട് അതില്‍ നിന്ന് തന്നെ പ്രചോദനമുള്‍ക്കൊണ്ട് ഇന്ന് അറിയപ്പെടുന്ന മോഡല്‍ എന്ന നിലയിലേക്ക് വളര്‍ന്നതിനെ കുറിച്ചുമെല്ലാം നേഹ 'ഹ്യൂമണ്‍സ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയാണ്. 

Latest Videos

undefined

 

 

'നീ ഇടുന്ന വസ്ത്രങ്ങളൊക്കെ കീറിപ്പോകും, നിനക്ക് അഥവാ ഒരു കാമുകനെ കിട്ടിയാല്‍ പോലും നിന്നെക്കാള്‍ സുന്ദരിയായ ഒരുവള്‍ക്ക് വേണ്ടി അവന്‍ നിന്നെ ഉപേക്ഷിക്കും, നീ ഒരു ഗുസ്തിക്കാരനെ കല്യാണം കഴിക്കുന്നതാണ് നല്ലത്- അല്ലാതെ നിന്റെ തടിക്ക് യോജിച്ച ഒരാളെ നിനക്ക് കണ്ടെത്താന്‍ സാധിക്കില്ല, ഇങ്ങനെ മടിച്ചിയായി ജീവിക്കല്ലേ...'- ചെറുപ്പത്തില്‍ താന്‍ ഏറ്റവുമധികം കേട്ട കമന്റുകളില്‍ നിന്നാണ് നേഹ പറഞ്ഞ് തുടങ്ങുന്നത്. 

'കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാമാണ് ഞാനീ വാക്കുകള്‍ കേട്ടത് എന്നതാണ് ശ്രദ്ധേയം. സത്യത്തില്‍ ഞാനൊരു മടിച്ചിയേ അല്ലായിരുന്നു. ഡാന്‍സും സ്‌പോര്‍ട്‌സുമെല്ലാം എനിക്കിഷ്ടമായിരുന്നു. ചില ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ മൂലമാണ് എനിക്ക് അമിതവണ്ണമുണ്ടായത്. പ്രേമിച്ചയാള്‍, സുഹൃത്തുക്കള്‍ അങ്ങനെ എല്ലാവരില്‍ നിന്നും എനിക്ക് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. എന്തിനധികം എന്റെ മാതാപിതാക്കള്‍ പോലും എനിക്കൊരു പ്രണയമോ വിവാഹജീവിതമോ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു...

 

 

...അപ്പോഴൊക്കെയും കരയാന്‍ മാത്രമേ എനിക്കറിഞ്ഞിരുന്നുള്ളൂ. ഞാന്‍ പുറത്തെങ്ങും പോകില്ല. ആരോടും സംസാരിക്കില്ല. ശരിക്കും ചത്തതിന് സമാനമായൊരു ജീവിതമായിരുന്നു അത്. എനിക്ക് സ്വയം എന്നെ നഷ്ടപ്പെട്ടത് പോലെയും, എവിടെയും എനിക്ക് സ്ഥാനമില്ലാത്തത് പോലെയും തോന്നിത്തുടങ്ങി. പക്ഷേ 24 വയസ് തികഞ്ഞതോടെ എന്റെ ചിന്ത പെട്ടെന്ന് മാറിമറിഞ്ഞു....

...കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ ജീവിച്ചത് മുഴുവന്‍ എന്റെ ചുറ്റുപാടുകളെ തൃപ്തിപ്പെടുത്താനായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ കഴിച്ചിരുന്നത്, ധരിച്ചിരുന്നത്, പെരുമാറിയിരുന്നത് എല്ലാം മറ്റുള്ളവരുടെ സങ്കല്‍പങ്ങള്‍ക്കനുസരിച്ചായിരുന്നു. എന്നിട്ടെന്താണ് ഫലം, വെറും വേസ്റ്റ് അല്ലായിരുന്നോ എല്ലാം... എന്തിനാണ് ഞാന്‍ അങ്ങനെ എന്റെ യുവത്വം കളഞ്ഞുകുളിക്കുന്നത്? ഈ ചിന്തയില്‍ നിന്നാണ് ജീവിതം മാറിയത്...'- നേഹ പറയുന്നു. 

അതുവരെയുണ്ടായിരുന്ന ജീവിതത്തിന്റെ നേര്‍ വിപരീത ദിശയിലേക്കായിരുന്നു പിന്നീട് നേഹയുടെ യാത്ര. ഇഷ്ടമുള്ള എന്തും ധരിക്കും, എങ്ങനെയും നടക്കും. അതിനെതിരെ വരുന്ന കമന്റുകളെ മുഖവിലക്കെടുക്കുകയേ ഇല്ല. ഇതിനിടെ പ്ലസ് സൈസ് ബ്ലോഗര്‍മാരെയെല്ലാം നേഹ ഫോളോ ചെയ്ത് തുടങ്ങി. ഇങ്ങനെയെല്ലാം ജീവിക്കുന്നത് താന്‍ മാത്രമല്ല എന്ന് തിരിച്ചറിഞ്ഞതോടെ 'പൊസിറ്റീവ്' മനോനിലയിലേക്കെത്തി. 

 

 

ഇതുപോലെ ബോധവത്കരണം നടത്തിയാല്‍ നന്നായിരിക്കുമെന്ന് തോന്നിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ തന്റെ കഥകള്‍ നേഹ പങ്കുവച്ചു. വലിയ രീതിയിലുള്ള പിന്തുണയായിരുന്നു അതിന് ലഭിച്ചത്. വൈകാതെ മോഡലിംഗിലേക്കും നേഹ കടന്നു. ഇന്ന് ഇന്ത്യയില്‍ പ്രശസ്തരായ പല ബ്രാന്‍ഡുകള്‍ക്കും വേണ്ടി 'പ്ലസ് സൈസ് മോഡലാ'യി നേഹ ജോലി ചെയ്തു. ഒപ്പം തന്നെ ബാങ്ക് ജോലിയും കൊണ്ടുപോകുന്നുണ്ട്. 

'ഒരിക്കല്‍ ഒരു പ്രസംഗത്തിന് ശേഷം ഒരാള്‍ എന്റെ അടുത്തേക്ക് വന്നു. അദ്ദേഹം എന്റെ മുമ്പില്‍ നിന്ന് പൊട്ടിക്കരയുകയായിരുന്നു. ഞാന്‍ സംസാരിച്ചപ്പോഴാണത്രേ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മകളുടെ അവസ്ഥ മനസിലായത്. നിങ്ങളെപ്പറ്റി ലോകം എന്ത് ചിന്തിക്കുന്നുവെന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് ഏത് സെക്കന്റില്‍ നിങ്ങള്‍ നിര്‍ത്തുന്നുവോ അപ്പോള്‍ മുതല്‍ ജീവിതം നിങ്ങളാഗ്രഹിക്കുന്ന മട്ടിലായിത്തുടങ്ങും എന്നാണ് എനിക്ക് പറയാനുള്ളത്. ഇന്ന് എന്റെ കുടുംബത്തിനും ചുറ്റുപാടുകള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം ഞാന്‍ അംഗീകൃതയാണ്. നമ്മള്‍ നമ്മളെത്തന്നെ അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ മറ്റുള്ളവര്‍ക്കും അത് ചെയ്‌തേ പറ്റൂ...'- നേഹ പറഞ്ഞുനിര്‍ത്തുന്നു. 

click me!