61 കാരിയെ മോഡലാക്കി പ്ലേ ബോയ് മാസിക; പഴിച്ചും വാഴ്ത്തിയും സോഷ്യൽ മീഡിയ

By Web Team  |  First Published Aug 4, 2021, 5:26 PM IST

തെരുവിലൂടെ നടന്നു പോവുകയായിരുന്ന താത്യാനയെ കണ്ട ഒരു കാസ്റ്റിങ് മാനേജരാണ് അവർക്ക് ഒരു ചാൻസ് കൊടുക്കുന്നത്.


2021 ജൂലൈയിൽ പ്ലേ ബോയ് മാസികയുടെ റഷ്യൻ എഡിഷൻ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പ്രസിദ്ധപ്പെടുത്തി. അതിൽ ബിക്കിനിയും കോർസെറ്റും ഒക്കെ ധരിച്ചുകൊണ്ട് മോഡലായി വന്നത്, രണ്ടു മക്കളുടെ അമ്മയും മൂന്നു കുഞ്ഞുമക്കളുടെ അമ്മൂമ്മയുമായ താത്യാന നെക്ല്യുദോവ എന്ന 61 കാരിയായിരുന്നു. ദീർഘകാലം ഒരു മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്ത ശേഷം വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നതിനിടെയായിരുന്നു  താത്യാനക്ക് മോഡലിങ്ങിൽ കമ്പം കയറുന്നതും അവർ അതിനുവേണ്ടി പരിശ്രമിക്കുന്നതും. 

തീർത്തും അവിചാരിതമായിട്ടായിരുന്നു മോഡലിംഗിന്റെ ഗ്ലാമർ ലോകത്തേക്കുള്ള താത്യാനയുടെ പ്രവേശം. 2007 മെറ്റിൽഡ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ അതിന്റെ കാസ്റ്റിങ് മാനേജരാണ് തെരുവിലൂടെ നടന്നു പോവുകയായിരുന്ന താത്യാനയെ കണ്ട് അവർക്ക് ഒരു അവസരം വാഗ്ദാനം ചെയ്യുന്നതും. 
 

Latest Videos

undefined

തുടക്കത്തിലെ നിയോഗം ഒരു എക്സ്ട്രാ നടിയുടേതായിരുന്നു എങ്കിലും 2015 -ൽ ദ ഡുവലിസ്റ്റ് എന്ന ചിത്രത്തിലെ മറ്റൊരു റോൾ കൂടി അവരെ തേടിയെത്തി. അവിടെ വെച്ചാണ് അവർ അലീന കനാമിന എന്ന ഫോട്ടോഗ്രാഫറെ കണ്ടുമുട്ടുന്നത്.  അന്ന് അലീനയാണ് താത്യാനയോട് ഓൾഡുഷ്ക എന്ന മുതിർന്നവരെ വെച്ച് മോഡലിംഗ് ചെയ്യുന്ന ഒരു ഏജൻസിയിലേക്ക് സ്വന്തം ചിത്രങ്ങൾ അയച്ചുനൽകാൻ അവരെ പ്രേരിപ്പിക്കുന്നത്. അതിനു പിന്നാലെ ഓൾഡുഷ്ക മുഖാന്തരം ചില പരസ്യചിത്രങ്ങളിൽ താത്യാന മുഖം കാണിക്കുകയുണ്ടായി. 

2017 -ൽ ഒരു റഷ്യൻ അടിവസ്ത്ര ബ്രാൻഡായ പെട്രുഷ്കയുടെ പരസ്യങ്ങളിലും നെക്ല്യുദോവ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രങ്ങൾ കണ്ടാണ് പ്ലേ ബോയ് റഷ്യ താത്യാനയെ അവരുടെ മോഡലാകാൻ വേണ്ടി ക്ഷണിക്കുന്നത്. അന്ന് ഫോട്ടോഷൂട്ട് നടത്തി താത്യാനയുടെ കുറെ ഗ്ലാമറസ് ആയ ചിത്രങ്ങൾ എടുത്തെങ്കിലും പ്ലേ ബോയ് ടീം അത് പ്രസിദ്ധീകരിക്കാതെ വർഷങ്ങൾ സൂക്ഷിച്ച്, ഒടുവിൽ കഴിഞ്ഞ മാസം മാത്രമാണ് അവ ഇൻസ്റ്റാഗ്രാം വഴി പുറത്തുവിടുന്നത്. 

 

 

എന്നാൽ ഈ ചിത്രങ്ങൾ പുറത്തുവന്നതും വലിയ പ്രതിഷേധം തന്നെ സോഷ്യൽ മീഡിയയിൽ അവ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിൽ പ്ലേ ബോയ് മാസികയ്‌ക്കെതിരെ ഉയർന്നുവന്നു. "നിങ്ങൾക്ക് പോയി കൊച്ചുമക്കളെ നോക്കിക്കൂടെ" " കണ്ടു പോയല്ലോ, ഇനി ഇതെങ്ങനെ മനസ്സിൽ നിന്ന് മായ്ക്കും?" "ഭീകരം, വെറുത്തുപോയി" എന്നൊക്കെയുള്ള വിദ്വേഷജനകമായ കമന്റുകളാണ് പലരിൽ നിന്നുമുണ്ടായത്. 

എന്നാൽ, തുടക്കത്തിൽ ഇത്തരത്തിൽ വെറുപ്പുത്പാദിപ്പിക്കുന്ന ചില കമന്റുകൾ വന്നു എങ്കിലും, പലരും പിന്നീട രേഖപ്പെടുത്തിയത് താത്യാനയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ്. ഒരു സ്ത്രീ ഏതൊരു പ്രായത്തിലും സുന്ദരി തന്നെയാണ് എന്നും, താത്യാന അതീവ സുന്ദരിയായ ഒരു സ്ത്രീയാണ് എന്നും ഇത്തരത്തിലുള്ള പുരോഗമനാത്മകമായ ഷൂട്ടുകൾ ഇനിയും പ്ലേ ബോയിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഒരാൾ എഴുതിയത്. 

നെഗറ്റീവ് കമന്റുകൾ ഇട്ടവരുടെ ഇടുങ്ങിയ മനസ്സാണ് അത് വ്യക്തമാകുന്നത് എന്നും താൻ അതിനെ അവഗണിക്കുന്നു എന്നുമാണ് താത്യാന പ്രതികരിച്ചത്. സൗന്ദര്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ വാർപ്പു മാതൃകകളുടെ പ്രശ്നമാണ് ഇതെന്നും, പ്രായമെന്നത് വെറുമൊരു നമ്പർ മാത്രമാണ് എന്നും അവർ പ്രതികരിച്ചു. യൗവ്വനം പടിയിറങ്ങുന്നതോടെ അവസാനിക്കുന്ന ഒന്നല്ല ആരോഗ്യം എന്നും ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും സൗന്ദര്യത്തോടെ ഇരിക്കാനാവും എന്നും, എല്ലാം ജീവിതത്തോടുള്ള സമീപനത്തെ ആശ്രയിച്ചിരിക്കും എന്ന് താത്യാന പറഞ്ഞു. 

click me!