'ആദ്യം അവര്‍ എതിർത്തു, പിന്നെ അടുത്തറിഞ്ഞപ്പോൾ ചേർത്തു പിടിച്ചു': ഓമന 'പള്ളീലച്ചന്‍' പറയുന്നു

By Nithya Robinson  |  First Published Mar 8, 2020, 3:50 PM IST

പൊതുവെ സ്ത്രീകൾ കന്നുവരാത്ത മേഖലയിൽ തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ, വിശ്വാസികളുടെ ഇടയിൽ സ്നേഹ നിധിയായ 'അച്ച'നാകാൻ ഓമന വിക്ടറിന് സാധിച്ചു.


മൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി സ്ത്രീകളുണ്ട് നമുക്ക് ചുറ്റും. അപ്രാപ്യമെന്ന് മറ്റുള്ളവർ വിധിയെഴുതിയ ഇടങ്ങളിലെല്ലാം അവർ ചരിത്രമെഴുതി. അത്തരമൊരു വനിതയാണ് റവറൻ്റ് ഓമന വിക്ടർ. ഈ വനിതയുടെ പേരിനൊപ്പമുള്ള റവറൻ്റ് എന്ന വാക്കിന് പുരോഹിത എന്നാണർത്ഥം. അത്ഭുതപ്പെടേണ്ട, സിഎസ്ഐ ദക്ഷിണകേരള മഹായിടവകയിലെ രണ്ടാമത്തെ വനിതാ പുരോഹിതയാണ് ഓമന വിക്ടർ.

പുരോഹിതൻ അഥവാ പള്ളീലച്ചൻ എന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ പുരോഹിത എന്ന വാക്ക് അപരിചിതമാണ്. വെള്ളനിറത്തിലുള്ള ളോഹയും അരയിൽ കറുത്ത ചരടുമായി നിൽക്കുന്ന പുരുഷ അച്ചമ്മാരെ കണ്ടു പരിചയിച്ചവർക്ക് അതേ വേഷത്തിലുള്ള പുരോഹിതയെ കാണുമ്പോൾ അത്ഭുതം തോന്നാം. അത്ഭുതപ്പെടാൻ തയ്യാറായിക്കൊള്ളൂ, ഈ വനിതാ ദിനത്തിൽ തന്റെ പൗരോഹിത്യ ജീവതത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ഓമന വിക്ടർ 

Latest Videos

undefined

കുട്ടിക്കാലം

കാട്ടാക്കടയ്ക്കടുത്ത് വീരണകാവിൽ ദേവദാസിന്റെയും റാഹേലിന്റെയും മകളായിട്ടാണ് ഓമനയുടെ ജനനം. നാട്ടിൻപുറത്തെ സാധാരണ കുടുംബങ്ങളെപ്പോലെ ദൈവ വിശ്വാസത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ശിക്ഷണത്തിലാണ് ഓമന വളർന്നത്. വീരണകാവ് സ്‌കൂളിലും കാട്ടാക്കട ക്രിസ്ത്യൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പള്ളിയിലെ പ്രവർത്തനങ്ങളിലും സൺഡേ സ്കൂൾ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമായി മാറി ഓമന. വിശ്വാസവും ദൈവകൃപയുമാണ് തന്നെ വചനശുശ്രൂഷയിലേക്ക് നയിച്ചതെന്നാണ് ഇവർ കരുതുന്നത്. കുട്ടിക്കാലം മുതൽ പള്ളിയിൽ പോകുമ്പോൾ അച്ചൻ ശുശ്രൂഷകൾ നടത്തുന്നത് കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു ഓമന. സ്ത്രീകൾക്ക് അച്ചൻ പട്ടത്തിന് പഠിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് അന്ന് സ്വപ്നത്തിൽ പോലും അവർ കരുതിയതുമില്ല.

വിവാഹം

1978-ലാണ് സിഎസ്ഐ സഭയിലെ വൈദികനായ റവ. റോബർട്ട് വിക്ടർ ഓമനയെ വിവാഹം കഴിക്കുന്നത്. അന്ന് വെള്ളനാടിനടുത്ത് ചാങ്ങയെന്ന സ്ഥലത്തെ ദേവാലയത്തിലായിരുന്നു റോബർട്ട് വിക്ടർ പുരോഹിതനായിരുന്നത്. ഇതോടെ ഓമനയുടെ ജീവിതം വീണ്ടും പള്ളിയുടെ ചുറ്റുപാടിലായി. ഭർത്താവിനോടൊപ്പം പള്ളിക്കാര്യങ്ങളിലും വിശ്വാസികളുടെ ജീവിതത്തിലും നിരന്തരം ഇടപെട്ടതോടെ പൗരോഹിത്യത്തിലേക്കുള്ള ഓമനയുടെ മാർഗം കൂടുതൽ സജീവമായി. 

വൈദിക പഠനവും പൗരോഹിത്യവും

അക്കാലത്ത് സിഎസ്ഐ ദക്ഷിണകേരള മഹായിടവക സ്ത്രീകൾക്കും മതപാഠശാലയിൽ പഠനത്തിന് അവസരമൊരുക്കിയിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം ഭർത്താവിനോട് അച്ചൻ പട്ടത്തിന് പഠിക്കാൻ താത്പര്യമുണ്ടെന്ന് ഓമന പറഞ്ഞു.  എതിർപ്പ് പറയാതെ ഭാര്യയുടെ ഇഷ്ടത്തിന് റോബർട്ട് വിക്ടർ മുൻതൂക്കം നൽകുകയുമായിരുന്നു. 

1990-ൽ കണ്ണന്മൂല ഐക്യ വൈദിക സെമിനാരിയിലാണ് ഓമന വിക്ടർ പഠിച്ചത്. തിയോളജിയിലാണ് ബിരുദമെടുത്തത്. അന്ന് മൂത്ത മകൻ ഷാജി വിക്ടറിന് 10 വയസ്സും ഇളയ മകൻ റെജി വിക്ടറിന് എട്ടു വയസ്സുമായിരുന്നു പ്രായം. ഈ സമയത്ത് ഭർത്താവ് റോബർട്ട് വിക്ടർ അവിടെ ബാച്ച്‌ലർ ഓഫ് ഡിവിനിറ്റിയിൽ മാസ്റ്റർ ബിരുദത്തിനു ചേർന്നിരുന്നു. ഇതോടെ ഇവർക്ക് സെമിനാരിയോടു ചേർന്നു താമസിക്കാനും അവസരവും ലഭിച്ചു. ഓമനയും പിന്നീട് മാസ്റ്റർ ബിരുദം വിജയകരമായി പൂർത്തിയാക്കി. അക്കാലത്ത് മൂന്നോ നാലോ സ്ത്രീകൾ ഓമനയോടൊപ്പം ഇതേ സെമിനാരിയിൽ പഠിച്ചിരുന്നു. എന്നാൽ, ഒരു പള്ളിയുടെ പൂർണ ചുമതലയുള്ള പുരോഹിതരാകാൻ അവരാരും തയ്യാറായില്ല.

വൈദിക പഠനം മികച്ച രീതിയിൽ പൂർത്തികരിച്ച ഓമനയ്ക്ക് പള്ളിയിൽ ശുശ്രൂഷ ചെയ്യാനുള്ള അവസരം നൽകാൻ അന്നത്തെ നേതൃത്വം വൈമനസ്യം കാണിച്ചു. എന്നാൽ പിന്നീട് അവർ തന്നെ അനുവാദം നൽകുകയായിരുന്നുവെന്ന് ഓമന പറയുന്നു. പിന്നീട് ഓമനയുടെ ശുശ്രൂഷകൾ വിജയകരമാണെന്ന് മനസിലാക്കിയതോടെ മറ്റ് സഭകളിലേക്കും അവരെ നിയോഗിച്ച് തുടങ്ങി. 1998-ലാണ് സിഎസ്ഐ സഭ ഓമനയ്ക്ക് പൗരോഹിത്യപദവി (ഓർഡിനേഷൻ) നൽകിയത്. പിന്നീട് റവറന്റ് പദവിയും ലഭിച്ചു. 

സ്വാധീനിച്ചവർ

കേരളത്തിലെ ആദ്യത്തെ വനിതാ പുരോഹിതയായ മരതകവല്ലി ഡേവിഡ് തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ഓമന പറയുന്നു. അവരുടെ ശുശ്രൂഷകളോക്കെയും ശ്രദ്ധിക്കാറുണ്ടെന്നും അതിലൂടെ കുറേ കാര്യങ്ങൾ സ്വായത്തമാക്കാൻ തനിക്ക് സാധിച്ചുവെന്നും ഓമന വ്യക്തമാക്കി. പൗരോഹിത്യത്തിലേക്ക് കടന്നുവെങ്കിലും അതൊരിക്കലും തന്റെ ഭൗതിക ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് ഓമന പറയുന്നു. വീട്ടുകാര്യം കുറച്ചാലും പള്ളിക്കാര്യങ്ങളിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചക്കും തയ്യാറായിട്ടില്ലായിരുന്നില്ല ഇവർ.

"തിരുവത്താഴ( കർതൃ മേശ) ശുശ്രൂഷ ആദ്യമായി ചെയ്തപ്പോൾ എനിക്ക് അത് എല്ലാ ആത്മീയതോടെയും ചെയ്യാൻ കഴിയുമെന്ന ധൈര്യം ഉണ്ടായിരുന്നു.  ശുശ്രൂഷകളെല്ലാം സ്വയമേ തന്നെ പഠിച്ചെടുത്തതാണ്, അടക്ക ശുശ്രൂഷകളടക്കം. എന്റെ ശബ്ദത്തിലൂടെ ദൈവ വചനം ശ്രവിക്കാൻ എല്ലാവർക്കും ഇഷ്ടമായിരുന്നു,"ഓമന വിക്ടൻ പറയുന്നു.

ഒരു സ്ത്രീ അച്ചനായി വന്നതിൽ ചില പള്ളികൾ ആദ്യം എതിർപ്പ് കാണിച്ചിട്ടുണ്ടെന്ന് ഓമന പറയുന്നു. "എന്നെ പറ്റി അറിഞ്ഞുകൂടാത്തവർ ആദ്യം എതിർത്തിരുന്നു. സ്ത്രീകളെ ഞങ്ങൾക്ക് വേണ്ട എന്ന തരത്തിലുള്ള എതിർപ്പുകളായിരുന്നു എല്ലാം. ഏതോ ഒരു സ്ത്രീയാണ് അച്ചൻ. അവർ രാത്രി എങ്ങനെ ആരാധനയ്ക്ക് വരും ഇടപെടും സംസാരിക്കും എന്നൊക്കെയായിരുന്നു എതിർപ്പ്. പക്ഷേ അടുത്തറിഞ്ഞപ്പോൾ എന്നെ അവർ ചേർത്തുപിടിച്ചു," ഓമന പറയുന്നു. കരോൾ ശുശ്രൂഷകൾക്കോ സന്ധ്യാപ്രാർത്ഥനകൾക്കോ വീടുകളിൽ പോകുമ്പോൾ മറ്റാരെയും ഒപ്പം കൂട്ടിയിരുന്നില്ല ഓമന.

വിവാഹച്ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുമ്പോൾ പുരുഷന്മാരായ വൈദികർക്കൊപ്പം ഓമനയും അൾത്താരയിൽ നിൽക്കുന്നത് അനുഗ്രഹമാണെന്ന് പല ദമ്പതിമാരും കരുതി. ഇതിനിടയിൽ ഇളയ മകൻ റെജി വിക്ടറിന്റെ വിവാഹത്തിന് കാർമികത്വം വഹിക്കാനും അച്ചന് സാധിച്ചു. തിരുവനന്തപുര‍ം പുളിയറക്കോണത്തിനടുത്ത് ഇലയ്ക്കോട് വെസ്റ്റ് സിഎസ്ഐ പള്ളിയിൽ വച്ചായിരുന്നു വിവാഹം.തന്റെ പൗരോഹിത്യ ജീവിതത്തിൽ നിന്ന് ഓമന വിരമിച്ചതും. ഇതേ പള്ളിയിൽ വച്ച് തന്നെയാണ്. 

സേവനമനുഷ്ഠിച്ച സഭ, മേഖലകൾ

മലയടി, മിതൃമ്മല, കൊടുങ്ങാനൂർ, ചെല്ലാംകോട് തുടങ്ങി തിരുവനന്തപുരം ജില്ലയുടെ പല ഇടവകകളിലും ഓമന പള്ളീലച്ചനായി. എല്ലാവരും സ്നേഹത്തോടെ ഓമനയെ ‘അച്ചൻ’ എന്നുതന്നെയാണ് ഇപ്പോഴും വിളിക്കുന്നത്.  മഹായിടവകയിലെ വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്ത്രീജനസഖ്യത്തിന്റെ ട്രഷററായും ഓമന പ്രവർത്തിച്ചു. മഹായിടവകയുടെ പാസ്റ്ററൽ ബോർഡംഗം, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം, ഫിനാൻസ് കമ്മറ്റിയംഗം തുടങ്ങിയ പ്രധാന പദവികളിലും ഓമനാ വിക്ടർ പ്രവർത്തിച്ചിട്ടുണ്ട്. 

2018-ൽ ഭർത്താവ് റോബർട്ട് ഹൃദയാഘാതത്തെ തുടർന്ന് ഈ ലോകത്തോട് വിടപറഞ്ഞു. 2019 മെയ് ഒന്നിന് 67-ാം വയസ്സിലാണ് ഓമനാ വിക്ടർ തന്റെ പൗരോഹിത്യ ജീവിതത്തിൽനിന്ന് ഔദ്യോഗികമായി വിരമിച്ചത്. ഇരുപത്തഞ്ച് വർഷം പള്ളീലച്ചനായി ഓമന സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് വർഷം പള്ളിയിൽ സുവിശേഷകയായിട്ടാണ് സേവനമനുഷ്ടിച്ചിരുന്നത്. വിരമിച്ചുവെങ്കിലും ഇപ്പോഴും പ്രാർത്ഥനകൾക്കും വിഷമങ്ങൾ പങ്കുവയ്ക്കാനും മറ്റും സ്ത്രീകളും പുരുഷന്മാരും ഓമനയെ സമീപിക്കാറുണ്ട്. മൂത്തമകൻ ഷാജി വിക്ടർ കേരള നിയമസഭയിലും റെജി വിക്ടർ സ്വകാര്യ സ്ഥാപനത്തിലും ജോലിനോക്കുകയാണ്.

പൊതുവെ സ്ത്രീകൾ കന്നുവരാത്ത മേഖലയിൽ തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ, വിശ്വാസികളുടെ ഇടയിൽ സ്നേഹ നിധിയായ 'അച്ച'നാകാൻ ഓമന വിക്ടറിന് സാധിച്ചു. എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കണമെന്നും ഒന്നിൽ നിന്നും പിന്തിരിയരുതെന്നുമാണ് വനിതാ ദിനത്തിൽ മറ്റുള്ളവർക്ക് നൽകാനുള്ള ഓമന അച്ചന്റെ സന്ദേശം.

click me!