ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. അവിടെ പല ഗ്രാമങ്ങളിലും ഏറിവന്നാൽ ഒരു പലചരക്കുകട മാത്രമാണ് ഉണ്ടാവുക. നാലഞ്ച് ഗ്രാമങ്ങളിൽ നിന്ന് എത്തിപ്പെടാൻ പാകത്തിനാവും അവിടെ ഒരു മാർക്കറ്റ് ഉണ്ടാവുക. അവിടെയാകും ആ പ്രദേശത്തെ ഒരേയൊരു മെഡിക്കൽ ഷോപ്പുണ്ടാവുക. മരുഭൂപ്രദേശങ്ങൾ നിറഞ്ഞ സംസ്ഥാനത്തെ പല വീടുകളിൽ നിന്നും കിലോമീറ്ററുകൾ നടന്നു ചെന്നാൽ മാത്രമാണ് ഒരു പീടിക കണ്ടുകിട്ടുകയുള്ളു.
രാജസ്ഥാനിലെ പല പെൺകുട്ടികളും ഋതുമതികളാകുന്ന കാലം തൊട്ടുതന്നെ, ആർത്തവകാലത്ത് തുണികൾ മടക്കിവെച്ചുപയോഗിച്ചാണ് ശീലിച്ചിട്ടുള്ളത്. എന്നാൽ അവരിൽ പലരെയും സാനിറ്ററി നാപ്‌കിൻ ഉപയോഗിക്കാൻ ശീലിപ്പിക്കുന്നതിന് സർക്കാർ സ്‌കൂളുകൾ മുഖാന്തരം പല ആരോഗ്യ സംരക്ഷണ യജ്ഞങ്ങളിലൂടെ മുൻകൈ എടുത്തു. അങ്ങനെ സ്‌കൂളിൽ നിന്ന് വിതരണം ചെയ്തുകൊണ്ടിരുന്ന സാനിറ്ററി നാപ്‌കിനുകൾ ഉപയോഗിച്ച് ശീലിച്ച അവർ ഇപ്പോൾ ലോക്ക് ഡൗൺ വന്ന് സ്‌കൂളും, വാഹനങ്ങളും, വീടിനടുത്തുള്ള കടകളും ഒക്കെ നിന്നതോടെ ആകെ വലഞ്ഞ മട്ടാണ്.
രണ്ടുണ്ട് പ്രശ്നം, ഒന്ന് സ്‌കൂളിൽ നിന്ന് സൗജന്യമായി കൊടുത്തുകൊണ്ടിരുന്ന സാനിറ്ററി പാഡ് ഉപയോഗിച്ചുപയോഗിച്ച് ഇപ്പോൾ അത് ശീലമായി. ഇനി തുണിയിലേക്ക് മടങ്ങിപ്പോകാൻ അവർക്ക് മടിയാണ്. രണ്ട്, സ്‌കൂൾ അടച്ചതോടെ അവിടന്നുള്ള സൗജന്യ സാനിറ്ററി പാഡ് കിട്ടാതെയായി. എന്നാൽ, അതിനു പകരം കടയിൽ പോയി വാങ്ങിക്കാം എന്ന് കരുതിയാൽ അടുത്തെങ്ങും ഒരു കടയുമില്ല. ഉള്ള കടകൾ തുറക്കാൻ പൊലീസ് അനുവദിക്കുന്നില്ല. ദൂരെയുള്ള മെഡിക്കൽ സ്റ്റോറുകളിലേക്ക് പോകാൻ വേണ്ടി ലഭ്യമായ വളരെ ദുർലഭമായ യാത്രാസംവിധാനങ്ങൾ എല്ലാം തന്നെ പൊലീസ് നിർത്തിച്ചിരിക്കുകയാണ്. തുറന്നു പ്രവർത്തിക്കുന്ന കടകൾക്ക് അടുത്ത് താമസിക്കുന്ന പലർക്കും ഇതൊന്നും വാങ്ങാനുള്ള പണവും നീക്കിയിരുപ്പില്ല. അരിവാങ്ങാൻ കാശില്ലാതെ ഇരിക്കുന്നവർ എങ്ങനെയാണ് സാനിറ്ററി പാഡ് വാങ്ങാൻ കാശുവേണം എന്ന് വീട്ടിൽ പറയുക?
അവരിൽ ചിലർ തങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിന് കത്തെഴുതുക പോലും ചെയ്തു. മുഖ്യമന്ത്രിയുടെ പേർക്ക് കത്തൊക്കെ ഈ കുട്ടികൾ കാര്യമായി എഴുതിവെച്ചു എങ്കിലും അത് ഇതുവരെ ഒന്ന് പോസ്റ്റ് ചെയ്യാൻ അവർക്കായിട്ടില്ല. ഏറ്റവും അടുത്തുള്ള ലെറ്റർ ബോക്സ് തന്നെ കിലോമീറ്ററുകളോളം ദൂരെയാണ്. എവിടേക്കും പോകാൻ ലോക്ക് ഡൗൺ കാരണം യാതൊരു മാർഗവും ഇല്ലാതിരിക്കുകയാണ്.
ഉദയ്പൂരിന് അടുത്തുള്ള സുദൂർ എന്ന ഗ്രാമത്തിലാണ് മുഖ്യമന്ത്രിക്ക് കത്തയച്ച പെൺകുട്ടികൾ താമസിക്കുന്നത്. അവരുടെ ഏറ്റവും അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് 15 കിലോമീറ്ററോളം ദൂരമുണ്ട്. ഇതുവഴി സർവീസ് നടത്തുന്ന ആകെയുള്ള ബസ് ലോക്ക് ഡൗൺ കാരണം ഓട്ടം നിർത്തിയിരിക്കുകയാണ്. സ്ത്രീകൾക്കിടയിൽ പോലും ആർത്തവം, സാനിറ്ററി പാഡ് തുടങ്ങിയ വാക്കുകൾ പറഞ്ഞുകേൾക്കുക പതിവില്ല ഇവിടെ. എന്തായാലും രാജസ്ഥാനിലെ ഈ പെൺകുട്ടികളുടെ വിഷമങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ചില മാധ്യമങ്ങൾ വഴി പുറംലോകം അറിഞ്ഞതോടെ ഉദയ്പൂർ ജില്ലാ കളക്ടർ ആനന്ദി ഈ പെൺകുട്ടികളുടെ വീടുകളിലേക്ക് ആവശ്യമായ നാപ്‌കിനുകൾ എത്തിച്ചുനൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് എങ്കിലും, പലർക്കും ഇതുവരെ ആ സഹായം എത്തിയിട്ടില്ല.
സ്‌കൂൾ വിദ്യാർത്ഥിനികളുടെ ഈ ദയനീയാവസ്ഥ രാജസ്ഥാനിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല.ബീഹാർ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ഇതേ പ്രശ്നങ്ങളാൽ അല്ലൽ അനുഭവിക്കുന്ന ഒരുപാട് സ്‌കൂൾ വിദ്യാർത്ഥിനികൾ ഉണ്ട്. ആർത്തവം പല ഗ്രാമങ്ങളിലും ഇന്നും ചർച്ച ചെയ്യാവുന്ന ഒരു വിഷയമല്ല. സാനിറ്ററി നാപ്‌കിൻ എന്ന് പറഞ്ഞാൽ പോലും മനസ്സിലാകാത്തവർ ഇന്നും ഇവിടങ്ങളിൽ ഒരുപാടുണ്ട്. ഇങ്ങനെ ഒരു പ്രശ്നമുണ്ട് എന്നൊന്ന് തുറന്നു പറയാൻ അവർക്ക് സാധിക്കുന്നില്ല. നിശ്ശബ്ദം സഹിക്കുന്നവരാണ് അവരിൽ പലരും.