ഗര്‍ഭിണിയാകുമ്പോള്‍ കരളിന് ജോലിഭാരം കൂടുതലായിരിക്കും. അതിനാലാണ് ചിലരിലെങ്കിലും ഈ സാഹചര്യത്തില്‍ കരളിന് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്. ഇത് വ്യാപകമായ ഒന്നല്ല എന്നതും മനസിലാക്കുക
ഗര്‍ഭകാലമെന്നത് സ്ത്രീശരീരത്തെ സംബന്ധിച്ച് ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കാലമാണ്. പലപ്പോഴും പല അസുഖങ്ങളുടെയും ആരോഗ്യപ്രശ്‌നങ്ങളുടെയും ആരംഭമായിപ്പോലും ഗര്‍ഭാവസ്ഥ മാറാറുണ്ട്.
ഇത്തരത്തില്‍ കരള്‍രോഗവും ഗര്‍ഭാവസ്ഥയില്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണിയാകുമ്പോള്‍ കരളിന് ജോലിഭാരം കൂടുതലായിരിക്കും. അതിനാലാണ് ചിലരിലെങ്കിലും ഈ സാഹചര്യത്തില്‍ കരളിന് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്. ഇത് വ്യാപകമായ ഒന്നല്ല എന്നതും മനസിലാക്കുക.
undefined
എങ്കിലും നേരിയ സാധ്യതയെങ്കിലുമുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നത് തന്നെയാണല്ലോ നല്ലത്. പോഷകസമൃദ്ധമായ ഭക്ഷണവും ആരോഗ്യകരമായ ശരീരഭാരവുമെല്ലാം ഗര്‍ഭാവസ്ഥയില്‍ ആവശ്യമാണ്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ തന്നെ കരള്‍രോഗ സാധ്യതകളില്‍ നിന്ന് ഗര്‍ഭിണികള്‍ക്ക് രക്ഷ നേടാവുന്നതാണ്.
അത്തരത്തില്‍ ഗര്‍ഭാവസ്ഥയില്‍ കരള്‍ തളര്‍ന്നുപോകാതിരിക്കാനും കരളിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്താനുമായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ഏഴിനം ഭക്ഷണത്തെ കുറിച്ചാണിനി പറയുന്നത്.
ഒന്ന്...
ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. സാല്‍മണ്‍ മത്സ്യം ഇതിനുദാഹരണമാണ്.
അതുപോലെ തന്നെ ട്യൂണ, മത്തി എന്നീ മത്സ്യങ്ങളും ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ്. കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകിടക്കുന്നത് തടയാന്‍ ഈ ഭക്ഷണം ഏറെ സഹായിക്കും. അങ്ങനെ കരള്‍ രോഗത്തെ പ്രതിരോധിക്കാനും ഒരു പരിധി വരെ ഇത് സഹായിക്കും. ഭക്ഷണത്തിലൂടെ ആവശ്യമായത്രയും ഒമേഗ-3 ഫാറ്റി ആസിഡ് ലഭ്യമാകുന്ന സാഹചര്യമില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റ്‌സ് എടുക്കുകയും ആവാം.
രണ്ട്...
ധാരാളം ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. ആന്റി ഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയാണിത്. ശരീരത്തില്‍ അപകടകരമായ വിധത്തിലുള്ള വിഷാംശം അടങ്ങിയ പദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകിടക്കാതിരിക്കാന്‍ ഇത് ഏറെ സഹായകമാണ്. അതുവഴി കര്‍ രോഗത്തെ ചെറുക്കാനും സാധ്യമാകും.
മൂന്ന്...
എല്ലാ അടുക്കളയിലും എല്ലായ്‌പോഴും കാണപ്പെടുന്നൊരു കറിക്കൂട്ടാണ് വെളുത്തുള്ളി. കറികളില്‍ ചേര്‍ക്കുന്ന ഒരു ചേരുവ എന്നതിലധികം വെളുത്തുള്ളിക്ക് പല തരത്തിലുള്ള ഔഷധഗുണങ്ങളുമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന 'അലിസിന്‍' എന്ന പദാര്‍ത്ഥം ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിന് സഹായിക്കുന്നു. അങ്ങനെ കരളിന്റെ ജോലിഭാരം കുറയുന്നു.
നാല്...
ഗര്‍ഭിണികള്‍ ധാരാളം പഴങ്ങള്‍ കഴിക്കണമെന്ന് നമുക്കറിയാം. ഇക്കൂട്ടത്തില്‍ മുന്തിരിയും പ്രത്യേകം ഉള്‍പ്പെടുത്തുക.
കാരണം, കരളുമായി ബന്ധപ്പെട്ട് സംഭവിക്കാവുന്ന കേടുപാടുകളെ പ്രതിരോധിക്കാന്‍ മുന്തിരിക്കാവും. വിറ്റാമിന്‍-സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് മുന്തിരി.
അഞ്ച്...
വിവിധയിനം ബെറികള്‍ കഴിക്കുന്നതും ഗര്‍ഭകാലത്തെ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന 'ആന്തോസയാനിന്‍' എന്ന പദാര്‍ത്ഥം കരളിനെ കേടുപാടുകളില്‍ നിന്ന് രക്ഷപ്പെടുത്തുന്നു. അതുപോലെ തന്നെ 'നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' അഥവാ മദ്യപാനം മൂലമല്ലാതെ പിടിപെടുന്ന കരള്‍വീക്കത്തിനെ തടയാനും ബെറികള്‍ സഹായിക്കുന്നു. ഒലിവ്, ഡാര്‍ക് ചോക്ലേറ്റ് എന്നിവയും ഇക്കാര്യത്തില്‍ കരളിന്റെ രക്ഷകരായി പ്രവര്‍ത്തിക്കുന്ന ഭക്ഷണങ്ങളാണ്.
ആറ്...
ഗര്‍ഭിണികള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒരു പഴവര്‍ഗമാണ് മാതളം. പൊട്ടാസ്യം, വിറ്റാമിന്‍-സി എന്നിങ്ങനെയുള്ള അവശ്യഘടകങ്ങള്‍ക്ക് വേണ്ടിയാണ് ഗര്‍ഭിണികള്‍ മാതളം കഴിക്കുന്നത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും ഈ പഴം സഹായിക്കുന്നു. കരളിന്റെ ആരോഗ്യം ഉറപ്പുവരുത്താനും ഗര്‍ഭിണികള്‍ക്ക് മാതളം കഴിക്കാം.
ഏഴ്...
ഏറെ ആരോഗ്യദായകമായ ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇത് സഹായകമാണ്. അതുപോലെ തന്നെ കരളിന്റെ ആരോഗ്യത്തിനും ബീറ്റ്‌റൂട്ട് ഉത്തമമാണ്.
Also Read:- ഡോക്ടർ ഫോണിലൂടെ നിർദ്ദേശങ്ങൾ നൽകി, യുവതിയുടെ പ്രസവമെടുത്ത് അധ്യാപിക...