ഹൈദരാബാദ് ബലാത്സംഗ വീഡിയോ പോണ്‍സൈറ്റുകളില്‍ തിരഞ്ഞത് 80 ലക്ഷം പേർ; ഇത് ചികിത്സിക്കപ്പെടേണ്ട മാനസികാവസ്ഥ

By Web Team  |  First Published Dec 2, 2019, 5:02 PM IST

സംഭവങ്ങൾ നടന്നു ചൂടാറും മുമ്പുതന്നെ അവയുടെ വീഡിയോകൾക്കായി പോൺസൈറ്റുകളിൽ ഇരുട്ടിവെളുക്കുവോളം സെർച്ച് ചെയ്യുന്ന പകൽമാന്യന്മാർ  തന്നെയാണ്, അടുത്ത ദിവസം വൈകുന്നേരം പാർക്കുകളിൽ, ഒരു കയ്യിൽ  പ്ലക്കാർഡുകളും, മറുകയ്യിൽ മെഴുകുതിരിയുമായി പ്രതിഷേധങ്ങൾക്ക് ഇറങ്ങുന്നത്.


കഴിഞ്ഞാഴ്ച ഹൈദരാബാദിൽ ഇരുപത്തേഴുകാരിയായ ഒരു  വെറ്ററിനറി ഡോക്ടറുടെ കൊലപാതകം നടക്കുന്നു. ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ആ സ്ത്രീയെ പച്ചക്ക് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. നാടെങ്ങും ഈ കേസിനെച്ചൊല്ലി പലവിധത്തിലുള്ള പ്രതിഷേധങ്ങൾ അലയടിച്ചുയർന്നു. മെഴുകുതിരികളേന്തി പാതിരാപ്രതിഷേധങ്ങൾ നടന്നു. ഡോക്ടറെ കൊന്നവരെ പെട്രോളൊഴിച്ചുതന്നെ കത്തിക്കണം എന്ന് സാമൂഹ്യമാധ്യമങ്ങളിൽ വികാരവിക്ഷുബ്ധതയോടെ നിരവധിപേർ എഴുതുകയും, വീഡിയോ സ്ട്രീം ചെയ്യുകയും മറ്റും ചെയ്തു. പ്രതികൾ അറസ്റ്റിലായി.  ബന്ധുക്കൾ പോലും അവരെ കയ്യൊഴിഞ്ഞു.  

Latest Videos

undefined

ഈ സംഭവത്തിന്റെ ക്രൂരമായ സ്വഭാവം നിമിത്തം ഇത് നേരെ താരതമ്യം ചെയ്യപ്പെട്ടത് 2012 -ലെ ദില്ലി ബലാത്സംഗത്തോടാണ്. ദില്ലിയിലെപ്പോലെ  ഈ കുറ്റകൃത്യത്തിലും കുറ്റവാളികൾ വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഡ്രൈവർമാരും ക്ളീനർമാരും ആണെന്നും പലരും പറഞ്ഞുകണ്ടു.  അവരുടെ അക്ഷരാഭ്യാസമില്ലായ്കക്ക് ആ കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ധ്വനിപ്പിച്ചുകൊണ്ടായിരുന്നു ആ പരാമർശങ്ങൾ. 

എന്നാൽ, ശരിക്കുള്ള ഹിംസ ഇതൊന്നുമല്ല. അത്, ഇത്തരത്തിലൊരു കുറ്റകൃത്യം നടന്ന ശേഷം ഓൺലൈൻ ആയി നടക്കുന്നതാണ്. കുറ്റവാളികളുടെ അക്ഷരാഭ്യാസമില്ലായ്മയെ കാരണമെന്നു ധ്വനിപ്പിച്ച അതേ സമൂഹം തന്നെ ഇരയാക്കപ്പെട്ട സ്ത്രീ രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്തതിനെയും കുറ്റപ്പെടുത്തി. ഇത് 2012-ലും നടന്നിരുന്നു എങ്കിലും, ഇത്തവണ നടന്ന മറ്റൊരു കാര്യം ഏറെ ഞെട്ടിക്കുന്ന ഒന്നാണ്. നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന അരാജകത്വമെന്ന അർബുദത്തിന്റെ പരിച്ഛേദമാണത്. ഏറെ ഭയപ്പെടുത്തുന്നു അത്. 

എന്തെന്നോ? ഹൈദരാബാദ് അടക്കമുള്ള എല്ലാ ബലാത്സംഗങ്ങളിലെയും ഇരകളുടെ ദുരനുഭവങ്ങളുടെ വിഡിയോകൾക്കു വേണ്ടി പോൺ സൈറ്റുകളിൽ സെർച്ച് ചെയ്യുകയാണ് നമ്മുടെ ഓൺലൈൻ യൂസർമാർ. ഹൈദരാബാദ് കേസിലും എക്സ് വീഡിയോസ്, പോൺ ഹബ് തുടങ്ങിയ വെബ്‌സൈറ്റുകളിൽ കാര്യമായ സെർച്ച് ട്രാഫിക് ദൃശ്യമായി. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലും പാകിസ്താനിലുമായി  80 ലക്ഷത്തിൽ പരം യൂസർമാരാണ് ഇരയുടെ പേര് വെച്ചുതന്നെ വീഡിയോ സെർച്ച് ചെയ്തിരിക്കുന്നത്. 

 

ഈ സൈറ്റുകളുടെ ട്രെൻഡിങ് സെർച്ച് ലിസ്റ്റിലും ഇരയുടെ പേര് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആർക്കാണ് ഇങ്ങനെ അപരിചിതരാൽ ആക്രമിക്കപ്പെട്ട്, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട്, ജീവനോടെ പെട്രോളൊഴിച്ച് കത്തിക്കപ്പെട്ടതിന്റെ ഒക്കെ  വീഡിയോ കാണാൻ താത്പര്യമുണ്ടാവുക എന്നാണോ? എന്നാൽ കേട്ടോളൂ, ഇതാദ്യമായിട്ടല്ല. വെറും എട്ടുവയസ്സുള്ള ഒരു പെൺകുട്ടി, ജമ്മു കശ്മീരിലെ കത്വയിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോഴും ഇതുപോലെ ലക്ഷക്കണക്കിന് പേർ ആ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾക്കായി പോൺ സൈറ്റുകൾ പരതിയിരുന്നു. 

ഈ രണ്ടു സംഭവങ്ങളുടെ പേരിൽ ഉള്ളതിന്റെ നൂറിരട്ടിയെങ്കിലും സെർച്ചുകൾ 'റേപ്പ് ഇന്ത്യ', 'ഫോർസ്ഡ് സെക്സ് ഇന്ത്യ' എന്നൊക്കെയുള്ള പേരിൽ നടന്നിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ പോൺ സൈറ്റുകൾ സന്ദർശിക്കുകയും വിഡിയോകൾ കാണുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇങ്ങനെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലും, ഇന്റർനെറ്റിന്റെ സ്വകാര്യതയിലും ഇരുന്ന് ആസ്വദിക്കുന്ന, സംഭവങ്ങൾ നടന്നു ചൂടാറും മുമ്പുതന്നെ അവയുടെ വീഡിയോകൾക്കായി പോൺസൈറ്റുകളിൽ ഇരുട്ടിവെളുക്കുവോളം സെർച്ച് ചെയ്യുന്ന പകൽമാന്യന്മാർ  തന്നെയാണ്, അടുത്ത ദിവസം വൈകുന്നേരം പാർക്കുകളിൽ, ഒരു കയ്യിൽ  'സ്റ്റോപ്പ് റേപ്പിങ് വിമൺ', 'റേപ്പ് ഈസ് നോട്ട് കൂൾ', ജസ്റ്റിസ് ഫോർ xxxx എന്നൊക്കെ എഴുതിപ്പിടിപ്പിച്ച പ്ലക്കാർഡുകളും, മറുകയ്യിൽ മെഴുകുതിരിയുമായി പ്രതിഷേധങ്ങൾക്ക് ഇറങ്ങുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം.  

click me!