ബാഹ്യസൗന്ദര്യമല്ല, ഉള്ളിലെ സൗന്ദര്യത്തിലാണ് കാര്യമെന്നും ആത്മവിശ്വാസമാണ് ഒരു മനുഷ്യന് വേണ്ടതെന്നും നമ്മളില്‍ ചിന്തിപ്പിക്കുന്ന ഒരു ജീവിതമാണ് മുംബൈ സ്വദേശിനി അനുപ്രിയയുടേത്
ബാഹ്യസൗന്ദര്യമല്ല, ഉള്ളിലെ സൗന്ദര്യത്തിലാണ് കാര്യമെന്നും ആത്മവിശ്വാസമാണ് ഒരു മനുഷ്യന് വേണ്ടതെന്നും നമ്മളില്‍ ചിന്തിപ്പിക്കുന്ന ഒരു ജീവിതമാണ് മുംബൈ സ്വദേശിനി അനുപ്രിയയുടേത്. സൗന്ദര്യമാണ് എല്ലാം എന്ന് കരുതുന്നവര്‍ അലോപേഷ്യ ബാധിച്ച അനുപ്രിയയുടെ കഥ അറിയുക. ഈ രോഗാവസ്ഥ തന്‍റെ കാഴ്ചപ്പാടിനെയും ആത്മവിശ്വാസത്തെയും മാറ്റിമറിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അനുപ്രിയ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ.
അനുപ്രിയയുടെ കഥ ഇങ്ങനെ...
undefined
എനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ എന്‍റെ മുടി കൊഴിയാന്‍ തുടങ്ങി. അത് താല്ക്കാലികമാണെന്നായിരുന്നു ഡോക്ടര്‍മാര്‍ പോലും കരുതിയത്. വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും എനിക്ക് കൂടുതല്‍ മുടി നഷ്ടപ്പെടാന്‍ തുടങ്ങി. പുരികത്തിലെ മുടി വരെ കൊഴിഞ്ഞു.
എന്‍റെ മാതാപിതാക്കള്‍ നിസ്സഹായരായിരുന്നു. അവര്‍ നന്നായി ഭയന്നു. എന്റെ അമ്മ തിരുപ്പതി ക്ഷേത്രത്തിലേക്ക് പോയി മുടി നല്‍കി. എനിക്ക് മുടി വരുമെന്ന പ്രതീക്ഷയിലായിരുന്നു അത്. പക്ഷേ പതിയെ മനസ്സിലായി എനിക്ക് അലോപേഷ്യയാണെന്ന്. എന്‍റെ രൂപമായിരുന്നു എന്‍റെ ഏറ്റവും വലിയ ശത്രു. പുരികം വരച്ചുചേര്‍ത്ത് സ്‌കാര്‍ഫ് ധരിച്ചാണ് ഞാന്‍ സ്‌കൂളിലേക്ക് പോയിരുന്നത്. അത് അത്ര എളുപ്പമായിരുന്നില്ല. ആളുകള്‍ പലരും എനിക്ക് ക്യാന്‍സറാണോ എന്ന് ചോദിച്ചു. മറ്റുള്ളവരില്‍ നിന്ന് അകന്ന് ബോധപൂര്‍വ്വം ഞാന്‍ ഒറ്റയ്ക്കായി. സുഹൃത്തുക്കളോട് പോലും ഞാന്‍ സംസാരിക്കാതായി. എന്റെ പഠനത്തെയും അത് കാര്യമായി ബാധിച്ചു. എന്റെ മാതാപിതാക്കള്‍ വളരെയധികം വിഷമിച്ചു. പക്ഷേ അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.
പത്താംക്ലാസ് ആയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. മാതാപിതാക്കള്‍ എനിക്ക് ഒരു വിഗ് സമ്മാനിച്ചു. അതെനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. അത് ഞാന്‍ എല്ലായ്‌പ്പോഴും ധരിച്ചു. പതിയെ ഞാന്‍ ആളുകളോട് സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ രോഗത്തെ കുറിച്ചും ഞാന്‍ എല്ലാരോടും പറയാന്‍ തുടങ്ങി. എങ്കിലും വിഗ്ഗില്ലാതെ പുറത്തിറങ്ങാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
ഞാന്‍ ഓര്‍ക്കുന്നു, ഒരിക്കല്‍ ഞാന്‍ ഒരു കൂട്ടുകാരിയുടെ കൈയില്‍ നിന്ന് എന്തോ വാങ്ങിയത് അവള്‍ക്ക് പെട്ടെന്ന് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അവള്‍ ഫോണ്‍ വിളിച്ചിരുന്നു. പക്ഷേ അന്ന് എന്റെ വിഗ് നന്നാക്കുന്നതായി കൊടുത്തിരുന്നു. അതില്ലാതെ പുറത്തുപോകാന്‍ ഞാന്‍ ഭയപ്പെട്ടു.
അതുപോലെ ഒരു ദിവസം, എന്‍റെ സുഹൃത്തുക്കള്‍ സൂര്യാസ്തമയം കാണാന്‍ ബീച്ചിലേക്ക് പോകാന്‍ തീരുമാനിച്ചു. അവര്‍ക്കൊപ്പം പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ എന്റെ വിഗ് ഉണ്ടായിരുന്നില്ല. പക്ഷേ സുഹൃത്തുക്കള്‍ എന്നെ വീട്ടില്‍ ഇരുത്താന്‍ തയ്യാറല്ലായിരുന്നു. സുഹൃത്തുക്കളാണോ, ബീച്ചാണോ, സൂര്യസ്തമയമാണോ എന്താണ് എന്നെ ഇത്രയും ഫ്രീയാക്കിയത് എന്ന് എനിക്കറിയില്ല. ഞാന്‍ അവര്‍ക്കൊപ്പം പോയി.
പിന്നീട് പല തവണ വിഗ്ഗില്ലാതെ പുറത്തുപോകാന്‍ ഞാന്‍ തീരുമാനിച്ചു. പതിയെ സോഷ്യല്‍ മീഡിയയില്‍ എന്റെ യഥാര്‍ഥ ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തുതുടങ്ങി. ഞാന്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള സ്‌നേഹമാണ് എനിക്ക് ലഭിച്ചത്. ഞാന്‍ സുന്ദരിയാണെന്ന് തോന്നാന്‍ ഇത്രയും കാലം ഞാന്‍ എന്നെ അനുവദിച്ചില്ലല്ലോ എന്ന കാര്യം അപ്പോഴാണ് എനിക്ക് മനസ്സിലായത്.
നമ്മുടെ ഫീച്ചേഴ്‌സില്‍ അല്ല നമ്മുടെ സൗന്ദര്യം. വെളുത്ത നിറംവും കട്ടിയുള്ള മുടിയും സൈസ് സീറോ ശരീരവുമാണ് സൗന്ദര്യം നമുക്ക് പലപ്പോഴും തോന്നാറുണ്ട്. യഥാര്‍ഥ സൗന്ദര്യം ഇതൊന്നുമല്ല, നമുക്കുള്ളില്‍ നിന്ന് തന്നെ വരുന്നതാണ്. ഇന്ന് ഞാന്‍ കരുത്തുളളവളാണ് അതുകൊണ്ട് തന്നെ ഞാന്‍ അതീവ സുന്ദരിയാണെന്ന് എനിക്കിപ്പോള്‍ തോന്നുന്നുണ്ട്.