എല്ലാ ആര്‍ത്തവത്തിനും ശേഷം സ്തനങ്ങള്‍ സൂക്ഷ്മമായി സ്വയം പരിശോധിക്കുക. ഒരു പരിധി വരെ സ്തനാര്‍ബുദ സൂചനകള്‍ നിങ്ങള്‍ക്ക് തന്നെ കണ്ടെത്താവുന്നതേയുള്ളൂ. എന്നാല്‍ മിക്ക സ്ത്രീകള്‍ക്കും ഇപ്പോഴും സ്തനങ്ങള്‍ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്ന് അറിയില്ലെന്നതാണ് വാസ്തവം
ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലുള്ള അര്‍ബുദരോഗങ്ങളില്‍ മുന്നിലാണ് സ്തനാര്‍ബുദം. ഓരോ നാല് മിനുറ്റിലും രാജ്യത്ത് ഒരു സ്ത്രീക്കെങ്കിലും സ്തനാര്‍ബുദമുള്ളതായി സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്നും ഓരോ 13 മിനുറ്റിലും ഒരു സ്ത്രീയെങ്കിലും സ്തനാര്‍ബുദം മൂലം മരിക്കുന്നുണ്ടെന്നുമാണ് കണക്ക്.
വളരെയധികം ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്ക്. പലപ്പോഴും സമയത്തിന് ചികിത്സ ലഭിക്കാത്തത് മൂലം രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയിലെത്തുകയും മരണം സംഭവിക്കുകയുമാണ് സ്തനാര്‍ബദ കേസുകളില്‍ സംഭവിക്കുന്നത്.
undefined
സമയത്തിന് കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയിലൂടെ രോഗം അതിജീവിക്കാനും സന്തോഷപ്രദമായ തുടര്‍ജീവിതം നയിക്കാനും സ്തനാര്‍ബുദം ബാധിച്ചവര്‍ക്കും സാധ്യമാണ്. എന്നാല്‍ രോഗം കണ്ടെത്താന്‍ ഏറെ സമയമെടുക്കുന്നു എന്നതാണ് വലിയ പ്രതിസന്ധിയാകുന്നത്.
മിക്കപ്പോഴും രോഗത്തെ സൂചിപ്പിക്കാന്‍ ശരീരം നല്‍കുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടാതെ പോവുകയും, ശ്രദ്ധയിലുള്‍പ്പെട്ടാല്‍ തന്നെ അതിന് പരിഗണിക്കാതെ പോവുകയും ചെയ്യുന്നതാണ് അബദ്ധമാകുന്നത്. കുടുംബത്തിന്റെ കാര്യങ്ങളോ, ജോലിക്കാര്യങ്ങളോ നോക്കുന്നതിനൊപ്പം തന്നെ സ്ത്രീകള്‍ സ്വന്തം ശരീരവും സൂക്ഷിക്കേണ്ടതുണ്ട്.
എല്ലാ ആര്‍ത്തവത്തിനും ശേഷം സ്തനങ്ങള്‍ സൂക്ഷ്മമായി സ്വയം പരിശോധിക്കുക. ഒരു പരിധി വരെ സ്തനാര്‍ബുദ സൂചനകള്‍ നിങ്ങള്‍ക്ക് തന്നെ കണ്ടെത്താവുന്നതേയുള്ളൂ. എന്നാല്‍ മിക്ക സ്ത്രീകള്‍ക്കും ഇപ്പോഴും സ്തനങ്ങള്‍ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്ന് അറിയില്ലെന്നതാണ് വാസ്തവം.
അഞ്ച് ഘട്ടങ്ങളിലായി ഇത് ചെയ്യാവുന്നതാണ്. അവ എങ്ങനെയെന്നും വിശദീകരിക്കാം...
ഒന്ന്...
തോള്‍ഭാഗം വൃത്തിയായും 'സ്‌ട്രൈറ്റ്' ആയും വച്ച്, കൈകള്‍ ഇടുപ്പില്‍ വയ്ക്കുക.
ഇനി ഒരു കണ്ണാടിയുടെ സഹായത്തോടെ സ്തനങ്ങളെ നോട്ടത്തിലൂടെ പരിശോധിക്കാം. ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്. ഒപ്പം തന്നെ സ്തനങ്ങളില്‍ നിറവ്യത്യാസം, പാടുകള്‍ എന്തെങ്കിലുമുണ്ടോയെന്നും പരിശോധിക്കുക.
കാണാനുന്ന രീതിയില്‍ സ്തനങ്ങളുടെ ഏതെങ്കിലും ഭാഗത്ത് മുഴച്ചിരിക്കുന്നുണ്ടോയെന്നും പരിശോധിക്കുക. മുലക്കണ്ണുകളിലെ വ്യതിയാനവും ശ്രദ്ധിക്കണം. മുലക്കണ്ണുകളില്‍ വീക്കമുണ്ടെങ്കിലും ശ്രദ്ധിക്കണം.
രണ്ട്...
ആദ്യഘട്ടത്തില്‍ ചെയ്ത അതേ കാര്യങ്ങള്‍ തന്നെ, രണ്ട് കൈകളും പൊക്കിപ്പിടിച്ച ശേഷം ചെയ്തുനോക്കുക.
മൂന്ന്...
മൂന്നാം ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്, മുലക്കണ്ണുകളില്‍ നിന്ന് എന്തെങ്കിലും ദ്രാവകമോ നീരോ പുറത്തുവരുന്നുണ്ടോ എന്നതാണ്. മുലയൂട്ടുന്ന സ്ത്രീകളല്ലെങ്കില്‍ ഇക്കാര്യം ഗൗരവമായി എടുക്കണം. അത്തരത്തില്‍ മുലക്കണ്ണില്‍ നിന്ന് ദ്രാവകം പുറത്തുവരുന്നത് സ്തനാര്‍ബുദ ലക്ഷണമാകാം.
നാല്...
ഇനി കൈകള്‍ കൊണ്ട് പരിശോധിക്കേണ്ട സമയമാണ്. വലതു കൈ കൊണ്ട് ഇടത് സ്തനവും, ഇടതുകൈ കൊണ്ട് വലത് സ്തനവും നന്നായി പരിശോധിക്കുക. സ്തനം മുഴുവനായി പിടിച്ച് വൃത്താകൃതിയില്‍ ചലിപ്പിച്ച് നോക്കാം, അതുപോലെ തടവി നോക്കാം. അസാധാരണമായ മുഴയോ മറ്റോ അനുഭവപ്പെടുന്ന പക്ഷം പരിശോധിക്കുക. ഓര്‍ക്കുക, എപ്പോള്‍ സ്തനങ്ങള്‍ പരിശോധിക്കുമ്പോഴും ഒരേ രീതിയില്‍ മാത്രം ചെയ്യുക. എങ്കിലേ മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.
അഞ്ച്...
നാലാമതായി ചെയ്ത കാര്യങ്ങള്‍ തന്നെ വെറുതെ ഇരിക്കുമ്പോഴോ, നില്‍ക്കുമ്പോഴോ ചെയ്ത് നോക്കാവുന്നതാണ്. അപ്പോഴും ഒരേ രീതി പിന്തുടരാന്‍ ശ്രദ്ധിക്കുക.
കഴിയുമെങ്കില്‍ സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതാണ് ഉചിതം. ഇത് അത്രയേറെ സങ്കീര്‍ണമായ പരിശോധനാരീതിയല്ലെന്ന് മനസിലാക്കുക. രോഗം മൂര്‍ച്ഛിക്കും മുമ്പേ തന്നെ അതിനെ ഇല്ലാതാക്കുന്നതാണ് എപ്പോഴും എളുപ്പം. അതിനാല്‍ രോഗം വരുന്നതിനെ തടയാനല്ല, സമയബന്ധിതമായി പ്രതിരോധിക്കാനുള്ള അവസരങ്ങളാണ് സൃഷ്ടിക്കേണ്ടത്.