എങ്ങനെയാണ് ഒരു 'പോണ്‍ സ്റ്റാര്‍' ഇത്രയും അംഗീകരിക്കപ്പെടുന്നത്?

By hyrunneesa A  |  First Published May 13, 2019, 7:58 PM IST

ഇന്ന് സണ്ണി ലിയോൺ മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ എവിടെനിന്നെല്ലാമാണ് അവര്‍ക്ക് ആശംസകളെത്തുന്നത്! പുരുഷന്മാര്‍, സ്ത്രീകള്‍, സിനിമയെ സ്‌നേഹിക്കുന്നവര്‍, നൃത്തത്തെ ആരാധിക്കുന്നവര്‍, സൗന്ദര്യാസ്വാദകര്‍- അങ്ങനെ പല വിഭാഗങ്ങളിലും പെടുന്ന മനുഷ്യരാണ് അവര്‍ക്ക് ദീര്‍ഘായുസ്സ് നേരുന്നത്. എവിടെവച്ചാണ് 'കേവലം' ഒരു 'പോണ്‍' താരം എന്ന നിലയില്‍ നിന്ന് നമ്മള്‍ സണ്ണി ലിയോണിനെ മാറ്റി പ്രതിഷ്ഠിച്ചത്?


'പോണ്‍ ഇന്‍ഡസ്ട്രി'യെ കുറിച്ച് നമുക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. എന്താണത്? കുടുംബങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട, വഴി പിഴച്ച സ്ത്രീകള്‍ക്ക് ചെന്നുകയറാനുള്ള ഇടം. അല്ലെങ്കില്‍ അതിലുമെത്രയോ പരിതാപകരമായ, മനുഷ്യവിരുദ്ധമായ മറ്റൊരു വീക്ഷണം. അപ്പോള്‍ പിന്നെ കൂടുതല്‍ വിലയിരുത്തലൊന്നും ഒരു 'പോണ്‍' താരത്തിനും ആവശ്യമില്ലല്ലോ!

എന്നാല്‍ ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്കെല്ലാം അപ്പുറത്തേക്കാണ് സണ്ണി ലിയോണ്‍ എന്ന 'പോണ്‍' താരം വളര്‍ന്നത്. ഇന്ന് അവര്‍ മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ എവിടെനിന്നെല്ലാമാണ് അവര്‍ക്ക് ആശംസകളെത്തുന്നത്! പുരുഷന്മാര്‍, സ്ത്രീകള്‍, സിനിമയെ സ്‌നേഹിക്കുന്നവര്‍, നൃത്തത്തെ ആരാധിക്കുന്നവര്‍, സൗന്ദര്യാസ്വാദകര്‍- അങ്ങനെ പല വിഭാഗങ്ങളിലും പെടുന്ന മനുഷ്യരാണ് അവര്‍ക്ക് ദീര്‍ഘായുസ്സ് നേരുന്നത്. 

Latest Videos

undefined

എവിടെവച്ചാണ് 'കേവലം' ഒരു 'പോണ്‍' താരം എന്ന നിലയില്‍ നിന്ന് നമ്മള്‍ സണ്ണി ലിയോണിനെ മാറ്റി പ്രതിഷ്ഠിച്ചത്?

കരിയറിന്റെ തുടക്കത്തില്‍ മോഡലിംഗ് ചെയ്ത സണ്ണി, പിന്നീട് സജീവ 'പോണ്‍' അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയയായ 'പോണ്‍'നായികയായി സണ്ണി അറിയപ്പെടാന്‍ തുടങ്ങി. ലക്ഷങ്ങള്‍ ആരാധകരായി. 

ഒരു ഇന്ത്യന്‍ കുടുംബമായതിനാല്‍ തന്നെ, സ്വാഭാവികമായും നിരവധി ചോദ്യങ്ങളും വിചാരണകളും അവര്‍ ബന്ധുക്കളില്‍ നിന്ന് നേരിട്ടു. എന്നാല്‍ ആത്മവിശ്വാസത്തോടെ കരിയറില്‍ തുടര്‍ന്നു. വൈകാതെ ബോളിവുഡില്‍ സിനിമകള്‍ ചെയ്തുതുടങ്ങി. 

ജിസ്മ് 2, രാഗിണി എംഎംഎസ്- എന്നീ ചിത്രങ്ങളെല്ലാം അവരിലെ അഭിനേത്രിയുടെ സാധ്യതകളിലേക്ക് വെളിച്ചം തുറന്നിട്ടു. അപ്പോഴും നമ്മളെ സംബന്ധിച്ച് അവര്‍ 'പോണ്‍'നായിക മാത്രമായി മനസില്‍ നിന്നു. അന്ധമായി അവരുടെ സൗന്ദര്യം ഇരുട്ടിലിരുന്ന് ആരാധിക്കുമ്പോഴും, പകല്‍വെട്ടത്തില്‍ പരസ്യമായി അവരെ തള്ളിപ്പറയുകയും, അവര്‍ക്ക് ചട്ടങ്ങള്‍ പഠിപ്പിച്ചുനല്‍കുകയും ചെയ്തു. 

സമൂഹമോ സമുദായമോ കുടുംബമോ 'തിരുത്താന്‍' ശ്രമിച്ചിട്ടും താന്‍ ഒരിക്കലും സ്വയം തിരുത്തിയിട്ടില്ലായെന്നും അതിന്റെ ആവശ്യമുള്ളതായി തോന്നിയില്ലെന്നും സണ്ണി ലിയോണ്‍ അഭിമുഖങ്ങളില്‍ ആവര്‍ത്തിച്ചു. തന്നെത്തന്നെ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്ന, അതിന്റെ ബലത്തിലിരിക്കുമ്പോഴും വൈകാരികമായി വളരെ പെട്ടെന്ന് അലിഞ്ഞുപോകുന്ന, എപ്പോഴും കരുതല്‍ വരുന്ന ശക്തയായ ഒരു സ്ത്രീയാണ് താനെന്ന് അവര്‍ സ്വയം പ്രഖ്യാപിച്ചു. അവരുടെ 'പോണ്‍' ക്ലിപ്പുകളോളം തന്നെ അവരുടെ അഭിമുഖങ്ങളും ശ്രദ്ധിക്കപ്പെട്ടു. 

ആത്മാര്‍ത്ഥമായ സംഭാഷണ ശൈലിയാണ് സണ്ണിയുടേതെന്ന് അവരുടെ 'പുതിയ' ആരാധകര്‍ വാദിച്ചു. 2017ല്‍ മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരനാഥ ബാലികയെ ദത്തെടുത്തതോടെ സണ്ണി, പൊതുസമൂഹത്തിന്റെ തുറന്ന ചര്‍ച്ചകളിലേക്കുമെത്തി. വെളുത്തുതുടുത്ത സണ്ണി ദത്തെടുത്തത് കറുത്ത, അനാഥയായ പെണ്‍കുട്ടിയെ ആണെന്നത് അവരുടെ വ്യക്തിമൂല്യങ്ങളുടെ തെളിവായി വായിക്കപ്പെട്ടു. ഓരോ വേദിയിലും അവര്‍ പ്രസന്നതയോടെ സംസാരിച്ചുകൊണ്ടിരുന്നു. 

ഇതിനിടെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് മറ്റൊരു മുഖം തന്നെയാണ് നല്‍കിയത്. ചുരുക്കിപ്പറഞ്ഞാല്‍ സണ്ണി ലിയോണ്‍ എന്ന പോണ്‍ താരത്തിന്റെ ശരീരത്തെക്കാളോ അല്ലെങ്കില്‍ അതിനൊപ്പമോ തന്നെ അംഗീകൃതമായി അവരുടെ വ്യക്തിത്വവും. ജീവിതത്തില്‍ ഇനിയൊരിക്കലും സണ്ണിയുടെ 'പോണ്‍' കാണാനാകില്ലെന്നും, ആ തലത്തില്‍ നിന്നെല്ലാം മാറി, അവരെ മനസില്‍ പ്രതിഷ്ഠിച്ചുവെന്നും വരെ ആരാധകരെക്കൊണ്ട് അവര്‍ സമൂഹമാധ്യമങ്ങളിലെഴുതിച്ചു. 

സ്ത്രീകള്‍ക്കിടയിലും ഒരു വലിയ വിഭാഗം സണ്ണി ലിയോണിന്റെ ആരാധകരായി മാറി. ശരീരത്തിന്റെ സ്വതന്ത്രമായ ആവിഷ്‌കാരം സ്ത്രീത്വത്തിന്റെ ആഘോഷം തന്നെയാണെന്ന് ഇവര്‍ സണ്ണിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് വാദിച്ചു. അഭിമാനത്തോടെ, തന്റെ തൊഴിലിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരു 'പോണ്‍ താരം' സംസാരിക്കുന്നത് എന്തുകൊണ്ടും അവരുടെ ശക്തിയെ ആണ് പ്രതിഫലിപ്പിക്കുന്നതെന്നും അഭിപ്രായങ്ങളുയര്‍ന്നു. 

 

ഇന്ന്, 'ലോകത്തിലേക്ക് വച്ചേറ്റവും കാരുണ്യമുള്ളവളെന്നും ഗംഭീരയായ സ്ത്രീ'യെന്നും സണ്ണിയെ ഭര്‍ത്താവ് ഡാനിയര്‍ വിശേഷിപ്പിക്കുമ്പോള്‍ അതിനെ ശരിവയ്ക്കാന്‍ മലയാളികളെ പോലും പ്രാപ്തരാക്കിയത് അവര്‍ തന്നെയാണ്. അവരുടെ സാന്നിധ്യവും, ദൃഢമായ പ്രതികരണങ്ങളുമാണ്. ഏതൊരു തൊഴില്‍ ചെയ്യുന്ന സ്ത്രീക്കും സമൂഹത്തില്‍ മാന്യമായ ഇടം വേണമെന്ന അടിസ്ഥാന- ആവശ്യത്തെ അവര്‍ തന്നിലൂടെ അഭിസംബോധന ചെയ്യുന്നു.

 

click me!