കൊവിഡ് ഫലമില്ലാതെ അഡ്മിറ്റ് ചെയ്യില്ലെന്ന് ആശുപത്രി; ടെസ്റ്റിനുള്ള ക്യൂവിൽ പ്രസവിച്ച് യുവതി

By Web Team  |  First Published Jul 7, 2020, 12:48 PM IST

കൊവിഡ് ടെസ്റ്റിനുള്ള ക്യൂവിൽ നിൽക്കാനും ഇരിക്കാനും ആവാതെ പ്രസവവേദന കൊണ്ട് പുളയുന്ന അവശതയിൽ കാത്തുനിൽക്കുന്നതിനിടെ അമ്നിയോട്ടിക് ഫ്ലൂയിഡ് ലീക്കായി അവിടെ വെച്ചുതന്നെ പലക്കിന്റെ പ്രസവം നടക്കുകയാണ് ഉണ്ടായത്. 


കൊവിഡ് രോഗഭീതി ഇപ്പോൾ ആശുപത്രികളിലെ സ്വാഭാവികമായ അടിയന്തര ചികിത്സാ പ്രോട്ടോക്കോളുകളെപ്പോലും തകിടം മറിച്ചു കഴിഞ്ഞിരിക്കുകയാണ്. മുമ്പൊക്കെ പ്രസവ വേദനയുമായി ആശുപത്രിയിലെ ലേബർ വാർഡിലേക്ക് വരുന്ന ഗർഭിണികളെ അഡ്മിറ്റ് ചെയ്ത ശേഷമേ മറ്റു ചോദ്യങ്ങൾ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ കൊവിഡ് അടിച്ചേൽപ്പിച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തിൽ പല ആശുപത്രികളിലും അങ്ങനെയല്ല കാര്യങ്ങൾ. അടിയന്തര പരിചരണം ആവശ്യമുള്ള പല രോഗികളെയും ചികിത്സ നിഷേധിച്ച് തിരിച്ചയക്കുന്നതും, അതിന്റെ പേരിൽ അവർക്ക് പ്രാണനഷ്ടം സംഭവിക്കുന്നതും പതിവായിട്ടുണ്ട്. 

അങ്ങനെ ഒരു അനുഭവമാണ് കഴിഞ്ഞ ദിവസം ലഖ്‌നൗവിലെ രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രസവവേദനയുമായെത്തിയ പൂർണഗർഭിണിയായ പലക് എന്ന  22 കാരിക്ക്, കൊവിഡിന്റെ പേരിൽ അനുഭവിക്കേണ്ടി വന്നത്. ഒൻപതു മാസം തികഞ്ഞ് പ്രസവവേദനയുമായി ആശുപത്രിയിലെ ലേബർ വാർഡിലേക്ക് വന്ന അവരെ കാത്തിരുന്നത് കടുത്ത മാനസിക ശാരീരിക പീഡകളാണ്.

Latest Videos

undefined

' ട്രൂ നാറ്റ് കൊവിഡ് ടെസ്റ്റ് പൂർത്തിയാക്കി നെഗറ്റീവ് റിസൾട്ടുമായി എത്താതെ' തങ്ങൾ ലേബർ വാർഡിലേക്ക് അഡ്മിറ്റ് ചെയ്യില്ലെന്ന നിലപാട് ഗൈനക്കോളജി വിഭാഗം സ്വീകരിച്ചതോടെ പലക്കിന്റെ ഭർത്താവായ രമൺ ദീക്ഷിത് എന്ന കൂലിപ്പണിക്കാരൻ ആകെ വെട്ടിലായി.തനിക്ക് ഏത് നിമിഷം വേണമെങ്കിലും പ്രസവം നടക്കാം എന്ന് ഭാര്യ അറിയിച്ചെങ്കിലും ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ വേണ്ട 1500 രൂപ അപ്പോൾ അയാളുടെ കയ്യിൽ ഇല്ലായിരുന്നു. 

ഭാര്യയെ ഒരു ബന്ധുവിനൊപ്പം കൊവിഡ് പരിശോധനയ്ക്കുള്ള വരിയിൽ നിർത്തി പണം സംഘടിപ്പിക്കാൻ വീട്ടിലേക്ക് പോയ രമൺ തിരികെ വന്നപ്പോഴാണ് ഭാര്യ ക്യൂവിൽ നിൽക്കുമ്പോൾ തന്നെ പ്രസവിച്ചു എന്നും അടിയന്തരാവസ്ഥയിൽ ഒരു വാർഡിലേക്ക് അവരെ മാറ്റി എന്നുമുള്ള വിവരം അറിഞ്ഞത്.

കൊവിഡ് ടെസ്റ്റിനുള്ള ക്യൂവിൽ നിൽക്കാനും ഇരിക്കാനും ആവാതെ പ്രസവവേദന കൊണ്ട് പുളയുന്ന അവശതയിൽ കാത്തുനിൽക്കുന്നതിനിടെ അമ്നിയോട്ടിക് ഫ്ലൂയിഡ് ലീക്കായി അവിടെ വെച്ചുതന്നെ പലക്കിന്റെ പ്രസവം നടക്കുകയാണ് ഉണ്ടായത്. അതോടെ പരിഭ്രമിച്ചു പോയ ഗൈനക്കോളജി വിഭാഗം ജീവനക്കാർ അതുവരെയുള്ള നിലപാട് മാറ്റി പെട്ടെന്നുതന്നെ പലക്കിനും കുഞ്ഞിനും വാർഡിൽ ഇടം അനുവദിച്ചു.

അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി വക്താവ് ഡോ. ശ്രീകേഷ് സിംഗ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി എന്നും, അഞ്ചു സ്റ്റാഫ് മെമ്പർമാരെ അന്വേഷണം പൂർത്തിയാകും വരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തുന്നു എന്നും ആശുപത്രി ഡയറക്ടർ പ്രൊഫ. നുസാത് ഹുസ്സൈൻ പറഞ്ഞു.

ഗൈനക്കോളജി വിഭാഗം മേധാവിയോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. മൂന്നംഗ സമിതിയുടെ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക്  വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികളും പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞതായി IANS റിപ്പോർട്ട് ചെയ്യുന്നു.

click me!