ജോലിക്കാരായ സ്ത്രീകള്‍ അറിയാന്‍ അഞ്ച് കാര്യങ്ങള്‍...

By Web Team  |  First Published Nov 3, 2019, 3:30 PM IST

ദിവസവും ഉള്ള ഓട്ടപ്പാച്ചിലും മാനസിക സമ്മർദ്ദങ്ങളും ആദ്യം ബാധിക്കുന്നത് ചർമ്മത്തിന്‍റേയും മുടിയുടേയുമെല്ലാം ആരോഗ്യത്തെ ആയിരിക്കും. ഇതില്‍ മുഖസൗന്ദര്യത്തിന്റെ കാര്യം മാത്രമൊന്ന് എടുത്ത് പരിശോധിക്കാം. ദിവസവും ചെയ്യാവുന്ന ചെറിയ ചില കാര്യങ്ങള്‍ ചെയ്താല്‍ തന്നെ ഒരു പരിധി വരെ മുഖചര്‍മ്മത്തെ സംരക്ഷിച്ച് നിര്‍ത്താം. എന്നാല്‍ അത് പോലും ചെയ്യുന്നതിനെ കുറിച്ച് ജോലിക്കാരായ മിക്ക സ്ത്രീകളും ശ്രദ്ധിക്കുന്നില്ല


ദിവസവും രാവിലെ തിരക്കിട്ട് വീട്ടുജോലികളെല്ലാം ഒതുക്കി ഓഫീസിലെത്തി, അവിടെയുള്ള ജോലികളില്‍ മുഴുകും. പിന്നെ വൈകുന്നേരം ഇറങ്ങി തിരിച്ച് വീട്ടിലേക്കുള്ള ഓട്ടമാണ്. ജോലിക്കാരായ സ്ത്രീകളുടെ മിക്കവരുടേയും അവസ്ഥ ഇങ്ങനെയാണ്. ഇതിനിടയില്‍ ആരോഗ്യവും സൗന്ദര്യവുമൊക്കെ ശ്രദ്ധിക്കാന്‍ എവിടെ സമയം!

സ്വാഭാവികമായും ഇത്തരക്കാര്‍ പെട്ടെന്ന് പ്രായമായത് പോലെയും ക്ഷീണിതരായുമെല്ലാം കാണപ്പെടും. ഇതിനെല്ലാം പുറമെ നിത്യവും അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ ഭാഗമായും ശരീരം മോശം അവസ്ഥയിലെത്തും.

Latest Videos

undefined

പ്രധാനമായും ചര്‍മ്മം, മുടി എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് ഈ സമ്മര്‍ദ്ദങ്ങളുടെയെല്ലാം പ്രതിഫലനങ്ങള്‍ കാണുക. കണ്ണിന് താഴെ കറുപ്പ്, മുഖത്ത് ചുളിവുകള്‍ വരുന്നത്, മുടി കൊഴിയുന്നത്- എല്ലാം ഇവയില്‍ ചില പ്രശ്‌നങ്ങള്‍ മാത്രം. 

 


ഇതില്‍ മുഖസൗന്ദര്യത്തിന്റെ കാര്യം മാത്രമൊന്ന് എടുത്ത് പരിശോധിക്കാം. ദിവസവും ചെയ്യാവുന്ന ചെറിയ ചില കാര്യങ്ങള്‍ ചെയ്താല്‍ തന്നെ ഒരു പരിധി വരെ മുഖചര്‍മ്മത്തെ സംരക്ഷിച്ച് നിര്‍ത്താം. എന്നാല്‍ അത് പോലും ചെയ്യുന്നതിനെ കുറിച്ച് ജോലിക്കാരായ മിക്ക സ്ത്രീകളും ശ്രദ്ധിക്കുന്നില്ല. 

ഇത്തരത്തില്‍ എളുപ്പത്തില്‍ ചെയ്യാവുന്ന അഞ്ച് കാര്യങ്ങളെ കുറിച്ച് ഒന്ന് പറയാം. സ്ഥിരമായി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ ഇല്ലയോ എന്ന് ഇവ കേട്ട ശേഷം നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. 

ഒന്ന്...

രാവിലെ കുളി കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വീട്ടില്‍ തിരിച്ചെത്തും വരെ മുഖം കഴുകാതിരിക്കുന്നവരുണ്ട്. ഇത് മുഖചര്‍മ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കും. 

 


ഈ സമയത്തിനിടയില്‍ രണ്ട് തവണയെങ്കിലും മുഖം കഴുകാന്‍ ശ്രദ്ധിക്കുക. സോപ്പോ ഫെയ്‌സ് വാഷോ നിര്‍ബന്ധമില്ല, വെറും തണുത്ത വെള്ളത്തില്‍ നന്നായി കഴുകിത്തുടച്ചാലും മതി. 


രണ്ട്...

മുഖത്തെ നശിച്ചുപോയ കോശങ്ങളെ കൃത്യമായും ഇളക്കിയെടുത്ത് കളയാന്‍ ശ്രദ്ധിക്കുക. ഇതിനായി പ്രകൃതിദത്തമായ സ്‌ക്രബോ കടയില്‍ നിന്ന് വാങ്ങിക്കുന്ന സ്‌ക്രബോ ഉപയോഗിക്കാം. എപ്പോഴും വീട്ടിലിരിക്കുന്നവരാണെങ്കില്‍ ഇത് ആവശ്യമെങ്കില്‍ മാത്രം ചെയ്താല്‍ മതി. എന്നാല്‍ ദിവസവും പുറത്തുപോകുന്നവര്‍ ഇത് കൃത്യമായും ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം മുഖചര്‍മ്മം ആകെ പ്രശ്‌നത്തിലായേക്കും.

മൂന്ന്...

ധാരാളമായി കാറ്റും പൊടിയും അടിക്കുന്നതിനാല്‍ ജോലിക്കാരായ സ്ത്രീകളുടെ മുഖചര്‍മ്മം എളുപ്പത്തില്‍ വരണ്ടുപോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദിവസവും ഒരു മോയിസ്ചറൈസര്‍ ഉപയോഗിക്കുക. 

നാല്...

പൊടിയും കാറ്റും അടിക്കുന്നത് കൊണ്ട് ചര്‍മ്മം വരണ്ടുപോകുന്നു എന്ന് മാത്രമല്ല, അഴുക്ക് അടിയാനും ഇത് ഇടയാക്കും. ഇത്തരത്തില്‍ മുഖത്ത് അടിയുന്ന അഴുക്കിനെ ഇളക്കിക്കളയാന്‍ ഇടയ്ക്ക് ക്ലെന്‍സര്‍ ഉപയോഗിക്കണം. 

 


വീര്യം കുറഞ്ഞ ക്ലെന്‍സറാണ് ഏറ്റവും ഉത്തമം. അതുപോലെ മുഖത്ത് മേക്കപ്പിടുന്ന പതിവുണ്ടെങ്കില്‍ അത് വൃത്തിയാക്കാതെ രാത്രിയില്‍ ഉറങ്ങുകയും അരുത്. 

അഞ്ച്...

അഞ്ചാമതായി നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, പതിവായി ഏതെങ്കിലും ഗുണമേന്മയുള്ള ഒരു 'നൈറ്റ് ക്രീം' ഉപയോഗിക്കുക. മുഖത്തെ കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഇത് ഏറെ സഹായകമാണ്. സ്വതന്ത്രമായി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ടെങ്കില്‍ ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കണ്ട് വേണ്ട ഉപദേശങ്ങള്‍ തേടാവുന്നതേയുള്ളൂ. 

നിത്യവും എളുപ്പത്തില്‍ ചെയ്യാവുന്ന വളരെ ലഘുവായ ചില കാര്യങ്ങള്‍ മാത്രമാണിത്. ചെറിയ പരിധി വരെയെങ്കിലും മുഖചര്‍മ്മം നേരിടുന്ന പ്രശ്‌നങ്ങള്‍ ഇതിനാല്‍ കുറയ്ക്കാനായാല്‍ അത്രയും നല്ലതല്ലേ?

click me!