പ്രസവശേഷമുള്ള വ്യായാമം; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

By Web Team  |  First Published Jul 27, 2022, 10:17 AM IST

പ്രസവത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനമെടുക്കരുത്. ഇതിനായി കഠിനമായ പരിശീലനങ്ങള്‍ നടത്തുകയും അരുത്


പ്രസവശേഷമുള്ള ശരീര- സൗന്ദര്യസംരക്ഷണം ഇന്ന് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. പ്രസവം കഴിഞ്ഞ ശേഷമുണ്ടാകുന്ന അമിതവണ്ണം, ശരീരവേദന, മറ്റ് അസ്വസ്ഥതകള്‍- ഇവയെല്ലാം ഒഴിവാക്കാന്‍ വ്യായാമം ഒരു നല്ല മാര്‍ഗമാണ്. എന്നാല്‍ പ്രസവാനന്തരം എപ്പോള്‍ വ്യായാമം തുടങ്ങാം.., എന്തെല്ലാം ചെയ്യാം.., ഇക്കാര്യത്തിലൊക്കെ പലപ്പോഴും വേണ്ടത്ര ധാരണയുണ്ടാകാറില്ല. 

ആദ്യമേ കരുതേണ്ട കാര്യം, പ്രസവശേഷമുള്ള വ്യായാമം, ഒരു ഡോക്ടറുടെ നിര്‍ദേശം കൂടി തേടിയിട്ടേ തുടങ്ങാവൂ എന്നതാണ്. സുഖപ്രസവമാണെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ചെറിയ രീതിയില്‍ വ്യായാമം ചെയ്ത് തുടങ്ങാം. അപ്പോഴും ഡോക്ടറുടെ നിര്‍ദേശം തേടുന്നത് തന്നെയാണ് ഉചിതം. സിസേറിയന്‍ കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ 'പോസ്റ്റ് നേറ്റല്‍ ചെക്കപ്പ്' നടത്തി, ഡോക്ടറുടെ അനുമതി കൂടി നേടിയ ശേഷം മാത്രമേ വ്യായാമം തുടങ്ങാവൂ. 

Latest Videos

undefined

ശരീരത്തിന് അധികം ആയാസം വരുന്ന വ്യായാമമുറകള്‍ പ്രസവം കഴിഞ്ഞയുടന്‍ ചെയ്യരുത്. പ്രത്യേകിച്ച് വയറിലേക്ക് അമിത ആഘാതം ഏല്‍പിക്കുന്ന തരത്തിലുള്ളത്. പെല്‍വിക് മസില്‍, ബാക്ക് മസില്‍, ലോവര്‍ ആബ് മസില്‍ എന്നിവയാണ് പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ദുര്‍ബലമാകുന്നത്. അതിനാല്‍ ഇവയെ ദൃഢപ്പെടുത്താനുള്ള വ്യായാമങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. 

നടത്തം, ആയാസം കുറവുള്ള കാര്‍ഡിയോ വ്യായാമങ്ങള്‍, ബാക്ക് മസിലും, പെല്‍വിക്ക് മസിലും ശക്തിപ്പെടുത്താനുള്ള വ്യായാമങ്ങള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. മുലയൂട്ടുന്ന കാലമായതിനാല്‍ ശരീരത്തെ അമിതമായി ബാധിക്കുന്ന ഒന്നും ചെയ്യുകയും അരുത്. അക്കാര്യത്തിലും കാര്യമായ ശ്രദ്ധ ആവശ്യമാണ്. 

പ്രസവത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കണമെന്ന് തീരുമാനമെടുക്കരുത്. ഇതിനായി കഠിനമായ പരിശീലനങ്ങള്‍ നടത്തുകയും അരുത്. ചെറിയ തോതില്‍ മാത്രം വ്യായാമം തുടങ്ങുക. വളരെ സമയമെടുത്ത് വണ്ണം കുറയ്ക്കാം. അപ്പോഴും ഓര്‍ക്കുക, ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. 

click me!