ആര്‍ത്തവമില്ലാത്ത ദിവസങ്ങളില്‍ വ്യായാമം പതിവാക്കുക. അതുപോലെ ഭക്ഷണത്തിലും ചില അവശ്യഘടകങ്ങള്‍ ഉറപ്പുവരുത്താം. ഇതിന് വേണ്ടിയുള്ള അഞ്ച് 'ഡയറ്റ് ടിപ്‌സ്' ആണ് ഇനി പറയുന്നത്.
ആര്‍ത്തവദിവസങ്ങളില്‍ വയറുവേദനയും നടുവേദനയുമെല്ലാം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ മാസങ്ങളോളം കടുത്ത വേദന തുടരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധന നടത്തേണ്ടതുണ്ട്. കാരണം തുടര്‍ച്ചയായ കടുത്ത വേദന 'എന്‍ഡോമെട്രിയോസിസ്', 'പിസിഒഡി', 'അഡിനോമയോസിസ്', 'ഫൈബ്രോയിഡ്‌സ്' എന്നീ അസുഖങ്ങളുടെ ഭാഗമായാകാം അനുഭവപ്പെടുന്നത്.
അതിനാല്‍ അത്തരം പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് ഉറപ്പുവരുത്തുക. തുടര്‍ന്നും വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ജീവിതരീതികളിലും ഡയറ്റിലുമെല്ലാം ചെറിയ മാറ്റങ്ങള്‍ വരുത്തിനോക്കാം. ആര്‍ത്തവമില്ലാത്ത ദിവസങ്ങളില്‍ വ്യായാമം പതിവാക്കുക. അതുപോലെ ഭക്ഷണത്തിലും ചില അവശ്യഘടകങ്ങള്‍ ഉറപ്പുവരുത്താം. ഇതിന് വേണ്ടിയുള്ള അഞ്ച് 'ഡയറ്റ് ടിപ്‌സ്' ആണ് ഇനി പറയുന്നത്.
undefined
ഒന്ന്...
ആര്‍ത്തവമുള്ളപ്പോള്‍ 'മഗ്നീഷ്യം' അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. പേശികളെ 'റിലാക്‌സ്' ചെയ്യിക്കാന്‍ 'മഗ്നീഷ്യ'ത്തിന് കഴിവുണ്ട്. ഗര്‍ഭാശയ പേശികളെ 'റിലാക്‌സ്' ചെയ്യിക്കുകയും അതുവഴി വേദന കുറയ്ക്കുകയും ചെയ്യാന്‍ 'മഗ്നീഷ്യം' അടങ്ങിയ ഭക്ഷണം സഹായിക്കും.
മത്തന്‍കുരു, ഫ്‌ളാക്‌സ് സീഡ്‌സ്, അവക്കാഡോ, ചീര, അണ്ടിപ്പരിപ്പ് എന്നിവയെല്ലാം 'മഗ്നീഷ്യം' അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് ഉദാഹരണമാണ്.
രണ്ട്...
'കാത്സ്യം' അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ആര്‍ത്തവകാല വേദന കുറയ്ക്കാന്‍ സഹായിക്കും. പേശികളുടെ ആരോഗ്യത്തിനാണ് ഈ ഘട്ടത്തില്‍ 'കാത്സ്യം' ഉപകരിക്കുന്നത്. പാല്‍- പാലുത്പന്നങ്ങള്‍ തന്നെയാണ് നിത്യജീവിതത്തില്‍ നമുക്ക് 'കാത്സ്യം' നല്‍കുന്ന പ്രധാന സ്രോതസുകള്‍. സോയ, ഇലക്കറികള്‍, റാഗി എന്നിവയെല്ലാം 'കാത്സ്യം' അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ.
മൂന്ന്...
'ഒമേഗ-3 ഫാറ്റി ആസിഡുകള്‍' അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വേദനയെ അകറ്റാന്‍ സഹായിക്കും. പൊതുവേ കൊഴുപ്പടങ്ങിയ മീനുകളിലാണ് അധികവും 'ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കാണപ്പെടുന്നത്'. മത്തി, ഐല, ചാള, കോര, ചൂര എന്നീ വിഭാഗത്തില്‍ പെടുന്ന മീനുകളെല്ലാം 'ഒമേഗ- 3 ഫാറ്റി ആസിഡുകള'ാല്‍ സമ്പന്നമാണ്. ഇതിന് പുറമെ വാള്‍നട്ടസ്, ബ്രസീല്‍ നട്ട്‌സ് എന്നിവയും 'ഒമേഗ -3 ഫാറ്റി ആസിഡുകള'ാല്‍ സമ്പുഷ്ടമാണ്.
നാല്...
ആര്‍ത്തവകാലത്തെ വേദനയ്‌ക്കൊപ്പം തന്നെ വിഷമതകളുണ്ടാക്കുന്നതാണ് മാനസികാസ്വസ്ഥതയും ക്ഷീണവും 'മൂഡ്' മാറ്റങ്ങളുമെല്ലാം. ഇതിനെ പ്രതിരോധിക്കാന്‍ വിറ്റാമിന്‍ ബി-6 അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാം.
ഓട്ട്‌സ്, ഗോതമ്പ്, മുട്ട, പാല്‍, ബ്രൗണ്‍ റൈസ്, സോയാബീന്‍ എന്നിവയിലെല്ലാം വിറ്റാമിന്‍ ബി-6 അടങ്ങിയിട്ടുണ്ട്.
അഞ്ച്...
ഇഞ്ചിയിലടങ്ങിയിരിക്കുന്ന 'ജിഞ്ചറോള്‍' എന്ന ഘടകവും ആര്‍ത്തവകാല വേദനയെ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ ആര്‍ത്തവസമയത്തുണ്ടാകുന്ന ഗ്യാസ്ട്രബിള്‍, ഓക്കാനം എന്നിവ ഇല്ലാതാക്കാനും ഇത് ഏറെ ഉപകരിക്കും.
Also Read:- പിസിഒഡി അലട്ടുന്നുണ്ടോ; ഈ നാല് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ...