'എന്‍റെ ഈ തൊഴില്‍ അമ്മയ്ക്ക് നാണക്കേടാകുമോ?'; മകളുടെ ചോദ്യത്തിന് ഒരമ്മയുടെ മറുപടി ഇങ്ങനെ; കുറിപ്പ്

By Web Team  |  First Published Jan 7, 2021, 5:43 PM IST

അമ്മയാണ് ഏറ്റവും വലിയ പ്രചോദനമെന്ന് മകള്‍ രേഷ്മ മോഹനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 


കാടും മലയും കയറി ആദിവാസി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം എത്തിക്കുന്ന ഒരു അധ്യാപികയെ ഓര്‍മ്മയില്ലേ? അമ്പൂരി ഏകാധ്യാപക വിദ്യാലയത്തിലെ ഉഷാ കുമാരി ടീച്ചറെ ആരും മറക്കാനിടയില്ല.  ഉഷാ കുമാരി ടീച്ചറുടെ ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 'ഞാന്‍ വെഡിങ് കമ്പനി തുടങ്ങിയാൽ അമ്മയ്ക്ക് നാണക്കേട് ആകുമോ?' എന്ന മകളുടെ ചോദ്യത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുകയാണ് ഈ അമ്മ. 

ഫോട്ടോഗ്രഫി പഠിക്കണമെന്ന് മകള്‍ പറഞ്ഞപ്പോള്‍ അത് ആണ്‍കുട്ടികള്‍ക്കുള്ള മേഖലാണെന്ന് പറഞ്ഞ് മകളെ പിന്തിരിപ്പിക്കാന്‍ ആദ്യം ശ്രമിച്ചിരുന്നു എന്നും ഉഷാ കുമാരി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഒടുവില്‍ മകളുടെ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു ഈ അമ്മ. അമ്മയാണ് ഏറ്റവും വലിയ പ്രചോദനമെന്ന് മകള്‍ രേഷ്മ മോഹനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

Latest Videos

undefined

 

ഉഷാ കുമാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

വെഡിങ് കമ്പനി തുടങ്ങിയാൽ അമ്മയ്ക്ക് നാണക്കേട് ആകുമോ? ഈ ചോദ്യം കുറച്ചു നാളായി കേൾക്കുന്നു. ഇന്ന് അതിന് ഒരു തീരുമാനം ആയി.

മകൾ ഫോട്ടോഗ്രഫി പഠിക്കണം എന്ന് പറഞ്ഞപ്പോൾ അത് ആൺ കുട്ടികൾക്കുള്ള ഫീൽഡ് ആണ് എന്ന് പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവളുടെ ചോദ്യങ്ങൾക്ക് എനിക്ക് മറുപടിയില്ലായിരുന്നു. പെൺകുട്ടികൾ എന്നും മുന്നോട്ട് വരണം എന്നു പറയുന്ന അമ്മയാണോ ഇങ്ങനെ ചിന്തിക്കുന്നത് സാമൂഹ്യമാറ്റം ആഗ്രഹിക്കുന്നവർ പുരോഗമന ചിന്താഗതിക്കാർ എന്നിവരുടെ പ്രവർത്തങ്ങളിൽ സജ്ജീവമായിരുന്ന അമ്മയെ പോലുള്ളവർ ഇങ്ങനെ ചിന്തിച്ചാൽ മറ്റുള്ള സ്ത്രീകളുടെ കാര്യം പറയണമോ?

അങ്ങനെ  പല പരീക്ഷണ ഘട്ടങ്ങളും താണ്ടി  തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിൽ നിന്നും നല്ല മാർക്കോടുകൂടി മകള്‍ ഫോട്ടോഗ്രഫി ജേർണലിസം പാസ്സായി.  അപ്പോൾ ഞാനൊരു മുന്നറിയിപ്പ് കൊടുത്തിരുന്നു. ഫീൽഡിൽ ഇറങ്ങുമ്പോൾ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവരും. അതൊക്കെ നേരിടാൻ ധൈര്യം ഉണ്ടെങ്കിൽ മാത്രം ഈ ഫീൽഡിൽ ഇറങ്ങാവൂ  ഒന്നിനും പുറകെ ഓടാൻ മറ്റുള്ളവർ എപ്പോഴും കാണില്ല എന്ന്.

ഒരു സ്ത്രീ എന്ന നിലയിൽ നേരിടേണ്ടിവരു ന്ന പ്രശ്നങ്ങൾ സ്വാന്തമായി തന്നെ കൈകാര്യം ചെയ്തു മുന്നോട്ടു പോകുന്ന ഒരു ലേഡി ഫോട്ടോഗ്രാഫർ ആണ് ഇന്ന് എന്റെ മകൾ രേഷ്മ മോഹൻ. ആദ്യമൊക്കെ എല്ലാവർക്കും എതിർപ്പ് ഉണ്ടായിരുന്നു.  എങ്കിലും അവളുടെ കഠിനാധ്വാനവും പരിശ്രമങ്ങളും കണ്ടില്ല എന്ന് നടിക്കാൻ ഞങ്ങൾക്കും കഴിയുന്നില്ല. ഞങ്ങളും വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നിരുന്നാലും ഞങ്ങൾ അവളോടൊപ്പം ഉണ്ടായിരുന്നു. ഒന്ന് ചീഞ്ഞാലേ അടുത്തതിന് വളം ആകൂ. അങ്ങനെ കിട്ടിയ വളത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്‌ അവൾക്കു പ്രവർത്തിക്കാൻ അവളുടെ മനസ്സ് അതിനു പാകമായിരുന്നു. വെഡിങ് കമ്പനി തുടങ്ങിയാൽ അമ്മയ്ക്ക് നാണക്കേട് ആകുമോ എന്ന ചോദ്യത്തിന് ഇന്ന് 'ഇല്ല' എന്ന് ധൈര്യത്തോടെ എനിക്ക് പറയാൻ സാധിക്കും.

എല്ലാം കത്തി അമർന്ന ചാരത്തിൽ നിന്ന് എന്റെ മകൾ ഒരു ഫീനിഷ് പക്ഷിയെ പോലെ  ഉയർത്ത് എഴുന്നേറ്റ് അവൾ  അവളുടെ പ്രവർത്തന മണ്ഡലത്തിൽ ഒരു പുതിയ കാൽവയ്പ്പ് നടത്തുന്നു. ഒരു വെഡിങ് കമ്പനി, "Wed Queen Wedding company". അതിനായി എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം.

 

 

Also Read: എന്താ അമ്മ രക്ഷിതാവ് ആകില്ലേ? അപേക്ഷയിൽ കോളമില്ല; വൈറലായി ട്വീറ്റ്...

click me!