'ദ ബോള്‍ഡ് ഇന്ത്യന്‍ ബ്രൈഡ്'; ആരും ഇഷ്ടപ്പെട്ടുപോകും ഈ 'വധു'വിനെ...

By Web Team  |  First Published Mar 2, 2019, 6:42 PM IST

നൃത്തമായിരുന്നു വൈഷ്ണവിയുടെ എല്ലാക്കാലത്തെയും കൂട്ട്. കാലം പഠിപ്പിച്ച പുതിയ താളത്തിനൊത്ത്, പുതിയ ചുവടുകള്‍ വച്ച് നീങ്ങാന്‍ തുടങ്ങിയപ്പോഴേക്കും വീണ്ടും രോഗം വില്ലനായി എത്തി. ആദ്യം രോഗം വന്ന് ഭേദമായി, അഞ്ച് വര്‍ഷം കഴിഞ്ഞിരുന്നു അപ്പോള്‍


ഇത് വൈഷ്ണവിയുടെ വിവാഹചിത്രമല്ല. പൊട്ടും പുടവയും ആഭരണങ്ങളുമണിഞ്ഞ്, കണ്ണില്‍ നിറഞ്ഞ വെളിച്ചവും വിടര്‍ന്ന ചിരിയുമായി അവള്‍ കാത്തുനില്‍ക്കുന്നത് തന്റെ വരനെയുമല്ല. രണ്ട് തവണ തന്നില്‍ നിന്ന് വിധി തട്ടിപ്പറിക്കാനൊരുങ്ങിയ ജീവിതത്തെ തന്നെയാണ് അങ്ങേയറ്റത്തെ സ്‌നേഹത്തോടും പ്രതീക്ഷയോടും കൂടി വൈഷ്ണവി ചേര്‍ത്തുപിടിക്കുന്നത്. സ്വന്തം ജീവിതം തന്നെയാണ് തന്റെ പങ്കാളിയെന്നാണ് അവള്‍ ഇതോടെ പ്രഖ്യാപിക്കുന്നത്. 

മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരി വൈഷ്ണവി പൂവേന്ദ്രന്‍. രണ്ടുതവണയാണ് ക്യാന്‍സറിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ആദ്യത്തെ തവണ രോഗം സ്ഥിരീകരിച്ചപ്പോള്‍ ധൈര്യവും വിശ്വാസവും പകരാന്‍ പ്രിയപ്പെട്ടവരെല്ലാം കൂടെ നിന്നു. പരിപൂര്‍ണ്ണമായും രോഗം ഭേദമായി എന്നറിഞ്ഞപ്പോള്‍ പഴയതിനെക്കാളേറെ ജീവിതത്തെ പ്രണയിക്കാന്‍ അവള്‍ തീരുമാനിച്ചു. 

Latest Videos

undefined

നൃത്തമായിരുന്നു വൈഷ്ണവിയുടെ എല്ലാക്കാലത്തെയും കൂട്ട്. കാലം പഠിപ്പിച്ച പുതിയ താളത്തിനൊത്ത്, പുതിയ ചുവടുകള്‍ വച്ച് നീങ്ങാന്‍ തുടങ്ങിയപ്പോഴേക്കും വീണ്ടും രോഗം വില്ലനായി എത്തി. ആദ്യം രോഗം വന്ന് ഭേദമായി, അഞ്ച് വര്‍ഷം കഴിഞ്ഞിരുന്നു അപ്പോള്‍.  ഇക്കുറി നട്ടെല്ലിനെയും കരളിനെയുമായിരുന്നു ക്യാന്‍സര്‍ ബാധിച്ചത്. രണ്ടാം തവണ രോഗമെത്തിയപ്പോള്‍ വൈഷ്ണവി വല്ലാതെ തകര്‍ന്നു. എങ്കിലും പ്രിയപ്പെട്ടവരും സുഹൃത്തുക്കളും അവളെ വിടാതെ ചേര്‍ത്തുപിടിച്ചു. 

 

 
 
 
 
 
 
 
 
 
 
 
 
 

😁😂😁

A post shared by Navi Indran Pillai (@naviindranpillai) on Dec 4, 2018 at 1:39am PST

 

അങ്ങനെ ആ കടമ്പയും അവള്‍ കടന്നു. 2018 ഡിസംബറില്‍ അവസാനത്തെ കീമോയും കഴിഞ്ഞു. കീമോ കവര്‍ന്നെടുത്ത തന്റെ സുന്ദരമായ മുടിയായിരുന്നു വൈഷ്ണവിയുടെ ഏറ്റവും വലിയ വേദന. 

'ഒരുപാട് വേദനകള്‍ അനുഭവിച്ചു. പക്ഷേ മുടി പോയതായിരുന്നു എനിക്ക് താങ്ങാന്‍ ആകാതിരുന്നത്. പറയത്തക്ക സൗന്ദര്യമുള്ള ഒരാളാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ ഉള്ള ഭംഗിയുടെ ഒരു വലിയ പങ്ക് മുടിക്ക് അവകാശപ്പെട്ടിരുന്നു. അത് നഷ്ടപ്പെടുകയെന്നത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ലായിരുന്നു. പക്ഷേ അംഗീകരിച്ചേ പറ്റൂ. നമ്മള്‍ എങ്ങനെയിരിക്കുന്നോ, അതിനെ ആദ്യം നമ്മളാണ് അംഗീകരിക്കേണ്ടത്. പിന്നെയതിനെ സ്വീകരിക്കാന്‍ നമുക്കാവും...'- വൈഷ്ണവി പറയുന്നു. 

ക്യാന്‍സര്‍ ബാധിതരായ ആളുകളില്‍ പൊതുവേയുണ്ടാകുന്ന ആത്മവിശ്വാസക്കുറവിനെ കുറിച്ച് സംസാരിക്കാനാണ് വൈഷ്ണവി ഇപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്നത്. ധാരാളം പേര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, ഈ പ്രശ്‌നം നേരിടുന്നുണ്ട്. വിവാഹം പോലൊരു സ്വപ്‌നമൊക്കെ ഉപേക്ഷിച്ച് സ്വയം വെറുത്ത് ഒട്ടും നിറങ്ങളില്ലാത്ത ജീവിതത്തിലേക്ക് അവര്‍ ഒതുങ്ങിക്കൂടുന്നു. എന്നാല്‍ അത്തരം പിന്‍വാങ്ങലിന്റെ കാര്യമില്ലെന്നാണ് വൈഷ്ണവി പറയുന്നത്. 

ആരും ഇഷ്ടപ്പെടുന്ന, കണ്ടാല്‍ കൊതിച്ചുപോകുന്ന വധുവായി ഒന്ന് വേഷമിടാന്‍ വൈഷ്ണവി തീരുമാനിക്കുന്നതും അങ്ങനെയാണ്. പരമ്പരാഗത വിവാഹവസ്ത്രവും ആഭരണങ്ങളുമെല്ലാമണിഞ്ഞ് ആത്മവിശ്വാസത്തോടെ അവള്‍ ക്യാമറയെ നേരിട്ടത് തന്നെപ്പോലുള്ള ആയിരക്കണക്കിന് ക്യാന്‍സര്‍ സര്‍വൈവേഴ്‌സിന് ധൈര്യം പകരാനാണ്. രോഗം ബാധിച്ചവര്‍ക്ക് അതിനെ അതീജിവിക്കാനുള്ള വിശ്വാസം നല്‍കാനാണ്. 

 

വൈഷ്ണവിയുടെ 'ദ ബോള്‍ഡ് ഇന്ത്യന്‍ ബ്രൈഡ്' എന്ന വിവാഹ ഫോട്ടോഷൂട്ട് അങ്ങനെ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി. നിരവധി പേരാണ് അഭിനന്ദനങ്ങളുമായി വൈഷ്ണവിയെ തേടിയെത്തുന്നത്. ഒപ്പം ഒരു വലിയ സന്ദേശം സമൂഹത്തിന് കൈമാറാനായി ആ ചിത്രങ്ങളും അവര്‍ പങ്കുവയ്ക്കുന്നു. ഇപ്പോള്‍ നൃത്തം മാത്രമല്ല വൈഷ്ണവിക്ക് കൂട്ട്. ഒരു 'മോട്ടിവേഷണല്‍ സ്പീക്കര്‍' കൂടിയാണ് വൈഷ്ണവി. ജീവിതത്തെ സന്തോഷത്തോടെയും തികഞ്ഞ ധൈര്യത്തോടെയും നേരിടാന്‍ മടിക്കുന്ന ആര്‍ക്കും ഒന്ന് കയറിനോക്കാം, വൈഷ്ണവിയുടെ ജീവിതത്തിലേക്ക്. തിരിച്ചിറങ്ങുമ്പോള്‍ ഒരു പോരാളിയെപ്പോലെ നിങ്ങള്‍ ശക്തരായി മാറിയിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

click me!