തന്റെ മക്കളുടെ ജീവിതം സുരക്ഷിതമാക്കുന്നതിലേക്കായി, ഭർത്താവിന്റെ കാമുകിയുടെ പേരിൽ ഉണ്ടായിരുന്ന ഒന്നരക്കോടിയുടെ സ്വത്ത്, തന്റെ പേരിൽ രജിസ്റ്റർ ചെയ്തു തരണം എന്നതായിരുന്നു ആ ആവശ്യം.
ഭോപ്പാൽ സ്വദേശിയായ ഒരു മധ്യവയസ്‌ക, ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ജീവിക്കാൻ വേണ്ടി ത്യജിച്ചത്, ഒന്നരക്കോടി വിലമതിക്കുന്ന സ്വന്തം സ്വത്തുക്കളാണ്. ജോലി ചെയ്തിരുന്ന ഓഫീസിൽ വെച്ച് പരിചയപ്പെട്ട നാല്പത്തിനാലുകാരനുമായിട്ടാണ്, അമ്പതിനാലുകാരിയായ ഈ സ്ത്രീ പ്രണയത്തിലായത്. അവർ തമ്മിൽ അധികം താമസിയാതെ തന്നെ വേർപിരിയാനാകാത്ത വിധം അടുക്കുകയും ചെയ്തു.
എന്നാൽ, ഈ കാമുകീ കാമുകന്മാരുടെ ജീവിതങ്ങൾ തമ്മിൽ സംഗമിക്കുക അത്ര എളുപ്പമല്ലായിരുന്നു. കാരണം, വിവാഹിതനായ കാമുകന്, രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്നു. മൂത്തകുട്ടിക്ക് വയസ്സ് പതിനാറു തികഞ്ഞിരുന്നു. അധികം താമസിയാതെ തന്നെ തന്റെ ഭർത്താവിന്റെ ജീവിതത്തിലെ പരസ്ത്രീ സാന്നിധ്യം ഭാര്യ തിരിച്ചറിയുന്നു. അവർ തമ്മിൽ അതേച്ചൊല്ലി നിരന്തരം കലഹങ്ങളും ഉടലെടുക്കുന്നു.
undefined
ഒടുവിൽ കേസ് കുടുംബ കോടതി കയറുന്നു. സരിത രജനി എന്ന കോർട്ട് കൗൺസിലർ പറയുന്നത്, അവർ ഇടപെട്ടു നടത്തിയ സുദീർഘമായ സംഭാഷണങ്ങൾക്കൊടുവിൽ, ആ വ്യക്തിയുടെ ഭാര്യ തന്റെ ഭർത്താവിന്റെ ജീവിതത്തിലെ പുതുപ്രണയത്തിനു വഴിമാറിക്കൊടുക്കാൻ തയ്യാറായി എന്നാണ്. എന്നാൽ, അങ്ങനെ ചെയ്യുന്നതിലേക്കായി, അവർ വളരെ വ്യക്തമായി തന്റെ ഒരു നിബന്ധന മുന്നോട്ടുവെക്കുകയും ചെയ്തു. തന്റെ മക്കളുടെ ജീവിതം സുരക്ഷിതമാക്കുന്നതിലേക്കായി, ഭർത്താവിന്റെ കാമുകിയുടെ പേരിൽ ഉണ്ടായിരുന്ന ഒന്നരക്കോടിയുടെ സ്വത്ത്, തന്റെ പേരിൽ രജിസ്റ്റർ ചെയ്തു തരണം എന്നതായിരുന്നു ആ ആവശ്യം.
തന്റെ പ്രണയത്തിനുവേണ്ടി കാമുകന്റെ ഭാര്യ മുന്നോട്ടുവെച്ച ആ നിബന്ധന പാലിക്കാൻ ഈ സ്ത്രീ തയ്യാറായതോടെ, ആ അസാധാരണ പ്രണയം ഒടുവിൽ അതിന്റെ സാക്ഷാത്കാരത്തിലേക്കെത്തി എന്ന് സരിത 'ട്രിബ്യൂൺ' പത്രത്തോട് പറഞ്ഞു. സ്വത്തിനേക്കാൾ പ്രണയത്തിനു വിലമതിച്ച ഈ കാമുകീകാമുകരെ ഒരുപോലെ വിമർശിച്ചും അഭിനന്ദിച്ചും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.