തമിഴ്‌നാട് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ജയലളിതയുടെ ശവമാടത്തില്‍ വിതുമ്പിക്കരഞ്ഞ് വികെ ശശികലയ്‌ക്കെതിരെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം പൊട്ടിത്തെറിച്ചതോടെ എഐഎഡിഎംകെയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പുതിയ മാനം വന്നു. പനീര്‍ സെല്‍വവും ശശികലയും ബലാബല പരീക്ഷത്തിന് തയ്യാറെടുത്തുകഴിഞ്ഞു.
undefined
1. പനീര്‍സെല്‍വം രാജി പിന്‍വലിക്കുകയാണെന്ന് ഗവര്‍ണറെ അറിയിക്കുക. എന്നാല്‍, സ്വീകരിച്ചുകഴിഞ്ഞ രാജി പിന്‍വലിക്കുമ്പോള്‍ അതിനെ ഭരണഘടനാപരമായി എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നത് ഗവര്‍ണറുടെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കും.
2. നിയമസഭ കക്ഷിനേതാവായി ശശികലയെ ഇന്ന് തെരഞ്ഞെടുക്കുകയും ശശികല മുഖ്യമന്ത്രിയാകാന്‍ സാഹചര്യം ഒരുങ്ങിയാലും ഗവര്‍ണര്‍ ചെന്നൈയില്‍ എത്താത്തിടത്തോളം കാലം അത് നടക്കില്ല.
3. ചെന്നൈയില്‍ ഗവര്‍ണര്‍ എത്തുകയും സത്യപ്രതിജ്ഞ നടക്കുകയും ചെയ്താലും, അനധികൃത സ്വത്തുസമ്പാദന കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ വിധി വരുമെന്നാണ് കരുതുന്നത്. വിധി ശശികലയ്ക്ക് പ്രതികൂലമായാല്‍ മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ അവര്‍ക്ക് കഴിയില്ല.
4. നിലവിലെ സാഹചര്യത്തില്‍ പണം കൊടുത്ത് ശശികലയ്ക്ക് എം എല്‍ എമാരെ ഒപ്പം നിര്‍ത്താന്‍ കഴിയും. ഒ പനീര്‍ സെല്‍വത്തിന് നിലവില്‍ കഴിയാത്തതും അതാണ്.
5. പണം കൊടുത്ത് എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയാലും അനധികൃത സ്വത്തു സമ്പാദനകേസില്‍ വരാനിരിക്കുന്ന സുപ്രീംകോടതി വിധി നിര്‍ണായകമാകും.
6. പനീര്‍ സെല്‍വത്തിന് പിന്നില്‍ ബിജെപി ആണെന്ന് ആരോപണം ഉണ്ട്. അരുണാചല്‍പ്രദേശില്‍ സംഭവിച്ചതു പോലെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ചെന്നൈയില്‍ നടക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍, അധികാരം ഉപയോഗിച്ച് പനീര്‍സെല്‍വത്തിന്റെ പക്ഷത്തേക്ക് കൂടുതല്‍ എംഎല്‍എമാരെ ചേര്‍ക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന് നടത്താം.
7. ബിജെപിക്ക് തമിഴ്‌നാട്ടില്‍ നിലവില്‍ പ്രസക്തിയില്ല. ഡിഎംകെ ബിജെപി സഖ്യത്തിനും നിലവില്‍ സാധ്യതയില്ല. അതിനാല്‍, പനീര്‍സെല്‍വത്തെ ഇപ്പോള്‍ ശക്തിപ്പെടുത്തി നാലുവര്‍ഷത്തിനു ശേഷമുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിക്ക് ശ്രമിക്കാം.
8. അസംതൃപ്തരായ എഐഎഡി എംകെ, എം എല്‍ എമാരെ സ്വാധീനിക്കാന്‍ ഡിഎംകെ ശ്രമം നടക്കുന്നുണ്ട്. ശശികല മുഖ്യമന്ത്രിയാകുന്നതില്‍ താല്പര്യമില്ലാത്ത 40 എംഎല്‍എമാര്‍ ഡിഎംകെ യിലേക്ക് അടുക്കുകയാണെന്ന് ചൊവ്വാഴ്ച മുതലേ വാര്‍ത്തകള്‍ ഉണ്ട്.
9. മന്ത്രിസഭ രൂപീകരിക്കണമെങ്കില്‍ 234 അംഗ നിയമസഭയില്‍ ഡിഎംകെയ്ക്ക് 118 അംഗങ്ങളുടെ പിന്തുണ വേണം. നിലവില്‍ ഡിഎംകെയ്ക്ക് 89 സീറ്റുകള്‍ ആണുള്ളത്.
10. സഖ്യകക്ഷികളായ കോണ്‍ഗ്രസിന് എട്ടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഒരു സീറ്റുമുണ്ട്. 20 എം എല്‍ എമാര്‍ കൂടിയുണ്ടെങ്കില്‍ ഡിഎംകെയ്ക്ക് മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാം. എഐഎഡിഎംകെയ്ക്ക് നിലവില്‍ 135 സീറ്റുകളാണ് ഉള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിനാല്‍ 117 അംഗങ്ങളുടെ പിന്തുണയെങ്കിലും ശശികലയ്ക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ മതി.