'സോംബി ഫിഷ്', 20 വർഷം മുമ്പ് വംശനാശം സംഭവിച്ചുവെന്ന് കരുതിയ മത്സ്യത്തെ കണ്ടെത്തി

By Web Team  |  First Published Mar 11, 2021, 12:37 PM IST

ഇപ്പോൾ 'സോംബി ഫിഷ്' എന്ന് വിളിക്കപ്പെടുന്ന ഈ മത്സ്യത്തെ തിരികെ കൊണ്ടുവരാനുള്ള അവസരം മാത്രമല്ല, അവയുടെ എണ്ണം വർദ്ധിപ്പിക്കാനും കൂടിയുള്ള ഒരു അവസരമാണിതെന്ന് അഡ്രിയാൻ പറഞ്ഞു. 


ഏതാണ്ട് ഇരുപത് വർഷം മുമ്പ് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ച ഒരു മത്സ്യത്തെ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വച്ച് കണ്ടെത്തി. സതേൺ പർപ്പിൾ സ്പോട്ടഡ് ഗുഡ്ജിയൻ എന്നാണ് അത് അറിയപ്പെട്ടിരുന്നത്. 1998 -ൽ അത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ 2019 -ൽ കെരാങ്ങിലെ തണ്ണീർത്തടങ്ങളിലുള്ള മിഡിൽ റെഡി തടാകത്തിൽ അവയിലെ രണ്ടെണ്ണത്തെ കണ്ടെത്തി. അതിനുശേഷം രണ്ട് വർഷത്തിന് ശേഷം, 66 എണ്ണത്തിന്റെ ഒരു കൂട്ടത്തെ തടാകത്തിൽ നിന്ന് കണ്ടെത്തി.

2019 -ൽ ആദ്യത്തെ രണ്ട് മത്സ്യങ്ങളെ കണ്ടെത്തിയതിനെത്തുടർന്ന്, ഇതിനെ കുറിച്ച് പഠിക്കാനായി സതേൺ പർപ്പിൾ സ്പോട്ടഡ് ഗുഡ്ജിയൻ ഉപദേശക സമിതി രൂപീകരിച്ചു. അതിൽ വിവിധ സംഘടനകളിലെയും വകുപ്പുകളിലെയും വിദഗ്ധരെ ഉൾപ്പെടുത്തി. തുടർന്ന് ശാസ്ത്രജ്ഞരും ഗവേഷകരും ഒരേ ഇനത്തിലെ മറ്റ് മത്സ്യങ്ങളെ തിരയാൻ തുടങ്ങി. രണ്ട് വർഷത്തിന് ശേഷം ഈ ഇനത്തിൽ പെട്ട 66 എണ്ണത്തെ കണ്ടെത്താൻ അവർക്ക് സാധിച്ചിട്ടുണ്ട്. നോർത്ത് സെൻട്രൽ ക്യാഷ്മെന്റ് മാനേജ്‌മെന്റ് അതോറിറ്റിയുടെ പീറ്റർ റോസ് പറയുന്നത്, ഈ മത്സ്യം താമസിക്കുന്ന ഇടം വളരെ പ്രത്യേകത ഉള്ളതാണ്. ഈ മത്സ്യങ്ങൾ തണ്ണീർത്തടങ്ങളിൽ ഇടതൂർന്ന മുൾച്ചെടികൾക്കിടയിലാണ് ജീവിക്കുന്നത്. ഇവയ്ക്ക് 8-10 സെന്റിമീറ്റർ നീളമുണ്ട്. ചെറിയ മത്സ്യങ്ങളെ കഴിക്കുന്ന പക്ഷികളുടെ ആഹാരമാണ് അവ. "ഈ നനഞ്ഞ പ്രദേശത്ത് കഴിയുന്ന മത്സ്യങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു, അവ പക്ഷികളുടെ പ്രധാന ഭക്ഷണ സ്രോതസ്സാണ്. അവ അപ്രത്യക്ഷമായതോടെ പക്ഷികളൊന്നും ഇവിടേയ്ക്ക് മടങ്ങിവരാതായി. പക്ഷികളെ തിരികെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" റോസ് എബിസിയോട് പറഞ്ഞു.  

Latest Videos

undefined

വിക്ടോറിയയിലെ പരിസ്ഥിതി, ഭൂമി, ജല, ആസൂത്രണ വകുപ്പിലെ അഡ്രിയാൻ മാർട്ടിൻസ് പറയുന്നത് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെ മത്സ്യങ്ങളുടെ എണ്ണത്തിലും സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ്. ഇപ്പോൾ 'സോംബി ഫിഷ്' എന്ന് വിളിക്കപ്പെടുന്ന ഈ മത്സ്യത്തെ തിരികെ കൊണ്ടുവരാനുള്ള അവസരം മാത്രമല്ല, അവയുടെ എണ്ണം വർദ്ധിപ്പിക്കാനും കൂടിയുള്ള ഒരു അവസരമാണിതെന്ന് അഡ്രിയാൻ പറഞ്ഞു. ജലമലിനീകരണം, പ്രാണികളുടെ വരവ് തുടങ്ങിയ കാരണങ്ങളാൽ അവയുടെ എണ്ണത്തിൽ കുറവുണ്ടായി. ശാസ്ത്രജ്ഞർ ഈ മത്സ്യത്തെ ചെറിയ ജലസംഭരണികളിലേക്ക് അയയ്ക്കും, അവിടെ അവ വളരും. തുടർന്ന് ശുദ്ധമായ വെള്ളത്തിലും, തണ്ണീർത്തടത്തിലും അവയെ വിടും, അങ്ങനെ അവയുടെ എണ്ണം വർധിപ്പിക്കും.  


 

click me!