ഒന്ന് സ്വസ്ഥമായിരിക്കാൻ പോലും പറ്റില്ല, ഇതങ്ങനെയൊരു പാർക്ക്, ഇത്തിരിക്കുഞ്ഞൻ പാർക്കിന്റെ വിശേഷങ്ങളറിയാം

By Web TeamFirst Published Dec 31, 2023, 2:59 PM IST
Highlights

അക്കാലത്ത് അദ്ദേഹം മിൽ എൻഡ്സ് എന്ന പേരിൽ പത്രങ്ങളിൽ കോളം എഴുതുമായിരുന്നു. അതിൽ, നഗരത്തിലെ വിവിധ പാർക്കുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ അദ്ദേഹം, തെരുവിനു നടുവിൽ താൻ നട്ട ചെറിയ ചെടിയെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തി.

വിശ്രമവേളകളിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം പാർക്കിൽ പോയി സമയം ചെലവഴിച്ചിട്ടുള്ളവരാണോ നിങ്ങൾ? എങ്കിൽ ലോകത്തിലെ ഏറ്റവും ചെറിയ പാർക്ക് ഏതാണെന്ന് അറിയാമോ? ആ പാർക്ക് ഏതാണെന്ന് പറയും മുമ്പ് അവിടെ നിങ്ങൾക്ക് ചെയ്യാൻ കഴിയില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാം. 

പ്രിയപ്പെട്ടവർക്ക് ഒപ്പം കുശലം പറഞ്ഞു വിശ്രമിക്കാൻ കഴിയില്ല, രാവിലെയും വൈകുന്നേരവും ഉള്ള പതിവ് നടത്തം പറ്റില്ല, കുട്ടികൾക്കായുള്ള റൈഡുകളോ ഹാങ്ങ് ഔട്ടുകളോ ഇവിടെ പറ്റില്ല, എന്തിനേറെ പറയുന്നു സ്വസ്ഥമായി ഒറ്റയ്ക്ക് പോയി ഒന്ന് ഇരിക്കാൻ പോലും ഈ പാർക്കിൽ സാധിക്കില്ല. അത് എന്തുകൊണ്ട് എന്നാണ് ചോദ്യമെങ്കിൽ ലോകത്തിലെ ഏറ്റവും ചെറിയ പാർക്കാണ് ഇത് എന്നത് തന്നെയാണ് ഉത്തരം.

Latest Videos

അമേരിക്കയിലെ ഒറിഗോണിലെ പോർട്ട്‌ലാൻഡിന് സമീപം സ്ഥിതി ചെയ്യുന്ന മിൽ എൻഡ് പാർക്ക് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും ചെറിയ പാർക്കാണ്. 60.96 സെന്റീമീറ്റർ (24 ഇഞ്ച്) ചുറ്റളവും 2,917.15 സെന്റീമീറ്റർ (452.16 ഇഞ്ച്) വിസ്തീർണ്ണവുമുള്ള ഒരു ചെറിയ വൃത്തമാണ് ഈ പാർക്ക്. 1976 മാർച്ച് 17 -ന് പോർട്ട്ലാൻഡ് നഗരത്തിന്റെ ഔദ്യോഗിക പാർക്കായി മിൽ എൻഡ്സ് പാർക്ക് നാമകരണം ചെയ്യപ്പെട്ടത്.

ഈ ഇത്തിരി കുഞ്ഞൻ പാർക്ക് ഇപ്പോൾ പോർട്ട്ലാൻഡ് പാർക്ക്സ് & റിക്രിയേഷൻ ആണ് നിയന്ത്രിക്കുന്നത്. പോർട്ട്ലാൻഡ് ഗവൺമെന്റിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഈ പാർക്കിനു പിന്നിലെ ചരിത്രം ഇങ്ങനെയാണ്, 1946 -ൽ, ഡിക്ക് ഫാഗൻ എന്ന സൈനികൻ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഒറിഗോണിലേക്ക് മടങ്ങി, ഒറിഗൺ ജേണലിൽ പത്രപ്രവർത്തകനായി ജോലി ചെയ്യാൻ തുടങ്ങി. ‌അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് നോക്കിയാൽ തിരക്കേറിയ ഒരു തെരുവ് കാണാമായിരുന്നു. ആ തെരുവിന്റെ നടുവിലായി ഒരു തെരുവ് വിളക്ക് സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും തെരുവു വിളക്ക് സ്ഥാപിക്കാത്തതിനെത്തുടർന്ന് അദ്ദേഹം ആ സ്ഥലത്ത് ഒരു മരം നടാൻ തീരുമാനിച്ചു. 

അക്കാലത്ത് അദ്ദേഹം മിൽ എൻഡ്സ് എന്ന പേരിൽ പത്രങ്ങളിൽ കോളം എഴുതുമായിരുന്നു. അതിൽ, നഗരത്തിലെ വിവിധ പാർക്കുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഒരിക്കൽ അദ്ദേഹം, തെരുവിനു നടുവിൽ താൻ നട്ട ചെറിയ ചെടിയെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തി. തൻറെ തൂലികാനാമം തന്നെയായിരുന്നു അദ്ദേഹം ആ ചെടിക്ക് നൽകിയിരുന്നത്, മിൽ എൻഡ്സ്. അങ്ങനെ ഒടുവിൽ അത് നഗരത്തിന്റെ ഔദ്യോഗിക പാർക്കായി മാറുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!