മേലുദ്യോഗസ്ഥയ്‍ക്ക് ഭക്ഷണം വാങ്ങി നൽകാൻ വിസമ്മതിച്ചു, യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

By Web Team  |  First Published Sep 26, 2024, 3:37 PM IST

സോഷ്യൽ മീഡിയ പോസ്റ്റിൽ യുവതി പറയുന്നത് തൻറെ സൂപ്പർവൈസർ ആയ ലിയു എന്ന സ്ത്രീ എല്ലാദിവസവും രാവിലെ അവർക്കാവശ്യമായ പ്രഭാതഭക്ഷണം കൊണ്ടുവരണമെന്ന് തന്നോട് നിർദ്ദേശിച്ചതായാണ്.


മേലുദ്യോഗസ്ഥയ്ക്ക് പ്രഭാതഭക്ഷണം വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ജീവനക്കാരിയെ ജോലിയിൽ നിന്നും പുറത്താക്കി. ചൈനയിലെ ഷാങ്ഹായിൽ ആണ് സംഭവം. ചൈനീസ് സാമൂഹികമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ കമ്പനിക്കെതിരെ വലിയ വിമർശനം ഉയരുകയും അധികൃതർ തങ്ങളുടെ തെറ്റ് സമ്മതിച്ച് പിരിച്ചുവിട്ട ജീവനക്കാരിയെ തിരികെ എടുക്കുകയും ചെയ്തു. ജീവനക്കാരിയെ പിരിച്ചുവിട്ട സൂപ്പർവൈസർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി കമ്പനി അധികൃതർ പിന്നീട് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ഷാങ്ഹായിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പുതിയതായി ജോലിക്ക് കയറിയ ലൂ എന്ന സ്ത്രീയെയാണ് മേലുദ്യോഗസ്ഥയ്ക്ക് പ്രഭാത ഭക്ഷണം വാങ്ങി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇതോടെ ലൂ തൻറെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റിൽ യുവതി പറയുന്നത് തൻറെ സൂപ്പർവൈസർ ആയ ലിയു എന്ന സ്ത്രീ എല്ലാദിവസവും രാവിലെ അവർക്കാവശ്യമായ പ്രഭാതഭക്ഷണം കൊണ്ടുവരണമെന്ന് തന്നോട് നിർദ്ദേശിച്ചതായാണ്. കൂടാതെ അവർക്ക് കുടിക്കാൻ ആവശ്യമായ വെള്ളവും എപ്പോഴും ലഭ്യമാക്കണമെന്ന് പറഞ്ഞതായും ലൂ പറയുന്നു. 

Latest Videos

തന്റെ മേലുദ്യോഗസ്ഥയുടെ യുക്തിരഹിതമായ ആവശ്യങ്ങളെക്കുറിച്ച് ഒരു വർക്ക് ചാറ്റ് ഗ്രൂപ്പിൽ ലൂ പരാതിപ്പെട്ടതോടെ ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർ അവളെ ശാസിക്കുകയും മാനവ വിഭവശേഷി വകുപ്പ് പിരിച്ചുവിടുകയും ആയിരുന്നു. എന്നാൽ, കമ്പനി നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നതോടെ കമ്പനി അധികൃതർ ലൂവിനെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആരോപണ വിധേയയായ സൂപ്പർവൈസറെ അധികാരം ദുരുപയോഗം ചെയ്തതിന് കമ്പനിയിൽനിന്ന് പുറത്താക്കി.

click me!