ജനിച്ചയുടനെ ഉപേക്ഷിച്ചു, പെറ്റമ്മയല്ലേ? 10 വർഷമായി അമ്മയെ തേടി വിദേശവനിത ഇന്ത്യയില്‍

By Web TeamFirst Published Dec 21, 2023, 8:29 PM IST
Highlights

20 -ാമത്തെ വയസ്സിലാണ് അമ്മ തനിക്ക് ജന്മം നൽകിയത്. കഴിഞ്ഞ 10 വർഷമായി താൻ‌ തന്റെ അമ്മയ്‍ക്ക് വേണ്ടി അന്വേഷിക്കുകയാണ്. ഭർത്താവിനൊപ്പമാണ് താൻ മുംബൈയിലേക്ക് വന്നത്. തന്റെ അമ്മയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ സഹായിക്കണമെന്നും വിദ്യ അപേക്ഷിക്കുന്നു.

സ്വിറ്റ്സർലാൻഡുകാരിയാണ് വിദ്യ ഫിലിപ്പൺ. എന്നാൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടായി മുംബൈയിൽ തനിക്ക് ജന്മം നൽകിയ അമ്മയ്‍ക്ക് വേണ്ടി തിരയുകയാണ് ആ യുവതി. 1996 ഫെബ്രുവരി 8 -നാണ് വിദ്യ ജനിക്കുന്നത്. എന്നാൽ, ജനിച്ചയുടനെ തന്നെ അവളുടെ അമ്മ അവളെ മദർ തെരേസാസ് മിഷനറീസ് ഓഫ് ചാരിറ്റിയിൽ ഉപേക്ഷിക്കുകയായിരുന്നു. അവിടെ വച്ച് പിറ്റേ വർഷം അവളെ ഒരു സ്വിസ് ദമ്പതികൾ ദത്തെടുക്കുകയും ചെയ്തു. 

വിദ്യ ഇന്ത്യയിലെത്തിയത് തന്റെ വേരുകൾ തേടിയാണ്. അതിനായി റാവൽ പാദ, ദഹിസർ, മുംബൈ എന്നിവിടങ്ങളിലെല്ലാം അവൾ അലഞ്ഞു. അമ്മ അവളെ ഉപേക്ഷിച്ചു കളഞ്ഞ വൈൽ പാർലെയിലെ മദർ തെരേസാസ് മിഷനറീസ് ഓഫ് ചാരിറ്റിയും, ഒരിക്കൽ അമ്മ താമസിച്ചിരുന്ന ദഹിസർ ഏരിയയും ഒക്കെ അവൾ സന്ദർശിച്ചു. എന്നാൽ, അവളുടെ കയ്യിലുള്ള വിലാസം ഇപ്പോൾ നിലവിലില്ലാത്തതാണ്. അതിനാൽ തന്നെ അന്വേഷണത്തിൽ വലിയ വെല്ലുവിളികളാണ് അവളുടെ മുന്നിലുള്ളത്. എന്നാൽ, ഈ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് തനിക്ക് ജന്മം നൽകിയ അമ്മയെ എന്നെങ്കിലും കണ്ടുമുട്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ് വിദ്യ കഴിയുന്നത്. 

Latest Videos

വിദ്യയ്ക്ക് അമ്മയെ കണ്ടെത്താൻ സഹായം നൽകുന്ന അഡോപ്റ്റീ റൈറ്റ്സ് കൗൺസിൽ ഡയറക്ടർ അഡ്വ. അഞ്ജലി പവാർ പറയുന്നത് "മിഷനറി ചാരിറ്റി ഞങ്ങളെ വിദ്യയുടെ അമ്മയ്ക്ക് വേണ്ടി തിരയാൻ സഹായിച്ചു. അതിനായി ചില വിവരങ്ങളും അവർ നൽകി. ആ വിലാസം ദഹിസർ ഏരിയയിൽ നിന്നുള്ളതാണ്. അതിവേ​ഗം മാറിക്കൊണ്ടിരിക്കുന്ന ന​ഗരമാണത്. ഒരുപാട് ആളുകൾ ഇവിടേക്ക് സ്ഥലം മാറിയെത്തുന്നു. അതിനാൽ, ആ വിലാസമോ ആളെയോ കണ്ടെത്താൻ പ്രയാസമാണ്" എന്നാണ്. 

ഒരു സാമൂഹിക പ്രവർത്തകൻ അവർക്ക് സഹായകമാകുന്ന ഒരു ഫോൺ നമ്പർ നൽകിയിരുന്നു എന്നും അഞ്ജലി പറയുന്നു. ഒപ്പം, വിദ്യയുടെ അമ്മയെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല. പക്ഷേ, അവരുടെ സർനെയിം കംബ്ലി എന്നാണ്. ആർക്കെങ്കിലും സഹായിക്കാൻ സാധിക്കുമെങ്കിൽ സഹായിക്കണം എന്നും അവർ അപേക്ഷിച്ചു. 

20 -ാമത്തെ വയസ്സിലാണ് അമ്മ തനിക്ക് ജന്മം നൽകിയത്. കഴിഞ്ഞ 10 വർഷമായി താൻ‌ തന്റെ അമ്മയ്‍ക്ക് വേണ്ടി അന്വേഷിക്കുകയാണ്. ഭർത്താവിനൊപ്പമാണ് താൻ മുംബൈയിലേക്ക് വന്നത്. തന്റെ അമ്മയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ സഹായിക്കണമെന്നും വിദ്യ അപേക്ഷിക്കുന്നു. എന്നെങ്കിലും തന്റെ പെറ്റമ്മയെ ഒരു നോക്ക് കാണാനാവും എന്ന പ്രതീക്ഷയിൽ തന്റെ അന്വേഷണം തുടർന്നു കൊണ്ടേയിരിക്കുകയാണ് വിദ്യ. 

വായിക്കാം: പ്രിയപ്പെട്ട സാന്താ നിങ്ങൾക്ക് അസുഖമാണോ? 10 വയസ്സുകാരിയുടെ കത്തു വായിച്ചാൽ നിങ്ങളുടെ കണ്ണ് നനയും

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


 

click me!