താല്‍ക്കാലിക മറവിരോ​ഗം, പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു; കവി സച്ചിദാനന്ദൻ

By Web Team  |  First Published Nov 6, 2024, 2:14 PM IST

ക്രിസ്തുവും  ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട്‌ ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി  മാത്രം എന്ന്  60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട്‌ എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട  ചില  പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില  പരിപാടികളിലും. 


താല്ക്കാലിക മറവിരോ​ഗം കാരണം പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കെ. സച്ചിദാനന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് പതുക്കെ താൻ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് എഴുത്തുകാരൻ വ്യക്തമാക്കിയിരിക്കുന്നത്. 

ഏഴ് വർഷം മുമ്പ് ഒരു താത്കാലികമറവി രോഗത്തിന്‌ വിധേയനായിരുന്നു. അന്ന് മുതൽ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നില്ലെങ്കിലും നവംബർ ഒന്നിന് പുതിയ രൂപത്തിൽ അത് തിരികെയെത്തി എന്നാണ് അദ്ദേഹം കുറിക്കുന്നത്. 

Latest Videos

രോ​ഗം വീണ്ടും വരാൻ കാരണം സമ്മർദ്ദമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് പതുക്കെപ്പതുക്കെ താൻ പൊതുജീവിതം അവസാനിപ്പിക്കുകയാണ്. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ദയവായി പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും  ഭാവനയും ഉള്ളിടത്തോളം താന്‍  എഴുതും എന്നും അദ്ദേഹം കുറിച്ചു. 

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന്‌ (transient  global amnesia) വിധേയനായിരുന്നു. അന്നുമുതൽ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത്  വന്നിരുന്നില്ല. എന്നാൽ, നവമ്പര്‍ 1-ന് പുതിയ രീതിയില്‍ അത്  തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം  മാത്രം നില്‍ക്കുന്ന‌ കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍.  ഒക്ടോബർ ‌മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം  അവതാരത്തിന് പ്രധാന  കാരണം എന്ന്  ഡോക്ടർമാര്‍. അതുകൊണ്ട്‌ പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും  ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട്‌ ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി  മാത്രം എന്ന്  60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട്‌ എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട  ചില  പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില  പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും  ഭാവനയും ഉള്ളിടത്തോളം ഞാന്‍  എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം.

 

പെണ്‍പോരാട്ടങ്ങളുടെ പുതിയ കാലത്ത്  ഭക്തമീരയെ വായിക്കുമ്പോള്‍...

നെരൂദയെ മലയാളിയാക്കിയ സച്ചിദാനന്ദന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!