ലിച്ചി വളര്‍ത്തുന്നവര്‍ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് പാകമാകാതെ വിണ്ടുകീറിപ്പോകുന്ന പഴങ്ങള്‍. ഇതുമൂലം നേരിടുന്ന നഷ്ടം ഏകദേശം 5 മുതല്‍ 70 ശതമാനം വരെയാണ്.
ചൈനക്കാരുടെ പ്രിയങ്കരിയാണ് ലിച്ചി. തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് ലിച്ചി നന്നായി വളരുന്നത്. വിദേശിയാണെങ്കിലും കേരളത്തിലും കൃഷി ചെയ്തുവരുന്നുണ്ട്. റംബൂട്ടാന്റെ കുടുംബക്കാരിയായ ലിച്ചി നിത്യഹരിത വൃക്ഷമാണ്. ലിച്ചിയുടെ ചെടികളുടെ പൂക്കളും പഴങ്ങളും കൊഴിയുന്നതും പഴങ്ങള്‍ വിണ്ടുകീറുന്നതും കറുത്ത കുത്തുകളുമെല്ലാം വിളവിനെയും ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് എങ്ങനെ പോഷകഗുണമുള്ള ലിച്ചിപ്പഴം വിളവെടുക്കാം?
വളര്‍ച്ചയുടെ ഘട്ടത്തിലുണ്ടാകുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നത് ഗുണനിലവാരമുള്ള പഴങ്ങള്‍ ഉണ്ടാകാന്‍ ആവശ്യമാണ്. ഹോര്‍മോണിന്റെ അളവിലുള്ള ഏറ്റക്കുറച്ചിലുകളും മണ്ണിലെ പോഷകമൂല്യങ്ങളുടെ അഭാവവും പരിസ്ഥിതിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും പരിചരണത്തിലുള്ള പിഴവും ലിച്ചിയുടെ ഉത്പാദനത്തില്‍ കുറവ് വരുത്തും.
undefined
പഴങ്ങള്‍ വിണ്ടുകീറല്‍
ലിച്ചി വളര്‍ത്തുന്നവര്‍ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് പാകമാകാതെ വിണ്ടുകീറിപ്പോകുന്ന പഴങ്ങള്‍. ഇതുമൂലം നേരിടുന്ന നഷ്ടം ഏകദേശം 5 മുതല്‍ 70 ശതമാനം വരെയാണ്. ഇത് പഴത്തിന്റെ ഗുണത്തെയും വിപണി വിലയെയും ആയുസിനെയും ബാധിക്കുന്നു. സ്വര്‍ണ രൂപ എന്ന ഇനം ഒഴികെ ബാക്കിയെല്ലാം വിണ്ടുകീറല്‍ ബാധിക്കുന്നവയാണ്.
കാല്‍സ്യം, ബോറോണ്‍ തുടങ്ങിയ പോഷകങ്ങളുടെ അഭാവവും കീടങ്ങള്‍ കാരണം തൊലിപ്പുറത്തുണ്ടാകുന്ന മുറിവുകളും അബ്‌സിസിഡിക് ആസിഡിന്റെ ഉയര്‍ന്ന അളവും ഗിബ്ബറിലിന്‍സിന്റെ താഴ്ന്ന അളവും വിണ്ടുകീറലിന് കാരണമാകുന്നു. അതുപോലെ തന്നെ പ്രാണികളും സൂര്യപ്രകാശവും ഇതിന് കാരണമാകുന്നു. വേനല്‍ക്കാലത്തെ ചൂടുള്ള കാറ്റും അമിതമായ വളര്‍ച്ചയും മറ്റു കാരണങ്ങളാണ്.
ബോറിക് ആസിഡ് രണ്ടു ഗ്രാം ചെടിയുടെ വളര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ നല്‍കി മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തിയാല്‍ വിണ്ടുകീറല്‍ തടയാം. പഴം പാകമാകുന്ന അവസരത്തില്‍ ആര്‍ദ്രതയും ഈര്‍പ്പവും കൃത്യമായി നിലനിര്‍ത്തുകയും വേണം. പുതയിടല്‍ വഴി മണ്ണിലെ താപനിലയും ഈര്‍പ്പവും നിലനിര്‍ത്താം. അതുപോലെ തന്നെ പഴങ്ങള്‍ വളര്‍ച്ചയെത്തുന്ന സമയത്ത് വിണ്ടു കീറുന്നത് തടയാനായി വലയുപയോഗിച്ച് ചെടിയുടെ മുകള്‍ ഭാഗം പൊതിയുന്നത് നല്ലതാണ്.
ശരിയായ വളപ്രയോഗം നടത്താത്തതും പോഷകങ്ങളുടെയും ഹോര്‍മോണിന്റെയും ഏറ്റക്കുറച്ചിലും കാരണമാണ് പൂക്കളും പഴങ്ങളും കൊഴിയുന്നത്. ലിച്ചിയില്‍ കായ പിടിക്കുമ്പോള്‍ തുടക്കത്തില്‍ ധാരാളമായുണ്ടാകുമെങ്കിലും പൂര്‍ണവളര്‍ച്ചയെത്തി പഴമായി മാറുന്നത് വളരെ കുറച്ച് മാത്രമാണ്. മധുരമുള്ള പഴങ്ങളായി നമ്മുടെ കൈകളിലെത്തുന്നത് വെറും രണ്ടു മുതല്‍ 18 ശതമാനം വരെയാണ്.
കൃഷിരീതി
ലിച്ചിപ്പഴത്തിന്റെ കുലയില്‍ പരമാവധി 30 കായകള്‍ വീതം ഉണ്ടാകും. കായകളുടെ പുറംഭാഗത്തിന് പിങ്ക് കലര്‍ന്ന ചുവപ്പ് നിറമാണ്. ഇതില്‍ ധാരാളം ജീവകം സി അടങ്ങിയിട്ടുണ്ട്.
ചൈന, വിയറ്റ്‌നാം, ജപ്പാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നന്നായി കൃഷി ചെയ്യുന്നുണ്ട്. ബീഹാറിലാണ് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഉത്പാദനകേന്ദ്രം. നീര്‍വാര്‍ച്ചയും നേരിയ വളക്കൂറുമുള്ള മണ്ണിലാണ് ലിച്ചി നന്നായി വളരുന്നത്. അലങ്കാരത്തിനായും മരം വളര്‍ത്തുന്നവരുണ്ട്.
വിത്തുതൈകള്‍ നട്ടും വളര്‍ത്താം. ഇങ്ങനെ വളര്‍ത്തുമ്പോള്‍ മാതൃവൃക്ഷത്തിന്റെ ഗുണങ്ങള്‍ ഉണ്ടാകില്ല. സാധാരണ ഗതിയില്‍ കായ് പിടിക്കാന്‍ 5 മുതല്‍ 15 വര്‍ഷം വരെ വേണം. വായുവില്‍ പതിവെച്ചും തൈകള്‍ ഉണ്ടാക്കാം. ഇത്തരം തൈകള്‍ 2 മുതല്‍ 5 വര്‍ഷം കൊണ്ട് കായ് പിടിക്കും.
മൂന്ന് മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുള്ള കുഴികളാണ് എടുക്കേണ്ടത്. 10 മുതല്‍ 12 മീറ്റര്‍ വരെ അകലത്തില്‍ കുഴികള്‍ എടുത്ത് ഒട്ടുതൈകള്‍ നടണം. ജൈവപുതയിടുന്നത് നല്ലതാണ്. വര്‍ഷത്തില്‍ രണ്ടു തവണ വളപ്രയോഗം നടത്തണം. കൊമ്പുകോതല്‍ നടത്തിയാല്‍ വലിയ കായകള്‍ ഉണ്ടാകും.
അഞ്ചു വര്‍ഷം പ്രായമായ ലിച്ചിമരത്തില്‍ നിന്ന് 500 ലിച്ചിപ്പഴം ലഭിക്കും. ഇരുപത് വര്‍ഷമാകുമ്പോള്‍ 4000 മുതല്‍ 5000 വരെ കായകള്‍ ലഭിക്കും. ലിച്ചിപ്പഴം രണ്ടാഴ്ച കേടുകൂടാതിരിക്കാന്‍ വിദ്യയുണ്ട്. ഇലകള്‍, പഞ്ഞി, കടലാസുകഷണങ്ങള്‍ എന്നിവ നിറച്ച് പോളിത്തീന്‍ സഞ്ചിയില്‍ സൂക്ഷിച്ചാല്‍ മതി.
ഉപയോഗം
വിളഞ്ഞ ലിച്ചിപ്പഴം തോല് കളഞ്ഞ് ഫ്രൂട്ട് സലാഡ്, ഐസ്‌ക്രീം എന്നിവയില്‍ ചേര്‍ക്കാം. ലിച്ചി സര്‍ബത്ത് വളരെ സ്വാദുള്ളതാണ്. ലിച്ചിയുടെ ചാറ് വേര്‍തിരിച്ച് ജലാറ്റിന്‍, ചൂടുപാല്‍, ക്രീം, പഞ്ചസാര എന്നിവയില്‍ ചേര്‍ത്ത് തണുപ്പിച്ച് സര്‍ബത്ത് തയ്യാറാക്കാം. അച്ചാറിടാനും സോഡയും വീഞ്ഞും ഉണ്ടാക്കാനും ലിച്ചിപ്പഴം ഉപയോഗിക്കാം.