24 മണിക്കൂറിനിടെ മൂന്ന് കൊലപാതകങ്ങളില്‍ ഞെട്ടി ചെന്നൈ നഗരം

By Web TeamFirst Published Dec 19, 2023, 11:37 AM IST
Highlights

24 മണിക്കൂറിനിടെ ചെന്നൈ നഗരത്തില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. 

മഴക്കെടുതിയില്‍ നിന്നും വടക്കന്‍ തമിഴ്നാട് കരകേറിത്തുടങ്ങുമ്പോഴാണ് തെക്കന്‍ തമിഴ്നാടിനെ മുക്കി വീണ്ടും പെരുമഴയും പിന്നാലെ പ്രളയവും എത്തിയത്. ഇതിനിടെ ചെന്നൈ നഗരവാസികളെ ഭയത്തിലാക്കിയ മറ്റൊരു വാര്‍ത്തയുമെത്തി. 24 മണിക്കൂറിനിടെ ചെന്നൈ നഗരത്തില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍. തൊണ്ടിയാര്‍പേട്ടയില്‍ ശനിയാഴ്ച സുഹൃത്തുക്കള്‍ ഒരാളെ അടിച്ച് കൊലപ്പെടുത്തിയപ്പോള്‍ അമ്പത്തൂരിൽ ഒരു തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയോടെ ഗുമ്മിഡിപൂണ്ടിയിൽ ഒരു മുന്‍ കുറ്റവാളിയുടെ മൃതദേഹവും പോലീസ് കണ്ടെത്തി. 

തൊണ്ടിയാര്‍പേട്ടിലെ റെസ്റ്റോറന്‍റില്‍ ജോലി ചെയ്തിരുന്ന കെ മുത്തുപാണ്ടി (27) സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ പരസ്പരം കളിയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിന് പിന്നാലെ സുഹൃത്തുക്കള്‍ തമ്മില്‍ ചേരി തിരിച്ച് തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിലെത്തുകയും ചെയ്തു. പിന്നാലെ സുഹൃത്തുക്കള്‍  മുത്തുപാണ്ടിയെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് പിന്നാലെ സംഘം സ്ഥലം വിട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ മുത്തുപാണ്ടി ബോധരഹിതനായി സംഭവസ്ഥലത്ത് കിടന്നു. പിന്നീട് ഇതുവഴി പോയ വഴിയാത്രക്കാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മുത്തുപാണ്ടിയുടെ മരണത്തെ തുടര്‍ന്ന് സുഹൃത്തുക്കളായ എന്‍ ഷണ്മുഖനാഥന്‍ (28), ഹരിദാസ് (25), അബ്ദുല് വഹാബ് (23), വി മോഹനസുന്ദരം (21) എന്നിവരെ കെ ആര്‍ പോലീസ് അറസ്റ്റ് ചെയ്തു. 

Latest Videos

കുറുക്കന്‍മൂലയില്‍ കടുവക്ക് മുമ്പില്‍ 'തോറ്റു', വാകേരിയില്‍ കൂട്ടിലായി; കർഷകനെ കൊന്ന കടുവ ഇനി തൃശ്ശൂരിൽ

ഇതിനിടെയാണ് അമ്പത്തൂരിലെ റോഡരികില്‍ ബിയര്‍ കുപ്പി പൊട്ടി ശരീരത്തില്‍ തറച്ച് കയറിയ നിലയില്‍ മരിച്ച് കിടക്കുന്ന മറ്റൊരാളെ കണ്ടെത്തിയത്. ഈ മരണവും വഴിയാത്രക്കാരാണ് പോലീസിനെ വിളിച്ചറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 44 കാരനായ വിജയകുമാറാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇയാളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മദ്യത്തിന് പണം നല്‍കാത്തതിന്‍റെ പേരില്‍ ഭാര്യയുമായി വഴക്കിട്ട വിജയകുമാര്‍, ഭാര്യയുടെ സ്വര്‍ണ്ണ ചെയിനുമായി വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്നും ഇയാളെ അമ്പത്തൂരിലെ ടാസ്മാക് ഔട്ട്ലെറ്റിലാണ് അവസാനമായി കണ്ടതെന്നും പോലീസ് പറയുന്നു. ഈ അസ്വാഭാവിക മരണത്തിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ സുഹൃത്തുക്കള്‍ക്കായി തിരച്ചിലാരംഭിച്ചെന്നും പോലീസ് പറയുന്നു. 

ഗുമ്മിഡിപൂണ്ടിയില്‍ 32 വയസുള്ള നാഗരാജിനെയാണ് കൊല്ലപ്പെട്ട നിലയില്‍ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. നാഗരാജിന്‍റെത് പ്രതികാര കൊലപാതകമാണെന്നാണ് പോലീസിന്‍റെ നിഗമനം. മുമ്പ് കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ഇയാള്‍ക്ക് ശത്രുക്കളുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്ന് ടിച്ചിയിലേക്ക് താമസം മാറ്റിയ നാഗരാജ് ഒരു കൊലപാതക കേസില്‍ ഹാജരാകാനായി കഴിഞ്ഞ ദിവസം ഗുമ്മിഡിപൂണ്ടിയില്‍ വന്നിരുന്നെന്നും പോലീസ് പറയുന്നു. നാഗരാജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തെന്നും തമിഴ്നാട് പോലീസ് അറിയിച്ചു. 

click me!