വരൂ, ഇഷ്ടം പോലെ കരയൂ; ആളുകളെ കരയിക്കാനൊരു വെബ്സൈറ്റ്, ആഴ്ചയിലൊരിക്കല്‍ കരഞ്ഞാല്‍ സംഭവിക്കുന്നത്...

By Web TeamFirst Published Jan 29, 2024, 1:07 PM IST
Highlights

ആളുകളെ കരയിപ്പിക്കാൻ വെബ്സൈറ്റ് എന്താണ് ചെയ്യുന്നത് എന്നല്ലേ? ആളുകളെ ചില പ്രത്യേക വീഡിയോകൾ കാണുന്നതിന് വേണ്ടി ക്ഷണിക്കും. അത് ആളുകളെ വൈകാരികമായി സ്പർശിക്കുകയും അവരെ കരയാൻ സഹായിക്കുകയും ചെയ്യും.

കരയുന്നത് ഒരു മോശം കാര്യമായിട്ടാണ് പലരും കാണുന്നത്. 'അയ്യേ, കരയുകയാണോ' എന്നാണ് നമ്മൾ ചോദിക്കുന്നത് പോലും. എന്നാൽ, കരയുന്നത് ഒരു നല്ല കാര്യമാണ്. നമ്മുടെ മനസിൽ അടക്കിപ്പിടിച്ചിരിക്കുന്ന വികാരങ്ങളും വേദനകളും എല്ലാം പുറത്തേക്ക് തുറന്നു വിടാൻ കിട്ടുന്ന ഒരവസരം. എന്നാൽ പോലും, 'ആൺകുട്ടികൾ കരയില്ല', 'മുതിർന്നവർ കരയില്ല' എന്നൊക്കെയാണ് നമ്മൾ പറയാറ്. അതേസമയം, ആഴ്ചയിലൊരിക്കൽ ആളുകളെ കരയാൻ പ്രേരിപ്പിക്കുകയാണ് cryonceaweek.com എന്ന വെബ്സൈറ്റ്. 

റിപ്പോർട്ടുകൾ പ്രകാരം ഈ വെബ്സൈറ്റ് തങ്ങളുടെ യൂസർമാരെ കരയാൻ അനുവദിക്കുന്നു. അതിലൂടെ അവർക്ക് അവരുടെ വികാരങ്ങളെ പ്രകടിപ്പിക്കാം. പഠനങ്ങൾ പറയുന്നത് ആഴ്ചയിലൊരിക്കൽ കരയുന്നത് കൊണ്ട് ദോഷമൊന്നും ഉണ്ടാവുന്നില്ല എന്നാണ്. മാത്രമല്ല, അടക്കിപ്പിടിച്ച വേദനകളെ തുറന്നുവിടാൻ ഇത് സഹായിക്കുന്നു എന്നും കരയുന്നത് നമ്മുടെ മനസിനെ ശുദ്ധീകരിക്കുന്നുവെന്നും വെബ്സൈറ്റ് പറയുന്നു. ആളുകളെ കരയിപ്പിക്കാൻ വെബ്സൈറ്റ് എന്താണ് ചെയ്യുന്നത് എന്നല്ലേ? ആളുകളെ ചില പ്രത്യേക വീഡിയോകൾ കാണുന്നതിന് വേണ്ടി ക്ഷണിക്കും. അത് ആളുകളെ വൈകാരികമായി സ്പർശിക്കുകയും അവരെ കരയാൻ സഹായിക്കുകയും ചെയ്യും. ആളുകളെ കരച്ചിലിൽ കൊണ്ടെത്തിക്കുന്ന നിരവധി വീഡിയോകൾ വെബ്സൈറ്റിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

Latest Videos

ഇതുകൂടാതെ, 2018 -ൽ ദി ഇൻഡിപെൻഡൻ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത് നമ്മെ കരയിപ്പിക്കുന്ന സിനിമകളോ വീഡിയോകളോ ഒക്കെ കാണുന്നത് നമ്മുടെ മാനസികാരോ​ഗ്യത്തിന് ​ഗുണം ചെയ്യും എന്നാണ്. ഇത് നമ്മുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു. നമ്മൾ കരയുമ്പോൾ, നമ്മുടെ ശരീരം സ്ട്രെസ് ഹോർമോണുകളും ടോക്സിനുകളും പുറത്തുവിടുന്നു. ഇത് നമ്മുടെ സമ്മർദ്ദങ്ങളെ ഇല്ലാതാക്കുന്നു. അതിനാൽ തന്നെ കരയുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കേണ്ടതില്ല. കരയാൻ തോന്നിയാൽ ഇടയ്ക്കൊക്കെ കരയുന്നത് നല്ലതാണ് എന്ന് തന്നെയാണ് വിദ​ഗ്ദ്ധർ പറയുന്നത്. 

tags
click me!