രാത്രി വൈകി ടോയ്‍ലെറ്റ് ഉപയോഗിച്ചു, വിദ്യാർത്ഥിയെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച്  ചൈനയിലെ സ്കൂൾ അധികൃതർ

By Web Team  |  First Published Sep 26, 2024, 3:57 PM IST

സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് ചർച്ചയായതോടെ രൂക്ഷവിമർശനമാണ് സ്കൂളിനെതിരെ ഉയരുന്നത്. സ്കൂളിൻറെ വിദ്യാഭ്യാസനയങ്ങൾ പരിഷ്കരിക്കണമെന്നും വിദ്യാർത്ഥികളോട് കൂടുതൽ സൗഹാർദ്ദപരമായി ഇടപെടണമെന്നും പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റി സ്കൂളിന് നിർദ്ദേശം നൽകിയിട്ടുണ്ട്.


രാത്രി സ്കൂൾ ടോയ്ലെറ്റ് ഉപയോഗിച്ച വിദ്യാർത്ഥിയെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച് മറ്റു വിദ്യാർഥികൾക്ക് വിതരണം ചെയ്യിപ്പിച്ച സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനം. വടക്കൻ ചൈനയിലെ ഒരു ബോർഡിംഗ് സ്കൂളിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. സംഭവം വിവാദമായതോടെ സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റി. 

ഷാങ്‌സി പ്രവിശ്യയിലെ യുൻഡോംഗ് സെക്കൻഡറി സ്‌കൂളിലെ ഫോം ത്രീ വിദ്യാർത്ഥിയായ കൗമാരക്കാരനെയാണ്  രാത്രി 11 മണിക്ക് ബാത്റൂമിൽ പോയതിന് അധികൃതർ ശിക്ഷിച്ചത്. ബെയ്ജിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സ്കൂൾ അഡ്മിനിസ്ട്രേറ്റർ, കുട്ടിയെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിപ്പിക്കുകയും അതിന്റെ ആയിരം ഫോട്ടോ കോപ്പികൾ മറ്റു വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ ആവശ്യപ്പെടുകയും ആയിരുന്നു. കൂടാതെ വിദ്യാർഥിയുടെ  ക്ലാസിലെ പ്രതിമാസ അച്ചടക്ക സ്‌കോറിൽ നിന്ന് അഞ്ച് പോയിൻ്റുകളും കുറച്ചു.

Latest Videos

undefined

സ്കൂളിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അധ്യാപകൻ പറയുന്നത് അനുസരിച്ച് രാത്രി 10.45 ന് ശേഷം വിദ്യാർത്ഥികൾ ഡോർമിറ്ററിക്ക് ചുറ്റും നടക്കുന്നതും ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതും സ്കൂളിൽ നിരോധിച്ചിട്ടുണ്ട്. ഈ സമയത്തിന് ശേഷം ബാത്ത്റൂം ഉപയോഗിക്കേണ്ട വിദ്യാർത്ഥികൾ ഡോർ അഡ്മിനിസ്ട്രേറ്ററുടെ അനുവാദം തേടേണ്ടതുണ്ട്. എന്നാൽ, വിദ്യാർത്ഥി ഇത്തരത്തിൽ അനുവാദം തേടിയില്ല എന്നതാണ് സ്കൂൾ അധികൃതരെ പ്രകോപിപ്പിച്ചത്.

അധ്യാപകരുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥി എഴുതിയ ക്ഷമാപണക്കത്തിലെ വരികൾ ഇങ്ങനെ ആയിരുന്നു. "ഞാൻ സ്കൂൾ നിയമങ്ങൾ ഗുരുതരമായി ലംഘിച്ചു, വൈകുന്നേരം ടോയ്‌ലറ്റിൽ പോയത് മറ്റ് വിദ്യാർത്ഥികളുടെ ഉറക്കം കെടുത്തുക മാത്രമല്ല, എൻ്റെ ക്ലാസിന് നാണക്കേടുണ്ടാക്കുകയും ചെയ്തു. എൻറെ സഹപാഠികളോടും സ്കൂളിനോടും ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നു, ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നു."

സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് ചർച്ചയായതോടെ രൂക്ഷവിമർശനമാണ് സ്കൂളിനെതിരെ ഉയരുന്നത്. സ്കൂളിൻറെ വിദ്യാഭ്യാസനയങ്ങൾ പരിഷ്കരിക്കണമെന്നും വിദ്യാർത്ഥികളോട് കൂടുതൽ സൗഹാർദ്ദപരമായി ഇടപെടണമെന്നും പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റി സ്കൂളിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കുട്ടിയെ കൊണ്ട് ക്ഷമാപണത്തെഴുതിപ്പിച്ച് ഫോട്ടോ കോപ്പി എടുപ്പിച്ചതിന് നഷ്ടപരിഹാരമായി 100 യുവാൻ (US$14) നൽകണമെന്നും നിർദ്ദേശിച്ചു. 

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ  യുക്തിസഹവും മാനുഷികവുമായ അച്ചടക്ക നയങ്ങൾ നടപ്പിലാക്കാൻ എല്ലാ സ്കൂളുകളോടും നിർദ്ദേശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

(ചിത്രം പ്രതീകാത്മകം)

click me!