ഒടുവില്‍ ആ 'നരഭോജി' ആനയെ തളച്ചതിങ്ങനെ! പിയര്‍ ബക്സെന്ന കൊലകൊമ്പന്‍റെയും അവനെ തളച്ച പരുക്കനായ ഒരു വേട്ടക്കാരന്റെയും കഥ

By Web TeamFirst Published Jan 6, 2020, 11:21 AM IST
Highlights

ഈ വാർത്ത, പ്രദേശത്തെ ഗ്രാമങ്ങളിലെല്ലാം പടർന്നുപിടിച്ചു. അതോടെ  അവരാകെ ഭീതിയിലായി. കാരണം, ഇതൊരു മദയാനയല്ല, മറിച്ച് ക്രോധം കൊണ്ട് വെകിളിപൂണ്ട ഒരു കൊലകൊമ്പനാണ്. ഇങ്ങനെ ഒരു ജന്തു പുറത്തിറങ്ങി ഓടിയിട്ടുണ്ടെന്നുള്ള വാർത്ത നിമിഷങ്ങൾക്കകം സമീപഗ്രാമങ്ങളിലെല്ലാം തന്നെ എത്തി എങ്കിലും, എന്നാൽ,ആളുകൾ ഈ വിവരം അറിയും മുമ്പ്, പിയർ ബക്സ് തൊട്ടടുത്തുള്ള ഒരു കവലയിൽ എത്തി. 

('നരഭോജി' എന്നറിയപ്പെട്ടിരുന്ന പിയര്‍ ബക്സെന്ന ഒരു കൊലകൊമ്പന്‍റെയും അവനെ തളച്ച വേട്ടക്കാരന്‍ സായിപ്പ് വില്യം ഗോര്‍ഡന്‍ കുമ്മിങിന്‍റെയും കഥ. ജൂലിയസ് മാനുവല്‍ എഴുതുന്നു.)

നിബിഡമായ ഒരു വനം. ആ വനത്തിനുള്ളിലൂടെ ഒരു വേട്ടക്കാരനും അയാളുടെ ശിങ്കിടിയും, വളരെ സാവകാശം, ഒച്ചയനക്കമൊന്നും കൂടാതെ, ഒരു ചുള്ളിക്കമ്പുപോലും ചവിട്ടിയൊടിക്കാതെ സശ്രദ്ധം മുന്നോട്ടു നീങ്ങുകയാണ്. സമയം ഏതാണ്ട് ഉച്ച തിരിഞ്ഞിട്ടുണ്ട്. കാട്ടിനുള്ളിൽ നല്ല ചൂടുള്ള നേരമാണ്. ഇരപിടിക്കുന്ന മൃഗങ്ങൾ ഈ നട്ടുച്ചനേരം വല്ല തണൽമരങ്ങളുടെയും ചുവട്ടിൽ വിശ്രമിക്കുകയാണ് പതിവ്. ഈ വേട്ടക്കാരുടെ ലക്ഷ്യവും അങ്ങനെ വിശ്രമിക്കുന്ന ഏതോ ഒരു ഹിംസ്രമൃഗമാണ്. ഇവരുടെ നീക്കങ്ങളിൽ നിന്ന് നമുക്ക് ഒരു കാര്യം മനസിലാക്കാം, അങ്ങനെ നട്ടുച്ചയ്ക്ക് മരത്തണലിൽ വിശ്രമിക്കുന്ന ഏതോ ഒരു മൃഗത്തെ അവർ കണ്ടുകഴിഞ്ഞിട്ടുണ്ട്. അന്വേഷിച്ച് നടന്നുവരുന്നതിനിടെ അത് അപ്രതീക്ഷിതമായി കണ്ണിൽ പെട്ടതുകൊണ്ടാണ് അവർ നടത്തം അങ്ങനെ പാത്തും പതുങ്ങിയുമാക്കിയത്.

Latest Videos

അവർ വേട്ടയാടാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് ഒരു നരഭോജിക്കടുവയെയാണ്. പത്തിലധികം പേരെ കടിച്ചു കൊന്നുതിന്ന, ഏറെ കുപ്രസിദ്ധനായ ഒരു 'ആളെക്കൊല്ലി' നരിയെ. നാട്ടുകാരുടെ പേടിസ്വപ്നമായ ആ കടുവ, അവർക്കുമുന്നിൽ കുറച്ച് ദൂരെയായി, ഒരു മരത്തിന്റെ തണലിൽ കിടന്നുറങ്ങുകയാണ്. ആ വേട്ടക്കാരൻ ഒരു സായിപ്പാണ്. കൂടെയുള്ള ശിങ്കിടി ഇന്ത്യക്കാരനും. വേട്ടക്കാരൻ സായിപ്പിന് ഒരു കാര്യം മനസ്സിലായി. കടുവയെ ആ കിടന്ന കിടപ്പിൽ വെടിവെക്കുന്നത് ഒട്ടും ബുദ്ധിയല്ല. കാരണം, ഒറ്റ വെടിക്ക് കൊന്നുകളഞ്ഞില്ലെങ്കിൽ, നരി അവരെ തിരിച്ച് അക്രമിച്ചുകളയും. ഒറ്റ ഉണ്ടയ്ക്ക് അത് ചാവണമെന്നുണ്ടെങ്കിൽ, ഉന്നം തെറ്റാതെ കടുവയുടെ കഴുത്തിൽ, ചെവിക്ക് തൊട്ടുതാഴെയുള്ള മൃദുവായ ഭാഗത്തുതന്നെ വേണം വെടി കൊള്ളിക്കാൻ. അങ്ങനെ ചെയ്യാൻ പക്ഷേ, ഈ കിടന്ന കിടപ്പിൽ പറ്റിക്കൊള്ളണമെന്നില്ല.

അസാമാന്യ ധൈര്യശാലിയായിരുന്ന ആ വേട്ടക്കാരൻ അപ്പോൾ എന്തുചെയ്തെന്നോ? നിലത്തുകിടന്നിരുന്ന ഒരു ചെറിയ കല്ലെടുത്ത്, സുഖസുഷുപ്തിയിലാണ്ടു കിടന്നിരുന്ന കടുവയ്ക്കിട്ട്  ഒരേറുവെച്ചുകൊടുത്തു. കല്ലുവന്നു കൊണ്ടപ്പോൾ, എന്തെന്നറിയാൻ വേണ്ടി ആ ജന്തു തലപൊക്കി നോക്കുകയും, അപ്പോൾ തന്നെ സായിപ്പ് കിറുകൃത്യമായി, നേരത്തെ പറഞ്ഞ മർമ്മത്തുതന്നെ വെടി കൊള്ളിക്കുകയും ചെയ്തു. വെടികൊണ്ട് ആ മൃഗം തൽക്ഷണം പിടഞ്ഞുവീണു മരിച്ചു.

അങ്ങനെ, നാടിനെ വിറപ്പിച്ച ഒരു നരഭോജിക്കടുവയെ, അതിന്റെ മടയിൽ, അങ്ങ് കൊടുങ്കാടിന്റെ നടുവിൽ ചെന്ന്, കല്ലെറിഞ്ഞ് ഉറക്കത്തിൽ നിന്ന് എണീപ്പിച്ച്, അതിന്റെ മർമ്മത്തു തന്നെ വെടിവെച്ച് കൊന്ന ആ നായാട്ടുവീരൻ സായിപ്പിന്റെ പേരാണ് വില്യം ഗോർഡൻ കുമ്മിങ്. സഹായിയായിരുന്ന ഇന്ത്യക്കാരന്റെ പേര് യെല്ലു എന്നും. ഇവർ രണ്ടും കൂടി ഇന്ത്യയിൽ അങ്ങോളമിങ്ങോളം ചെന്ന് നടത്തിയിട്ടുള്ള വേട്ടയ്ക്ക് കണക്കില്ല. പലതും ഇതുപോലെ ഒരു നാടിനെത്തന്നെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ, നിരവധി സാധുക്കളെ കൊന്നുതിന്ന ഏതെങ്കിലും നരഭോജികളാകും. പല നാടുകളിലെയും ജീവിതം സ്വാഭാവികസ്ഥിതിയിലാക്കിയത് ഇവരുടെ ഇടപെടലുകളായിരുന്നു എന്നുതന്നെ പറയാം. പ്രസിദ്ധമായ ഈ 'ഇരുവർ' നായാട്ടുസംഘത്തിന്റെ മറ്റൊരു സുപ്രസിദ്ധമായ വേട്ടയെപ്പറ്റിയാണ് ഇനി. അത് ഏറെ ഐതിഹാസികമായ ഒരു നായാട്ടായിരുന്നു. നടന്നതോ വയനാടിനോട് ചേർന്ന്, കബനീ നദിയുടെ തീരങ്ങളിലും.


 

ഹുംസൂരിന്റെ പേടിസ്വപ്നം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ, മൈസൂരിൽ ജോർജ് പി സാൻഡേഴ്സൺ എന്ന് പേരായ ഒരു സായിപ്പ് ജലസേചനവകുപ്പിൽ ജോലി ചെയ്തിരുന്നു. വിദൂരഗ്രാമങ്ങളിലേക്ക് കനാലുകൾ വെട്ടി ജലമെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി.  മൈസൂർ, ഹുംസൂർ, കൂർഗ് തുടങ്ങിയ പ്രദേശങ്ങളിലെ കാടിനോട് ചേർന്നുള്ള ഗ്രാമങ്ങളിലൊക്കെ ഇദ്ദേഹം നിത്യസന്ദർശകനായിരുന്നു. തന്റെ ജോലിയിക്കിടയിലും അദ്ദേഹമെവിടെ ഒരു കാര്യം ശ്രദ്ധിച്ചു. പ്രദേശത്ത് ആനകളുടെ ശല്യം വളരെ കൂടുതലാണ്. ഒറ്റയാനല്ല, കാട്ടാനക്കൂട്ടം ഒന്നിച്ചാണ് വരവും പോക്കും അക്രമവുമെല്ലാം. ചോളവും മറ്റും വിളഞ്ഞുകിടക്കുന്ന പാടങ്ങൾ നിമിഷനേരം കൊണ്ട് അവർ നശിപ്പിച്ചു കളയും. കനാൽ കുഴിക്കാനെത്തിയ സായിപ്പിനോട്, പ്രദേശത്തെ കൃഷിക്കാർ കൂട്ടത്തോടെ ചെന്ന് തങ്ങളുടെ സങ്കടമുണർത്തിച്ചു. എങ്ങനെയെങ്കിലും ഈ കാട്ടാനകളെ ഒന്ന് ഓടിച്ചു തരണമെന്ന്, തങ്ങളെ രക്ഷിക്കണമെന്ന് അവർ സായിപ്പിന്റെ കാൽക്കൽ വീണപേക്ഷിച്ചു..

മനസ്സലിവുള്ളവനായിരുന്നു സാൻഡേഴ്സൺ സായിപ്പ്. നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ അവരെ സഹായിക്കാൻ തന്നെ സായിപ്പ് ഉറപ്പിച്ചു. അന്നൊക്കെ നമ്മുടെ നാട്ടിലെ മലയോരങ്ങളിൽ നിലവിലുണ്ടായിരുന്ന ആനപിടുത്തരീതി, വാരിക്കുഴി കുഴിച്ചുകൊണ്ടുള്ള ഒന്നായിരുന്നു. എന്നാൽ, അതിനൊരു കുഴപ്പമുണ്ടായിരുന്നു. ഒരു സമയത്ത് ഒരേയൊരു ആനയെ മാത്രമേ വീഴ്ത്താൻ പറ്റൂ. അതുകൊണ്ടുതന്നെ, അത് കാട്ടാനക്കൂട്ടങ്ങളെ നേരിടാൻ പര്യാപ്തമായിരുന്നില്ല. അങ്ങനെ ഒരു കാട്ടാനക്കൂട്ടത്തെ ഒന്നിച്ച് ഒറ്റയടിക്ക് വരുതിയിലാക്കാൻ പോന്ന മാർഗം അന്വേഷിച്ചു പുറപ്പെട്ടുചെന്ന സായിപ്പ് ചെന്നെത്തിയത് അസം, ബംഗാൾ പ്രദേശത്താണ്. അവിടെവെച്ച് അദ്ദേഹം 'ഖെദ്ദ' എന്നുപേരായ ഒരു സവിശേഷ രീതിയിലുള്ള ആനപിടുത്തം പരിചയിക്കുന്നു. താപ്പാനകളെ വെച്ച് കാട്ടാനക്കൂട്ടത്തെത്തന്നെ  വളഞ്ഞു പിടിക്കുന്ന ഒരു രീതിയായിരുന്നു ഖെദ്ദ.  ഈ മാർഗത്തിലൂടെ ഒറ്റയടിക്ക് ഒരു കൂട്ടം ആനകളെ നമുക്ക് പിടികൂടാം. താപ്പാനകളെ വെച്ച് ഈ ആനകളെ, രക്ഷപ്പെട്ടു പോകാൻ പറ്റാത്ത രീതിയിൽ എവിടെങ്കിലും കുടുക്കിനിർത്തും. പിന്നീട് ആ കൂട്ടത്തിൽ നിന്ന് ആനകളെ ഒന്നൊന്നായി കുടുക്കിട്ട്, താപ്പാനകളുടെ സഹായത്തോടെ തന്നെ കൂട്ടത്തിൽ നിന്ന് വേർപെടുത്തും. ഇതാണ് ഖെദ്ദയെന്ന ആനപിടുത്ത രീതി.

 

സാൻഡേഴ്സൺ സായിപ്പാണ് അക്കാലങ്ങളിൽ അസമിലും പരിസരങ്ങളിലും മാത്രം പ്രചാരത്തിലുണ്ടായിരുന്ന ഖെദ്ദയെ ദക്ഷിണേന്ത്യക്ക് പരിചിതമാക്കിയത്. സായിപ്പ് ആ സങ്കേതം ഇവിടേക്ക് കൊണ്ടുവന്ന ശേഷം നിരവധി ആനകളെ ഇങ്ങനെ താപ്പാനകളെ വെച്ച് വളഞ്ഞു പിടിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ, നല്ല തലപ്പൊക്കമുള്ള, വണ്ണവും ഓജസ്സുമുള്ള ഒരു ആനയുമുണ്ടായിരുന്നു. ഒറ്റവേട്ടയിൽ തന്നെ നിരവധി ആനകളെ വളഞ്ഞിട്ടു പിടിക്കുന്നതുകൊണ്ട്, അങ്ങനെ പിടിയിൽ അകപ്പെടുന്നവയിൽ പലതിനെയും പിന്നീട് ലേലത്തിൽ വെക്കുമായിരുന്നു. എന്നാൽ, കാണാൻ നല്ല തലപ്പൊക്കവും വണ്ണവും ഒക്കെ ഉണ്ടായിരുന്നിട്ടും ഈ ആനയെ മാത്രം ലേലത്തിൽ ആരും വിളിച്ചെടുത്തില്ല. ആനപ്രേമികളുടെ 'മാതംഗലക്ഷണപ്രിയം' തന്നെ കാരണം. ഈ ആനയുടെ വാലിൽ എന്തോ ഒരു ചെറിയ ലക്ഷണപ്പിശകുണ്ടായിരുന്നു. അതും, അന്നത്തെ ആനപ്രേമികൾ വളരെ അശുഭകരം എന്ന് കണക്കാക്കിയിരുന്ന ഒരു അവലക്ഷണം. അതുകൊണ്ട് ഇവനെ ആരും എടുത്തില്ല. എന്നാൽ, അങ്ങനെ യാതൊരു അന്ധവിശ്വാസവും ഏശിയിട്ടില്ലാതിരുന്ന മദ്രാസ് ഗവണ്മെന്റ് ഈ ആനയെ വിലക്കെടുത്തു. അവർക്ക് അതിനെക്കൊണ്ട് നിറവേറ്റാൻ നിരവധി ആവശ്യങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെപീരങ്കികൾ ചുമന്നു നീക്കുക, തടി പിടിക്കുക എന്നിങ്ങനെ പലതും. അതിനും പുറമെ, ആനപ്പുറത്തേറി കടുവയെയും മറ്റും വേട്ടയാടുന്ന 'ഗെയിം ഹണ്ടിങ്' എന്ന വിനോദത്തിനും മല്ലനായ ഈ ആനയെക്കൊണ്ട് പ്രയോജനമുണ്ടായിരുന്നു. അതുകൊണ്ട് അവർ ഈ ആനയെ സ്വന്തമാക്കി. അതിന് 'പിയർ ബക്സ്' എന്ന് ഉശിരനൊരു പേരുമിട്ടു.

കാണാൻ ഭീമാകാരനായിരുന്നു എങ്കിലും, പഞ്ചപാവമായിരുന്നു പിയർ ബക്സ്. സാധാരണ ആനകളിൽ നിന്ന് വ്യത്യസ്തനായി ഏറെ ശാന്തസ്വഭാവി. 'ഒരു കൊച്ചുകുഞ്ഞിനുപോലും വേണമെങ്കിൽ അവനെ കൊമ്പിൽ പിടിച്ച് നടത്തിക്കൊണ്ടു പോകാം' എന്നായിരുന്നു അന്ന് അവനെപ്പറ്റി പറഞ്ഞുകേട്ടിരുന്നത്. ആദ്യത്തെ ആറുവർഷങ്ങൾ പിയർ ബക്സ് തന്റെ ഈ ശാന്തപ്രകൃതത്തോടു കൂടിത്തന്നെ മദ്രാസ് ഗവണ്മെന്റിനുവേണ്ടി ജോലിചെയ്തു.  എന്നാൽ ഈ സമാധാനപർവ്വത്തിന് ഒരു ദിവസം അപ്രതീക്ഷിതമായി തിരശീല വീണു... അതിന് കാരണക്കാരൻ പക്ഷേ അവനല്ലായിരുന്നു എന്നുമാത്രം.

പിയർ ബക്സിന്റെ ഈ 'സമാധാനപ്രകൃത'ത്തിന്റെ പ്രധാനകാരണം തന്റെ ഒന്നാം പാപ്പാനോട് അവനുണ്ടായിരുന്ന ആത്മബന്ധമായിരുന്നു. സ്വന്തം കുഞ്ഞിനെ പരിചരിക്കുംപോലെ തന്നെയായിരുന്നു ഒന്നാം പാപ്പാൻ പിയർ ബക്സിനെയും അതുവരെ നോക്കിയിരുന്നത്. അങ്ങനെ പൊന്നുപോലെ കൊണ്ടുനടന്നിരുന്ന ഒന്നാം പാപ്പാനെ സാൻഡേഴ്സൺ സായിപ്പ് എന്തോ അത്യാവശ്യത്തിന് തന്നോടൊപ്പം അസമിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതോടെ പിയർ ബക്സിന്റെ പരിചരണചുമതല രണ്ടാം പാപ്പാന്റെ ചുമതലയായി. അയാളാണെങ്കിൽ വളരെ ക്രൂരനായ ഒരാളായിരുന്നു. അയാൾ ഏറ്റവും നിസ്സാരമായ അനുസരണക്കേടിനു പോലും പിയർ ബക്സിനെ ചങ്ങലക്കിട്ട്  പൊതിരെ തല്ലി, തൊലിപൊട്ടിച്ചു. അവന്റെ മർമ്മസ്ഥാനങ്ങളിൽ തോട്ടി കൊളുത്തി വലിച്ചുകൊണ്ടിരുന്നു. രണ്ടാഴ്ച അവൻ എങ്ങനെയോ ഇതൊക്കെ സഹിച്ചു. ഒടുവിൽ പീഡനങ്ങൾ അതിരുകടന്ന ഒരു ദിവസം പിയർ ബക്സ് തന്റെ ചങ്ങല പൊട്ടിച്ചു. ചങ്ങല പൊട്ടിച്ചു എന്നുമാത്രം പറഞ്ഞാൽ പോരാ. ചങ്ങല പൊട്ടിച്ച്, രണ്ടാം പാപ്പാനെയും കൊന്ന്, അവിടെ നിന്ന് കടന്നുകളഞ്ഞു പിയർ ബക്സ് എന്ന ആ ഭീമാകാരൻ ആന.

ഈ വാർത്ത, പ്രദേശത്തെ ഗ്രാമങ്ങളിലെല്ലാം പടർന്നുപിടിച്ചു. അതോടെ  അവരാകെ ഭീതിയിലായി. കാരണം, ഇതൊരു മദയാനയല്ല, മറിച്ച് ക്രോധം കൊണ്ട് വെകിളിപൂണ്ട ഒരു കൊലകൊമ്പനാണ്. ഇങ്ങനെ ഒരു ജന്തു പുറത്തിറങ്ങി ഓടിയിട്ടുണ്ടെന്നുള്ള വാർത്ത നിമിഷങ്ങൾക്കകം സമീപഗ്രാമങ്ങളിലെല്ലാം തന്നെ എത്തി എങ്കിലും, എന്നാൽ,ആളുകൾ ഈ വിവരം അറിയും മുമ്പ്, പിയർ ബക്സ് തൊട്ടടുത്തുള്ള ഒരു കവലയിൽ എത്തി. അവിടെ കാളവണ്ടികളുണ്ടായിരുന്നു. ചായക്കടയുണ്ടായിരുന്നു. ആഴ്ചച്ചന്ത നടക്കുന്ന ദിവസമായിരുന്നു. ജനങ്ങൾ പച്ചക്കറിയും മറ്റും നിലത്തു കൊണ്ടുവന്നു വെച്ച് വില്പന നടത്തുകയായിരുന്നു. അവിടെ വേറെയും പീടികകളുണ്ടായിരുന്നു. ഏറെ ജനത്തിരക്കുള്ള ആ ചന്തയിലേക്ക് കോപം കൊണ്ട് കണ്ണുകാണാത്ത അവസ്ഥയിൽ പിയർ ബക്സ് വന്നെത്തുന്നു. പിയർ ബക്സിനെ പലർക്കും കണ്ടു പരിചയമുണ്ടായിരുന്നു. തന്റെ ഒന്നാം പാപ്പാന്റെയൊപ്പം അതിശാന്തനായി പിയർ പലവട്ടം അതേ കവലയിലൂടെ നടന്നു പോയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ വരവ് പാപ്പാൻ ഇല്ലാതെയാണെന്നും, രണ്ടാം പാപ്പാനെ കൊന്നു കൊലവിളിച്ച ശേഷമുള്ള വെകിളിയോടെയാണ് എന്നും, പാവപ്പെട്ട ആ നാട്ടുകാർക്ക് അപ്പോൾ തിരിച്ചറിയാനായില്ല.

 

എത്രയോ പേരുടെ ജീവാധാരമായിരുന്ന ആ കവല, ആ വിപണനകേന്ദ്രം വെറും അരമണിക്കൂർ നേരം കൊണ്ട് പിയർ ബക്സ് പൊളിച്ചടുക്കിക്കളഞ്ഞു. കണ്ണിൽ കണ്ടതെല്ലാം അവൻ കുത്തി മലർത്തി. മുന്നിൽ പെട്ടുപോയവരെയെല്ലാം ചവിട്ടിത്തേച്ചു നിലത്തൊട്ടിച്ചു കളഞ്ഞു.  അവിടെ കെട്ടിയിട്ടിരുന്ന കാളകളെ ഒരെണ്ണത്തിനെപ്പോലും പിയർ ബക്സ് ജീവനോടെ വിട്ടില്ല. ചന്തയിലെ തിരക്കിൽ ജോലിയിൽ വ്യാപൃതരായിരുന്ന മൂന്ന് പണിക്കാരെയും അവൻ കൊമ്പിനുകുത്തിമലർത്തി. 'ചവിട്ടിയരച്ചു ഉമിക്കരി പരുവത്തിനാക്കി' എന്നാണ് അന്ന് സംഭവം നേരിൽ കണ്ടവരുടെ മൊഴിയിൽ രേഖപ്പെടുത്തപ്പെട്ടത്. ഈ ആക്രമണത്തിന്റെ ഏറെ അസാധാരണമായ ഒരു  സ്വഭാവം അവരുടെ മൊഴികളിൽ കാണാം. സാധാരണഗതിക്ക് ആനകളിൽ കാണാത്ത ഒരു സ്വഭാവ വിശേഷമായിരുന്നു അത്. തന്റെ അഴിഞ്ഞാട്ടത്തിനിടെ മൂന്നുപേരെ അവൻ കൊന്നു എന്ന് പറഞ്ഞല്ലോ. ഒന്നാമനെ കൊന്ന്, രണ്ടാമനെ പിടികൂടി നിലത്തടിച്ച് ചീന്തിക്കഴിഞ്ഞപ്പോൾ അയാളെ ഒന്നാമന്റെ മേലേക്കിട്ടു. മൂന്നാമത് ഒരാളെക്കൂടി പിടികൂടി കൊന്നുകഴിഞ്ഞപ്പോൾ മൂന്നാളെയും ഒന്നിച്ച് ഒരു കൂനയാക്കി. എന്നിട്ട് വീണ്ടും അത് ഒന്നിച്ച് ചവിട്ടിയരച്ച്, മണ്ണും എല്ലാം കൂട്ടി ആകെയൊരു പേസ്റ്റ് പരുവത്തിലാക്കി. എന്നിട്ട് അതിൽ നിന്ന് ഒരു കഷ്ണം വലിച്ചു പറിച്ചെടുത്ത് വായിലിട്ട് ചവച്ചു അന്ന് പിയർ ബക്സ്. കരിമ്പിൻ തോട്ടത്തിൽ കേറി മേഞ്ഞശേഷം കരിമ്പിൻ ചണ്ടി വലിച്ചെടുത്ത് വായിലിട്ട് ചവയ്ക്കുന്ന പോലെ. തിന്നുകയല്ല അവൻ ചെയ്തത്. ചുമ്മാ ചവയ്ക്കുക മാത്രം. എന്നാൽ  അങ്ങനെപോലും പൊതുവെ ഒരു മദയാനയും ചെയ്യുക പതിവില്ലല്ലോ. മാത്രവുമല്ല അവിടെ തടിച്ചുകൂടിയവർക്ക് പിയർ ബക്സ് ആളുകളെ ഭക്ഷിക്കുന്നതായാണ് തോന്നിയത്. അന്ന് അവനുവീണ ഇരട്ടപ്പേരാണ് 'നരഭോജി' ആന എന്നത്.

പക്ഷേ, പിയർ ബക്സ് ഒരിക്കലും ഒരു നരഭോജി ആയിരുന്നില്ല. പിയർ ബക്സ് എന്നല്ല, ഒരു ആനയ്ക്കും ഒരിക്കലും മാംസഭുക്കാകാൻ സാധിക്കില്ല. എന്നാൽ ആനകൾ വെകിളി പിടിച്ചു കഴിഞ്ഞാൽ, അപൂർവം അവസരങ്ങളിൽ, ഇവിടെ പിയർ ബക്സ് ചെയ്തപോലെ കൊല്ലുന്നയാളിന്റെ കയ്യോ കാലോ വലിച്ചൂരിയെടുത്ത് വായിലിട്ട് ചവക്കുന്ന സ്വഭാവം പ്രകടിപ്പിച്ചിട്ടുള്ളതായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട തെളിവുകളുണ്ട്. അത് അവരുടെ ദേഷ്യത്തിന്റെ പ്രകടനം മാത്രമാണ്. ഭക്ഷിക്കുകയല്ല, ചുമ്മാ ചവയ്ക്കുക മാത്രമാണ് ആ അവസരത്തിൽ തങ്ങളുടെ ദേഷ്യം തീർക്കാൻ വേണ്ടി ആനകൾ ചെയ്യുന്നത്. ഈയടുത്ത കാലത്ത് അസമിലെ ജംബോ എന്ന ഒരു ആന, കുത്തിമലർത്തിയ ഒരാളെ ഇതുപോലെ വായിലിട്ട് ചവച്ചതായി അവിടത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരത്തിൽ അതികുപിതനായ ആന മാത്രമായിരുന്നു പിയർ ബക്സ് എങ്കിലും, അന്ന് മാനന്തവാടി മുതൽ കൂർഗ് വരെയുള്ള കാട്ടിലും നാട്ടിലും ഒരുപോലെ ഭീതി പടർത്തി, 'നരഭോജി' എന്ന് ചാപ്പകുത്തപ്പെട്ട ഈ ആന. അന്നാണെങ്കിൽ കാടും  നാടും തമ്മിൽ വേർതിരിച്ചറിയാൻ പറ്റാത്തത്ര ഇഴചേർന്നുകൊണ്ടായിരുന്നു അവിടത്തെ ജനങ്ങൾ കഴിഞ്ഞിരുന്നതും.

ചങ്ങലയും പൊട്ടിച്ച് വെകിളി പൂണ്ടിറങ്ങിയോടിയ പിയർ ബക്സ് എന്ന ഈ ആന, പിന്നെ എങ്ങോട്ടാണ് പോയതെന്നോ, ആരൊക്കെ അവന്റെ ഇരകളാകുമെന്നോ ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. അവൻ എപ്പോൾ ഏത് നിമിഷം എവിടെ പ്രത്യക്ഷപ്പെടുമെന്ന് പ്രവചിക്കാനുള്ള യാതൊരു സാങ്കേതികവിദ്യയും അന്നത്തെക്കാലത്ത് ഉണ്ടായിരുന്നില്ല. ഇങ്ങനെ പിയർ ബക്സ് എന്നൊരു കൊലയാളി ആന പുറത്തിറങ്ങിയിട്ടുണ്ട് എന്നറിഞ്ഞതോടുകൂടി പല ആദിവാസി ഊരുകളും വിജനമായി. പട്ടാപ്പകൽ  അങ്ങാടിയിൽ നടത്തിയ ആക്രമണത്തിന് ശേഷം പലപ്പോഴായി പല ആദിവാസി കുടികളും അവന്റെ ആക്രമണത്തിന് ഇരയായി. കുട്ടികളും സ്ത്രീകളുമടക്കം പലരെയും അവൻ കൊന്നുകളഞ്ഞു. അതോടെ പാവം ആദിവാസികൾ ഭയന്നുപോയി എന്നതാണ് സത്യം. പിയർ ബക്സിന്റെ ആക്രമണങ്ങൾക്ക് കൃത്യമായ ഒരു പാറ്റേൺ കണ്ടെത്താൻ  ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കുപോലും സാധിച്ചില്ല എന്നതാണ് സത്യം. അതിനു കാരണം അവന്റെ ആക്രമണങ്ങളിൽ അപ്രവചനീയത തന്നെയായിരുന്നു. ഇന്ന് ഇന്ന ഗ്രാമത്തിൽ പിയർ ബക്സിന്റെ അക്രമണമുണ്ടായാൽ, രണ്ടാഴ്ച കഴിഞ്ഞ് അതുമായി യാതൊരു ബന്ധവുമില്ലാത്ത, പത്തുനാല്പത് കിലോമീറ്റർ അകലെ കിടക്കുന്ന മറ്റൊരു ആദിവാസി ഊരിലായിരിക്കും അവന്റെ അടുത്ത ആക്രമണം നടക്കുക. അങ്ങനെ വന്നപ്പോഴേക്കും, പിയർ ബക്സ് എന്ന നരഭോജിയാനയുടെ അടുത്ത ആക്രമണം ഏത് ഭാഗത്തായിരിക്കും എന്ന കാര്യത്തിൽ ഒരു തിട്ടവുമില്ലാതെ വന്നു.

ഇത്രയൊക്കെ ആയിട്ടും, ഇത്രയധികം പേരെ പിയർ ബക്സ് കൊന്നുകളഞ്ഞിട്ടും, അവനെ കൊല്ലാനുള്ള ഉത്തരവിറക്കാൻ മദ്രാസ് ഗവണ്മെന്റ് തയ്യാറായില്ല. കാരണം, അവരെ സംബന്ധിച്ചിടത്തോളം അവൻ ഏറെ ഉപകാരമുള്ള ഒരു ആനയായിരുന്നു. മദമിളകിയിട്ടൊന്നുമല്ല അവന് വെകിളി പിടിച്ചത്. അവനെ രണ്ടാം പാപ്പാൻ അത്രയ്ക്ക് ഉപദ്രവിച്ചിട്ടാണ്. അപ്പോൾ പിന്നെ അവനെ കൊല്ലേണ്ടകാര്യമൊന്നും ഇല്ലെന്ന് തുടക്കത്തിൽ അവർ കരുതി. അവർ നടത്തിയ പരിശ്രമങ്ങളത്രയും അവനെ ജീവനോടെ വളഞ്ഞു പിടിക്കാനായിരുന്നു. അവനെ എങ്ങനെയും തിരിച്ചുപിടിച്ച് വീണ്ടും പഴയ നല്ല സ്വഭാവത്തിലേക്ക് തിരികെ കൊണ്ടുവരാം എന്നവർക്ക് പ്രതീക്ഷയുണ്ടായിരുന്നു എന്നു തോന്നുന്നു. നല്ലവനായ, നല്ല ബുദ്ധിയും അനുസരണയുമുള്ള ഒരു ആന എന്ന സൽപ്പേര് അവന് ഭരണാധികാരികൾക്കിടയിൽ കഴിഞ്ഞ ആറുവർഷക്കാലവും ഉണ്ടായിരുന്നു. എന്നാൽ മാനന്തവാടി പരിസരങ്ങളിൽ പിയർ ബക്സ് താണ്ഡവമാടിക്കൊണ്ടിരുന്ന ഇടങ്ങളിലെ ആദിവാസികൾ, വിശേഷിച്ചും അവന്റെ ആക്രമണങ്ങളിൽ ഏറ്റവുമധികം നാശനഷ്ടങ്ങൾക്ക് ഇരയായിക്കൊണ്ടിരുന്ന കുറുമ്പന്മാർ, അവനെപ്പേടിച്ച് താമസം ഏറുമാടങ്ങളിലേക്ക് മാറ്റി. താഴെ സ്വൈരമായി കഴിഞ്ഞുകൂടാൻ അവർക്ക് പറ്റില്ല എന്ന അവസ്ഥയായി. അക്കാലത്ത് ആ പ്രദേശത്തെ നിരത്തുകൾ വിജനമായി എന്നാണ് പല ചരിത്രരേഖകളിലും എഴുതിയിട്ടുള്ളത്. എപ്പോഴാണ്, ഏത് വഴിക്കാണ് പിയർ ബക്സ് വരുന്നതെന്ന് ആർക്കും അറിയാൻ പറ്റാത്ത സാഹചര്യമാണ് എന്നതുതന്നെ കാരണം. പേടിച്ചിട്ട് പുറത്തിറങ്ങാനാവാത്ത ഗതികേടായിരുന്നു.

അങ്ങനെ സർക്കാരിന്റെ നയം പോലും തനിക്ക് അനുകൂലമായിരിക്കെ, പിയർ ബക്സ് വലിയൊരു അബദ്ധം പ്രവർത്തിച്ചു. അവൻ ആക്രമിച്ച് ആക്രമിച്ച് ഹരം കയറി വയനാടിന്റെ അതിർത്തിയ്ക്കുള്ളിലേക്കെത്തി. അന്ന് കബനി നദിയുടെ തീരത്ത് അന്നത്തെ വയനാട് കളക്ടർ ഇൻസ്പെക്ഷന് വരുമ്പോൾ വിശ്രമത്തിന് വന്നു കിടന്നിരുന്ന ഒരു ചെറിയ ഷെഡ്ഡ് ഉണ്ടായിരുന്നു. പിയർ ബക്സ് ഈ ഷെഡ്‌ഡിനരികിൽ എത്തിയപ്പോൾ ബ്രിട്ടീഷുകാരനായ കളക്ടർ അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ത്യക്കാരനായ കളക്ടറുടെ സഹായി അന്നവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. തന്റെ മുന്നിൽ വന്നുപെട്ട ആ പാവം മനുഷ്യനെ പിയർ ബക്സ് ചവിട്ടിക്കൊന്നുകളഞ്ഞു. എന്നുമാത്രമല്ല, കളക്ടറുടെ വിശ്രമകേന്ദ്രവും തകർത്തു തരിപ്പണമാക്കിക്കളഞ്ഞു. അതോടെ കളക്ടർ സായ്വിന് കലികേറി. അദ്ദേഹം മദ്രാസ് ഗവൺമെന്റിന് അടിയന്തരമായി ഒരു കമ്പി സന്ദേശമയച്ചു. "നാടിനും നാട്ടാർക്കും, സർവ്വോപരി കളക്ടറുടെ ജീവനും ഭീഷണിയായ പിയർ ബക്സ് എന്ന നരഭോജിയാനയെ വെടിവെച്ചുകൊന്നുകളയാനുള്ള ഉത്തരവ് അടിയന്തരമായി ഇറക്കണം" എന്നതായിരുന്നു കളക്ടറുടെ ആവശ്യം. കളക്ടറുടെ അഭ്യർത്ഥന അവഗണിക്കാൻ എന്തായാലും മദ്രാസ് ഗവൺമെന്റിന് സാധിക്കുമായിരുന്നില്ല. എങ്കിൽ ശരി, ഇനി പിയർ ബക്സിനെ കൊന്നുകളയാം എന്നുള്ള ഉത്തരവ് വന്നു. അവനെ കൊന്ന് നാട്ടുകാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ രാജ്യത്തെമ്പാടുമുള്ള വില്ലാളിവീരന്മാരായ നായാട്ടുകാരെ ക്ഷണിച്ചു കൊണ്ട് ഒരു ഓർഡിനൻസും അന്ന് മദ്രാസ് ഗവൺമെന്റ് പുറത്തിറക്കി.

അങ്ങനെ ഒരു ഓർഡിനൻസ് ഇറങ്ങിയതോടെ നാട്ടിലെ 'ഗെയിം ഹണ്ടിങ്' അഥവാ നായാട്ടുവിനോദ ഭ്രമക്കാരായ രാജാക്കന്മാർക്കും, പ്രഭുക്കന്മാർക്കും, ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥർക്കും ഒക്കെ വലിയ ആവേശമായി. 'പിയർ ബക്സിനെ കൊന്ന നായാട്ടുകാരൻ' എന്ന പ്രസിദ്ധി അവരിൽ പലരും ആഗ്രഹിച്ചു. അന്ന് നിരവധി പേർ പിയർ ബക്സിനെ വെടിവെച്ചുകൊല്ലാനോ, കഴിയുമെങ്കിൽ ജീവനോടെ പിടിക്കാനും ഒക്കെ ശ്രമിച്ചുകൊണ്ട് മാനന്തവാടി ഭാഗത്തെത്തി. അവരിൽ ഒരു സംഘം വേറിട്ടൊരു തന്ത്രം പ്രയോഗിച്ചു. അവർ മൈസൂരിൽ നിന്ന് കുറെ 'ഫൈറ്റർ' ആനകളെ കൊണ്ടുവന്നു. മൈസൂരിലെ രാജാവിന്റെ സ്വന്തമായിരുന്നു അദ്ദേഹം തമ്മിലടിപ്പിച്ച് ആനന്ദം കണ്ടെത്തിയിരുന്ന ഈ പോരാളി ആനകൾ നാടൻ താപ്പാനകളെക്കാൾ കുറേക്കൂടി പോരാട്ടവീര്യം തുളുമ്പുന്ന ജാതിയായിരുന്നു. ഖെദ്ദ രീതിയിൽ ഈ ആനകളെ ഉപയോഗിച്ചുകൊണ്ട് പിയർ ബക്സിനെ ഒതുക്കി കീഴടക്കാം എന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, ഈ കുപ്രസിദ്ധരായ 'ഫൈറ്റർ' കൊലകൊമ്പന്മാർ എല്ലാം തന്നെ പിയർ ബക്സിനെ നേരിൽ കണ്ടപ്പോൾ വാലും ചുരുട്ടി പിന്തിരിഞ്ഞോടിക്കളഞ്ഞു. സാമാന്യത്തിൽ കവിഞ്ഞ ഉയരവും വണ്ണവുമുള്ള ഒരു ആനയാണ് അവൻ. അതിനു പുറമെ ആകെ കൊലവെറിയിൽ നിൽക്കുന്ന നേരവും. അതുകൊണ്ട്, ആ സംഹാരതാണ്ഡവത്തിനു മുന്നിൽ പിടിച്ചുനിൽക്കാനുള്ള ശേഷി വന്ന ആനകളിൽ ഒന്നിനും ഉണ്ടായിരുന്നില്ല. അതോടെ ആ പദ്ധതി പൊളിഞ്ഞു.

ആ സമയത്ത് മൈസൂരിൽ ഉണ്ടായിരുന്നവരാണ് മെൽവിൻ സ്മിത്ത് എന്ന മറ്റൊരു ബ്രിട്ടീഷുകാരനും അദ്ദേഹത്തിന്റെ കൂട്ടുകാരും. അവരും വേട്ടക്കാരായിരുന്നു. എന്നാൽ, ആനവേട്ടക്കാരൊന്നും അല്ലായിരുന്നു എന്നുമാത്രം. വല്ല മാനിനെയോ മുയലിനെയോ മ്ലാവിനെയോ ഒക്കെ വെടിവെച്ചുവീഴ്ത്തി അതിൽ ആനന്ദം കണ്ടെത്തിയിരുന്ന സാധാരണ ശിക്കാരികൾ. ഈ സമയത്താണ് പിയർ ബക്സിനെ കൊല്ലാനുള്ള ഓർഡർ ഇറങ്ങുന്നത്. അതോടെ അവർ ഒരു തീരുമാനത്തിലെത്തി. 'സംഭവശാൽ പിയർ ബക്സിനെ വഴിയിൽ വച്ചെങ്ങാനും കണ്ടുകിട്ടിയാൽ വെടിവെച്ചു കൊല്ലാൻ നോക്കാം. അല്ലാതെ കൊല്ലാൻ വേണ്ടി അതിനെ തിരഞ്ഞൊന്നും പോകേണ്ട'. എന്ന്. അങ്ങനെയിരിക്കെ ഇവർ ഒരു ദിവസം മൈസൂരിനും മാനന്തവാടിക്കും ഇടയിലെ കാനനപാതയോട് ചേർന്നുകിടക്കുന്ന ഒരു ടൂറിസ്റ്റ് ബംഗ്ലാവിൽ ഒരു ദിവസം രാത്രി ചെന്ന് തമ്പടിച്ചു. രണ്ടു മുറികളുള്ള ഒരു ചെറിയ ബംഗ്ലാവായിരുന്നു അത്.  അടുക്കളഭാഗത്തായി ഭൃത്യർക്കായി ഒരു ചായ്പ്പും ഉണ്ടായിരുന്നു. ചായ്പ്പിൽ സായിപ്പന്മാരുടെ സേവകന്മാർ കിടന്നു. രണ്ടു മുറികളിലായി നാലു സായിപ്പന്മാരും കിടന്നു.

ഈ ടൂറിസ്റ്റ് ബംഗ്ളാവ് സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് രണ്ടാഴ്ച മുമ്പ് പിയർ ബക്സ് വന്നിട്ടുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് പിയർ ബക്സ് വന്നത് എന്നുള്ള ന്യൂസ് ഇവർക്ക് കിട്ടിയിട്ടുണ്ടായിരുന്നു. അപ്പോൾ അവർ കരുതിയത്, 'രണ്ടാഴ്ച മുമ്പല്ലേ ഇവിടെ വന്നത്, ഇനി എന്തായാലും ഉടനെയൊന്നും അവൻ ഇവിടെത്തന്നെ തിരികെ വരാൻ സാധ്യതയില്ല' എന്നായിരുന്നു. അതായത്, ഇവിടത്തെ അഴിഞ്ഞാട്ടം കഴിഞ്ഞ് പിയർ ബക്സ് ഇവിടെ നിന്ന് നാല്പതോ അമ്പതോ മൈൽ അകലെയുള്ള മറ്റേതെങ്കിലും ഗ്രാമത്തിലേക്ക് മാറിയിട്ടുണ്ടാകും എന്ന്. എന്നാലും, വെറുതെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക്, കൂടെ വന്ന ജോലിക്കാരോട്, 'ആനശല്യമുള്ള നാടാണ് ഒരു കാരണവശാലും രാത്രി ചായ്പുവിട്ട് പുറത്തിറങ്ങിപ്പോകരുതെ'ന്ന് അവർ പറഞ്ഞുവെച്ചിരുന്നു.

നായാട്ടുസംഘത്തിലെ സകലരും അന്ന് ആ ബംഗ്ലാവിൽ വയനാടൻ മലനിരകളുടെ കുളിരും ആസ്വദിച്ചുകൊണ്ട് മൂടിപ്പുതച്ചു കിടന്നുറങ്ങി. രാവിലെ അഞ്ച് അഞ്ചരമണിയായപ്പോൾ, ഇക്കൂട്ടത്തിൽ ഒരു സായിപ്പിന്റെ കാലിൽ ആരോ വന്നു തൊടുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. പെരുമ്പാമ്പാണോ എന്ന സംശയത്തിൽ ഈ സ്പർശനശങ്കയുണ്ടായ ഉടനെ തന്നെ  തന്നെ അയാൾ ഞെട്ടിപ്പിടഞ്ഞെണീറ്റു. കമ്പിളി പുതച്ചും കൊണ്ടാണ് സായിപ്പ് കിടന്നിരുന്നത്. ആ കമ്പിളിയുടെ മുകളിലൂടെയാണ് പെരുമ്പാമ്പുപോലെ എന്തോ ഒന്ന് ഇഴയുന്ന പോലെ അയാൾക്ക് തോന്നിയത്. ജനലിനോട് ചേർന്നായിരുന്നു ആ കട്ടിൽ ഇട്ടിരുന്നത്. പുറത്തേക്ക് നോക്കിയപ്പോൾ, ജനൽപ്പടിയിലൂടെ എന്തോ ഒന്ന് തെന്നി മാറുന്നത് അയാൾ കണ്ടു. അതുകണ്ട വിരണ്ടുപോയ അയാൾ തലയ്ക്കൽ തന്നെ വെച്ചിരുന്ന ലോഡഡ് ഹണ്ടിങ് ഗൺ എടുത്ത് ആ അനക്കത്തിനുനേരെ ഒരു വെടിയുതിർത്തു. എന്നാൽ, വെടിപൊട്ടിയ നിമിഷം ജനാലയ്ക്കപ്പുറത്തുനിന്ന് പുറപ്പെട്ട ശബ്ദം ഒരു ചിന്നം വിളിയായിരുന്നു. അതോടെ അവർ നാലുപേരും ഉണർന്നു. പുറത്ത് ഒരു ഒറ്റയാനാണ് വന്നതെന്നും, അവൻ ഈ സായിപ്പിന്റെ കാലിൽ പിടിച്ച് തൂക്കിയെടുക്കാനാണ് ശ്രമിച്ചതെന്നും അവർക്ക് മനസിലായി. കമ്പിളി പുതച്ചിരുന്നതുകൊണ്ട് മാത്രമാണ് അന്ന് സായിപ്പിന്റെ പ്രാണൻ പോകാതെ രക്ഷപ്പെട്ടത്. തുമ്പിക്കൈ കൊണ്ടുള്ള പിടിയിൽ നിന്ന് കമ്പിളി വഴുതുകയും, സായിപ്പ് ഉണരുകയുമാണുണ്ടായത്.

ആ ഒരൊറ്റ വെടിയൊച്ചയിൽ, ടൂറിസ്റ്റ് ബംഗ്ളാവ് ആകെ ഉണർന്നിരുന്നു.  വെടി കൊണ്ടതാണെങ്കിലും പുറത്ത് ഒരു ഒറ്റയാനുണ്ട് എന്ന് മനസ്സിലായതിനാൽ സായിപ്പന്മാർ ആരും തന്നെ പുറത്തിറങ്ങിയില്ല. കയ്യിലുണ്ടായിരുന്ന തോക്കെല്ലാം എടുത്ത് അവർ ജനലിങ്കൽ വന്നു. പുറത്തെ കൂരിരുട്ടിലേക്ക്  അലക്ഷ്യമായെങ്കിലും നാലഞ്ച് വെടി പൊട്ടിച്ചു. എന്നാൽ, ആനയുടെ ശബ്ദമൊന്നും പിന്നീട് കേൾക്കാൻ സാധിച്ചില്ല. എന്നാലും പുറത്തേക്കിറങ്ങാനും മാത്രമുള്ള ധൈര്യം സായിപ്പന്മാർക്ക് എന്തായാലും അപ്പോൾ ഉണ്ടായില്ല. ആ വന്ന ഒറ്റയാൻ ഒരുപക്ഷേ, പിയർ ബക്സ് ആണെങ്കിലോ..? അവ അവനെപ്പറ്റി കേട്ടിരുന്ന കഥകൾ ഒന്നും അത്ര സുഖമുള്ളതല്ലല്ലോ. അതുകൊണ്ടുതന്നെ, അവർക്ക് കാര്യമായ ഭയമുണ്ടായിരുന്നു. വെളിയിലുള്ളത് അവനാണെങ്കിൽ ഈ ഇരുട്ടത്ത് പുറത്തിറങ്ങുന്നത് ഒട്ടും സുരക്ഷിതമല്ലല്ലോ. എന്തായാലും, വെളുക്കും വരെ നമുക്ക് അകത്തുതന്നെ കാത്തിരിക്കാം എന്ന് അവർ ജോലിക്കാരോട് പറഞ്ഞു. വെളിച്ചം വീഴുന്ന നേരം വരെ അവർ ഭക്ഷണമൊക്കെ പാകം ചെയ്തു കഴിച്ചു കൊണ്ട് തള്ളിനീക്കി. നേരം പുലർന്നപ്പോൾ പതുക്കെ പുറത്തിറങ്ങി.

രാത്രിയിൽ ഉയർന്ന വെടിയൊച്ചയും ചിന്നം വിളിയും ബഹളവുമൊക്കെ കേട്ടതുകൊണ്ടാകും, ചുറ്റുവട്ടത്തുള്ള കുറുമ്പൻ ഗോത്രക്കാരായ ആദിവാസികളും രാവിലെയായപ്പോഴേക്കും ടൂറിസ്റ്റ് ബംഗ്ളാവിനു മുന്നിൽ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു.  അവർ ഈ പിയർ ബക്സിനെ പേടിച്ചു കൊണ്ട് ഏറുമാടവും കെട്ടി മരങ്ങളുടെ മുകളിലാണ് ഇപ്പോൾ കിടപ്പും ഉറക്കവുമെല്ലാം. അവരിൽ ചിലർ അങ്ങ് മരത്തിന്റെ മണ്ടയിലിരുന്നുകൊണ്ട് ഈ വെടി കൊണ്ട് ഓടിപ്പോവുന്ന ഒറ്റയാനെ ഒരു നോക്ക് കണ്ടിട്ടുണ്ടായിരുന്നു. അവർ പറഞ്ഞു, ' ഇന്നലെ ഇവിടെ വന്നത് പിയർ ബക്സ് ആണോ എന്ന് സംശയമുണ്ട്'. മിന്നായം പോലെ കണ്ടതുമാത്രമല്ല ആദിവാസികളുടെ ഉറപ്പിന് ആധാരം. ബംഗ്ലാവിന്റെ മുറ്റത്ത് കണ്ട ആനയുടെ കാലടിപ്പാട് കണ്ടപ്പോൾ അവർ തങ്ങളുടെ സംശയം സ്ഥിരീകരിച്ചു കൊണ്ട് പറഞ്ഞു, " ഇത് അവൻ തന്നെ, ഈ കാട്ടിൽ ഇത്രയും വലിയ പാദങ്ങളുള്ള വേറെ ഒറ്റയാന്മാരില്ല'. ഇന്നലെ ഇരുട്ടത്ത് പുറത്തിറങ്ങേണ്ടതില്ല എന്നുള്ള നിങ്ങളുടെ തീരുമാനം എന്തായാലും വളരെ നന്നായി എന്നും അവർ സായിപ്പന്മാരോട്  പറഞ്ഞു.

"അങ്ങനെയാണെങ്കിൽ ഇപ്പോൾ ഈ പിയർ ബക്സ് എങ്ങോട്ടു പോയിട്ടുണ്ടാകും?" സായിപ്പന്മാർ കുറുമ്പന്മാരോട് തിരക്കി. "വെടികൊണ്ടിട്ടുണ്ട് പിയർ ബക്‌സിന്. എന്നാൽ ഇത്ര ക്ളോസ് റേഞ്ചിൽ നിന്ന്, അതും ഉന്നമൊന്നും പിടിക്കാതെ വെച്ച വെടിയായതുകൊണ്ട് അത് കൃത്യമായി മസ്തകത്തിൽ ഒന്നുമാവില്ല ചെന്ന് കൊണ്ടിരിക്കുന്നത്. എവിടെ വേണമെങ്കിലും ആകാം. അതുമാത്രമല്ല, വെടി വളരെ അടുത്തുനിന്നായതുകൊണ്ട്, വെടിയേറ്റ ഭാഗം പൊള്ളിക്കരിഞ്ഞിട്ടുമുണ്ടാകും. കാര്യമായി ചോരയൊന്നും ഒലിച്ചിറങ്ങാനും സാധ്യതയില്ല അതുകൊണ്ടുതന്നെ. പിന്നെ, എന്തൊക്കെയായാലും ഒരു കാര്യം ഉറപ്പാണ്, പരിക്കേറ്റ ആനയാണെങ്കിൽ വെള്ളം കുടിക്കാൻ വേണ്ടി അവൻ ഏതെങ്കിലും ജലാശയത്തിന്റെ അടുത്തേക്ക് വൈകാതെ വന്നേക്കും. ഏതെങ്കിലും പുഴക്കരയിലേക്കാണ് ആനകൾ സാധാരണ പരിക്കേറ്റാൽ ഉടൻ ചെല്ലുക. രണ്ടുണ്ട് കാര്യം. ഒന്ന് വെള്ളം വേണ്ടത്ര അകത്താക്കാം. രണ്ട്, പുഴക്കരയിലെ ചെളിവാരി മുറിവിൽ പൊത്തി രക്തസ്രാവത്തിന് തടയിടാം. വെടികൊണ്ടിട്ടുള്ള സ്ഥിതിക്ക് ഈ പണി എന്തായാലും ആന ചെയ്തിരിക്കും. അതുകൊണ്ട് തൊട്ടടുത്തുള്ള പുഴകളുടെ അരികുപറ്റി നീങ്ങിയാൽ അവനെ കണ്ടുപിടിക്കാം" എന്നായി കുറുമ്പർ. അവിടെ അടുത്തുള്ളത് കബനീനദിയാണ്. അങ്ങോട്ട് പിയർ ബക്സ് പോയിട്ടുണ്ടാകാൻ സാധ്യതയുണ്ട് എന്ന് സായിപ്പന്മാർക്കും തോന്നി. പരിക്കേറ്റ സ്ഥിതിക്ക് ഇന്നൊരു ദിവസം മുഴുവനും തന്നെ അവൻ അവിടെ വിശ്രമിക്കാനും സാധ്യതയുണ്ട്. കാരണം, അനങ്ങിയോ ആരെയെങ്കിലും അക്രമിച്ചോ വീണ്ടും കുറുമ്പുകാട്ടിയാൽ മുറിവ് വീണ്ടും തുറന്നുപോകുമെന്ന് ആനക്ക് നന്നായി അറിയാം. അതുകൊണ്ട് അവിടെ കബനീ നദിയുടെ തീരത്തെ ഏതെങ്കിലും മരത്തണലിൽ വിശ്രമിക്കുന്ന അവസ്ഥയിൽ പിയർ ബക്സിനെ ഇന്ന് കാണാനുള്ള സാധ്യത ഏറെയാണ് എന്ന് കുറുമ്പന്മാർ സായിപ്പന്മാരോട് പറഞ്ഞു.

ഇത്രയും കേട്ടതോടെ സായിപ്പന്മാർക്ക് ആവേശം കയറി. അവർ പ്രാതലൊക്കെ തിരക്കിട്ട് ശാപ്പിട്ടുകൊണ്ട് ആനവേട്ടയ്ക്ക് തയ്യാറെടുത്തു. പോകുമ്പോൾ ചുമടെടുക്കാൻ വേണ്ടി, സുലൈമാൻ എന്ന് പേരുള്ള ഒരു നാട്ടുകാരനെ കൂടെക്കൂട്ടി. വഴി കാണിച്ചുകൊടുക്കാൻ വേണ്ടി, രാവിലെ അവിടെ വന്ന രണ്ടു കുറുമ്പന്മാരെക്കൂടി സായിപ്പന്മാർ തങ്ങളുടെ നായാട്ടുസംഘത്തിലേക്ക് താത്കാലികമായി റിക്രൂട്ട് ചെയ്തു. അങ്ങനെ മണ്ണിൽ പതിഞ്ഞ ആനക്കാലടികളെ  പിന്തുടർന്നുകൊണ്ട്  അവർ കാടുകയറി മുന്നോട്ടുപോയി. കാലടിപ്പാട് കണ്ടിടങ്ങളിൽ നിന്ന് അധികം അകലെയല്ലാതെ തന്നെ പൊന്തക്കാടുകളിലെ ചെടികളുടെ ഇലകളിലും മറ്റുമായി ആനയുടെ ചോരത്തുള്ളികളും അവർക്ക് കാണാൻ കഴിഞ്ഞു. തങ്ങളുടെ വെടി ആനയ്ക്ക് ദേഹത്തെവിടെയോ ചെന്ന് കൊണ്ടിട്ടുണ്ട് എന്ന് അതോടെ അവർക്ക് ഉറപ്പായി. പരിക്ക് പറ്റിയിട്ടുണ്ട്, അതാണ് ഈ ചോരത്തുള്ളികൾ. ചോരത്തുള്ളി കട്ടപിടിച്ചതിന്റെ തോത് പരിശോധിച്ചുകൊണ്ട് കുറുമ്പന്മാർ പറഞ്ഞു, " ഇവിടെ ചോരവീണിട്ട് നേരം കുറച്ചായി, അവൻ അടുത്തൊന്നുമുണ്ടാവില്ല, നമുക്ക് മുന്നോട്ട് ധൈര്യമായിത്തന്നെ പോകാം.." അങ്ങനെ അവർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. കുറെ ദൂരം മുന്നോട്ട് പോയപ്പോൾ അവർ കബനീ നദിയുടെ തീരത്തേക്ക് തിരിച്ചെത്തി. അവിടെ കണ്ട ചോരത്തുള്ളികൾ അത്രക്ക് കട്ട പിടിച്ചിരുന്നില്ല. അത് ആന അടുത്തെവിടെയോ ഉണ്ട് എന്നതിന്റെ സൂചനയായിരുന്നു. ഇവിടുന്ന് അധികം ദൂരെയല്ല പിയർ ബക്സ്. അതോടെ അവർ വളരെ കരുതിയായി പിന്നീടുള്ള നീക്കം.

ആന അടുത്തെങ്ങാനും ഉണ്ടെന്ന സംശയമുണ്ടെങ്കിൽ ഇനി ശ്രദ്ധിച്ചേ നിവൃത്തിയുള്ളൂ. കാരണം, നായാട്ടുസംഘത്തിന്റെ മുന്നിലേക്ക് പെട്ടെന്ന് കാട്ടാന ഓടിപ്പാഞ്ഞു വന്നാൽ ചിലപ്പോൾ അവർക്ക് വെടിവെക്കാൻ സാധിച്ചെന്നു വരില്ല. കാരണം, നന്നായി ഉന്നംപിടിച്ചു മാത്രമേ വെടിവെക്കാനാകൂ. വെടിവെക്കാനുള്ളത് പുലിയെയോ, പന്നിയെയോ ഒന്നുമല്ല. ആന എന്ന ഒരു ഭീമാകാര ജീവിയെയാണ്. കൃത്യം മസ്തകത്തിനു തന്നെ വെടിവെച്ചു കൊള്ളിച്ചില്ലെങ്കിൽ അത് ചാവില്ല. ആന ചത്തില്ലെങ്കിൽ പിന്നെ വെടിവെക്കുന്നവന്റെ ചാവിന് വെറും സെക്കന്റുകളുടെ താമസം മാത്രമേ ഉണ്ടാകൂ. അതുകൊണ്ട്, ഇനിയുള്ള വേട്ടയിൽ സ്വന്തം സുരക്ഷകൂടി ഉറപ്പുവരുത്തണമെന്നുണ്ടെങ്കിൽ, അല്പം ഉയരത്തിൽ എവിടെയെങ്കിലും ഒരു ഇടം ആവശ്യമാണ്. എന്നാൽ അതിനുള്ള സാധ്യത അവിടെയുണ്ടായിരുന്നില്ല. ഉയരമുള്ള മരങ്ങളൊന്നുമില്ലാത്ത ഒരു പ്രദേശമായിരുന്നു അവിടം. എന്നുവെച്ച് വേട്ടയിൽ നിന്ന് പിന്മാറാനും അവർക്ക് മനസ്സുവന്നില്ല. അതുകൊണ്ട്, തല്ക്കാലം  ഒന്നിച്ച് ഒരു സംഘമായി യാത്ര ചെയ്യുന്നതിന് പകരം  രണ്ടു പേർ വീതമുള്ള ചെറു സംഘങ്ങളായി പിരിയാൻ അവർ തീരുമാനിച്ചു. ഏറ്റവും മുന്നിലായി, കാടിന്റെ ഓരോ സ്പന്ദനങ്ങളും തിരിച്ചറിയുന്ന കുറുമ്പന്മാരായ രണ്ടു വഴികാട്ടികൾ. അവർക്ക് കുറച്ചു പിന്നിലായി ലോഡ് ചെയ്ത തോക്കുകളും കയ്യിലേന്തിയ രണ്ടു സായിപ്പന്മാർ, അവർക്ക് കുറേ പിന്നിലായി ബാക്കി രണ്ടു സായിപ്പന്മാരും നിറതോക്കുകളേന്തിത്തന്നെ. ഏറ്റവും പിന്നിലായി സുലൈമാനും ഒന്നുരണ്ടു സഹായികളും. അങ്ങനെ ഒരു നേർരേഖയിൽ തന്നെ, എന്നാൽ അത്യാവശ്യം ഇടവിട്ട്, നാലു സംഘങ്ങളായി അവർ മുന്നോട്ടു നീങ്ങി.

അങ്ങനെ ചെയ്യാൻ ഒരു കാരണമുണ്ടായിരുന്നു. കുറുമ്പന്മാർക്ക് ചെവി വട്ടം പിടിച്ചാൽ പോലും മുന്നിലുള്ള ആനയുടെ സാന്നിധ്യമറിയാനാകും. ഒരു ചുള്ളിയൊടിയുന്ന ഒച്ച കേട്ടാൽ മതി അവർക്ക് അത് പിടിച്ചെടുക്കാൻ. ഇനി ആന കണ്മുന്നിൽ വന്നു പെട്ടാലും, പെട്ടെന്ന് തന്നെ വഴുതിയൊഴിയാനും, നിമിഷനേരം കൊണ്ട്  ഓടി മരത്തിൽ കയറാനും ഒക്കെ അവർക്കു കഴിയും. അതിനിടെ പിന്നിൽ വരുന്നവർക്ക് ഒച്ചവെച്ച് മുന്നറിയിപ്പ് തരാനും അവർക്ക് കഴിഞ്ഞേക്കും. ഇത്രയുംനേരം കൊണ്ട്,  അടുത്ത നിരയിൽ നിറതോക്കുകളുമേന്തി വരുന്ന സായിപ്പന്മാർക്ക് ആ ആനയെ വെടിവെച്ചിടാം. ഇനി അഥവാ അവർക്ക് ഉന്നം പിഴച്ചാൽ, അവർക്കും പിന്നിലായി വരുന്ന രണ്ടുപേർക്ക് ആനയുടെ നേരെ നിറയൊഴിക്കാം. ഇതായിരുന്നു അവരുടെ നായാട്ടിന്റെ ആക്ഷൻ പ്ലാൻ.

എന്നാൽ, അതൊക്കെ തെറ്റിച്ചുകൊണ്ട് നിമിഷങ്ങൾക്കകം ഒരു കളകളാരവം ഉയർന്നു. അത് പാറകളിൽ തട്ടിത്തട്ടി കുത്തിയൊഴുകുന്ന കബനീനദിയുടെ ശബ്ദമായിരുന്നു. കാട്ടിലെ മറ്റേതു ശബ്ദത്തെയും മറച്ചുകൊണ്ട് അത് അവരുടെ കാതിൽ വന്നു വീണു തുടങ്ങി. ഇനി ആന ചുള്ളി ചവിട്ടിയൊടിക്കുന്നത് പോയിട്ട്, ഒന്ന്  നിവർന്നുനിന്ന് ചിന്നം വിളിച്ചാൽ കൂടി കേട്ടെന്നുവരില്ല. എന്നാലും, അവർ ധൈര്യം സംഭരിച്ച് മുന്നോട്ടുതന്നെ നീങ്ങി. അതായിരുന്നു ആ വേട്ടയ്ക്കിടെ അവർ പ്രവർത്തിച്ച ഏറ്റവും വലിയ അബദ്ധം. കുറേക്കൂടി മുന്നോട്ട് നീങ്ങിയപ്പോൾ, കണ്ടമാനം രക്തം കിടക്കുന്ന ഒരിടത്തേക്ക് അവരെത്തി. ആ രക്തപ്രളയം കണ്ടതും കുറുമ്പർ വിളിച്ചുപറഞ്ഞു, "ഇനി സൂക്ഷിക്കണം, ആന ഇവിടെത്തന്നെ കുറേനേരം നിന്നിട്ടുണ്ട്, അതാണ് ഇത്രയും ചോര ഇവിടെ". അവർ ഇത് പറഞ്ഞു തീർന്നതും ഒരു ചിന്നം വിളി ഉയർന്നു. അത് അവർ പ്രതീക്ഷിച്ചപോലെ മുന്നിൽ നിന്നായിരുന്നില്ല. നായാട്ടുസംഘത്തിന്റെ പിന്നിൽ നിന്നായിരുന്നു. പിയർ ബക്സ് നായാട്ടു സംഘത്തെ ആക്രമിച്ചത് അതിന്റെ പിറകിൽ നിന്നായിരുന്നു. ഏറ്റവും പിന്നിലായി ചുമടും താങ്ങിക്കൊണ്ടു നടന്നുവന്നിരുന്ന പാവം സുലൈമാനെ നിമിഷനേരം കൊണ്ട് പിയർ ബക്സ് കാലിൽ വാരിയെടുത്ത് നിലത്തടിച്ചു. പാറപ്പുറത്ത് തലയിടിച്ച് സുലൈമാൻ കഷ്ണങ്ങളായി ചിതറുന്ന ശബ്ദം കേട്ടിട്ടാണ് സംഘത്തിലുള്ള മറ്റുള്ളവർ തിരിഞ്ഞു നോക്കുന്നത് തന്നെ. പെട്ടന്ന്, സുലൈമാനെ രക്ഷിക്കാൻ വേണ്ടി, പിന്നിൽ നടന്ന രണ്ടു സായിപ്പന്മാർ തങ്ങളുടെ ആനയ്ക്ക് നേരെ വെടിയുതിർത്തു. പക്ഷേ, പരിഭ്രമത്തിൽ രണ്ടുപേർക്കും ഉന്നം തെറ്റി എന്നുമാത്രമല്ല, പിയർ ബക്സ് അവരിൽ ഒരാളെ തുമ്പിക്കൈകൊണ്ട് ചുറ്റിയെടുത്ത് ആകാശത്തേക്കെറിഞ്ഞു കളഞ്ഞു. ആ സായിപ്പ് ചെന്ന് കുരുങ്ങിക്കിടന്നത് ഒരു ഇല്ലിക്കൊണ്ടയുടെ മുകളിലാണ്.

ഇത്രയുമായപ്പോൾ സംഘത്തിൽ ബാക്കിയുണ്ടായിരുന്നവർ ഭയന്നുപോയി. അവർ പലവഴി ചിതറിയോടി. ആരുടെയൊക്കെയോ പിറകെ പിയർ ബക്‌സും വച്ചുപിടിച്ചു. എന്നാൽ, ആരെയും പിയർ ബക്സിന് കയ്യിൽ കിട്ടിയില്ല. പരിക്കുപറ്റിയിരുന്നതുകൊണ്ട്, അധികം മല്ലയുദ്ധത്തിന് മിനക്കെടാതെ എന്തായാലും പിയർ ബക്‌സും ആ വഴി സ്ഥലം വിട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് പലവഴി ചിതറിയോടിയ സംഘാംഗങ്ങൾ തിരികെ സംഭവസ്ഥലത്തേക്കെത്തുന്നത്. അപ്പോഴാണ് അവർ അവിടത്തെ അവസ്ഥ കണ്ടത്. സുലൈമാനെ പിയർ ബക്സ് ചവിട്ടിക്കൂട്ടി കൊന്നു കളഞ്ഞിരുന്നു. സായിപ്പ് മേലെ ഇല്ലിക്കൊണ്ടയിൽ കുരുങ്ങിക്കിടപ്പുണ്ട്. അയാൾക്ക് ജീവനുണ്ടോ ഇല്ലയോ എന്നൊന്നും അറിഞ്ഞുകൂടാ. ആദിവാസികളുടെ സഹായത്തോടെ അവർ ഇല്ലിവെട്ടി, സായിപ്പിനെ താഴെയിറക്കി. മൂക്കത്ത് വിരൽ വെച്ച് നോക്കി. ഇല്ല, മരിച്ചിട്ടില്ല..! പക്ഷേ അയാൾക്കിനി ഒരടി പോലും മുന്നോട്ടു വെക്കാനാവില്ല. എന്നുമാത്രമല്ല, എഴുന്നേറ്റു നില്ക്കാൻ പോലും അടുത്തൊന്നും ആകുമെന്ന് തോന്നുന്നില്ല. ശരീരത്തിൽ ഇനി ഒടിയാത്തതായി ഒരസ്ഥി പോലും ബാക്കിയില്ല. അത്രക്ക് കടുത്ത ക്ഷതങ്ങളാണ് പിയർ ബക്സിന്റെ തുമ്പിക്കൈ ചുഴറ്റിയുള്ള ഏറിൽ അയാൾക്ക് സംഭവിച്ചത്. അവർ അവിടെ വെച്ച് ഇല്ലി കൊണ്ടുതന്നെ ഒരു ചെറിയ സ്‌ട്രെച്ചർ പോലെ ഉണ്ടാക്കി അവർ അദ്ദേഹത്തെ അതിൽ കിടത്തി, തോളിൽ ചുമന്നുകൊണ്ട്, കാടിനു പുറത്തിറക്കി. എന്നിട്ട് ഒരു കാളവണ്ടിയിൽ കിടത്തി അദ്ദേഹത്തെ മാനന്തവാടിയിലെ ഏതോ ആശുപത്രിയിൽ എത്തിച്ചു. അവിടെ അഡ്മിറ്റ് ചെയ്തു. പിന്നീട് ആ സായിപ്പിന് ഒരിക്കലും നടക്കാനായില്ല എന്നും, ഒരുവിധം ഭേദമായപ്പോൾ അദ്ദേഹത്തെ കപ്പൽ മാർഗം സ്വന്തം നാട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു എന്നുമാണ് പറഞ്ഞു കേൾക്കുന്ന കഥ.

ഈ ഒരു എപ്പിസോഡ്, പിയർ ബക്സിനെക്കുറിച്ചുള്ള ഭീതി പത്തിരട്ടിയാക്കി. അവനെ ഭയന്നായി പിന്നെ ആ പ്രദേശത്തെ പത്തുനൂറ് ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതം. എപ്പോഴാണ് പിയർ ബക്സ് വരിക എന്നറിയില്ല. സുലൈമാനെ കൊല്ലുകയും, സായിപ്പിനെ ശയ്യാവലംബിയാക്കുകയും ചെയ്ത കൊലകൊല്ലി പിയർ ബക്സ്, പിന്നെയും നാടും കാടും കയറിയിറങ്ങി നടന്ന നിരവധിപേരെ കൊന്നുകൊണ്ടിരുന്നു. അതോടെ ഗവൺമെന്റ് ഏതുവിധേനയും പിയർ ബക്സിനെ കൊല്ലണം എന്ന കുറേക്കൂടി ഗൗരവതരമായ തീരുമാനത്തിലെത്തി. ഇനി പിടിക്കാൻ ശ്രമിക്കേണ്ടതില്ല, 'ഷൂട്ട് അറ്റ് സൈറ്റ്', കണ്ടാലുടൻ വെടിവെച്ച് കൊന്നു കളഞ്ഞേക്കണം. അതായിരുന്നു രണ്ടാമത്തിറങ്ങിയ ഉത്തരവ്. ആ പ്രദേശത്ത് തോക്കുമായി നായാട്ടുകാരെന്നു മേനി നടിച്ച് നടക്കുന്ന ഒരു വിധം എല്ലാവർക്കും ഈയൊരു വിവരം കൈമാറപ്പെട്ടു. ഇത്തവണ മറ്റൊരു ആകർഷണം കൂടി വേട്ടയ്ക്കിറങ്ങാനുണ്ടായിരുന്നു. പിയർ ബക്സിനെ വെടിവെച്ചു കൊന്നയാൾ എന്ന ഖ്യാതിക്ക് പുറമേ, നല്ലൊരു പ്രതിഫലത്തുകയും സർക്കാർ വക കൊല്ലുന്നയാൾക്കും സംഘത്തിനും കിട്ടും. പലരും അതോടെ പിയർ ബക്സ് വേട്ടയ്‌ക്കെന്നും പറഞ്ഞ് തോക്കും തോട്ടയുമായി കാട്ടിലേക്കിറങ്ങി എങ്കിലും, ആർക്കുമുന്നിലും അവൻ ചെന്ന് നിന്നുകൊടുത്തില്ല. അപൂർവമായി മാത്രം ചിലരുടെ മുന്നിൽ അവൻ ചെന്നുപെട്ടു. അവർ വെച്ച വെടി അവനു കൊണ്ടില്ല. വെടി കൊള്ളിക്കാൻ പറ്റാത്ത, കണ്മുന്നിൽ കണ്ടിട്ടും കാഞ്ചി വലിക്കാൻ കരളുറപ്പുപോരാഞ്ഞ നായാട്ടുകാരെ അവൻ നിഷ്പ്രയാസം കാലപുരിക്ക് പറഞ്ഞയച്ചു കൊണ്ടിരിക്കുകയും ചെയ്തു.

ഇതിങ്ങനെ തുടരുകയും, 'നരഭോജി'യായ പിയർ ബക്സിന്റെ സംഹാരതാണ്ഡവം പ്രദേശത്ത് ആകെ പരിഭ്രാന്തി സൃഷ്ടിക്കുകയുംചെയ്ത ആ കാലത്ത് കണ്ണൂരിൽ ഉറ്റസുഹൃത്തുക്കളായ രണ്ടു സായിപ്പന്മാരുണ്ടായിരുന്നു. ഒരാൾ കരസേനാ ഉദ്യോഗസ്ഥൻ, രണ്ടാമൻ നാവികസേനാ ഉദ്യോഗസ്ഥൻ. അവർ ഈ വിവരമൊക്കെ കേട്ടറിഞ്ഞപ്പോൾ പരസ്പരം ചോദിച്ചു, "എന്നാൽ പിന്നെ, അത്രയ്ക്ക് കുപ്രസിദ്ധനായ പിയർ ബക്സിനെ നമുക്കങ്ങ് തട്ടിയാലോ..? ഒരു രസത്തിന് ?" അവർ അങ്ങനെ പരിചയസമ്പത്തുള്ള വേട്ടക്കാരൊന്നും അല്ലായിരുന്നു. എന്നാലും, പേരിന് ഓരോ തോക്കൊക്കെ കയ്യിലുണ്ട്. പിയർ ബക്സിനെ കൊന്നുകളയാനുള്ള ഉത്തരവിനെപ്പറ്റിയും സമ്മാനത്തുകയെപ്പറ്റിയും ഒക്കെ കേട്ടതോടെ സായിപ്പന്മാർ രണ്ടുംകൂടി, തോക്കും കയ്യിലെടുത്ത് നേരെ മാനന്തവാടിക്കപ്പുറത്തേക്ക് വച്ചുപിടിച്ചു. അവിടെ അതിനകം എത്തിച്ചേർന്നിരുന്ന പേരുകേട്ട ശിക്കാരിശംഭുമാരായ മറ്റു സായിപ്പന്മാർ പലരും ഈ രണ്ടുപേരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. "പിയർ ബക്സ് നിങ്ങൾ കരുതുന്ന ജന്തുവല്ല. മാനിനെയോ മുയലിനെയോ വേട്ടയാടിയുള്ള പരിചയവും വെച്ചുകൊണ്ട് നിങ്ങൾ അവന്റെ മുന്നിൽ ചെന്ന് നിന്ന് കൊടുക്കരുത്. അവൻ നിങ്ങളെ പച്ചമുള ചീന്തും പോലെ ചീന്തിക്കളയും. ഗവൺമെന്റ് സാക്ഷാൽ വില്യം ഗോർഡൻ കുമ്മിങ്ങിനെത്തന്നെ കമ്പിയടിച്ച് വിളിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ വരട്ടെ ഇനി. നിങ്ങൾ വെറുതെ നിങ്ങളുടെ ജീവൻ കളയേണ്ട..." അവർ സായിപ്പന്മാരോട്  പരമാവധി പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കി. ഈ ലോകത്ത് ഒരാളെയും പേടിയില്ലാത്ത, ആരുപറഞ്ഞാലും അനുസരണയുമില്ലത്ത രണ്ടു താന്തോന്നികളായിരുന്ന അവർ ആ ഉപദേശങ്ങൾക്കൊന്നും ചെവികൊടുത്തില്ല.

പക്ഷേ, ആ സായിപ്പന്മാർ വളരെ സമർത്ഥന്മാരായിരുന്നു. തങ്ങൾക്കുമുന്നേ പിയർ ബക്സിനെ വേട്ടയാടാൻ ചെന്ന് പണിമേടിച്ചവരുടെ തെറ്റുകളിൽ നിന്ന് അവർക്ക് ഒരു കാര്യം മനസ്സിലായി. നിലത്തൂടെ നടന്നു ചെന്നാൽ പിയർ ബക്സ് പിന്നിലൂടെ വന്നടിക്കും. ഏറുമാടവും കെട്ടി കാത്തിരുന്നാൽ ഒരു കാലത്തും പിയർ ബക്സ് വന്നു നിങ്ങളുടെ തോക്കിന്റെ മുന്നിൽ ചാടിത്തരികയുമില്ല. അവരുടെ മനസ്സിൽ ഇത് രണ്ടുമല്ലാത്ത മറ്റൊരു പദ്ധതിയായിരുന്നു. ഏതാണ്ട് പിയർ ബക്‌സിനോളം തന്നെ ഉയരമുള്ള മറ്റൊരു ആനയുടെ പുറത്ത് കയറിയിരുന്നുകൊണ്ട് പിയർ ബക്സിനെ വെടിവെച്ചു വീഴ്ത്തുക. ഈ ആനയെ കണ്ടാൽ ചിലപ്പോൾ പിയർ ബക്സ് ഒരു നിമിഷം പകച്ചു നിന്നേക്കാം. നേർക്കുനേർ കിട്ടുമ്പോൾ മസ്തകം നോക്കി ഉന്നം വെച്ച് വെടിയുതിർക്കുകയുമാവാം. അവർ കണക്കുകൂട്ടി. " കൊള്ളാം, നല്ല ഐഡിയ" അവർ ഇരുവരും പരസ്പരം പറഞ്ഞു. ഈ ആവശ്യത്തിനായി അവർ മൈസൂരിൽ നിന്ന് മറ്റൊരു ആനയെ വരുത്തി. ആ ആനയും പിയർ ബക്‌സിനെപ്പോലെ തന്നെ തടിപിടിക്കുകയും ഗെയിം ഹണ്ടിങ്ങിന് സഹായിക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു പടുകൂറ്റൻ താപ്പാനയായിരുന്നു. പേര് 'ഡോട്ട് കമ്പെ'.  ഈ ആന വന്നതോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഇത്ര വലിപ്പമുള്ള ഇവന്റെ മുന്നിൽ പിയർ ബക്സ് വിരണ്ടുപോവുക തന്നെ ചെയ്യും എന്നവർ കരുതി.

അങ്ങനെ ഈ ആനയെയും കൊണ്ട്, പിയർ ബക്സിനെ കണ്ടു എന്നു പലരുംപറയുന്ന സ്ഥലത്തേക്ക് അവർ പോയി നോക്കി. ഒരുപാടു ദിവസത്തെ കറക്കം കഴിഞ്ഞിട്ടും പിയർ ബക്സ് മാത്രം മുന്നിൽ വന്നു പെടുന്നില്ല. ഒടുവിൽ ഇവർ നിരാശരായി, "എന്നാൽ തിരിച്ചു പൊയ്ക്കളയാം" എന്നും മനസ്സിൽ പറഞ്ഞ് പോകാൻ തീരുമാനമെടുത്തു. തിരിച്ച് കണ്ണൂരെത്താനുളളതായതുകൊണ്ട് ഇവർ പുലർച്ചെ തന്നെ  ഡോട്ട് കമ്പെയുടെ പുറത്തുകയറി തിരിച്ചു വരികയാണ്. പുലർച്ചെ എന്നുപറയുമ്പോൾ നേരം വെളുത്തിട്ടില്ല, നല്ല മഞ്ഞു വീഴ്ചയുണ്ട്. ഡോട്ട് കമ്പെ എന്ന ഈ ആനയുടെ ഏറ്റവും മുകളിൽ ഏറ്റവും മുന്നിലിരിക്കുന്നത് അതിന്റെ പാപ്പാനാണ്. തൊട്ടുപുറകെയായി രണ്ടു പാപ്പാന്മാരും. അതിന്റെ പിന്നിൽ നാട്ടുകാരനായ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനും ആണ് ഇരിക്കുന്നത്.  ഇവർ നായാട്ടൊക്കെ അവസാനിപ്പിച്ചതിന്റെ സമാധാനത്തിൽ ഏറെ ലാഘവത്തോടെ ആ സംഘം ഇങ്ങനെ പോവുന്ന സമയത്ത് തന്നെ കടുത്ത കോടയുമിറങ്ങി. തൊട്ടുമുന്നിലുള്ളതുപോലും കാണാനാവാത്തത്ര കനത്ത മൂടൽ മഞ്ഞ്.

കുറച്ചു ദൂരം നടന്നുചെന്ന ശേഷം ഡോട്ട് കമ്പെ പെട്ടന്ന് നിന്നു. അവൻ തുമ്പിക്കൈ മണ്ണോടു ചേർത്ത് മണം പിടിക്കാൻ തുടങ്ങി. അപ്പോൾ പാപ്പാൻ പറഞ്ഞു, "മുന്നിൽ വേട്ടയാടുന്ന ഏതോ ഹിംസ്രമൃഗമാണ്. കടുവയാകാം, മറ്റു വല്ലതുമാകാം". അത് കേട്ടതോടെ സായിപ്പന്മാർക്ക് സന്തോഷമായി. "കടുവയെങ്കിൽ കടുവ, വന്നത് വെറുതെയായില്ലല്ലോ..." എന്നുകരുതിയ അവർ തങ്ങളുടെ തോക്കുകൾ ലോഡ് ചെയ്തു പിടിച്ചു. ഡോട്ട് കമ്പെ അടുത്തതായി ചെയ്തത്, നാലഞ്ചടി പിന്നിലേക്ക് വെക്കുകയാണ്. അതോടെ, പാപ്പാൻ പരിഭ്രാന്തമായ സ്വരത്തിൽ പറഞ്ഞു, "സാർ, നമ്മുടെ മുന്നിലുള്ളത് കടുവയല്ല, ഏതോ ആനയാണ്. അതാണ് ഇവൻ പിന്നോട്ട് നീങ്ങുന്നത്. ഇത് മുന്നിലുള്ള ആനയുമായി ഇടയാനുള്ള ആയലാണ്..." അതുകേട്ടപ്പോൾ മുകളിൽ ഇരുന്ന സായിപ്പന്മാർ ഒന്ന് വിരണ്ടു. കാരണം, അത് ഒരു പക്ഷേ, പിയർ ബക്സ് ആയിക്കൂടെന്നില്ല. മുന്നോട്ട് നോക്കിയിട്ട് ഒന്നും കാണുന്നുമില്ല. പിന്നോട്ട് നാലഞ്ചടിവെച്ച ഡോട്ട് കമ്പെ വലിയ സ്പീഡിൽ മുന്നോട്ട് പാഞ്ഞു ചെന്നു. ആനയുടെ മുകളിലിരിക്കുന്നവർ ആ മച്ചാനിൽനിന്ന് ഇളകി താഴെ വീഴും എന്ന അവസ്ഥയിലായി പിന്നീടുള്ള കാര്യങ്ങൾ. താഴെവീഴുമെന്നു തോന്നിയപ്പോൾ അവർ തോക്കിലെ പിടിവിട്ടുകൊണ്ട് ആനയുടെ മച്ചാന്റെ കയറിന്മേൽ ചേർത്ത് പിടിച്ച് വീഴാതിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അടുത്ത നിമിഷം ഡോട്ട് കമ്പെയുടെ മസ്തകം മറ്റൊരു ആനയുടേതുമായി കൂട്ടിമുട്ടി.  നേരെ മുന്നിൽ നിൽക്കുന്ന ആ ആനയെ കണ്ടതോടെ വേട്ടയ്ക്ക് വന്നവർ ആകെ നടുങ്ങി. അത് സാക്ഷാൽ പിയർ ബക്സ് തന്നെ.

 

അവനെ നേരിൽ ഒരുതവണ കണ്ടപ്പോഴാണ് നാട്ടുകാരനായ ഫോറസ്റ്റ് ഓഫീസർക്ക് സായിപ്പന്മാർ പ്രവർത്തിച്ച അബദ്ധം മനസ്സിലാകുന്നത്. എന്തെന്നോ? ഡോട്ട് കമ്പേയെക്കാൾ എത്രയോ വലുതായിരുന്നു പിയർ ബക്സ് എന്ന ആന. ആദ്യത്തെ ഇടി കഴിഞ്ഞതോടെ, പണി പാളി എന്ന് ഡോട്ട് കമ്പെ മനസ്സിലാക്കി. അവൻ നേരെ തിരിഞ്ഞ്, ആദ്യം കണ്ട വഴിയേ വാലും ചുരുട്ടി ഓടാൻ തുടങ്ങി. ഇത്രയും നേരം അവർ വന്നത് സമതല ഭൂവിലൂടെയായിരുന്നു, അധികം മരങ്ങളൊന്നും ഇല്ലായിരുന്നു. എന്നാൽ, പിയർ ബക്സിനെ കണ്ടു വിരണ്ടുകൊണ്ട് ഡോട്ട് കമ്പെ പിന്നെ ഓടിയത് കൊടുംകാടിനുള്ളിലേക്കായിരുന്നു.  തലങ്ങും വിലങ്ങും മരച്ചില്ലകൾ നിറഞ്ഞ വഴി. അത്തരത്തിൽ ഒരു വൻശിഖരം മുന്നിൽ കണ്ടപ്പോൾ തന്നെ പാപ്പാൻ കുനിഞ്ഞു. സായിപ്പന്മാർ അത് കാണാൻ വൈകി. ഇരുവരും അതിൽ തട്ടി നേരെ നിലത്തുവീണു. പിന്നാലെ ഓടിവന്ന പിയർ ബക്സിന്റെ നേരെ മുന്നിലേക്കായിരുന്നു അവർ വന്നു വീണത്. അവർക്കും പിന്നിലായി ഇരുന്ന നാട്ടുകാരൻ ഫോറസ്റ്റ് ഓഫീസറും ശിഖരത്തിൽ ഇടിച്ചു എങ്കിലും, അദ്ദേഹം ശിഖരത്തിൽ തന്നെ ഉടക്കിക്കിടന്നു. താഴെ വീണില്ല.  ആ ശിഖരത്തിൽ നിന്ന് അദ്ദേഹം മരത്തിന്റെ കൂടുതൽ ഉയരത്തിലെ ഒരു ചില്ലയിലേക്ക് പിടിച്ചു കയറി. അവിടെയിരുന്നു കൊണ്ട് അയാൾ തന്റെ ജീവിതത്തിൽ പിന്നീടുള്ള ഒരു രാത്രിയിലും പേടിസ്വപ്നങ്ങൾ സമ്മാനിച്ച ആ ഭീകരദൃശ്യം അദ്ദേഹം കണ്ടു.

താഴെ വീണ രണ്ടു സായിപ്പന്മാരെയും പിയർ ബക്സ് നിമിഷ നേരം കൊണ്ട് ചവിട്ടി മെതിച്ചു കളഞ്ഞു. മുകളിൽ അതിന് മൂകസാക്ഷിയായി നിന്ന സായിപ്പിന് കാര്യമായ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടുപേരെയും ഒന്നിച്ചിട്ടു ചവിട്ടിക്കൂട്ടി  ചമ്മന്തിയാക്കിക്കളഞ്ഞു പിയർ ബക്സ്. മണ്ണിൽ പുതഞ്ഞ ഒരു മാംസത്തിന്റെയും എല്ലിന്റെയും കൂമ്പാരം, അത് മാത്രമാണ് അവൻ പിന്നെ അവശേഷിപ്പിച്ചത്. ചവിട്ടിക്കൂട്ടി മതിയായപ്പോൾ, നേരത്തെ ഏത് ദിശയിലേക്കാണോ ഡോട്ട് കമ്പെ പോയത്, ആ വഴിക്കുതന്നെ പിയർ ബക്‌സും കുതിച്ചു പാഞ്ഞു.  എന്നിട്ടും താഴെയിറങ്ങാൻ ആ വനംവകുപ്പുദ്യോഗസ്ഥന് ധൈര്യം വന്നില്ല. അയാൾ നാലുമണിക്കൂറോളം അതേ ഇരിപ്പിരുന്നിട്ട്, താഴെയിറങ്ങി റോഡിലേക്ക് കയറി അതിലെവന്ന ഒരു കാളവണ്ടി തടഞ്ഞു നിർത്തി. അതിൽ ഒരു  തുണിയിൽ അടിച്ചുകൂട്ടിയ സായിപ്പന്മാരുടെ ശരീരാവശിഷ്ടങ്ങളും പേറി അവർ തിരികെ പട്ടണത്തിലെത്തി. തിരിച്ചറിയാൻ പോലുമാവാത്തവിധം മണ്ണും രക്തവും ഒക്കെ പുരണ്ട രണ്ടു മാംസക്കഷ്ണങ്ങൾ മാത്രമാണ് അവശേഷിച്ചത്.  

ഇത്രയുമായപ്പോൾ സർക്കാർ സംവിധാനങ്ങൾ ആകെ നിസ്സഹായരായി. കാരണം ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും പരിശോധിച്ചു പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നമ്മൾ നേരത്തെ പറഞ്ഞ വില്യം ഗോർഡൻ കുമ്മിങ് എന്ന വേട്ടക്കാരൻ തന്റെ  ശിങ്കിടി യെല്ലുവുമായി അവിടെയെത്തിപ്പെടുന്നത്. ഏറെ പ്രസിദ്ധനും, അതീവ ബുദ്ധിമാനുമായ ഒരു വേട്ടക്കാരനായിരുന്നു കുമ്മിങ്. അദ്ദേഹത്തെ അവിടെ ആദ്യമേ തമ്പടിച്ചിരുന്ന പലരും തങ്ങളുടെ സംഘത്തിലേക്ക് ക്ഷണിച്ചു എങ്കിലും, അദ്ദേഹം ആർക്കുമൊപ്പം പോയില്ല. അദ്ദേഹത്തിന്റെ ആദ്യത്തെ കുറേ ദിവസങ്ങൾ പിയർ ബക്സിന്റെ യാത്രയുടെ പാറ്റേൺ പഠിക്കുന്നതിനാണ് ചെലവായത്. താമസിച്ച മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതേയില്ല അദ്ദേഹം. തനിക്ക് കിട്ടിയ റിപ്പോർട്ടുകൾ വെച്ച് പിയർ ബക്സ് എവിടെയായിരിക്കും എന്നത് സംബന്ധിച്ച പല കണക്കുകൂട്ടലുകളും അദ്ദേഹം നടത്തി. കബനീ നദിയുടെ തീരത്തുള്ള ഒരു  ഗ്രാമത്തിൽ അടുത്തൊരു ദിവസം പിയർ ബക്സ് വരാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കി കോർടാങ് കുമ്മിങ്ങും യെല്ലുവും കൂടി നടന്നു നടന്ന് അവിടെയെത്തി.

അതൊരു കുറുമ്പഗ്രാമമായിരുന്നു. പിയർ ബക്സിന്റെ തന്നെ നിരന്തരമുള്ള ആക്രമണങ്ങളിൽ ഛിന്നഭിന്നമായ, അന്തേവാസികളെല്ലാം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പൊട്ടിപ്പൊളിഞ്ഞ കൂരകളുള്ള, ഒരു കുറുമ്പക്കുടി. അവിടെ പൊട്ടിപ്പൊളിഞ്ഞു കിടന്ന ഒരു അമ്പലം കണ്ട്‌ കുമ്മിങ്ങും യെല്ലുവും നിന്നു. അവിടെക്കണ്ട ഒരു മരത്തിന്റെ ചോട്ടിലെ ഒരു പാറപ്പുറത്ത് അവർ ഇരുവരുമിരുന്നു. അവശേഷിച്ചിരുന്ന ഒരു കൂട് ബിസ്കറ്റ് കുമ്മിങ് പൊട്ടിച്ചു. അതിൽ നിന്നൊരെണ്ണമെടുത്ത് യെല്ലുവിന് നീട്ടി. വെറ്റില മുറുക്കുകയായിരുന്നതുകൊണ്ട് അവൻ വേണ്ടെന്നു പറഞ്ഞു. അവർ അങ്ങനെയിരിക്കുമ്പോഴാണ്, ഓർത്തിരിക്കാതെ ഒരു സംഭവമുണ്ടാകുന്നത്. തൊട്ടടുത്ത് തന്നെയുള്ള ഒരു മരത്തിന്റെ പിറകിൽ നിന്ന് ഒരാന പയ്യെ നടന്ന് ഇവർക്ക് മുന്നിലെത്തി. ഒറ്റനോട്ടത്തിൽ തന്നെ രണ്ടുപേർക്കും ഒരു കാര്യം മനസിലായി. ഇത് പിയർ ബക്സ് തന്നെ. കാരണം അതിന്റെ ദേഹമാകെ മുറിഞ്ഞാണ് ഇരിക്കുന്നത്.  നാടൊട്ടുക്കുമുള്ള വേട്ടക്കാർ അരയും തലയും മുറുക്കി നടത്തിയ ആക്രമണങ്ങളിലേറ്റ പരിക്കുകളായിരുന്നു അവന്‍റെ ദേഹം മുഴുവൻ കല്ലിച്ചു കിടന്നിരുന്നത്. നല്ല വേദനയിലാണ് അവൻ. ഇരുന്നേടത്തുനിന്ന് രണ്ടാളും ഒരടിയെങ്കിലും അനങ്ങിയാൽ, അടുത്തനിമിഷം അവൻ മുന്നോട്ട് അതിവേഗം പാഞ്ഞടുക്കാം. അങ്ങനെ പാഞ്ഞുവന്നാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല. അനങ്ങാൻ പോലും നേരം കിട്ടില്ല. മാത്രവുമല്ല, എഴുന്നേറ്റു നിൽക്കുന്ന നില്പിൽ തൊട്ടടുത്ത് നിന്ന് പാഞ്ഞു വന്നുകൊണ്ട് വെടിവെക്കാൻ ശ്രമിച്ചാൽ ഉദ്ദേശിച്ച പോലെ മസ്തകത്തിൽ കൊള്ളിക്കാൻ പറ്റിയെന്നുവരില്ല. അതുകൊണ്ട്,  കുമ്മിങ് വളരെ സമർത്ഥമായ ഒരു നീക്കം നടത്തി.  കയ്യിലിരുന്ന അത്യാവശ്യം ഭാരമുള്ള ഒരു തൊപ്പി, തനിക്കും പിയർ ബക്‌സിനുമിടയിലെ ഏതാനും അടി ദൂരത്തേക്ക് വലിച്ചെറിഞ്ഞു.  വായുവിൽ ഉയർന്നുവരുന്ന ആ സാധനം എന്തെന്ന് പരിശോധിക്കാൻ വേണ്ടി പിയർ ബക്സ്  ഒരു നിമിഷം തലപൊക്കി നോക്കിയതും, കുമ്മിങ് ഇരുന്ന ഇരിപ്പിന്  അവന്റെ മസ്തകം ലക്ഷ്യമാക്കി തന്റെ വെടി പൊട്ടിച്ചു. ഇരുന്ന ഇടത്തിൽ ഇരുന്നുകൊണ്ടുതന്നെ പൊട്ടിച്ച ആ ഒരൊറ്റ വെടിയിൽ, കൃത്യമായി പിയർ ബക്സിന്റെ മസ്തകത്തിലെ മർമ്മം പിളർന്നു. അതോടെ നിരവധി പേരുടെ അന്തകനായ, നാടിൻറെ പേടി സ്വപ്‌നമായിരുന്ന പിയർ ബക്സ് എന്ന നരഭോജിയാന ചെരിഞ്ഞു.

 

പിയർ ബക്സ് താഴേക്ക് മറിഞ്ഞു വീണപ്പോൾ, ഒന്ന് നിവർന്നിരുന്നുകൊണ്ട് കുമ്മിങ് പാക്കറ്റിൽ അവശേഷിച്ചിരുന്ന ഒരേയൊരു ബിസ്കറ്റ് എടുത്ത് വായിലിട്ടു എന്നാണ് യെല്ലു പിന്നീട് പറഞ്ഞത്. എത്രയോ പേരെ കൊന്നുതള്ളിയ പിയർ ബക്സിനെ ഒടുക്കം വളരെ നിസ്സാരമായ രീതിയിലാണ് ഗോർഡൻ കുമിങ്ങ് കൊല്ലുന്നത്. തികഞ്ഞ യജമാനഭക്തനായിരുന്ന യെല്ലുവിന്റെ സാക്ഷിമൊഴിയിലൂടെയാണ് പിയർ ബക്സിന്റെ അവസാന നിമിഷങ്ങളിലെ സംഭവങ്ങളെപ്പറ്റി നമ്മൾ അറിയുന്നത്. ആ വിവരണങ്ങളിൽ ചിലപ്പോൾ അതിശയോക്തി കലർന്നിട്ടുണ്ടാകാം. ചിലപ്പോൾ കുമ്മിങ് തന്റെ തൊപ്പി അങ്ങനെ ആകാശത്തേക്ക് വലിച്ചെറിഞ്ഞിട്ടില്ലായിരിക്കാം. ചിലപ്പോൾ ഉണ്ടാകാം. ചിലപ്പോൾ ഇരുന്നുകൊണ്ടാവില്ല കുമ്മിങ് പിയർ ബക്സിനെ വെടിവെച്ചിട്ടത്. ചിലപ്പോൾ അങ്ങനെ തന്നെയാകാം. ഏതിനും, പിയർ ബക്സ് എന്ന കൊലകൊല്ലിയായ, 'നരഭോജി'യെന്നു തോന്നിപ്പിച്ച ആ കൊലയാളി ആനയെ വെടിവെച്ച് കൊന്നത് വില്യം ഗോർഡൻ കുമ്മിങ് എന്ന കൃതഹസ്തനായ വേട്ടക്കാരൻ തന്നെയാണ് എന്നതിൽ ആർക്കും അന്നുമിന്നും ഒരു സംശയവുമില്ല. 

(കടപ്പാട്: Julius Manuel, youtube)

 Reference: Sports & Adventure in the Indian Jungle, Mervyn Smith

click me!