" റിട്ടയർമെന്റിനുമുമ്പ് ജഡ്ജിമാർ കോടതിയിൽ പുറപ്പെടുവിക്കുന്ന വിധികളെ, റിട്ടയർമെന്റിനു ശേഷം അവർക്ക് കിട്ടിയേക്കാവുന്ന ലാവണങ്ങളെപ്പറ്റിയുള്ള ശുഭപ്രതീക്ഷകൾ സ്വാധീനിക്കാൻ ഇടയുണ്ട്" എന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞിട്ടുണ്ട്.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്. ഭരണഘടനയുടെ 80 -ാം വകുപ്പ് പ്രകാരം ഇന്ത്യൻ പ്രസിഡന്റിന് സാഹിത്യം, ശാസ്ത്രം, സാമൂഹ്യസേവനം എന്നിവയിലേതിലെങ്കിലുമൊക്കെ വിശേഷജ്ഞാനമോ പ്രവൃത്തിപരിചയമോ ഉള്ള 12 വ്യക്തികളെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാൻ അധികാരമുണ്ട്. പ്രസ്തുത അധികാരം വിനിയോഗിച്ചുകൊണ്ടാണ് രാഷ്‌ട്രപതിക്കുവേണ്ടി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച ഈ ഉത്തരവിറക്കിയിട്ടുള്ളത്.
undefined
രാഷ്ട്രീയ, നിയമവൃത്തങ്ങളിൽ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ പോന്ന ഒന്നാണ് ഈ നീക്കം. രഞ്ജൻ ഗോഗോയ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചിട്ട് രണ്ടു മാസം തികയുന്നതേയുള്ളൂ. ഉത്തര പൂർവ ഇന്ത്യയിൽ നിന്ന് ഇന്ത്യൻ നീതിപീഠത്തിന്റെ പരമോന്നത സ്ഥാനത്ത് എത്തിച്ചേരുന്ന ആദ്യ ന്യായാധിപനായ ഗോഗോയ് വളരെ വിവാദാസ്പദമായ പല കേസുകളിലും വിധിപറഞ്ഞിട്ടാണ് കഴിഞ്ഞ നവംബർ 17 -ണ് തന്റെ സ്ഥാനം വിട്ടിറങ്ങിയത്. അദ്ദേഹം അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് 1950 മുതൽ പുകഞ്ഞു കത്തിക്കൊണ്ടിരുന്ന അയോധ്യാ വിവാദഭൂമി വിഷയത്തിൽ ഒരു അന്തിമ വിധി പുറപ്പെടുവിച്ചത്.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ്, വിരമിച്ചിട്ട് രണ്ടുമാസം പോലും തികയാത്ത ഒരു ചീഫ് ജസ്റ്റിസിനെ, ഒരു ഗവൺമെന്റ് രാജ്യസഭയിലേക്ക് അയക്കുന്നത്. ഇത് എക്സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും അധികാരങ്ങൾ തമ്മിലുള്ള ഭരണഘടനാപരമായ വിഭജനത്തിന്റെയും അവയുടെ സ്വതന്ത്രതാത്പര്യങ്ങളുടെയും അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്തേക്കാവുന്ന ഒരു നിയമനമാണ് എന്ന് നിയമരംഗത്തെ വിദഗ്ധരിൽ പലരും അഭിപ്രായപ്പെട്ടുകഴിഞ്ഞു. "ഗോഗോയ് അപകടത്തിലാക്കിയിരിക്കുന്നത് സ്വന്തം മതിപ്പിനെ മാത്രമല്ല, അദ്ദേഹത്തോടൊപ്പം ഒരേ ബെഞ്ചിലിരുന്നു വിധി പറഞ്ഞവരുടെ വിശ്വാസ്യതയെക്കൂടിയാണ്" എന്നാണ് സുപ്രസിദ്ധ സുപ്രീം കോടതി അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞത്. " സ്വന്തം ഓഫീസിലെ ജീവനക്കാരിയെ ഭയപ്പെടുത്തി ലൈംഗികപീഡനക്കേസ് തേച്ചുമായ്ക്കാൻ സർക്കാരിൽ നിന്ന് സഹായങ്ങൾ നൽകപ്പെട്ട ശേഷം, രഞ്ജൻ ഗൊഗോയിക്ക് ഇപ്പോഴിതാ രാജ്യസഭാ സീറ്റും സമ്മാനിക്കപ്പെട്ടിരിക്കുന്നു" എന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. " ഈ ഓഫർ നിരസിക്കാനുള്ള സാമാന്യബോധം രഞ്ജൻ ഗൊഗോയിക്ക് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. അതുണ്ടായില്ലെങ്കിൽ എന്നെന്നേക്കുമായി നഷ്ടപ്പെടുക ഇന്ത്യൻ നീതിപീഠത്തിന്റെ വിശ്വാസ്യതയാകും" എന്ന് മുൻ ബിജെപി നേതാവായ യശ്വന്ത് സിൻഹയും ട്വീറ്റ് ചെയ്തു. "ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണോ ഇത് ?" എന്നായിരുന്നു സുപ്രസിദ്ധ അഭിഭാഷകനും ലോക്‌സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ട്വീറ്റ്.
Is it “quid pro quo”?
How will people have faith in the Independence of Judges ? Many Questions pic.twitter.com/IQkAx4ofSf
ഭരിക്കുന്ന സർക്കാരിന് വ്യക്തമായ സ്ഥാപിതതാത്പര്യങ്ങളുണ്ടായിരുന്ന; റഫാൽ കേസ്, സിബിഐ ഡയറക്ടർ ആലോക് വർമയുടെ കേസ്, അയോദ്ധ്യ കേസ്, NRC വിഷയം തുടങ്ങിയ പല നിർണായക കേസുകളിലും അന്തിമവിധി പുറപ്പെടുവിച്ചിട്ടാണ് രഞ്ജൻ ഗോഗോയ് വിരമിച്ചിറങ്ങിപ്പോയത്. അത്തരം കേസുകളിൽ സുപ്രധാനവിധികൾ പുറപ്പെടുവിച്ച ഒരു ചീഫ് ജസ്റ്റിസിനെ ഒരു സർക്കാർ തങ്ങളുടെ നോമിനിയായി രാജ്യസഭയിലേക്ക് കൊണ്ടുവരുമ്പോൾ അത് പുതിയൊരു കീഴ്‌വഴക്കത്തിനാണ് തുടക്കം കുറിക്കുന്നത്. രഞ്ജൻ ഗൊഗോയിയുടെ സഹോദരനും റിട്ടയേർഡ് എയർ മാർഷലുമായ അഞ്ജൻ ഗൊഗോയിക്കും കഴിഞ്ഞ ജനുവരിയിൽ കേന്ദ്രം വിരമിച്ച ശേഷം നോർത്ത് ഈസ്റ്റേൺ കൗൺസിലിൽ അംഗത്വം നൽകിയിരുന്നു എന്നതും ഇവിടെ പ്രസക്തമാണ്.
എന്നാൽ രാഷ്ട്രീയ പാർട്ടികളാൽ എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യത്തെ മുൻ ന്യായാധിപനൊന്നുമല്ല രഞ്ജൻ ഗോഗോയ്. ഇതിനു മുമ്പ് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ഒരു ജഡ്ജിയെ രാജ്യസഭംഗമാക്കിയ ഗവണ്മെന്റ് ഇന്ദിരാ ഗാന്ധിയുടേതാണ്. 1983 ജനുവരിയിൽ വിരമിച്ച ജസ്റ്റിസ് ബഹ്‌റുൽ ഇസ്‌ലാമിനെ ഇന്ദിര ജൂണിൽ രാജ്യസഭയിലേക്കയച്ചു. 1962 മുതൽ 1972 വരെ രാജ്യസഭാ എംപി ആയിരുന്ന ശേഷമാണ് 1980 -ൽ ജസ്റ്റിസ് ബഹ്‌റുൽ ഇസ്ലാം ഗുവാഹത്തി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുന്നത്. ഹൈക്കോടതിയിൽ നിന്ന് സ്ഥാനക്കയറ്റം കിട്ടി സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് ഇസ്ലാം അന്ന് ബിഹാർ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ജഗന്നാഥ് മിശ്രയെ അർബൻ കോപ്പറേറ്റിവ് ബാങ്ക് കുംഭകോണത്തിൽ വെറുതെ വിട്ടതിനുള്ള ഉപകാരസ്മരണയ്ക്കായിട്ടാണ് രണ്ടാമതും അദ്ദേഹത്തെ ഇന്ദിര രാജ്യസഭയിലേക്ക് അയച്ചത് എന്നൊരു ആക്ഷേപം അന്ന് ഉയർന്നിരുന്നു.
അതിനു ശേഷം, 1992 -ൽ, വിരമിച്ച് അധിക കാലം ആകും മുമ്പുതന്നെ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്രയെ കോൺഗ്രസ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിരുന്നു. എന്നാൽ, അപ്പോൾ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നില്ല. എന്നിരുന്നാലും, 1984 -ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷൻ ചില കോൺഗ്രസ് നേതാക്കളോട് സ്വീകരിച്ച ഉദാരസമീപനത്തിനുള്ള പ്രത്യുപകാരമായിരുന്നു ആ നിയമനം എന്ന ആരോപണം അന്നുയർന്നുവന്നിരുന്നു. ഇതിനു മുമ്പ്, നരേന്ദ്ര മോദി സർക്കാർ തന്നെ 2014 -ൽ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് പി സദാശിവത്തെ കേരളാ ഗവർണറായി നിയമിച്ച ചരിത്രവുമുണ്ട്.
2019 നവംബർ 17 -ന് സുപ്രീം കോടതിയുടെ പടിയിറങ്ങിയ ഗോഗോയ് തന്റെ ഔദ്യോഗിക ജീവിതത്തിൽ നിരവധി വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നിട്ടുണ്ട്. സുപ്രീം കോടതിയിൽ ജഡ്ജി ആയിരിക്കെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പത്ര സമ്മേളനം നടത്തിയ ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് മദൻ ലോകുർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർക്കൊപ്പം ഗോഗോയിയും ഉണ്ടായിരുന്നു. 'മാസ്റ്റർ ഓഫ് റോസ്‌റ്റർ' ആയ ജസ്റ്റിസ് മിശ്ര കേസുകൾ വീതിച്ചു നൽകുന്ന കാര്യത്തിൽ സ്വജനപക്ഷപാതം നടത്തുന്നു, ഇന്ത്യൻ നീതിപീഠത്തിന്റെ യശസ്സ് അപകടത്തിലാണ് എന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു അന്ന് ആ പത്രസമ്മേളനം. പിന്നീട് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്നെ അതേ 'മാസ്റ്റർ ഓഫ് റോസ്‌റ്റർ' പദവിയിൽ എത്തുകയും, അതിനേക്കാൾ വിവാദാസ്പദമായ രീതിയിൽ കേസുകൾ വീതിച്ചു നൽകുകയും ഒക്കെയുണ്ടായി. അതിനു ശേഷം, വിരമിക്കുന്നതിനു മാസങ്ങൾക്കു മുമ്പാണ് അദ്ദേഹത്തിന്റെ ഓഫീസിനെ പിടിച്ചു കുലുക്കിയ ലൈംഗികപീഡനാരോപണം ഉണ്ടായത്. എന്നാൽ ആ കേസ് എങ്ങുമെത്താതെ പോവുകയാണുണ്ടായത്ത്.
നീതിപീഠത്തിൽ നിന്ന് വിരമിക്കുന്നവർക്ക് ഗവൺമെന്റിൽ ഉന്നതമായ സ്ഥാനങ്ങൾ നൽകുന്ന കീഴ്‌വഴക്കത്തെ 2012 -ൽ നടന്ന ബിജെപി ലീഗൽ സെൽ മീറ്റിങ്ങിൽ അരുൺ ജെയ്റ്റ്‌ലി നിശിതമായി വിമർശിച്ചിരുന്നു. "റിട്ടയർമെന്റിനുമുമ്പ് ജഡ്ജിമാർ കോടതിയിൽ പുറപ്പെടുവിക്കുന്ന വിധികളെ, റിട്ടയർമെന്റിനു ശേഷം അവർക്ക് കിട്ടിയേക്കാവുന്ന ലാവണങ്ങളെപ്പറ്റിയുള്ള ശുഭപ്രതീക്ഷകൾ സ്വാധീനിക്കാൻ ഇടയുണ്ട്." എന്നായിരുന്നു അന്ന് ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടത്. എന്നാൽ, ഇതേ ജെയ്റ്റ്‌ലി കൂടി നിർണായക സ്ഥാനത്തിരുന്ന ബിജെപി സർക്കാരാണ് പിന്നീട് ജസ്റ്റിസ് സദാശിവത്തെ കേരളാ ഗവർണറും, ജസ്റ്റിസ് ആദർശ് ഗോയലിനെ വിരമിച്ചയുടൻ ദേശീയ ഹരിത ട്രിബുണൽ തലവനും ഒക്കെ ആയി നിയമിച്ചത് എന്നത് മറ്റൊരു വിരോധാഭാസം.