രാജേഷിന്റെ അച്ഛനും ഒരു ട്രക്ക് ഡ്രൈവറായിരുന്നു. വളരെ കഷ്ടപ്പെട്ടായിരുന്നു അഞ്ചംഗ കുടുംബത്തെ പോറ്റിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ നല്ല വരുമാനം നേടുന്നവർ ഇന്ന് ഒരുപാടുണ്ട്. അതിലൊരാളാണ് രാജേഷ് റവാനി എന്ന ജാർഖണ്ഡിൽ നിന്നുള്ള ട്രക്ക് ഡ്രൈവറും. രാജേഷിന്റെ യൂട്യൂബ് വീഡിയോകൾ വലിയ ഹിറ്റാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ രാജേഷ് റവാനി പറഞ്ഞത് ഒരുമാസം 4-5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ തനിക്ക് യൂട്യൂബിൽ നിന്നും വരുമാനം കിട്ടുന്നു എന്നാണ്.
R Rajesh Vlogs എന്നാണ് രാജേഷിന്റെ യൂട്യൂബ് ചാനലിന്റെ പേര്. പാചകമാണ് മെയിൻ. പാചകത്തോടുള്ള ഇഷ്ടവും അത് അവതരിപ്പിക്കുന്ന രീതിയും ഒക്കെ തന്നെയാണ് രാജേഷിന് ആരാധകരെ നേടിക്കൊടുത്തത്. ട്രക്ക് ഓടിക്കുമ്പോൾ 25000 മുതൽ 30,000 രൂപ വരെയാണ് രാജേഷിന് ഒരു മാസം കിട്ടുന്നത്. എന്നാൽ, വീഡിയോകളിലൂടെ തന്റെ വരുമാനം മാസം ലക്ഷങ്ങളാണ് എന്ന് രാജേഷ് പറയുന്നു.
നേരത്തെ ഒരു അപകടം സംഭവിച്ചതും അന്ന് സാരമായി പരിക്കേറ്റിട്ടും കുടുംബത്തിന് വേണ്ടി ട്രക്ക് ഓടിക്കേണ്ടി വന്നതിനെ കുറിച്ചുമെല്ലാം രാജേഷ് അഭിമുഖത്തിൽ ഓർക്കുന്നുണ്ട്. ഇപ്പോൾ, യൂട്യൂബിൽ നിന്നുള്ള വരുമാനം കൊണ്ട് സ്വന്തമായി ഒരു വീട് പണിയാനും രാജേഷിന് സാധിച്ചു.
രാജേഷിന്റെ അച്ഛനും ഒരു ട്രക്ക് ഡ്രൈവറായിരുന്നു. വളരെ കഷ്ടപ്പെട്ടായിരുന്നു അഞ്ചംഗ കുടുംബത്തെ പോറ്റിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ ചെയ്ത് തുടങ്ങിയ കാലത്ത് വെറും ശബ്ദം മാത്രമാണ് നൽകിയിരുന്നത്. രാജേഷിന്റെ മുഖം കാണിച്ചിരുന്നില്ല. എന്നാൽ, ആളുകൾ മുഖം കാണണമെന്ന് കമന്റ് നൽകിത്തുടങ്ങിയതോടെ മകനാണ് പറഞ്ഞത് ഇനിയുള്ള വീഡിയോകൾ അങ്ങനെ ഷൂട്ട് ചെയ്യാം എന്ന്. ഒരുപാട് ആരാധകരുണ്ട് രാജേഷിന്. മിക്കവാറും യാത്രകളിലും ട്രക്കിലും വച്ചാണ് രാജേഷ് പാചകം ചെയ്യുന്നതിന്റെ വീഡിയോ പകർത്തുന്നത്.